ഹാക്കിങ്ങിൽ എത്തിക്സ് ആവാം, സൗജന്യമായി പഠിക്കാനാകുന്ന എത്തിക്കൽ ഹാക്കിങ് കോഴ്സുകൾ

അതീവ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയാണ് മെറ്റ, ഗൂഗിള്‍, ആപ്പിള്‍ തുടങ്ങിയ ടെക് ഭീമന്മാര്‍ പ്രവര്‍ത്തിക്കുന്നത്. സൈബർ അക്രമങ്ങൾ വർദ്ധിച്ചുവരുന്ന കാലത്ത് പല ടെക്ക് കമ്പനികൾക്കും ഈ സുരക്ഷയുടെ ഭാഗമായി എത്തിക്കൽ ഹാക്കർമാരെ ആവശ്യമാണ്. തൊഴിൽ മേഖലയിൽ വലിയ സാധ്യതയുളള എത്തിക്കൽ ഹാക്കിങ് പഠിപ്പിക്കുന്ന കോഴ്സുകളും ഇന്ന് ഏറെയാണ്. എത്തിക്കൽ ഹാക്കിങ് സൗജന്യമായി പഠിക്കാനാകുന്ന ചില കോഴ്സുകൾ പരിചയപ്പെടാം.
സ്വയം എത്തിക്കൽ ഹാക്കിംഗ് കോഴ്സ്
ഐഐടി (ഇന്ത്യൻ ഇൻസ്റ്റിട്യൂട്ട് ഓഫ് ടെക്നോളജി) ഖരഗ്പൂരിലെ മുൻനിര പ്രൊഫർമാരാണ് സ്വയം പോർട്ടലിൽ ഈ കോഴ്സ് പഠിപ്പിക്കുന്നത്. വിവിധ കേസ് സ്റ്റഡികളുടെ ഉദാഹരണങ്ങൾ നിരത്തിയുള്ള ക്ലാസ് സംരംഭങ്ങളുടെ സുരക്ഷ എങ്ങനെ ഉറപ്പാക്കണമെന്നും വ്യക്തമാക്കി നൽകുന്നു. സർട്ടിഫിക്കറ്റ് ലഭിക്കാനായി വിദ്യാർഥികൾ പരീക്ഷ എഴുതണം.
സിസ്കോയുടെ എത്തിക്കൽ ഹാക്കർ കോഴ്സ്
70 മണിക്കൂർ നീണ്ട കോഴ്സാണ് സിസ്കോ നൽകുന്നത്. സിസ്കോ നെറ്റ്‌വർക്കിങ് അക്കാദമി നൽകുന്ന കോഴ്സ് സമയബന്ധിതമല്ല. എത്തിക്കൽ ഹാക്കിങ്, പെനട്രേഷൻ സ്കിൽസ് എന്നിവയ്ക്കാണ് മുൻഗണന നൽകുന്നത്.
പെനട്രേഷൻ ടെസ്റ്റിങ് (Penetration Testing)
ഒരു സിസ്റ്റം, നെറ്റ്‍വർക്ക്, വെബ് ആപ്ലിക്കേഷൻ എന്നിവ ഹാക്ക് ചെയ്യാൻ കഴിയുമോ എന്ന് പരിശോധിക്കുന്ന സുരക്ഷാ പരിശോധനയാണ് പെനട്രേഷൻ ടെസ്റ്റിങ്/ പെൻ ടെസ്റ്റിങ് (Pen Testing). ഹാക്കിങ് ഉപകരണങ്ങളുടെയും സാങ്കേതിക വിദ്യകളുടെയും ഉപയോഗത്തിലൂടെ സുരക്ഷാ പാളിച്ചകൾ പരിഹരിക്കുന്ന, ഹാക്കിങ്ങിൽ വൈദഗ്ധ്യമുള്ള സുരക്ഷാ പ്രൊഫഷനലുകളാണ് പെനട്രേഷൻ ടെസ്റ്റർമാർ.
നെറ്റ്‍വർക്കിനെ കുറിച്ച് വിവരങ്ങൾ ശേഖരിച്ച് സുരക്ഷാ പോരായ്മകൾ കണ്ടെത്തി ഹാക്ക് ചെയ്ത് നേരത്തേ കണ്ടെത്തിയ തകരാറുകൾ ശരിയാക്കി പ്രശ്നങ്ങളും പരിഹാരങ്ങളും റിപ്പോർട്ട് ചെയ്യുകയാണ് പെൻ ടെസ്റ്ററുടെ ജോലി. വെബ്സൈറ്റുകളും ആപ്ലിക്കേഷനുകളും സുരക്ഷിതമാക്കാനും ബാങ്കുകളുടെയും സർക്കാർ സ്ഥാപനങ്ങളുടെയും കമ്പനി ഡേറ്റകൾ പരിരക്ഷിക്കാനും ഹാക്കർമാർക്ക് എതിരെ മുൻകരുതൽ സ്വീകരിക്കാനുമാണ് പെൻ ടെസ്റ്റിങ് ഉപയോഗിക്കുന്നത്.
IBM എത്തിക്കൽ ഹാക്കിംഗ് ഓപ്പൺ സോഴ്സ് ടൂൾസ്
വിവരങ്ങൾ ശേഖരണം, വൾനറബിലിറ്റി അനാലിസിസ് തുടങ്ങിയവയക്കായി ഉപയോഗിക്കുന്ന എത്തിക്കൽ ഹാക്കിങ് ടൂളായ kali linux, Metasploit, OpenVAS പോലുള്ളവയെ കേന്ദ്രീകരിച്ചുളളതാണ് IBM -നൽകുന്ന എത്തിക്കൽ ഹാക്കിങ് കോഴ്സ്.
ഗൂഗിൾ/ ഗ്രോ വിത്ത് ഗൂഗിൾ
എത്തിക്കൽ ഹാക്കിങ്ങിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് മുമ്പ് ഇതുമായി ബന്ധപ്പെട്ട അടിസ്ഥാന വിവരങ്ങൾ ഗൂഗിളിൻ്റെ സൈബർ സെക്യൂരിറ്റി സർട്ടിഫിക്കറ്റ് നൽകുന്നു.
എത്തിക്കൽ ഹാക്കർമാരുടെ കരിയറിലെ കരിയറിലെ അഭിമാന നേട്ടം അഥവാ/ ഗൂഗിള്‍ ഹാള്‍ ഓഫ് ഫെയിം
എത്തിക്കല്‍ ഹാക്കര്‍മാരുടെയും ടെക്കികളുടെയും കരിയറിലെ അഭിമാനനേട്ടമാണ് ഗൂഗിള്‍ ഹാള്‍ ഓഫ് ഫെയിം നേട്ടം. പട്ടികയിലിടം പിടിക്കുക അത്ര എളുപ്പമല്ലെന്നത് തന്നെയാണ് ഈ അംഗീകാരത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണീയത. ആപ്പിള്‍, മെറ്റ, ഗൂഗിള്‍ തുടങ്ങി മിക്ക ഐ.ടി. ഭീമന്മാരും ടെക്കികള്‍ക്ക് ഈ അംഗീകാരം നല്‍കാറുണ്ട്. ഗൂഗിളിന്റെ ഏതെങ്കിലും സേവനങ്ങളില്‍ സുരക്ഷാ വീഴ്ചകളോ സാങ്കേതികപ്പിഴവോ ചൂണ്ടിക്കാണിച്ച് അത് കമ്പനിയെ അറിയിക്കുന്നവര്‍ക്കുള്ളതാണ് ഗൂഗിള്‍ ഹാള്‍ ഓഫ് ഫെയിം. ഇതുകൂടാതെ വലിയൊരു തുക പാരിതോഷികമായും കമ്പനികള്‍ നല്‍കാറുണ്ട്. സുരക്ഷാവീഴ്ചകളുടെ കാഠിന്യമനുസരിച്ചാണ് ഹാള്‍ ഓഫ് ഫെയിം ലിസ്റ്റില്‍ പേരും കാഷ് പ്രൈസും നിശ്ചയിക്കപ്പെടുക.
Content Highlights: Ethical Hacking Courses: Enhance Cybersecurity Skills & Career Prospects