ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ ബിഎസ്, ബിടെക് കോഴ്സുകൾ

പ്ലസ്ടുതലത്തിൽ സയൻസ് വിഷയങ്ങൾ പഠിച്ചവർക്ക് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ (ഐഐഎസ്‌സി), ഗവേഷണാധിഷ്ഠിത ബാച്ച്‌ലർ ഓഫ് സയൻസ് (ബിഎസ്); ഇൻറർ ഡിസിപ്ലിനറി സ്വഭാവമുള്ള, പ്രായോഗികതയിൽ ഊന്നൽനൽകുന്ന ബാച്ച്‌ലർ ഓഫ് ടെക്നോളജി (ബിടെക്) പ്രോഗ്രാമുകൾ (രണ്ടും നാലുവർഷം) പഠിക്കാൻ അവസരം.
കോർ സയൻസും ഇൻറർ ഡിസിപ്ലിനറി വിഷയങ്ങളും ഉൾപ്പെട്ട, ഗവേഷണത്തിന് ഊന്നൽ നൽകുന്ന നാലുവർഷ/എട്ട് സെമസ്റ്റർ ബാച്ച്‌ലർ ഓഫ് സയൻസ്-ബിഎസ് (റിസർച്ച്) പ്രോഗ്രാമിൽ ആദ്യ മൂന്നുസെമസ്റ്ററുകളിൽ ഓരോന്നിലും എല്ലാ വിദ്യാർഥികളും ഫിസിക്സ്, മാത്തമാറ്റിക്സ്, കെമിസ്ട്രി, ബയോളജി, എൻജിനിയറിങ്, ഹ്യുമാനിറ്റീസ് എന്നിവയിലെ ഓരോ കോർ കോഴ്സുകൾ പഠിക്കുന്നു.
നാലാം സെമസ്റ്ററിന്റെ തുടക്കത്തിൽ വിദ്യാർഥിയുടെ അക്കാദമിക് താത്‌പര്യമനുസരിച്ച് ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ബയോളജി, എർത്ത് ആൻഡ് എൻവയൺമെൻറൽ സയൻസ്, മെറ്റീരിയൽസ് എന്നീ മേജർ ഡിസിപ്ലിനുകൾ ഒന്ന് സ്പെഷ്യലൈസേഷന് തിരഞ്ഞെടുക്കണം. കൂടാതെ ഒരു മൈനർ വിഷയവും തിരഞ്ഞെടുക്കാം. 4, 5, 6 എന്നീ ഓരോ സെമസ്റ്ററിലും തിരഞ്ഞെടുത്ത മേജർ, മൈനർ വിഷയങ്ങളിലായി നാലുകോഴ്സുകൾവീതം പഠിക്കണം. കൂടാതെ എൻജിനിയറിങ്ങിലെ ഒരു ഇലക്ടീവ് കോഴ്സും ഹ്യുമാനിറ്റീസിലെ ഒരു സെമിനാർ കോഴ്സും എടുക്കണം.
ഏഴാം സെമസ്റ്ററിൽ അഡ്വാൻസ്ഡ് ഇലക്ടീവ് കോഴ്സുകൾക്കൊപ്പം ഒരു ഗവേഷണപ്രോജക്ടും ആരംഭിക്കും. അവസാനസെമസ്റ്ററിൽ പ്രോജക്ട് പൂർത്തിയാക്കണം. വിവരങ്ങൾ bs-ug.iisc.ac.in ൽ ‘സബ്ജക്ട്സ് ആൻഡ് കരിക്കുലം’ ലിങ്കിൽ ലഭിക്കും.
എംഎസ്‌സി നേടാം
നാലുവർഷബിരുദം ലഭിക്കുന്നവർക്ക് ഒരു വർഷംകൂടി ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ച് മാസ്റ്റേഴ്സ് ബിരുദം നേടാനുള്ള അവസരവുമുണ്ട്. അണ്ടർ ഗ്രാജ്വേറ്റ് പ്രോഗ്രാമിലുള്ള ആറ് മേജർ വിഷയങ്ങളിലൊന്നിലായിരിക്കും മാസ്റ്റേഴ്സ് ബിരുദം. അഞ്ചുവർഷപഠനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ബിഎസ് (റിസർച്ച്), മാസ്റ്റർ ഓഫ് സയൻസ് ബിരുദങ്ങൾ ലഭിക്കും.
അക്കാദമിക് യോഗ്യത
ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് മുഖ്യ വിഷയങ്ങളായി മറ്റുവിഷയങ്ങൾക്കൊപ്പം (ബയോളജി, ഇക്കണോമിക്സ്, ഇലക്ട്രോണിക്സ്, കംപ്യൂട്ടർ സയൻസ്, സ്റ്റാറ്റിസ്റ്റിക്സ് തുടങ്ങിയവ) പഠിച്ച്, ഫസ്റ്റ് ക്ലാസ്/60 ശതമാനം മാർക്ക് (പട്ടിക വിഭാഗക്കാർക്ക് പാസ് ക്ലാസ്)/തത്തുല്യ ഗ്രേഡ് നേടി 10+2/തത്തുല്യ പരീക്ഷ 2023-ലോ 2024-ലോ ജയിച്ചിരിക്കുകയോ 2025-ൽ ജയിക്കുകയോ വേണം.
പ്രവേശനചാനലുകൾ
മൊത്തം രണ്ട് ചാനലുകൾവഴിയാണ് പ്രവേശനം. ജോയൻറ് എൻട്രൻസ് എക്സാമിനേഷൻ (ജെഇഇ) അഡ്വാൻസ്ഡ് 2025; ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച് (ഐസർ) ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (ഐഎടി) 2025 എന്നിവയാണ് രണ്ട് ചാനലുകൾ. ഇവയിൽ ഒന്നിൽ യോഗ്യത നേടിയിരിക്കണം. 2025 ഓഗസ്റ്റ് ഒന്നിന് ആ ടെസ്റ്റ് സ്കോറിന് സാധുതയുണ്ടായിരിക്കണം. ഇതിലെ മെറിറ്റ് അടിസ്ഥാനത്തിലാണ് പ്രവേശനം. ഒന്നിൽക്കൂടുതൽ പരീക്ഷകളിൽ/ചാനലുകളിൽ യോഗ്യതയുള്ളവരെ അവയിലെല്ലാം പരിഗണിക്കും. ഓരോ ചാനൽ അപേക്ഷകർക്കും കാറ്റഗറി പരിഗണിച്ചുള്ള പ്രത്യേകം മെറിറ്റ് പട്ടികകൾ തയ്യാറാക്കും.
സീറ്റുകൾ
മൊത്തം 138 പേർക്ക് പ്രവേശനം നൽകും. ഇതിൽ 22 സീറ്റ് വനിതകൾക്കുള്ള സൂപ്പർ ന്യൂമററി സീറ്റുകളാണ്. സർക്കാർവ്യവസ്ഥകൾ പ്രകാരമുള്ള സംവരണമുണ്ടാകും.
നാലുവർഷ(എട്ട് സെമസ്റ്റർ), ബിടെക് മാത്തമാറ്റിക്സ് ആൻഡ് കംപ്യൂട്ടിങ് പ്രോഗ്രാം പ്രവേശനത്തിനും അപേക്ഷിക്കാം.
മാത്തമാറ്റിക്സ് കോർ കോഴ്സുകളിൽ അനാലിസിസ്, ലീനിയർ ഓൾജിബ്ര, പ്രോബബിലിറ്റി, സ്റ്റാറ്റിസ്റ്റിക്സ്, ബേസിക് അനാലിസിസ്, ഇൻട്രൊഡക്ഷൻ ടു ഓൾജിബ്രയിക് സ്ട്രക്ചേഴ്സ് തുടങ്ങിയവ ഉൾപ്പെടും.
കംപ്യൂട്ടിങ് കോർ കോഴ്‌സുകളിൽ അൽഗരിതംസ് ആൻഡ് പ്രോഗ്രാമിങ്, ഇൻട്രൊഡക്‌ഷൻ ടു ഇലക്‌ട്രോണിക്സ് ആൻഡ് ഇലക്ട്രിക്കൽ എൻജിനിയറിങ്, ഇൻട്രൊഡക്‌ഷൻ ടു കംപ്യൂട്ടർ സിസ്റ്റംസ്, ഡിസ്ക്രീറ്റ് മാത്തമാറ്റിക്സ്, േഡറ്റാ സ്ട്രക്ചേഴ്സ് ആൻഡ് അൽഗരിതംസ്, ഓട്ടോമറ്റാ തിയറി ആൻഡ് കംപ്യൂട്ടബിലിറ്റി, ഇൻട്രൊഡക്‌ഷൻ ടു ന്യൂമറിക്കൽ മെത്തേഡ്സ്, ഇൻട്രൊഡക്‌ഷൻ ടു ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ആൻഡ് മെഷിൻ ലേണിങ് തുടങ്ങിയവ ഉൾപ്പെടും. ബ്രഡ്ത് സോഫ്റ്റ് കോർ (മുഖ്യവിഷയത്തിന് അപ്പുറത്തുള്ളവ) വിഭാഗത്തിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മെറ്റീരിയൽ സയൻസ്, എർത്ത് ആൻഡ് എൻവയൺമെൻറൽ സയൻസ് വിഷയങ്ങളിൽനിന്ന് തിരഞ്ഞെടുക്കുന്നവയിലെ 12 െക്രഡിറ്റുകളുണ്ടാകും. കൂടാതെ ഹ്യുമാനിറ്റീസിലെ ഒൻപതു െക്രഡിറ്റുകളും. ഇവയ്ക്കുപുറമേ സോഫ്റ്റ് കോർ കോഴ്സുകളും (ഇലക്ടീവുകൾ) ഉണ്ടാകും. വിവരങ്ങൾക്ക്: btech-ug.iisc.ac.in
എംടെക് നേടാം
എട്ടാം സെമസ്റ്റർ പൂർത്തിയാക്കുമ്പോൾ കോഴ്സ് ആവശ്യകതകളെല്ലാം തൃപ്തിപ്പെടുത്തുന്ന, കുറഞ്ഞത് 7.0 സിജിപിഎ ഉള്ളവർക്ക്, പഠനം ഒരു വർഷംകൂടി തുടർന്ന്, മാത്തമാറ്റിക്സ് ആൻഡ് കംപ്യൂട്ടിങ് എംടെക് ബിരുദവും നേടാനുള്ള അവസരവുമുണ്ട്.
യോഗ്യത
പ്ലസ്ടു/തത്തുല്യ പരീക്ഷ, ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവ നിർബന്ധവിഷയങ്ങളായും ഒരു ഭാഷാവിഷയം, ഇവ നാലുമല്ലാത്ത ഒരു വിഷയം എന്നിവയും പഠിച്ച് 2023/2024/2025-ൽ ആദ്യമായി പരീക്ഷ അഭിമുഖീകരിച്ച് ആദ്യ ശ്രമത്തിൽ ജയിച്ചിരിക്കണം.
പ്ലസ് ടു/തത്തുല്യ പരീക്ഷയിൽ ഈ അഞ്ചുവിഷയങ്ങൾക്ക് മൊത്തത്തിൽ 75 ശതമാനം മാർക്ക് (പട്ടിക/ഭിന്നശേഷി വിഭാഗക്കാർക്ക് 65 ശതമാനം) ഉണ്ടായിരിക്കണം. അല്ലെങ്കിൽ, പ്ലസ്ടു പരീക്ഷയിൽ തന്റെ ബോർഡിൽനിന്ന് ജയിക്കുന്നവരിൽ കാറ്റഗറി അനുസരിച്ച് മുന്നിലെത്തുന്നവരുടെ ഇരുപതാം പെർസന്റൈൽ വിഭാഗത്തിൽ പരീക്ഷാർഥി വന്നിരിക്കണം. യോഗ്യതാകോഴ്സ് മാർക്ക് കണക്കാക്കുമ്പോൾ ഏതെങ്കിലും വിഭാഗത്തിൽ ഒന്നിൽക്കൂടുതൽ വിഷയങ്ങൾ പഠിച്ചിട്ടുണ്ടെങ്കിൽ, അവയിൽ കൂടുതൽ മാർക്ക് ലഭിച്ച വിഷയം ഇതിലേക്ക് പരിഗണിക്കും.
തിരഞ്ഞെടുപ്പ് 2025-ലെ ജെഇഇ അഡ്വാൻസ്ഡ് റാങ്ക് പരിഗണിച്ചായിരിക്കും.
Content Highlights: IISC BS/BTech: Science UG Programs 2025