ബാക്ക് ബെഞ്ചറായിരുന്ന ആല്‍ബര്‍ട്ട് മാഷായതോടെ മങ്ങാട് സ്‌കൂളില്‍ പിന്‍ബെഞ്ചുകാരില്ലാതായി

#പ്രിന്‍സ് മാത്യു തോമസ്
ആല്‍ബര്‍ട്ട് ക്രിസ്റ്റിന്‍ ക്ലാസെടുക്കുന്നു | Photo: Mathrubhumi
ആല്‍ബര്‍ട്ട് ക്രിസ്റ്റിന്‍ ക്ലാസെടുക്കുന്നു | Photo: Mathrubhumi

സ്‌കൂളില്‍ പഠിക്കുമ്പോള്‍ തൃശ്ശൂര്‍ മണ്ണംപേട്ട സ്വദേശിയായ ആല്‍ബര്‍ട്ട് ക്രിസ്റ്റിന്‍ മറ്റുള്ളവരുടെ കുത്തുവാക്കുകള്‍ കൊണ്ട് മുറിവേറ്റിറ്റുണ്ട്. ക്ലാസിലെ പിന്‍ബെഞ്ചുകാരനോടുള്ള സമൂഹത്തിന്റെ അവഗണനയുടെ നോവ് ആ കുരുന്നുമനസ്സില്‍ കിടന്നു. വര്‍ഷങ്ങള്‍ക്കു ശേഷം അധ്യാപകനായി വീണ്ടും സ്‌കൂളിലേക്കെത്തിയപ്പോള്‍ ആല്‍ബര്‍ട്ട് ഉറപ്പിച്ചു.

കുഞ്ഞുമനസ്സില്‍ ആ മുറിപ്പാട് നല്‍കരുത്. പഠനത്തില്‍ പിന്നിലാകുന്ന കുട്ടികള്‍ക്കുള്ള സീറ്റ് ക്ലാസിലെ പിന്‍ ബെഞ്ചുകളാണെന്നാണ് പൊതുധാരണ. ഇതിനിടെയൊരു സിനിമ മനസ്സില്‍ ഉടക്കി- 'സ്താനാര്‍ത്തി ശ്രീക്കുട്ടന്‍'. സിനിമയുടെ ക്ലൈമാക്സ് രംഗത്ത് ക്ലാസ് റൂം കണ്ടപ്പോള്‍ സ്വന്തം അനുഭവം മാഷ് ഓര്‍ത്തു. ആ വേദനയാണ് തമിഴ്നാടിന് മുന്‍പേ നടക്കാന്‍ എരുമപ്പെട്ടി ഈസ്റ്റ് മങ്ങാട് ആര്‍സിസി എല്‍പി സ്‌കൂളിനെ പ്രേരിപ്പിച്ചത്. 

ബാക്ക് ബെഞ്ചേഴ്സ് ഇല്ലാത്ത സ്‌കൂളുകള്‍ എന്ന സ്വപ്നത്തിന് അങ്ങനെ വിത്തുപാകി. ആശയത്തിന് സ്‌കൂള്‍ മാനേജ്‌മെന്റിന്റെയും മറ്റ് അധ്യാപകരുടെയും പിന്തുണയുമായതോടെ കാര്യങ്ങള്‍ വെടിപ്പായി. പരീക്ഷണം വിജയിപ്പിക്കാന്‍ കുട്ടികളും രക്ഷിതാക്കളും മുന്നില്‍നിന്നു. സോഷ്യല്‍ മീഡിയ പേജില്‍ പോസ്റ്റ് ചെയ്ത പുതിയ പഠനാന്തരീക്ഷത്തിന്റെ ദൃശ്യങ്ങള്‍ 'സ്താനാര്‍ത്തി ശ്രീക്കുട്ടന്‍' സിനിമയുടെ സംവിധായകന്‍ വിനേഷ് വിശ്വനാഥ് പങ്കുവയ്ക്കുക കൂടി ചെയ്തതോടെ എരുമപ്പെട്ടി മോഡല്‍ ചര്‍ച്ചയായി. കുട്ടികള്‍ക്ക് എല്ലാവര്‍ക്കും അധ്യാപകനെയും അധ്യാപകര്‍ക്ക് എല്ലാ കുട്ടികളെയും കാണാന്‍ കഴിയുന്നു എന്ന മെച്ചവും പുതിയ രീതിയിലുണ്ട്.

ഒപ്പം ബോര്‍ഡില്‍ എഴുതുന്നത് മറയാതെ കുട്ടികള്‍ക്ക് കാണാനാകുമെന്നതിനാല്‍ കുട്ടികളും ഹാപ്പിയാണ്. 'കുട്ടികളെ കാണാനെത്തുന്ന രക്ഷിതാക്കള്‍ തങ്ങളുടെ മക്കള്‍ പിന്നിലിരിക്കുന്നത് കാണുമ്പോള്‍ ഉണ്ടായ വേദന പങ്കുവെച്ചിട്ടുണ്ട്. അവരുടെ മനസ്സിലും മക്കളെക്കുറിച്ച് ഒരു കാഴ്ചപ്പാട് ഉണ്ടാകുമല്ലോ. ഇപ്പോള്‍ മാതാപിതാക്കള്‍ മക്കളെ കാണാനെത്തുമ്പോള്‍ ആ മാറ്റം അവരുടെ കണ്ണില്‍ കാണാം' - പ്രധാനാധ്യാപികയായ ലിജി പറയുന്നു.
 

Content Highlights: classrooms without backbenchers with new sitting format schools stand out