ഖരഗ്പൂർ ഐഐടിയിൽ മെഡിക്കൽ പിജി

#Education desk
ഐഐടി ഖരഗ്പൂര്‍
ഐഐടി ഖരഗ്പൂര്‍

ഖരഗ്പൂർ: ഐഐടി ഖരഖ്പൂരിൽ മെഡിക്കൽ പിജി ആരംഭിക്കുന്നതിന് മെഡിക്കൽ കമ്മീഷന്റെ അനുമതി. നാഷണൽ മെഡിക്കൽ കമ്മീഷന്റെ അംഗീകാരത്തോടെ ബിരുദാനന്തര ബിരുദ മെഡിക്കൽ കോഴ്‌സുകൾ ആരംഭിക്കുന്ന രാജ്യത്തെ ആദ്യത്തെ ഐഐടിയായി ഇതോടെ ഖരഖ്പൂർ മാറി. 2026-27 അധ്യയന വർഷം മുതൽ ആറ് വിഭാഗങ്ങളിലായി ആകെ 12 എം.ഡി. സീറ്റുകളിലേക്കാണ് പ്രവേശനം നൽകുന്നത്.

ഐഐടി ഖരഗ്പൂരിന് കീഴിലുള്ള ഡോ. ബി.സി. റോയ് മൾട്ടി-സ്പെഷ്യാലിറ്റി മെഡിക്കൽ റിസർച്ച് സെന്ററിലാണ് കോഴ്‌സുകൾ ആരംഭിക്കുന്നത്. ഓരോ വിഭാഗത്തിലും രണ്ട് സീറ്റുകൾ വീതമാണുള്ളത്.

കോഴ്‌സുകളും സീറ്റുകളുടെ എണ്ണവും:

  • ജനറൽ മെഡിസിൻ: 2

  • റേഡിയോളജി: 2

  • ഫിസിയോളജി: 2

  • പാത്തോളജി: 2

  • കമ്മ്യൂണിറ്റി മെഡിസിൻ: 2

  • ബയോകെമിസ്ട്രി: 2

പ്രവേശന നടപടികൾ

നീറ്റ്-പിജി ഓൺലൈൻ കൗൺസിലിങ് വഴിയായിരിക്കും പ്രവേശനം. മെഡിക്കൽ കൗൺസിലിങ് കമ്മിറ്റിയുടെ ഔദ്യോഗിക ഷെഡ്യൂളും സീറ്റ് മാട്രിക്സും അനുസരിച്ച് രണ്ടാം റൗണ്ട് കൗൺസിലിങ്ങിൽ വിദ്യാർഥികൾതക്ക് കോഴ്‌സുകൾ തിരഞ്ഞെടുക്കാം.

ക്ലിനിക്കൽ പരിശീലനത്തോടൊപ്പം എൻജിനീയറിങ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് , ബയോമെഡിക്കൽ സയൻസ്, ഗവേഷണം എന്നിവ സംയോജിപ്പിച്ചാണ് കോഴ്‌സുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. 1951-ൽ സ്ഥാപിതമായ ഐഐടി ഖരഖ്പൂരിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ചാണ് പുതിയ കോഴ്‌സുകൾ ആരംഭിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്കും സീറ്റ് മാട്രിക്സിനുമായി MCC പിജി മെഡിക്കൽ കൗൺസിലിംഗ്, MCC കൗൺസിലിംഗ് അറിയിപ്പുകൾ, ഐഐടി ഖരഖ്പൂർ വെബ്‌സൈറ്റ് എന്നിവ സന്ദർശിക്കാം.

Content Highlights: IIT Kharagpur has become the first IIT in India to receive National Medical Commission approval to launch postgraduate medical courses