കേന്ദ്ര സർവ്വകലാശാലകളിലേക്ക് ബിരുദ പ്രവേശനം; സിയുഇടി യുജി രജിസ്ട്രേഷൻ ആരംഭിച്ചു

കോമൺ യൂണിവേഴ്‌സിറ്റി എൻട്രൻസ് ടെസ്റ്റ് അണ്ടർ ഗ്രാജ്വേറ്റ് പരീക്ഷയുടെ രജിസ്‌ട്രേഷൻ ആരംഭിച്ചു. രാജ്യത്തുടനീളമുള്ള കേന്ദ്ര സർവകലാശാലകളിലേക്കുള്ള ബിരുദ പ്രവേശനത്തിനായി ആഗ്രഹിക്കുന്നവർക്ക് ജനുവരി മൂന്ന് മുതൽ അപേക്ഷ സമർപ്പിക്കാം. ജനുവരി 30 ആണ് രജിസ്‌ട്രേഷൻ അവസാനിക്കുന്ന തീയതി. ജനുവരി 31 വരെ ഫീസ് അടയ്ക്കാം.
ഫെബ്രുവരി രണ്ട് മുതൽ നാല് വരെ അപേക്ഷയിൽ തിരുത്തലുകൾ വരുത്താൻ അവസരമുണ്ട്. ഔദ്യോഗിക വെബ്‌സൈറ്റായ cuet.nta.nic.in വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. പരീക്ഷ സമർപ്പിക്കേണ്ട വിധം:
- ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രവേശിച്ച് 'Candidate Corner' എന്ന വിഭാഗത്തിൽ 'CUET UG 2026 Registration' എന്നതിൽ ക്ലിക്ക് ചെയ്യുക.
- ആവശ്യമായ വിവരങ്ങളും രേഖകളും നൽകി അപേക്ഷ നടപടികൾ പൂർത്തിയാക്കുക.
- തിരഞ്ഞെടുത്ത വിഷയങ്ങൾക്ക് അനുസരിച്ചാണ് ഫീസ്. വിവിധ വിഭാഗങ്ങൾക്ക് മൂന്ന് വിഷയങ്ങൾക്ക് വരെ നൽകേണ്ട ഫീസ്-
- ജനറൽ- 1000 (അധിക വിഷയങ്ങൾക്ക്- 400)
- ഒബിസി, എൻസിഎൽ ഇഡബ്ല്യുഎസ്- 900 (അധിക വിഷയത്തിന്- 375)
- എസ്‌സി, എസ്ടി, പിഡബ്ല്യുഡി, പിഡബ്ല്യുബിഡി, ട്രാൻസ്‌ജെൻഡർ- 800 (അധിക വിഷയത്തിന്- 350)
- ഇന്ത്യയ്ക്ക് പുറത്തുള്ള പരീക്ഷാകേന്ദ്രങ്ങളിലേക്ക് അപേക്ഷിക്കുന്നവർ- 4500 ( അധിക വിഷയത്തിന് 1800 രൂപ വീതം)
37 വിഷയങ്ങൾക്കായി 13 ഭാഷകളിലാണ് പരീക്ഷ നടത്തുക. ഒരു വിദ്യാർഥിക്ക് അഞ്ച് വിഷയങ്ങളിലേക്കാണ് അപേക്ഷിക്കാൻ കഴിയുക. ഓരോ ചോദ്യത്തിനും അഞ്ച് മാർക്ക് വീതം ലഭിക്കുകയും തെറ്റുത്തരത്തിന് ഒരു മാർക്ക് വീതം കുറയുകയും ചെയ്യും.
CUET UG 2026 രജിസ്‌ട്രേഷന് ആവശ്യമായ രേഖകൾ
ആധാർ കാർഡ് - ആധാർ കാർഡിൽ പേര്, ജനനത്തീയതി (10-ാം ക്ലാസ് സർട്ടിഫിക്കറ്റ് അനുസരിച്ച്), ഫോട്ടോ, വിലാസം, പിതാവിന്റെ പേര് എന്നിവ അപ്‌ഡേറ്റ് ചെയ്തിരിക്കണം.
UDID കാർഡ് (ഭിന്നശേഷിക്കാർക്കായി) - സാധുവായ UDID കാർഡ്/ഡിസെബിലിറ്റി സർട്ടിഫിക്കറ്റ് ആവശ്യമെങ്കിൽ അപ്‌ഡേറ്റ് ചെയ്തതും പുതുക്കിയതും ആയിരിക്കണം.
ഒബിസി, എൻസിഎൽ ഇഡബ്ല്യുഎസ്, എസ്‌സി, എസ്ടി എന്നീ വിഭാഗക്കാർക്ക് സാധുവായ കാറ്റഗറി സർട്ടിഫിക്കറ്റ് കൈവശമുണ്ടായിരിക്കണം.
Content Highlights: CUET UG 2026 registration is live! Apply for admission to central universities. Deadline Jan 30. Fees, eligibility & how to apply details inside.