കുറ്റവാളികളെ കുടുക്കാൻ 'ശബ്ദരേഖ'; ഫൊറൻസിക് ലിംഗ്വിസ്റ്റിക്സിൽ കേരളത്തിലെ ആദ്യ PhD നേടി ശ്രുതി

തിരുവനന്തപുരം: ശബ്ദത്തിന്റെ ഇടർച്ചയും ഭാഷാശൈലിയുമടക്കം സൂക്ഷ്മമായി പിടിച്ചെടുത്ത് കുറ്റവാളിയ്ക്കുമുന്നിൽ വലവിരിക്കുന്ന ‘ഫൊറൻസിക് ലിംഗ്വിസ്റ്റിക്സ്’.
മുംബൈ ഭീകരാക്രമണത്തിലെ പ്രധാനപ്രതി ഡേവിഡ് കോൾമാൻ ഹെഡ്‌ലിയെ അമേരിക്കയിലെത്തി ചോദ്യംചെയ്ത എൻ.ഐ.എ. സംഘത്തെ നയിച്ച ലോക്‌നാഥ് ബെഹ്‌റ ഷിക്കാഗോ പോലീസിന്റെ ഈ ‘ഫൊറൻസിക്ക് ഭാഷാശാസ്ത്ര’ത്തിന്റെ സാധ്യതകൾ അന്നേ തിരിച്ചറിഞ്ഞു.
ഒരു പതിറ്റാണ്ടിനിപ്പുറം കൊല്ലം പട്ടാഴി സ്വദേശി ടി.എസ്. ശ്രുതി ഫൊറൻസിക് ലിംഗ്വിസ്റ്റിക്സിൽ കേരളത്തിലെ ആദ്യ പിഎച്ച്.ഡി. നേടുമ്പോൾ ഭാവിയിലെ കുറ്റാന്വേഷണങ്ങൾക്ക് ശബ്ദം കുരുക്കിടാനുള്ള സാധ്യതയാണ് തെളിയുന്നത്.
2018-ൽ കേരള സർവകലാശാലാ ലിംഗ്വിസ്റ്റിക്സ് വിഭാഗവും പോലീസും ട്രെയിനിങ് കോളേജും ചേർന്ന് സംഘടിപ്പിച്ച വർക്ക്‌ഷോപ്പിൽ അന്നത്തെ ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റ കുറ്റാന്വേഷണത്തിൽ ഫോറൻസിക് ലിംഗ്വിസ്റ്റിക്സിന്റെ (ഫോറൻസിക് ഭാഷാശാസ്ത്രം) സാധ്യതകളെക്കുറിച്ച് സംസാരിച്ചപ്പോൾ ശ്രദ്ധയോടെ കേട്ടിരുന്ന ഒരു വിദ്യാർഥിനിയായിരുന്നു ശ്രുതി.
കേരള സർവകലാശാല കാര്യവട്ടം കാമ്പസിൽ ഗവേഷണം തുടർന്ന ശ്രുതി ഫൊറൻസിക് ലിംഗ്വിസ്റ്റിക്സ് കുറ്റാന്വേഷണമാതൃക മലയാളത്തിൽ വികസിപ്പിച്ചു.
സർവകലാശാലാ ലിംഗ്വിസ്റ്റിക്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. എസ്. പ്രേമയുടെ കീഴിലായിരുന്നു ഗവേഷണം.
Content Highlights: Introduction of Forensic Linguistics as a tool for criminal investigation in Kerala.