യുക്രൈനില്‍ നിന്ന് മടങ്ങിയെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് യോഗ്യതാപരീക്ഷ എഴുതാം

ന്യൂഡല്‍ഹി: കോവിഡ്, യുദ്ധം തുടങ്ങിയ കാരണങ്ങളാല്‍ യുക്രൈന്‍, ചൈന എന്നിവിടങ്ങളില്‍നിന്ന് പഠനം പൂര്‍ത്തിയാക്കാനാകാതെ ഇന്ത്യയിലേക്ക് മടങ്ങിയ മെഡിക്കല്‍ വിദ്യാര്‍ഥികളെ സഹായിക്കാന്‍ ദേശീയ മെഡിക്കല്‍ കമ്മിഷന്‍. പ്രാക്ടിക്കല്‍ പരീക്ഷയില്‍ പങ്കെടുക്കാനാകാത്ത അവസാനവര്‍ഷ വിദ്യാര്‍ഥികള്‍ക്ക് വിദേശ മെഡിക്കല്‍ ബിരുദ പരീക്ഷ (എഫ്.എം.ജി.ഇ.) എഴുതാന്‍ അവസരം നല്‍കാനാണ് കമ്മിഷന്റെ തീരുമാനം. പ്രത്യേക സാഹചര്യം പരിഗണിച്ച് ഈ വര്‍ഷത്തേക്കുമാത്രമാണ് ഇളവുണ്ടാവുക.
ഇന്ത്യയില്‍ തുടര്‍പഠനത്തിനും പ്രാക്ടീസ് ചെയ്യാനും വിദേശ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ എഫ്.എം.ജി.ഇ. പാസാകണം. പരീക്ഷ പാസാകുന്നവര്‍ക്ക് ഇന്ത്യയില്‍ രണ്ടുവര്‍ഷ ഇന്റേണ്‍ഷിപ്പിനുശേഷം ജോലിയില്‍ പ്രവേശിക്കാം.
പഠിക്കുന്ന സ്ഥാപനത്തില്‍ ഒരുവര്‍ഷത്തെ ഇന്റേണ്‍ഷിപ്പ് ഉള്‍പ്പെടെ കോഴ്‌സ് പൂര്‍ത്തിയാക്കിയ വിദേശ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കാണ് സാധാരണ എഫ്.എം.ജി.ഇ. പരീക്ഷയെഴുതാന്‍ അനുവാദമുള്ളത്. പരീക്ഷ പാസായവര്‍ ഇന്ത്യയില്‍ ഒരുവര്‍ഷത്തെ നിര്‍ബന്ധിത ഇന്റേണ്‍ഷിപ്പും ചെയ്യണമെന്നാണ് നിലവിലെ ചട്ടം.
Content Highlights: Final year Ukraine Medical Students can Attempt FMGE exam in India