ഭക്ഷണവും യാത്രയും ചികിത്സയുമെല്ലാം സൗജന്യം; മാതൃകയായി എടത്തോട് എസ്വിഎം ഗവ. യുപി സ്കൂള്‍

വെള്ളരിക്കുണ്ട്: കുട്ടികള്‍ക്ക് നോട്ട് പുസ്തകവും കുടയും ബാഗും മുതല്‍ ചികിത്സവരെ സൗജന്യമായി ലഭിക്കുന്ന ഒരു സ്കൂള്‍. കാസര്‍കോട് ജില്ലയില്‍ ചിറ്റാരിക്കാല്‍ ഉപജില്ലയിലെ എടത്തോട് ശാന്താ വേണുഗോപാല്‍ സ്മാരക (എസ്വിഎം) ഗവ. യുപി സ്കൂളാണിത്. പഠിക്കാന്‍ പരിസ്ഥിതിസൗഹൃദ ക്ലാസ് മുറികള്‍. കളിക്കാന്‍ ജൈവവൈവിധ്യപാര്‍ക്ക്. എല്ലാദിവസവും പാലും മുട്ടയും പ്രഭാതഭക്ഷണവും. അസുഖത്തിന് സൗജന്യചികിത്സ.
കാഞ്ഞങ്ങാട് ശാന്താ വേണുഗോപാല്‍ സ്മാരക വിദ്യാഭ്യാസ ട്രസ്റ്റാണ് സര്‍ക്കാര്‍ സൗജന്യങ്ങള്ക്കുപുറമേ കുട്ടികള്‍ക്ക് വേണ്ടതെല്ലാം നല്‍കുന്നത്. 1952-ലാണ് മലബാര്‍ ജില്ലാ ബോര്‍ഡ് മലയോരമേഖലയിലെ ആദ്യ സ്കൂള്‍ എടത്തോട്ട് തുടങ്ങിയത്. ഇവിടെ എല്‍പി കഴിഞ്ഞ് 10 കിലോമീറ്റര്‍ ദൂരെ ബിരിക്കുളം യുപിയിലായിരുന്നു തുടര്‍പഠനമെന്ന് അന്നത്തെ പഠിതാവ് 78 വയസ്സുള്ള കെ. കരുണാകരന് നായര്‍ ഓര്‍ക്കുന്നു. എടത്തോട്ടെ സ്കൂള്‍ 1964-ല്‍ പ്രവര്‍ത്തനം നിര്‍ത്തിയതോടെ നാട്ടില്‍ പഠനം മുടങ്ങി.
ഇവിടെ 1984-ലാണ് ഇപ്പോഴത്തെ സ്കൂള്‍ തുടങ്ങുന്നത്. സ്ഥലം നല്കിയതും കെട്ടിടം നിര്‍മിച്ചതും മാലോത്ത് പട്ടേലരും പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ചെരിപ്പാടി കുഞ്ഞിക്കണ്ണന് നായരായിരുന്നു. അദ്ദേഹത്തിന്റെ മകളും മുന്‍ അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാലിന്റെ ഭാര്യയുമായ ശാന്താ വേണുഗോപാലിന്റെ സ്മരണയ്ക്കായി രൂപവത്കരിച്ച വിദ്യാഭ്യാസ ട്രസ്റ്റ് നാട്ടുകാര്‍ക്കൊപ്പം പ്രവര്‍ത്തനങ്ങള്‍ക്ക് താങ്ങായി നിന്നു. അന്നുതൊട്ട് സര്‍ക്കാരിനൊപ്പം സ്കൂളിന് വേണ്ടതെല്ലാം നല്കി ട്രസ്റ്റ് കൂടെയുണ്ട്. പാഠപുസ്തകം സര്‍ക്കാര്‍ നല്കുമ്പോള് നോട്ട് പുസ്തകംമുതല് പഠനോപകരണങ്ങളെല്ലാം ട്രസ്റ്റ് വക. സ്കൂളിന് സ്വന്തം ബസും വാങ്ങിക്കൊടുത്തു.
ഉച്ചഭക്ഷണപരിപാടിയില് ആഴ്ചയില്‍ ഒരുദിവസം മുട്ടയും രണ്ട് ദിവസം പാലും എന്നതാണ് പൊതുവിദ്യാലയങ്ങളിലെ രീതി. എടത്തോട് സ്കൂളിലെ കുട്ടികള്‍ക്ക് എല്ലാ ദിവസവും പാലും മുട്ടയും കിട്ടും. സൗജന്യചികിത്സയാണ് പ്രധാനം. സ്കൂളിന് തൊട്ടടുത്ത് ശാന്താ വേണുഗോപാല്‍ സ്മാരക ക്ലിനിക്കിലെത്തുന്ന എടത്തോട് സ്കൂളിലെ കുട്ടികള്‍ക്കെല്ലാം ചികിത്സ സൗജന്യമാണ്. കായികപരിശീലനത്തിന് വേണ്ട സാമഗ്രികളും നല്‍കും. കരിഞ്ചാമുണ്ഡിക്കാവാണ് സ്കൂളിന് തൊട്ടുമുമ്പില്‍. കവാടം കടന്നാല്‍ ഉല്ലാസപ്പാര്ക്കിലെത്തിയ അനുഭവം. സ്മാര്‍ട്ട് പ്രീ പ്രൈമറി സ്കൂള്‍ മുതല്‍ 225 കുട്ടികളുണ്ടിവിടെ.
ക്രിയേറ്റീവ് കോര്‍ണര്‍, കുട്ടീസ് റേഡിയോ
എസ്എസ്കെ അനുവദിച്ച ക്രിയേറ്റീവ് കോര്‍ണറില്‍ എല്‍ഇഡി ബള്‍ബ് നിര്‍മാണവും തയ്യലും പഠിപ്പിക്കുന്നു. ഏഴാംക്ലാസുകാരന്‍ റോഷനാണ് ഇതിന്റെ ലീഡര്‍. മിനിറ്റുകള്‍ക്കുള്ളില്‍ വിദ്യാര്‍ഥികള്‍ ബള്‍ബ് നിര്‍മിക്കും. ഇങ്ങനെ നിര്‍മിച്ച ബള്‍ബ് വിറ്റ് കിട്ടിയ പണം ഒരുവിദ്യാര്‍ഥിയുടെ വീട് നവീകരണത്തിന് നല്കി.
പ്ലാസ്റ്റിക് ഉപയോഗം നിയന്ത്രിക്കാന്‍ മുഴുവന്‍ വീടുകളിലും കുട്ടികള്‍ തുന്നിയ തുണിസഞ്ചി എത്തിച്ചതായി പ്രഥമാധ്യാപകന് പി.എം. ശ്രീധരന് പറഞ്ഞു. താത്പര്യമുള്ളവര്‍ക്ക് തബല, വയലിന് പരിശീലനവും നല്‍കുന്നുണ്ട്. സ്കൂള്പരിപാടികള് പ്രക്ഷേപണം ചെയ്യാന്‍ 'കുട്ടീസ് റേഡിയോ'യും ഉണ്ട്.
Content Highlights: food travel and treatment are all free edathode school as a model