ഐ.സി.എസ്.ഇ, ഐ.എസ്.സി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചതായി വ്യാജ സന്ദേശം

ന്യൂഡല്‍ഹി: കൊറോണ വ്യാപനത്തിന്റ പശ്ചാത്തലത്തില്‍ മാറ്റിവെച്ച പരീക്ഷകള്‍ നടത്താനുള്ള പുതിയ തീയതികള്‍ പ്രഖ്യാപിക്കുകയോ പരീക്ഷകള്‍ റദ്ദാക്കുകയോ ചെയ്തിട്ടില്ലെന്ന് കൗണ്‍സില്‍ ഫോര്‍ ദ് ഇന്ത്യന്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കേറ്റ് എക്‌സാമിനേഷന്‍സ് (സി.ഐ.എസ്.സി.ഇ) അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് വ്യാജ സര്‍ക്കുലര്‍ പ്രചരിക്കുന്ന സാഹചര്യത്തിലാണ് സി.ഐ.എസ്.സി.ഇ പ്രതികരണവുമായി രംഗത്തുവന്നത്.
നേരത്തെ സി.ഐ.എസ്.സി.ഇ പരീക്ഷകളുമായി ബന്ധപ്പെട്ട് മൂന്ന് വ്യാജസര്‍ക്കുലറുകളാണ് സാമൂഹ്യ മാധ്യമങ്ങള്‍വഴി പ്രചരിച്ചത്. ഇവയില്‍ ഒന്നില്‍ സി.ഐ.എസ്.സി.ഇ പരീക്ഷകള്‍ റദ്ദാക്കിയതായും മറ്റൊന്നില്‍ മാറ്റിയ പരീക്ഷകള്‍ ഏപ്രില്‍ 16 മുതല്‍ 22 വരെ നടത്തുമെന്നും പറഞ്ഞിരുന്നു. വിദ്യാര്‍ഥികള്‍ എഴുതിയ ആറ് പരീക്ഷകളുടെ അടിസ്ഥാനത്തില്‍ ഫലപ്രഖ്യാപനം നടത്തുമെന്നായിരുന്നു മൂന്നാമത്തെ വ്യാജസന്ദേശം.
മാറ്റിവെച്ച സി.ബി.എസ്.ഇ പരീക്ഷകള്‍ സംബന്ധിച്ചും വ്യാജസന്ദേശങ്ങള്‍ പ്രചരിച്ചിരുന്നു.
എന്നാല്‍ ഇവയെല്ലാം വ്യാജസന്ദേശങ്ങളാണെന്ന് കൗണ്‍സില്‍ ഔദ്യോഗികമായി അറിയിച്ചു. മാര്‍ച്ച് 19 മുതല്‍ 31 വരെയുള്ള ഐ.സി.എസ്.ഇ, ഐ.എസ്.സി പരീക്ഷകള്‍ നേരത്തെ മാറ്റിവെച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങള്‍ കൗണ്‍സിലിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ https://www.cisce.org-ല്‍ പ്രസിദ്ധീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
Content Highlights: CISCE Warns Against Fake Notice on ICSE, ISC Revised Exam Dates
Content Highlights: