CBSE മാർക്കിങ് സിസ്റ്റം ഹാക്ക് ചെയ്യപ്പെട്ടെന്ന പ്രചരണം വ്യാജം; വിശദീകരണവുമായി ബോർഡ്

ന്യൂഡൽഹി: സി.ബി.എസ്.ഇ ഓൺ-സ്‌ക്രീൻ മാർക്കിങ് സിസ്റ്റം ഹാക്ക് ചെയ്യപ്പെട്ടുവെന്ന സോഷ്യൽ മീഡിയ പ്രചരണങ്ങൾ തള്ളി സിബിഎസ്ഇ അധികൃതർ. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന പോർട്ടൽ പരീക്ഷണാർത്ഥം ഉപയോഗിക്കുന്ന വെബ്‌സൈറ്റ് മാത്രമാണെന്നും യഥാർത്ഥ മൂല്യനിർണയ പ്ലാറ്റ്‌ഫോമല്ലെന്നും ബോർഡ് ചൊവ്വാഴ്ച വ്യക്തമാക്കി.
cbse.onmarks.co.in എന്ന യുആർഎൽ ഉള്ള സിബിഎസ്ഇ ഓൺ-സ്‌ക്രീൻ മാർക്കിങ് പോർട്ടൽ താൻ ഹാക്ക് ചെയ്തുവെന്ന സോഷ്യൽ മീഡിയ ഉപയോക്താവിന്റെ അവകാശവാദത്തെ അടിസ്ഥാനമാക്കിയാണ് വാർത്തകൾ പ്രചരിച്ചത്.
ഉത്തരക്കടലാസുകളുടെ മൂല്യനിർണയത്തിനായി ഉപയോഗിക്കുന്ന യഥാർത്ഥ പോർട്ടലിന്റെ യുആർഎൽ മറ്റൊന്നാണ്. അത് സുരക്ഷിതമാണ്. സോഷ്യൽ മീഡിയ പോസ്റ്റിൽ പറയുന്ന തരത്തിലുള്ള സുരക്ഷാ വീഴ്ചകളോ പ്രശ്നങ്ങളോ യഥാർത്ഥ പോർട്ടലിൽ ഇല്ല. പ്രചരിക്കുന്ന യുആർഎൽ ആഭ്യന്തര പരിശോധനകൾക്കും അവലോകനങ്ങൾക്കുമായി സാമ്പിൾ ഡാറ്റ മാത്രം ഉൾപ്പെടുത്തി തയാറാക്കിയ ഒരു ടെസ്റ്റിംഗ് സൈറ്റ് മാത്രമാണ്- എന്ന് സിബിഎസ്ഇ എക്സ് പ്ലാറ്റ്‌ഫോമിലൂടെ വ്യക്തമാക്കി.
ഈ ടെസ്റ്റിങ് പോർട്ടലിൽ യഥാർത്ഥ മൂല്യനിർണയ വിവരങ്ങളോ മാർക്കുകളോ മറ്റ് ഔദ്യോഗിക ഡാറ്റകളോ സൂക്ഷിച്ചിട്ടില്ലെന്നും സുരക്ഷാ വീഴ്ചകൾ ഒന്നും തന്നെ ഉണ്ടായിട്ടില്ലെന്നും ബോർഡ് കൂട്ടിച്ചേർത്തു.
ഈ വർഷം പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതിയ, സൈബർ സുരക്ഷാ ഗവേഷകനെന്ന് അവകാശപ്പെടുന്ന നിസർഗ എന്ന സോഷ്യൽ മീഡിയ ഉപയോക്താവാണ് താൻ സിബിഎസ്ഇയുടെ ഒഎസ്എം പോർട്ടൽ ഹാക്ക് ചെയ്തതായി മേയ് 22-ന് പോസ്റ്റ് പങ്കുവെച്ചത്. ഒടിപി ബൈപാസ് ചെയ്യാനും ഏത് എക്സാമിനറുടെയും പാസ്‌വേഡ് റീസെറ്റ് ചെയ്യാനും വിദ്യാർത്ഥികളുടെ മാർക്കുകളിൽ മാറ്റം വരുത്താനും തനിക്ക് സാധിക്കുമെന്നായിരുന്നു ഇയാളുടെ വാദം.
Content Highlights: The Central Board of Secondary Education (CBSE) has strongly dismissed social media claims regarding the hacking of its On-Screen Marking (OSM) system, clarifying that the alleged compromised URL was merely a simulated testing site containing no official data.