GATE 2027: അപേക്ഷയിൽ തിരുത്തലുകൾ വരുത്താം; പോർട്ടൽ തുറന്നു

ഗേറ്റ് 2027 പരീക്ഷയ്ക്കുള്ള അപേക്ഷാ ഫോമിൽ തിരുത്തലുകൾ വരുത്തുന്നതിനുള്ള അപ്ലിക്കേഷൻ കറക്ഷൻ വിൻഡോ ഐഐടി മദ്രാസ് തുറന്നു. 2026 ഒക്ടോബർ 14 മുതൽ ഒക്ടോബർ 21 വരെ ഉദ്യോഗാർഥികൾക്ക് അപേക്ഷയിലെ വിവരങ്ങളിൽ തിരുത്തലുകൾ വരുത്താം.
ഔദ്യോഗിക വെബ്സൈറ്റായ gate2027.iitm.ac.in സന്ദർശിച്ച് എൻറോൾമെന്റ് ഐഡിയോ ഇമെയിൽ ഐഡിയോ പാസ്വേഡോ ഉപയോഗിച്ച് ഉദ്യോഗാർത്ഥികൾക്ക് GOAPS പോർട്ടലിൽ ലോഗിൻ ചെയ്യാം.
സൗജന്യമായും ഫീസോടെയും വരുത്താവുന്ന മാറ്റങ്ങൾ:
മാതാപിതാക്കളുടെ പേരിലെ അക്ഷരത്തെറ്റുകൾ, സ്ഥാപനത്തിന്റെ പേര് എന്നിവ സൗജന്യമായി തിരുത്താം.
രണ്ടാമതൊരു പേപ്പർ കൂട്ടിച്ചേർക്കുക, പരീക്ഷാ കേന്ദ്രം മാറ്റുക തുടങ്ങിയ പ്രധാന മാറ്റങ്ങൾക്ക് നിശ്ചിത ഫീസ് അടയ്ക്കേണ്ടതുണ്ട്.
നെറ്റ് ബാങ്കിങ്, ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് അല്ലെങ്കിൽ യുപിഐ (UPI) വഴി ഫീസ് അടയ്ക്കാവുന്നതാണ്.
തിരുത്താൻ സാധിക്കുന്ന വിവരങ്ങൾ:
പേര്, ലിംഗഭേദം, കാറ്റഗറി
ഭിന്നശേഷി സ്റ്റാറ്റസ്, ഡിസ്ലെക്സിക് സ്റ്റാറ്റസ്
മാതാപിതാക്കളുടെ/രക്ഷിതാവിന്റെ മേൽവിലാസം
പരീക്ഷാ നഗരം
അവസാന നിമിഷത്തെ തിരക്കുകൾ ഒഴിവാക്കാൻ ഉദ്യോഗാർത്ഥികൾ നിശ്ചിത സമയപരിധിക്കുള്ളിൽ തന്നെ തിരുത്തലുകൾ പൂർത്തിയാക്കേണ്ടതാണ്.
Content Highlights: Application correction window for GATE 2027 is open from October 14 to October 21, 2026