ആരോഗ്യമേഖലയിൽ വിദൂരപഠന പി.ജി. ഡിപ്ലോമകൾ

#ഡോ. എസ്. രാജൂകൃഷ്ണൻ
Image: Freepik
Image: Freepik

കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കീഴിലെ സ്വയംഭരണസ്ഥാപനമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആൻഡ് ഫാമിലി വെൽഫെയർ (എൻ.ഐ.എച്ച്.എഫ്.ഡബ്ല്യു.) വിദൂരപഠനരീതിയിൽ നടത്തുന്ന, ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം.

ഹോസ്പിറ്റൽ മാനേജ്‌മെൻറ് (300 സീറ്റ്), ഹെൽത്ത് ആൻഡ് ഫാമിലി വെൽഫെയർ മാനേജ്മെൻറ് (100), ഹെൽത്ത് പ്രമോഷൻ (150), പബ്ലിക് ഹെൽത്ത് ന്യൂട്രിഷൻ (150), ഹെൽത്ത് കമ്യൂണിക്കേഷൻ (150), അപ്ലൈഡ് എപ്പിഡമിയോളജി (150) എന്നിവയാണ് എ.ഐ.സി.ടി.ഇ. അംഗീകൃത പി.ജി. ഡിപ്ലോമ പ്രോഗ്രാമുകൾ.കോഴ്സ് ദൈർഘ്യം 15 മാസമാണ്. തിയറിയും പ്രാക്ടിക്കലുമുണ്ടാകും. സ്വയംപഠനത്തിന് അച്ചടിച്ച സ്റ്റഡി മെറ്റീരിയലുകൾ നൽകും. രണ്ട് കോണ്ടാക്ട്‌ പ്രോഗ്രാമുകൾ, അസൈൻമെൻറ് സമർപ്പണം, ഡിസർട്ടേഷൻ റിപ്പോർട്ട് എന്നിവ ഉണ്ടാകും. കോഴ്സ് ഫീ 35,000 രൂപയാണ്.

വിവിധ കോഴ്സുകൾക്ക് അപേക്ഷിക്കാൻവേണ്ട വിദ്യാഭ്യാസയോഗ്യത:

ഹോസ്പിറ്റൽ മാനേജ്‌മെൻറ്, ഹെൽത്ത് ആൻഡ് ഫാമിലി വെൽഫെയർ മാനേജ്മെൻറ്, ഹെൽത്ത് പ്രമോഷൻ പ്രോഗ്രാമുകൾ: എം.ബി.ബി.എസ്./എം.എസ്./എം.ഡി./ ബി.ഡി.എസ്./എം.ഡി.എസ്./ആയുഷ് ഡോക്ടർമാർ/ബി.എസ്‌സി. നഴ്സിങ്.പബ്ലിക് ഹെൽത്ത് ന്യൂട്രിഷൻ: മെഡിക്കൽ ബിരുദധാരികൾ, ബി.ഫാർമ. ഉൾപ്പെടെയുള്ള പാരാമെഡിക്കൽ സ്റ്റാഫ്, സയൻസ്/സോഷ്യൽ സയൻസസ് ബിരുദധാരികൾ

ഹെൽത്ത് കമ്യൂണിക്കേഷൻ: മെഡിക്കൽ ബിരുദധാരികൾ, ബി.എസ്‌സി. നഴ്സിങ്, ജനറൽ നഴ്സിങ് ആൻഡ് മിഡ് വൈഫറി, സയൻസ്/സോഷ്യൽ സയൻസസ് ബിരുദധാരികൾ

അപ്ലൈഡ് എപ്പിഡമിയോളജി: മെഡിക്കൽ ബിരുദധാരികൾ, സയൻസ്/സോഷ്യൽ സയൻസസ് ബിരുദധാരികൾ, മാസ്റ്റർ ഇൻ പബ്ലിക് ഹെൽത്ത്, എപ്പിഡമിയോളജി ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് ബിരുദധാരികൾ

യോഗ്യതാബിരുദത്തിനനുസരിച്ച് ബാധകമെങ്കിൽ ബന്ധപ്പെട്ട ദേശീയ കൗൺസിൽ രജിസ്ട്രേഷൻ വേണം. ബിരുദത്തിനുശേഷം വേണ്ട പ്രവൃത്തിപരിചയത്തിന്റെ വിശദാംശങ്ങൾ പ്രോഗ്രാം ഗൈഡിൽ നൽകിയിട്ടുണ്ട്.അപേക്ഷാഫോം പ്രോഗ്രാം ഗൈഡിൽ നൽകിയിട്ടുണ്ട്. പൂരിപ്പിച്ച അപേക്ഷ, ഫീസ് ഇനത്തിലേക്കുള്ള ഡിമാൻഡ് ഡ്രാഫ്റ്റ്/ തുക ഓൺലൈനായി അടച്ചതിെന്റ രസീത്, മറ്റുരേഖകൾ എന്നിവസഹിതം ഓഗസ്റ്റ് 14-നകം, ‘ഡിസ്റ്റൻസ് ലേണിങ് സെൽ, റൂം നമ്പർ 417, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആൻഡ് ഫാമിലി വെൽഫെയർ, മുനിർക, ന്യൂ ഡൽഹി- 110067’ എന്ന വിലാസത്തിൽ ലഭിച്ചിരിക്കണം. ലേറ്റ് ഫീ ആയി 500 രൂപകൂടി അടച്ച അപേക്ഷകൾ ഓഗസ്റ്റ് 31 വരെ സ്വീകരിക്കും. പ്രോഗ്രാമിന്റെ വിശദാംശങ്ങൾ nihfw.ac.in/-ൽ ‘വാട്സ് ന്യൂ’ ലിങ്കിലുള്ള പ്രോഗ്രാം ഗൈഡിലുണ്ട്. സൈറ്റിലെ അക്കാദമിക്സ് > ടീച്ചിങ് പ്രോഗ്രാം > ഡിസ്റ്റൻസ് ലേണിങ് ലിങ്കിൽ വിശദാംശങ്ങൾ ലഭിക്കും.

Content Highlights: distance pg diploma in health sector