FMGE നിർണായക മാറ്റങ്ങൾ: വർഷത്തിൽ 3 പരീക്ഷകൾ, ഫീസ് കുറയ്ക്കും; ഒക്ടോബറിൽ അധിക പരീക്ഷ

#Education desk
പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com
പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com

ന്യൂഡൽഹി: വിദേശ മെഡിക്കൽ ബിരുദധാരികൾക്കായുള്ള എഫ്.എം.ജി.ഇ പരീക്ഷയിൽ നിർണായക തീരുമാനങ്ങളുമായി നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് (എൻ.ബി.ഇ.എം.എസ്.). വിദ്യാർഥി സംഘടനയായ ഓൾ ഇന്ത്യ മെഡിക്കൽ സ്റ്റുഡന്റ്സ് അസോസിയേഷൻ ഫെഡറേഷനുമായി നടത്തിയ ചർച്ചയിലാണ് മാറ്റങ്ങൾക്ക് ബോർഡ് അംഗീകാരം നൽകിയത്. തീരുമാനങ്ങളുടെ പശ്ചാത്തലത്തിൽ വിദ്യാർത്ഥികൾ നടത്തിവന്ന പ്രക്ഷോഭം അവസാനിപ്പിച്ചു.

പ്രധാന തീരുമാനങ്ങൾ ഒറ്റനോട്ടത്തിൽ:

  • അധിക പരീക്ഷ ഒക്ടോബറിൽ: 2026 ഒക്ടോബർ അവസാനത്തോടെ അധിക പരീക്ഷ കൂടി നടത്തും.

  • വർഷത്തിൽ മൂന്ന് തവണ പരീക്ഷ: അടുത്ത വർഷം മുതൽ വർഷത്തിൽ രണ്ടുതവണ എന്നതിന് പകരം മൂന്ന് തവണയായി പരീക്ഷ നടത്തും (ഡിസംബർ/ജനുവരി, ഏപ്രിൽ/മേയ്, ഓഗസ്റ്റ്/സെപ്റ്റംബർ).

  • ചോദ്യപേപ്പർ ഘടന: 30 ശതമാനം എളുപ്പമുള്ള ചോദ്യങ്ങളും, 50 ശതമാനം മിതമായവ, 20 ശതമാനം പ്രയാസമേറിയ ചോദ്യങ്ങളുമായിരിക്കും പരീക്ഷയിലുണ്ടാവുക.

  • കുറഞ്ഞ പരീക്ഷാ ഫീസ്: അടുത്ത പരീക്ഷ മുതൽ അപേക്ഷാ ഫീസ് കുറയ്ക്കും.

  • ഫലപ്രഖ്യാപനത്തിൽ സുതാര്യത: ക്വസ്റ്റ്യൻ ഐഡി, ശരിയുത്തരങ്ങൾ, കാൻഡിഡേറ്റ് നൽകിയ ഉത്തരങ്ങൾ, ലഭിച്ച മാർക്ക് എന്നിവ കാൻഡിഡേറ്റ് പോർട്ടൽ വഴി ലഭ്യമാക്കും.

  • അധിക സമയം: ബയോമെട്രിക് ഹാജർ സമയനഷ്ടം പരിഹരിക്കാൻ ഒരു സെക്ഷന് ഒരു മിനിറ്റ് വീതം (ഷിഫ്റ്റിൽ പരമാവധി മൂന്ന് മിനിറ്റ്) അധിക സമയം അനുവദിക്കും.

  • നിയമനടപടികളിലെ വ്യക്തത: 2026 ജൂൺ പരീക്ഷയിൽ 14 വീഡിയോ അധിഷ്ഠിത ചോദ്യങ്ങൾ ഉൾപ്പെടുത്തിയിരുന്ന കാര്യം (എൻ.ബി.ഇ.എം.എസ്.) ഡൽഹി ഹൈക്കോടതിയെ അറിയിക്കും. കൂടാതെ പരാതി പരിഹാര സമിതിയിൽ വിദ്യാർഥി പ്രതിനിധിയെ ഉൾപ്പെടുത്തുന്ന കാര്യവും ബോർഡിന്റെ പരിഗണനയിലുണ്ട്. 

Content Highlights: The National Board of Examinations in Medical Sciences (NBEMS) has approved major reforms for the Foreign Medical Graduate Examination (FMGE)—including holding the exam three times a year, reducing fees, and enhancing result transparency—leading student groups to call off their protests.