പ്രാദേശികഭാഷകൾ പ്രോത്സാഹിപ്പിക്കാൻ ‘ഭാഷാകേന്ദ്രങ്ങൾ’ വരുന്നു

ന്യൂഡൽഹി: ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിലുള്ള 22 ഇന്ത്യൻ ഭാഷകൾ പ്രോത്സാഹിപ്പിക്കാൻ കോഴ്‌സുകളും അനുബന്ധപഠനസാമഗ്രികളും തയ്യാറാക്കാനായി കേന്ദ്രസർക്കാർ ഭാഷാകേന്ദ്രങ്ങൾ സ്ഥാപിക്കുന്നു. വിദ്യാഭ്യാസമന്ത്രാലയത്തിലെ ഇന്ത്യൻ വിജ്ഞാനസംവിധാനത്തിനാണ് (ഐ.കെ.എസ്.) ഈ കേന്ദ്രങ്ങളുടെ ചുമതല.
ദേശീയ വിദ്യാഭ്യാസനയം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്രങ്ങൾ സ്ഥാപിക്കുന്നത്. ഇവ ദേശീയോദ്ഗ്രഥനം പ്രോത്സാഹിപ്പിക്കുമെന്ന് മന്ത്രാലയവൃത്തങ്ങൾ പറഞ്ഞു.വിവിധ സംസ്ഥാനങ്ങളിലെ ഭാഷകൾ പരസ്പരം പഠിക്കുന്നതിനും മനസ്സിലാക്കുന്നതിനുമാണ് ഭാഷാകേന്ദ്രങ്ങൾ തുറക്കുന്നതെന്ന് ദേശീയ കോ-ഓർഡിനേറ്റർ ഗന്തി എസ്. മൂർത്തി പറഞ്ഞു.
വിദ്യാഭ്യാസ വാര്‍ത്തകളറിയാന്‍ Join whatsapp group
ഉദാഹരണത്തിന്, രാജസ്ഥാനിലെ വിദ്യാർഥികൾക്ക് തമിഴ് സാഹിത്യത്തെക്കുറിച്ചോ അസമിലുള്ളവർക്ക് തെലുങ്കിലെ പ്രധാന സാഹിത്യകൃതികളെക്കുറിച്ചോ അറിയണമെന്നുവെച്ചാൽ നിലവിൽ സംവിധാനങ്ങളില്ല. ഭാഷാകേന്ദ്രങ്ങൾ അതിനു സംവിധാനമൊരുക്കും.
കേന്ദ്രങ്ങൾ ഈ കൃതികൾ സംസ്കൃതത്തിലേക്കും ഇംഗ്ലീഷിലേക്കും വിവർത്തനം ചെയ്യും. ഈ വിവർത്തനങ്ങളെ അടിസ്ഥാനമാക്കി മറ്റു പ്രാദേശികഭാഷകളിലേക്ക് ഇവ മൊഴിമാറ്റാം.
പാഠപുസ്തകവിവർത്തനമാണ് ഭാഷാകേന്ദ്രത്തിന്റെ രണ്ടാമത്തെ ദൗത്യം.
ഭാഷാകേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനായി വിദ്യാഭ്യാസസ്ഥാപനങ്ങൾ, സ്വകാര്യ-സർക്കാർ സംവിധാനങ്ങൾ, സന്നദ്ധസംഘടനകൾ, ട്രസ്റ്റുകൾ, ഫൗണ്ടേഷനുകൾ എന്നിവയിൽനിന്ന് ഐ.കെ.എസ്. അപേക്ഷ ക്ഷണിച്ചു. അവ സൂക്ഷ്മമായി പരിശോധിച്ച് അടുത്തമാസം അവസാനത്തോടെ ഫലം പ്രഖ്യാപിക്കും.
Content Highlights: Centre lays out plans to set up regional language centres