സ്റ്റാർട്ടപ്പുകൾക്ക് കൈത്താങ്ങായി മദ്രാസ് ഐ.ഐ.ടി.; ഡീപ് ടെക് ഫണ്ടിൽ മൂന്നുമാസംകൊണ്ട് 450 കോടി

ചെന്നൈ: അത്യാധുനിക സാങ്കേതികവിദ്യാ സംരംഭങ്ങൾക്കായി മദ്രാസ് ഐ.ഐ.ടി. ആവിഷ്‌കരിച്ച ഡീപ്‌ടെക് ഫണ്ടിൽ മൂന്നുമാസംകൊണ്ട് എത്തിയത് 450 കോടി രൂപ. 1,000 കോടി രൂപയാണ് ലക്ഷ്യമിടുന്നത്. നിർമിതബുദ്ധി, ക്വാണ്ടം കംപ്യൂട്ടിങ്, ബഹിരാകാശ സാങ്കേതികവിദ്യ തുടങ്ങി വിവിധ മേഖലകളിലെ സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കാനാണ് മദ്രാസ് ഐ.ഐ.ടി.യും ഐ.ഐ.ടി. മദ്രാസ് റിസർച്ച് പാർക്കും യൂണികോൺ ഇന്ത്യ വെഞ്ച്വേഴ്‌സും ചേർന്ന് ഡീപ് ടെക് യൂണികോൺ ഫ്രണ്ടിയർ ഫണ്ട് തുടങ്ങിയത്. സെബിയുടെ അനുമതി ലഭിച്ച് മൂന്നുമാസംകൊണ്ടാണ് 450 കോടി രൂപയെത്തിയത്. ഈവർഷം ഡിസംബറിൽ ധനസമാഹരണം അവസാനിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.
ഡീപ് ടെക് സാങ്കേതിക വിദ്യാമേഖലയിലെ 25-ഓളം സ്റ്റാർട്ടപ്പുകൾക്ക് മൂലധനസഹായം നൽകാനാണ് ഫണ്ടുപയോഗിക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഓരോ സംരംഭത്തിനും 15 കോടിമുതൽ 25 കോടി രൂപവരെ നൽകും. ഇപ്പോൾത്തന്നെ നാലു സ്ഥാപനങ്ങൾക്കായി 55 കോടി രൂപ നൽകിക്കഴിഞ്ഞു. ചെറുറോക്കറ്റുകൾക്കു വേണ്ടി സെമി ക്രയോജനിക് എൻജിൻ വികസിപ്പിക്കുന്ന ‘ഹേഥർ’, അന്തരീക്ഷ മലിനീകരണം കുറയ്ക്കാനുള്ള സാങ്കേതികവിദ്യ ആവിഷ്‌കരിക്കുന്ന ‘കാർബലിം’, ലിഥിയം അയൺ ഊർജ സാങ്കേതികവിദ്യ വികസിപ്പിക്കുന്ന ‘ക്വാൻസ്ട്ര’ എന്നിവ നിക്ഷേപം ലഭിച്ച സ്ഥാപനങ്ങളിൽപ്പെടുന്നു.
നിർമിതബുദ്ധി, റോബോട്ടിക്‌സ്, ബഹിരാകാശ സാങ്കേതികവിദ്യ, പ്രതിരോധ സാങ്കേതികവിദ്യ, സെമി കണ്ടക്ടർ നിർമാണം, ഹെൽത്ത് ടെക്‌നോളജി തുടങ്ങിയ മേഖലകളിലെ സംരംഭങ്ങൾക്കാണ് സഹായം ലഭിക്കുക. മദ്രാസ് ഐ.ഐ.ടി.യിലെ പൂർവവിദ്യാർഥികളും ബാങ്കുകളും കുടുംബ ട്രസ്റ്റുകളുമാണ് പ്രധാനമായും ഫണ്ടിലേക്ക് പണം നൽകിയിരിക്കുന്നത്.
Content Highlights: IIT Madras deep-tech fund raised Rs 450 crore within three months of SEBI approval.