സൈബർ തട്ടിപ്പുകൾക്ക് കാരണം വിവരക്കേടല്ല; ടെക്കികളെയും ഡോക്ടർമാരെയും കുടുക്കുന്നത് മാനസിക സമ്മർദം- പഠനം

ചെന്നൈ: രാജ്യത്തെ സാമ്പത്തിക സൈബർ തട്ടിപ്പുകൾക്കിരയാകുന്നവരിൽ ഭൂരിഭാഗവും ഉയർന്ന വിദ്യാഭ്യാസമോ സാങ്കേതിക പരിജ്ഞാനമോ ഉള്ള പ്രൊഫഷണലുകളാണെന്ന് ഐഐടി മദ്രാസ് നടത്തിയ പുതിയ പഠനം. ജാഗ്രതക്കുറവോ സാമ്പത്തിക വിവരക്കേടോ കൊണ്ടാണ് ആളുകൾ സൈബർ തട്ടിപ്പിൽ പെടുന്നത് എന്ന പരമ്പരാഗത ധാരണ തിരുത്തുന്നതാണ് പഠന റിപ്പോർട്ട്.
ഐടി വിദഗ്ധർ, ബാങ്ക് ഉദ്യോഗസ്ഥർ, ഡോക്ടർമാർ, ധനകാര്യ മേഖലയിലുള്ളവർ, മാനേജ്‌മെന്റ് പ്രൊഫഷണലുകൾ, ഉയർന്ന സർക്കാർ ഉദ്യോഗസ്ഥർ എന്നിവരെയെല്ലാം തട്ടിപ്പുകാർ വലയിലാക്കിയിട്ടുണ്ട്. ഇതിൽ സൈബർ സുരക്ഷാ കോഴ്‌സുകൾ പൂർത്തിയാക്കിയ പ്രൊഫഷണലുകൾവരെ ഉൾപ്പെടുന്നു.
വ്യാപ്തി വർധിക്കുന്ന തട്ടിപ്പുകൾ
കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ യുപിഐ, ഡിജിറ്റൽ ഇന്ത്യ തുടങ്ങിയ പദ്ധതികളിലൂടെ കോടിക്കണക്കിന് ആളുകളാണ് ഇന്ത്യയിൽ ഡിജിറ്റൽ സാമ്പത്തിക ഇടപാടുകളിലേക്ക് കടന്നുവന്നത്. എന്നാൽ ഇതോടൊപ്പം ഡിജിറ്റൽ അറസ്റ്റ്, വ്യാജ ഇൻവെസ്റ്റ്‌മെന്റ് സ്റ്റോക്ക് ട്രേഡിങ് തട്ടിപ്പുകൾ, പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്തുള്ള തട്ടിപ്പുകൾ എന്നിവയും വൻതോതിൽ വർധിച്ചു.
ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്ററിന്റെ പക്കൽ സാമ്പത്തിക നഷ്ടത്തിന്റെ കണക്കുകൾ ലഭ്യമാണെങ്കിലും ഇരകളാക്കപ്പെട്ട വ്യക്തികൾ അനുഭവിക്കുന്ന മാനസികാഘാതങ്ങളെക്കുറിച്ച് പഠനങ്ങൾ കുറവാണ്. ഈ സാഹചര്യത്തിലാണ് ഗവേഷകർ പഠനം നടത്തിയത്.
മാനസിക സമ്മർദ ഘട്ടങ്ങളിൽ കെണിയിലാക്കുന്നു
കുടുംബത്തിലെ രോഗാവസ്ഥ, വിരമിക്കൽ കാലം, ജോലിക്കായുള്ള തിരച്ചിൽ അല്ലെങ്കിൽ ജോലിസ്ഥലത്തെ കടുത്ത സമ്മർദം തുടങ്ങിയ പ്രതിസന്ധി ഘട്ടങ്ങളിലാണ് തട്ടിപ്പുകാർ ഇരകളെ പ്രധാനമായും സമീപിക്കുന്നത്. ഭയം, ഉയർന്ന വരുമാനത്തോടുള്ള പ്രതീക്ഷ എന്നിവ മുൻനിർത്തി വ്യക്തികളുടെ ചിന്താശേഷിയെ താൽക്കാലികമായി നിശ്ചലമാക്കുന്ന ('Engineered Brain Freeze') തന്ത്രമാണ് തട്ടിപ്പുകാർ പയറ്റുന്നത്.
ആയിരക്കണക്കിന് രൂപ മുതൽ ഒരു കോടി രൂപയ്ക്ക് മുകളിൽവരെ നഷ്ടപ്പെട്ടവരുണ്ട്. പണനഷ്ടത്തിന് പുറമേ വിഷാദം, ഉറക്കമില്ലായ്മ, കുടുംബാംഗങ്ങൾ തമ്മിലുള്ള വിശ്വാസ്യത തകരൽ തുടങ്ങിയ ഗുരുതരമായ പ്രശ്നങ്ങളും ഇരകൾ നേരിടുന്നു.
സാങ്കേതിക പരിജ്ഞാനമില്ലാത്തതുകൊണ്ട് മാത്രമല്ല ആളുകൾ തട്ടിപ്പിൽ പെടുന്നത്. ഭയവും ധൃതിയും ഉത്കണ്ഠയും മുതലെടുത്ത് കൃത്രിമമായി സൃഷ്ടിക്കുന്ന മാനസിക സമ്മർദമാണ് ഇരകളെ അബദ്ധത്തിലേക്ക് നയിക്കുന്നതെന്ന് ഐഐടി മദ്രാസിലെ പ്രൊഫ. നന്ദൻ സുദർശനം പറഞ്ഞു.
ഏകോപനമില്ലാത്ത അന്വേഷണ രീതികൾ
തട്ടിപ്പുകൾക്ക് ഇരയാകുന്നവരോട് ബാങ്കുകളും സൈബർ പൊലീസും സ്വീകരിക്കുന്ന സമീപനത്തിൽ വലിയ വ്യത്യാസങ്ങളുണ്ടെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു. ചിലർ ഉടനടി നടപടിയെടുക്കുമ്പോൾ, മറ്റു ചിലർക്ക് കൃത്യമായ സാങ്കേതിക സഹായമോ ഏകോപനമോ നൽകാൻ കഴിയുന്നില്ല.
ആധാർ വിവരങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തൽ, യുപിഐ വഴിയുള്ള തടസ്സമില്ലാത്ത പണമിടപാടുകൾ, സെബി അംഗീകൃതമെന്ന് തെറ്റിദ്ധരിപ്പിക്കുന്ന വ്യാജ നിക്ഷേപ പ്ലാറ്റ്‌ഫോമുകൾ എന്നിവയാണ് പ്രധാനമായും ഇന്ത്യയിൽ കണ്ടുവരുന്ന തന്ത്രങ്ങൾ. തട്ടിപ്പിനിരയായവരെ കുറ്റപ്പെടുത്തുന്ന രീതി അവസാനിപ്പിച്ച് അതിവേഗ ഇടപെടലുകൾ നടത്താൻ സാധിക്കുന്ന സംവിധാനം ബാങ്കുകളും പൊലീസും ഒരുക്കണമെന്ന് റിട്ട. ഐപിഎസ് ഉദ്യോഗസ്ഥനും ഐഐടി മദ്രാസ് അഡ്ജങ്റ്റ് ഫാക്കൽറ്റിയുമായ പ്രൊഫ. പി. കന്ദസാമി പറഞ്ഞു.
പഠനം നടത്തിയത് ഇങ്ങനെ
ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, ന്യൂഡൽഹി, മുംബൈ എന്നീ മെട്രോ നഗരങ്ങളിലെ തട്ടിപ്പിനിരയായ 33 പേരിൽ (22 പുരുഷന്മാരും 11 സ്ത്രീകളും, ഇതിൽ 12 പേർ മുതിർന്ന പൗരന്മാർ) നടത്തിയ അഭിമുഖങ്ങളെ അടിസ്ഥാനമാക്കിയാണ് പഠനം തയ്യാറാക്കിയത്. സ്പ്രിംഗർ നേച്ചറിന്റെ 'ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ് കമ്മ്യൂണിക്കേഷൻസ്' എന്ന അന്താരാഷ്ട്ര ജേണലിൽ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Content Highlights: IIT Madras study reveals educated professionals and tech experts are major victims of cyber fraud