ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ് എക്സാമിനേഷൻ ജനുവരി 20-ന്; അപേക്ഷ ഡിസംബർ 13 വരെ |FMGE

വിദേശത്തുനിന്ന് എം.ബി.ബി.എസ്. ബിരുദമെടുത്ത ഇന്ത്യക്കാർക്കായി നടത്തുന്ന, ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ് എക്സാമിനേഷൻ (എഫ്.എം.ജി.ഇ.) ഡിസംബർ സെഷനിലെ സ്ക്രീനിങ് ടെസ്റ്റിന്, നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് അപേക്ഷ ക്ഷണിച്ചു.
- 2002-ലെ സ്ക്രീനിങ് ടെസ്റ്റ് റെഗുലേഷൻസ് പ്രകാരം, 2002 മാർച്ച് 15-നോ ശേഷമോ ഇന്ത്യക്കുപുറത്തുള്ള ഒരു മെഡിക്കൽ സ്ഥാപനത്തിൽനിന്ന് എം.ബി.ബി.എസ്. ബിരുദം നേടിയ ഇന്ത്യക്കാർ/ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ വിഭാഗക്കാർക്ക് ഇന്ത്യൻ മെഡിക്കൽ കൗൺസിലിന്റെയോ (ഇപ്പോൾ നാഷണൽ മെഡിക്കൽ കമ്മിഷൻ) ഏതെങ്കിലും സംസ്ഥാന മെഡിക്കൽ കൗൺസിലിന്റെയോ രജിസ്ട്രേഷൻ ലഭിക്കാൻ നിശ്ചിത അതോറിറ്റി (ഇപ്പോൾ നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ്- എൻ.ബി.ഇ.എം.എസ്.) നടത്തുന്ന സ്ക്രീനിങ് ടെസ്റ്റിൽ യോഗ്യത നേടേണ്ടതുണ്ട്.
- ഓസ്ട്രേലിയ, കാനഡ, ന്യൂസീലൻഡ്, യു.കെ., യു.എസ്. എന്നിവിടങ്ങളിൽനിന്ന് അണ്ടർ ഗ്രാജ്വേറ്റ് മെഡിക്കൽ ബിരുദവും പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ ബിരുദവും നേടിയ ആ രാജ്യത്ത് ഒരു മെഡിക്കൽ പ്രാക്ടീഷണറാകാൻ അർഹതയുള്ളവർ, എഫ്.എം.ജി.ഇ. യോഗ്യത നേടേണ്ടതില്ല.
- പാകിസ്താനിൽനിന്ന് പ്രാഥമിക മെഡിക്കൽ യോഗ്യത നേടിയവരുടെ അർഹത ഭാരതസർക്കാരിന്റെ ആഭ്യന്തരമന്ത്രാലയത്തിന്റെ സെക്യൂരിറ്റി ക്ലിയറൻസിനു വിധേയമായിരിക്കും.
യോഗ്യത
- ഭാരതീയനോ ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ വിഭാഗക്കാരനോ ആയിരിക്കണം. വിദേശസ്ഥാപനത്തിൽനിന്നു ലഭിച്ച എം.ബി.ബി.എസ്. യോഗ്യത വേണം. സ്ഥാപനം സ്ഥിതിചെയ്യുന്ന രാജ്യത്ത് ഒരു മെഡിക്കൽ പ്രാക്ടീഷണറാകാൻ അർഹതയുള്ളതാണു പ്രസ്തുതയോഗ്യതയെന്ന് ആ രാജ്യത്തെ ഇന്ത്യൻ എംബസി സാക്ഷ്യപ്പെടുത്തിയിരിക്കണം. മെഡിക്കൽ യോഗ്യതാപ്രോഗ്രാമിന്റെ അന്തിമപരീക്ഷാഫലം 2023 ഒക്ടോബർ 31-നകം പ്രഖ്യാപിച്ചിരിക്കണം.
- 2002-ലെ റെഗുലേഷൻ അനുസരിച്ച് 2002 മാർച്ച് 15-നുമുമ്പ് വിദേശത്ത് ഒരു മെഡിക്കൽ കോഴ്സിൽ പ്രവേശനം നേടിയ/മെഡിക്കൽബിരുദം നേടിയ ഭാരതീയർ ഒഴികെയുള്ളവർക്ക്, നാഷണൽ മെഡിക്കൽ കമ്മിഷൻ (പഴയ ഇന്ത്യൻ മെഡിക്കൽ കൗൺസിൽ) നൽകിയ എലിജിബിലിറ്റി സർട്ടിഫിക്കറ്റ് നിർബന്ധമാണ്.
- 2018 മേയിലോ അതിനുശേഷമോ വിദേശത്ത് മെഡിക്കൽപഠനം നടത്തുന്നവർ, നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് -അണ്ടർ ഗ്രാജ്വേറ്റിൽ (നീറ്റ്-യു.ജി.) യോഗ്യത നേടിയിരിക്കണം. അവരുടെ കാര്യത്തിൽ നീറ്റ്-യു.ജി. ഫലം, എലിജിബിലിറ്റി സർട്ടിഫിക്കറ്റായി പരിഗണിക്കും.
- എഫ്.എം.ജി.ഇ. അഭിമുഖീകരിക്കാൻ എലിജിബിലിറ്റി സർട്ടിഫിക്കറ്റ് (ബാധകമെങ്കിൽ), എം.ബി.ബി.എസ്. ബിരുദ പ്രൊവിഷണൽ പാസ് സർട്ടിഫിക്കറ്റ്/ഡിഗ്രി സർട്ടിഫിക്കറ്റ് എന്നിവ നിർബന്ധമാണ്.
- യോഗ്യത നേടുന്നതിനായി, അർഹതയ്ക്കുവിധേയമായി ഒരാൾക്ക് എത്രതവണ വേണമെങ്കിലും എഫ്.എം.ജി.ഇ. അഭിമുഖീകരിക്കാം.
കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ
ജനുവരി 20-നുനടത്തുന്ന കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്ക്, രണ്ടുഭാഗങ്ങളിലായി ഒരു മാർക്കുവീതമുള്ള മൊത്തം 300 മൾട്ടിപ്പിൾ ചോയ്സ് ചോദ്യമുള്ള ഒരു പേപ്പറാണുള്ളത് (150 ചോദ്യങ്ങൾ വീതം). രണ്ടരമണിക്കൂർവീതം ദൈർഘ്യമുള്ള രണ്ടുസെഷനുകളിലായി പരീക്ഷ നടത്തും. രാവിലെ ഒമ്പതുമുതൽ 11.30 വരെയും ഉച്ചയ്ക്ക് രണ്ടുമുതൽ 4.30 വരെയും. ചോദ്യങ്ങൾ ഇംഗ്ലീഷിലായിരിക്കും. ശരിയുത്തരത്തിന് ഒരു മാർക്ക്. ഉത്തരം തെറ്റിയാൽ നെഗറ്റീവ് മാർക്കില്ല. പരീക്ഷയുടെ സിലബസ് natboard.edu.in-ൽ 'എക്സാമിനേഷൻസ്' ലിങ്കിൽ ഉള്ള ഇൻഫർമേഷൻ ബുള്ളറ്റിനിലുണ്ട്. 300-ൽ 150 മാർക്ക് നേടുന്നവർ യോഗ്യത നേടിയതായി കണക്കാക്കും. കേരളത്തിൽ എറണാകുളം, കണ്ണൂർ, കൊല്ലം, കോട്ടയം, കോഴിക്കോട് എന്നിവ പരീക്ഷാകേന്ദ്രങ്ങളാണ്.
അപേക്ഷ
natboard.edu.in വഴി ഡിസംബർ 13-ന് രാത്രി 11.55 വരെ അപേക്ഷിക്കാം. അപേക്ഷാഫീസ് 7080 രൂപ. ഓൺലൈനായി അടയ്ക്കാം. വിജയകരമായി ഫീസ് അടച്ചവർക്ക് ഡിസംബർ 15 മുതൽ ഡിസംബർ 18 വരെ എഡിറ്റ് വിൻഡോ തുറന്നുനൽകും. ചില ഫീൽഡുകൾ ഒഴികെയുള്ളവ ഈ സമയത്ത് തിരുത്താം. ഇമേജിലെ (ഫോട്ടോ, ഒപ്പ്, തംബ് ഇംപ്രഷൻ) തിരുത്തലുകൾക്ക് ഡിസംബർ 29 മുതൽ ജനുവരി ഒന്നുവരെ അവസരമുണ്ടാകും. അപേക്ഷയ്ക്കൊപ്പം അപ്ലോഡ് ചെയ്ത രേഖകളിലെ ന്യൂനതകൾ അന്തിമമായി പരിഹരിക്കാൻ ജനുവരി അഞ്ചിന് രാവിലെ 11 മുതൽ എട്ടിന് രാത്രി 11.55 വരെ അവസരം ലഭിക്കും. അഡ്മിറ്റ് കാർഡ് ജനുവരി 12 മുതൽ ലഭ്യമാക്കും.
Content Highlights: FMGE 2023, Foreign Medical Graduate Examination, FMGE, Exam Date, Result, Cut off Marks, Scorecard