വിളവെടുത്തത് നാല് ക്വിന്റലോളം നെല്ലിക്ക; വിദ്യാലയമുറ്റത്ത് ആഘോഷം

കയ്യൂര്‍: വിദ്യാലയമുറ്റം നിറയെ നെല്ലിക്ക. മത്സരിച്ച് പെറുക്കിക്കൂട്ടാന്‍ കുട്ടികളും നാട്ടുകാരും. കാസര്‍കോട് നാലിലാംകണ്ടം ഗവ. യുപി സ്‌കൂളിലെ നെല്ലിക്ക വിളവെടുപ്പ് ഉത്സവാന്തരീക്ഷത്തില്‍ നടന്നു. കൂടെ പരിപാടികള്‍. ഉച്ചയ്ക്ക് എല്ലാവര്‍ക്കും വിഭവസമൃദ്ധമായ സദ്യ.
20 വര്‍ഷമായി വിദ്യാലയത്തില്‍ ഇത്തരത്തില്‍ നെല്ലിക്ക വിളവെടുപ്പ് നടക്കുന്നുണ്ട്. പത്തോളം നെല്ലിമരങ്ങളാണ് സ്‌കൂള്‍വളപ്പിലുള്ളത്. ഇത്തവണ അഞ്ച് നെല്ലിമരങ്ങളില്‍നിന്ന് നാല് ക്വിന്റലോളം നെല്ലിക്കയാണ് വിളവെടുത്തത്. നെല്ലിക്ക മുഴുവന്‍ കുട്ടികള്‍ക്കും നാട്ടുകാര്‍ക്കും വിതരണംചെയ്തു.
മൂത്ത് പാകമാകുമ്പോള്‍ ബാക്കിയുള്ളവയും വിളവെടുക്കും. അഞ്ചര ഏക്കര്‍ സ്ഥലമുള്ള സ്‌കൂള്‍വളപ്പില്‍ മൂന്നര ഏക്കര്‍ സ്ഥലത്ത് ജൈവ വൈവിധ്യ പഠനകേന്ദ്രമാണ്. നിരവധി ഔഷധസസ്യങ്ങളും മരങ്ങളും ഇവിടെയുണ്ട്. ഇതില്‍ 15 സെന്റ് സ്വാഭാവിക വനമാണ്.
തദ്ദേശ സ്ഥാപനങ്ങളുടെ സഹായം ജൈവ വൈവിധ്യ പഠനകേന്ദ്രത്തിനുണ്ട്. ഇത്തവണ ജില്ലയിലെ മികച്ച പച്ചത്തുരുത്തിനുള്ള മുഖ്യമന്ത്രിയുടെ അവാര്‍ഡ് ലഭിച്ചിരുന്നു. വിളവെടുപ്പ് ഉത്സവത്തിന് പ്രഥമാധ്യാപകന്‍ വി.വി. മാധവന്‍, എം.വി. സന്തോഷ്, പി.പി. ജയന്‍, വി.വി. മുരളി, മഞ്ജുളാദേവി, വനജ, രാധാമണി എന്നിവര്‍ നേതൃത്വംനല്‍കി.
Content Highlights: four quintals of gooseberries were harvested from the schools gooseberry trees