ആദ്യ വിദേശസർവകലാശാല കാമ്പസ് ഗുജറാത്തിൽ; ഓസ്‌ട്രേലിയയിലെ ഡീക്കിൻ സർവകലാശാല, ഫീസ് 21 ലക്ഷം

അഹമ്മദാബാദ്: ഇന്ത്യയിലെ ആദ്യ വിദേശ സർവകലാശാല കാമ്പസ് ഗുജറാത്തിൽ ഗാന്ധിനഗറിലെ ഗിഫ്റ്റ് സിറ്റിയിൽ തുറന്നു. ഓസ്‌ട്രേലിയയിലെ ഡീക്കിൻ സർവകലാശാലയുടെ ശാഖയാണ് പ്രവർത്തനം ആരംഭിച്ചത്. 21 ലക്ഷം രൂപ ഫീസുള്ള രണ്ട് മാസ്റ്റർ കോഴ്‌സുകളാണ് ആദ്യഘട്ടത്തിൽ ഉണ്ടാവുക.
വൈബ്രന്റ് ഗുജറാത്ത് നിക്ഷേപക സംഗമത്തിനിടെ ഓസ്‌ട്രേലിയൻ ഹൈക്കമ്മിഷണർ ഫിലിപ് ഗ്രീനാണ് ഉദ്ഘാടനം ചെയ്തത്. സൈബർ സെക്യൂരിറ്റി (പ്രൊഫഷണൽ), ബിസിനസ് അനലിറ്റിക്സ് എന്നിവയിലാണ് രണ്ടുവർഷത്തെ മാസ്റ്റർ കോഴ്‌സുകളുള്ളത്. സാമ്പത്തികമായി പിന്നാക്കമായവർക്ക് സ്കോളർഷിപ്പ് നൽകുമെന്ന് വൈസ് ചാൻസലർ ലെയിൻ മാർട്ടിൻ പറഞ്ഞു.
പുതിയ വിദ്യാഭ്യാസനയത്തിന്റെ ഭാഗമായി കേന്ദ്രബജറ്റിൽ പ്രഖ്യാപിച്ച വിദേശ സർവകലാശാലയുടെ ആദ്യ കാമ്പസാണിത്. 100 സീറ്റിലേക്ക് അഞ്ഞൂറോളം അപേക്ഷകൾ ഇതിനകം ലഭിച്ചിട്ടുണ്ട്. മാർച്ച് 31-വരെ അപേക്ഷ സ്വീകരിക്കും. ജൂലായിൽ ക്ലാസുകൾ തുടങ്ങും.അമേരിക്കയിലെ സാന്റിയാഗോ സർവകലാശാലയും ഗിഫ്റ്റ് സിറ്റിയിൽ കാമ്പസ് തുടങ്ങുമെന്ന് ഡീൻ ഡോ. ഷെൽ റോബർട്‌സ് അറിയിച്ചു.
Content Highlights: Deakin University, international campus in India, GIFT City, Gujarat, Cybersecurity course