ഓൺലൈൻ എംടെക്, എംഎസ്‌സി, ഡിപ്ലോമ കോഴ്‌സുകള്‍ ആരംഭിച്ച്‌ ഐഐടി കാൻപുർ; വിശദവിരങ്ങള്‍ അറിയാം

അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള ഐഐടി കാൻപുറിന്റെ ഔദ്യോഗിക വെബ്‌സൈറ്റ്‌.|Photo: online.iitk.ac.in
അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള ഐഐടി കാൻപുറിന്റെ ഔദ്യോഗിക വെബ്‌സൈറ്റ്‌.|Photo: online.iitk.ac.in

ഉന്നത വിദ്യാഭ്യാസ രംഗത്തുണ്ടാകുന്ന മാറ്റത്തിനനുസരിച്ച് വിദ്യാര്‍ഥികള്‍ അവരുടെ പഠനനിലവാരവും അനുദിനം വര്‍ധിപ്പിക്കേണ്ടതുണ്ട്. തൊഴില്‍ മേഖലയിലെ മാറ്റങ്ങള്‍ മനസ്സിലാക്കി അതിനനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ഉദ്യോഗാര്‍ഥികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ഓണ്‍ലൈന്‍ പ്രോഗ്രാമുകള്‍ രൂപീകരിച്ചിരിക്കുകയാണ് ഐഐടി കാന്‍പുര്‍.

ജോലി ചെയ്യുന്നവര്‍ക്കും ബിരുദധാരികള്‍ക്കും ഒരുപോലെ ഉപയോഗപ്രദമാകുന്ന രീതിയില്‍ ഉന്നത പഠനം തുടര്‍ന്നുകൊണ്ടുപോകാന്‍ സാധിക്കുന്ന തരത്തിലാണ് കോഴ്‌സുകളുടെ ഘടന. ഉയര്‍ന്ന നിലവാരത്തിലുള്ള വിദ്യാഭ്യാസം കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി പോസ്റ്റ് ഗ്രേജ്വേറ്റ് പ്രോഗ്രാമുകളായ എംടെക്, എംഎസ്‌സി, ഡിപ്ലോമ കോഴ്‌സുകള്‍ എന്നിവയാണ് ഓണ്‍ലൈനായി ആരംഭിച്ചിരിക്കുന്നത്. ഇന്ത്യയിലും വിദേശത്തുമുള്ള വിദ്യാര്‍ഥികള്‍ക്ക് ഐഐടി നിലവാരത്തിലുള്ള പഠനം നല്‍കാനും ഉന്നത വിദ്യാഭ്യാസ രംഗത്തെ വിടവുകള്‍ നികത്താനും ഈ പ്രോഗ്രാമുകള്‍ ലക്ഷ്യമിടുന്നു.

ഐഐടി കാമ്പസില്‍ നല്‍കുന്ന പ്രോഗ്രാമുകളുടെ അതേ മാനദണ്ഡങ്ങളാണ് ഓണ്‍ലൈന്‍ പ്രോഗ്രാമുകള്‍ക്കും ബാധകമാവുക. കോഴ്‌സിന്റെ ഏകദേശം 85 ശതമാനം കാര്യങ്ങളും വികസിപ്പിച്ചിരിക്കുന്നത് ഐഐടി കാന്‍പുരിലെ അധ്യാപകരും, ദീര്‍ഘകാല വിസിറ്റിങ് അധ്യാപകരുമാണ്. ഓണ്‍ലൈന്‍ രീതിയിലുള്ള പഠനത്തില്‍ പ്രാക്ടിക്കല്‍ വിഷയത്തിലെ വെല്ലുവിളികളെ നേരിടാന്‍ വെര്‍ച്വല്‍ ലബോറട്ടറികള്‍, ഡിജിറ്റല്‍ സിമുലേഷനുകള്‍, പ്രൊജക്ട് അധിഷ്ഠിത കോഴ്‌സ് വര്‍ക്കുകള്‍ എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫിസിക്കല്‍ ലാബ് ആവശ്യമുള്ള കോഴ്‌സുകള്‍ക്കായി ഹ്രസ്വകാലത്തേക്ക് കാമ്പസില്‍ താമസിച്ച് പഠിക്കാവുന്ന ഹൈബ്രിഡ് മാതൃകകളും പരിഗണിക്കുന്നുണ്ട്.

പ്രവേശന പരീക്ഷ എഴുതുന്നവര്‍ 2025 നവംബര്‍ 16-നകം അപേക്ഷിക്കണം. പ്രവേശന പരീക്ഷയില്‍ നിന്ന് ഒഴിവാക്കപ്പെട്ടവര്‍ 2025 ഡിസംബര്‍ രണ്ടിനകം അപേക്ഷിക്കണം. എംടെക് കോഴ്‌സിന് 15,000 രൂപയാണ് അപേക്ഷാഫീസ്. അഡ്മിഷന്‍ ലഭിക്കാത്തവര്‍ക്ക് 10,000 രൂപ തിരിച്ചുകൊടുക്കും. താത്പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റായ online.iitk.ac.in വഴി അപേക്ഷിക്കാം.

Content Highlights: IIT Kanpur offers online M.Tech, M.Sc, and Diploma programs. Learn from IIT faculty and enhance your skills for the evolving job market.