സ്‌കൂളുകള്‍ക്ക് ആരോഗ്യ സേതു ആപ്പ് ശുപാര്‍ശ ചെയ്ത് സി.ബി.എസ്.ഇ

-
-

ന്യൂഡൽഹി: കോവിഡ്-19 രോഗബാധയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി എല്ലാ സ്കൂളുകൾക്കും 'ആരോഗ്യ സേതു ആപ്പും' ആരോഗ്യ മന്ത്രാലയത്തിന്റെ പ്രോട്ടോകോളും ശുപാർശ ചെയ്ത് സി.ബി.എസ്.ഇ. സ്കൂൾ പ്രിൻസിപ്പൽ ഇതിനെക്കുറിച്ച് എല്ലാ വിദ്യാർഥികളോടും അധ്യാപക-അനധ്യാപകരോടും പറയണമെന്നും ശുപാർശയിലുണ്ട്. മാനവ വിഭവശേഷി മന്ത്രാലയ സെക്രട്ടറി എല്ലാ സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങൾക്കും നോട്ടീസ് നൽകിയ സാഹചര്യത്തിലാണ് സി.ബി.എസ്.ഇ ശുപാർശ പുറപ്പെടുവിച്ചത്.

കൊറോണ വൈറസ് ബാധയെക്കുറിച്ച് ബോധവൽക്കരണത്തിനായി കേന്ദ്ര സർക്കാർ പുറത്തിറക്കിയ മൊബൈൽ ആപ്പാണ് ആരോഗ്യ സേതു. കോവിഡ്-19 നെക്കുറിച്ചുള്ള ആധികാരിക വിവരങ്ങൾ ആപ്പിലൂടെ ലഭിക്കും.

ഇത് കൂടാതെ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനായി ആയൂഷ് മന്ത്രാലായം പുറത്തിറക്കിയ ആരോഗ്യ പ്രോട്ടോകോളും സ്കൂളുകളുമായി പങ്കുവച്ചിട്ടുണ്ട്. അധ്യാപകർ ഈ വിവരങ്ങൾ വിദ്യാർഥികളുമായി പങ്കുവെക്കണമെന്നും സി.ബി.എസ്.ഇ നിർദേശിച്ചുണ്ട്. അത് കൂടാതെ പ്രധാനമന്ത്രി പ്രഖ്യാപിച്ചത് പോലെ ഏപ്രിൽ അഞ്ചിന് വൈകിട്ട് 9 മണിക്ക് വിളക്കുകൾ തെളിക്കണമെന്നും സി.ബി.എസ്.ഇ അഭ്യർത്ഥിച്ചു.

രാജ്യത്ത് 21 ദിവസത്തെ ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ മുടങ്ങിയ എല്ലാ പരീക്ഷകളും നടത്താതെ, പ്രധാന വിഷയങ്ങൾക്ക് മാത്രം പരീക്ഷ നടത്താനാണ് സി.ബി.എസ്.ഇ തീരുമാനം. പരീക്ഷാ തീയതി പത്തുദിവസം മുൻപ് പ്രഖ്യാപിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

Content Highlights: CBSE recommends arogya setu app and immunity boosting protocols to school principals

Content Highlights: