തൊഴിൽ നൈപുണിക്കായി വിദഗ്ധർ: UGC ഉത്തരവ് പ്രയോജനപ്പെടുത്തി തമിഴ്‌നാട്, നിയമിച്ചത് 395 പേരെ

ന്യൂഡൽഹി: വിദ്യാർഥികളിൽ തൊഴിൽ നൈപുണിയുണ്ടാക്കുന്നതിന് വിവിധ മേഖലകളിലെ വിദഗ്ധരെ ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ഫാക്കൽറ്റിയായി നിയമിക്കാമെന്ന യു.ജി.സി. ഉത്തരവ് കൂടുതൽ ഉപയോഗപ്പെടുത്തിയത് തമിഴ്നാട്. ഇതിനകം 395 വിദഗ്ധരെയാണ് വിവിധ സ്ഥാപനങ്ങളിൽ അധ്യാപകരായി നിയമിച്ചത്. മഹാരാഷ്ട്ര-193, ഗുജറാത്ത്-179, കർണാടകം-170 എന്നിങ്ങനെയാണ് പിന്നിലുള്ള സംസ്ഥാനങ്ങൾ.
ഇക്കാര്യത്തിൽ കേരളം പുറകിലാണ്. ഇതുവരെ ആകെ നിയമിച്ചത് 33 പേരെ. കുട്ടിക്കാനം മരിയൻ കോളേജ്, പാലാ ചൂണ്ടച്ചേരി സെയ്ന്റ് ജോസഫ്‌സ് കോളേജ്, കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളേജ് ഓഫ് എൻജിനിയറിങ് എന്നിവിടങ്ങളിലാണിത്. 30 പേരും മരിയനിലാണ് നിയമിക്കപ്പെട്ടത്. രണ്ടുപേർ പാലായിലും. രാജ്യത്ത് ഇതിനകം 539 സ്ഥാപനങ്ങളാണ് പദ്ധതിയിൽ രജിസ്റ്റർ ചെയ്തത്. 18,750 വിദഗ്ധരും. ആദ്യം ഒരു വർഷമാണ് നിയമനം. പിന്നീട് രണ്ടുവർഷം വരെ കാലാവധി നീട്ടാം. പ്രത്യേക സന്ദർഭങ്ങളിൽ പരമാവധി ഒരു അധികവർഷംകൂടി നൽകാം.
ഇതുവരെ നിയമിച്ചത്1841 പേരെ
349 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലായി 1,841 പ്രാക്ടീസ് പ്രൊഫസർമാരെ ഇതുവരെ നിയമിച്ചിട്ടുണ്ട്. ഡോ.കിരൺ ബേദി(ചണ്ഡീഗഢ് സർവകലാശാല), സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് യു.യു.ദളിത്(മാനവ് രചന സർവകലാശാല ഫരീദാബാദ്), എൻ.ഐ. എ. മുൻ ഡി.ജി. ദിൻകർ ഗുപ്ത(ഐ.ഐ.ടി. റോപ്പർ പഞ്ചാബ്) എന്നിവർ പ്രൊഫസർമാരായിട്ടുണ്ട്.
Content Highlights: UGC mandates hiring industry experts as faculty to boost student skills. Tamil Nadu leads with 395 hires, while Kerala lags. Learn how this initiative is shaping higher education.