സെക്കൻഡറി തലത്തിൽ 100-ൽ 8 പെൺകുട്ടികൾ പഠനം ഉപേക്ഷിക്കുന്നു; കേന്ദ്ര സർക്കാരിൻ്റെ കണക്കുകൾ പുറത്ത്

ന്യൂഡൽഹി: ഹൈസ്കൂൾ ക്ലാസുകളിൽ പഠനം ഉപേക്ഷിക്കുന്ന പെൺകുട്ടികളുടെ എണ്ണം ഗണ്യമായി ഉയരുന്നതായി റിപ്പോർട്ട്. ലോക്‌സഭയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ പ്രാഥമിക വിദ്യാഭ്യാസ ഘട്ടത്തിൽ പെൺകുട്ടികളുടെ കൊഴിഞ്ഞുപോക്കിന്റെ നിരക്ക് കുറവാണെന്നും ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
2025–26 അധ്യയന വർഷത്തിൽ സെക്കൻഡറി തലത്തിൽ 100-ൽ എട്ട് പെൺകുട്ടികൾ വീതം പഠനം ഉപേക്ഷിക്കുന്നു എന്നാണ് കേന്ദ്ര സർക്കാരിന്റെ യുഡിഐഎസ്ഇ+ കണക്കുകൾ ചൂണ്ടിക്കാണിക്കുന്നത്.
മൂന്ന് ഘട്ടങ്ങളിലെ ഡ്രോപ്പ് ഔട്ട് നിരക്കുകൾ:
പ്രൈമറി തലം (1-5): 0.1%
അപ്പർ പ്രൈമറി (6-8): 3.4%
സെക്കൻഡറി (9-10): 8%
കഴിഞ്ഞ മൂന്ന് വർഷത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ സെക്കൻഡറി തലത്തിൽ ഇത്തവണ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട് (2023–24-ൽ 12.6%, 2024–25-ൽ 9.6%). എങ്കിലും പ്രൈമറി തലവുമായി താരതമ്യം ചെയ്യുമ്പോൾ സെക്കൻഡറി തലത്തിലെ ഡ്രോപ്പ് ഔട്ട് നിരക്ക് ഇപ്പോഴും അൻപതിലധികം മടങ്ങ് കൂടുതലാണ്.
എന്തുകൊണ്ട് പെൺകുട്ടികൾ പഠനം ഉപേക്ഷിക്കുന്നു?
പെൺകുട്ടികൾ കൗമാരപ്രായത്തിലേക്ക് കടക്കുന്നതോടെ കുടുംബത്തിന്റെ സാമ്പത്തിക ഭാരം കുറയ്ക്കാൻ വിധേയരാകുന്നതാണ് പ്രധാന കാരണമായി വിലയിരുത്തന്നത്. ജോലിക്ക് പോകേണ്ടി വരുന്നതും വീട്ടുജോലികളിൽ പങ്കാളികളാകേണ്ടി വരുന്നതും പെൺകുട്ടികൾക്ക് ഉന്നതവിദ്യാഭ്യാസം ആവശ്യമില്ലെന്ന രക്ഷിതാക്കളുടെ കാഴ്ചപ്പാട് തുടങ്ങിയവയാണ് പ്രധാന കാരണങ്ങളായി മന്ത്രാലയം ചൂണ്ടിക്കാണിക്കുന്നത്.
ഇതിനുപുറമെ സ്കൂളുകളിലേക്കുള്ള ദൂരക്കൂടുതൽ, യാത്രാസുരക്ഷ, ബാല്യവിവാഹം എന്നിവയും ചില സംസ്ഥാനങ്ങളിൽ തിരിച്ചടിയാകുന്നുണ്ട്.
ഡ്രോപ്പ് ഔട്ട് കൂടുതൽ ഈ സംസ്ഥാനങ്ങളിൽ:
സെക്കൻഡറി തലത്തിൽ പെൺകുട്ടികൾ കൂടുതൽ സ്കൂൾ ഉപേക്ഷിക്കുന്ന സംസ്ഥാനങ്ങളിൽ ലഡാക്കാണ് (15.6%) മുന്നിൽ. അസം, കർണാടക (13.9% വീതം), ഗുജറാത്ത് (13.3%), അരുണാചൽ പ്രദേശ്, നാഗാലാൻഡ് (12.4% വീതം) എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നിലെന്നാണ് കേന്ദ്ര സർക്കാർ പറയുന്നു.
ശൗചാലയ സൗകര്യങ്ങൾ വർധിച്ചു
എം.പി. ഗുർമീത് സിങ് മീത് ഹെയറുടെ ചോദ്യത്തിന് മറുപടിയായി നൽകിയ കണക്കുകൾ പ്രകാരം രാജ്യത്തെ 95.4 ശതമാനം സർക്കാർ സ്കൂളുകളിലും പെൺകുട്ടികൾക്കായി പ്രത്യേക പ്രവർത്തനക്ഷമമായ ശൗചാലയങ്ങളുണ്ട്.
അതേസമയം ശൗചാലയ ലഭ്യതയും ഡ്രോപ്പ് ഔട്ട് നിരക്കും തമ്മിൽ നേരിട്ട് ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്ന കേന്ദ്ര പഠനങ്ങളൊന്നും നിലവിലില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി.
Content Highlights: According to Union Education Ministry data presented in the Lok Sabha, secondary school dropout rates among girls in India remain alarmingly high at 8%, driven primarily by economic pressures, household duties, long commutes, and early marriages.