CAT 2023: 14 പേര്‍ക്ക് 100 പെര്‍സെന്റൈല്‍; അഞ്ചാം തവണയും 100 നേടി ജോഷ്വാ, ഇത് ചരിത്രം

രാജ്യത്തെ ഐ.ഐ.എമ്മുകളിലേക്കുള്ള (ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്) പ്രവേശനപരീക്ഷയായ കോമണ്‍ അഡ്മിഷന്‍ ടെസ്റ്റ് (കാറ്റ്-2023) ഫലം പ്രസിദ്ധീകരിച്ചു. 14 പേര്‍ ഇത്തവണ 100 പെര്‍സെന്റൈല്‍ നേടി. എല്ലാവരും ആണ്‍കുട്ടികളാണ്. കേരളത്തില്‍ നിന്നുള്ള രഞ്ജിത് തോമസ് ജോഷ്വായും ഇക്കൂട്ടത്തിലുണ്ട്.
ഇത് അഞ്ചാം തവണയാണ് രഞ്ജിത് തോമസ് ജോഷ്വാ 100 പെര്‍സെന്റൈല്‍ സ്‌കോര്‍ നേടുന്നത്. വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കുന്നതിനായി പാറ്റേണ്‍ മനസിലാക്കാന്‍ വേണ്ടിയാണ് രഞ്ജിത്ത് ജോഷ്വാ ഓരോ തവണയും പരീക്ഷ എഴുതിയത്. ഇന്ത്യയിലെ ഏറ്റവും മികച്ച മാനേജ്മെന്റ് സ്ഥാപനങ്ങളിലടക്കം പ്രവേശനം സാധ്യമായിരുന്നിട്ടും ആ വഴി തിരഞ്ഞെടുക്കാതെ ഇപ്പോഴും പരീക്ഷാ പരിശീലകനായി തുടരുകയാണ് രഞ്ജിത് തോമസ് ജോഷ്വാ. വിദ്യാഭ്യാസമേഖലയില്‍ പ്രവര്‍ത്തിക്കുന്ന, അതും കണക്കിനോടുള്ള വിദ്യാര്‍ഥികളുടെ പേടി മാറ്റാനായി പ്രവര്‍ത്തിക്കുന്ന MyLQ എന്ന സ്റ്റാര്‍ട്ടപ്പിന്റെ സഹസ്ഥാപകനാണ് അദ്ദേഹം. 2015, 2016, 2017, 2022 വര്‍ഷങ്ങളിലാണ് ഇതിനു മുമ്പ് നൂറ് പെര്‍സന്റൈല്‍ സ്‌കോര്‍ ജോഷ്വാ കരസ്ഥമാക്കിയത്.
100 പെര്‍സെന്റൈല്‍ നേടിയവരില്‍ 11 പേര്‍ എന്‍ജിനീയറിങ് പശ്ചാത്തലത്തില്‍ നിന്നുള്ളവരാണ്. 29 പേര്‍ 99.99 പെര്‍സെന്റൈല്‍ നേടി. 99.98 പെര്‍സെന്റൈല്‍ നേടിയതും 29 പേരാണ്. ഉയര്‍ന്ന സ്‌കോര്‍ നേടിയ 72 പേരില്‍ ഒരു പെണ്‍കുട്ടി (99.99 പെര്‍സെന്റൈല്‍) മാത്രമാണ് ഉള്‍പ്പെട്ടിരിക്കുന്നത്. തുടര്‍ച്ചയായി ആറാം തവണയാണ് കാറ്റ് പരീക്ഷയില്‍ ഒരു പെണ്‍കുട്ടിക്ക് പോലും 100 പെര്‍സെന്റൈല്‍ നേടാനാകാത്തത്. 100 പെര്‍സെന്റൈല്‍ നേടിയവരില്‍ 4 പേര്‍ മഹാരാഷ്ട്രയില്‍ നിന്നും 2 പേര്‍ തെലങ്കാനയില്‍ നിന്നുമാണ്. ആന്ധ്രപ്രദേശ്, ഡല്‍ഹി, ഗുജറാത്ത്, ജമ്മു കശ്മീര്‍, കര്‍ണാടക, തമിഴ്‌നാട്, ഉത്തര്‍പ്രദേശ്, കേരളം എന്നിവിടങ്ങളില്‍ നിന്ന് ഒരാള്‍ വീതവും 100 പെര്‍സെന്റൈല്‍ നേടി
സ്‌കോര്‍ കാര്‍ഡ് https://iimcat.ac.in-ല്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. 3.28 ലക്ഷം പേര്‍ രജിസ്റ്റര്‍ ചെയ്തതില്‍ 2.88 ലക്ഷം പേരാണ് (88%)പരീക്ഷ എഴുതിയത്. 64ശതമാനം ആണ്‍കുട്ടികളും 34 ശതമാനം പെണ്‍കുട്ടികളും ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ നിന്ന് അഞ്ച് പേരുമാണ് പരീക്ഷ എഴുതിയത്. നവംബര്‍ 24നായിരുന്നു പരീക്ഷ.
രാജ്യത്തെ ഐ.ഐ.എമ്മുകളിലെ മാനേജ്‌മെന്റ് പ്രോഗ്രാമുകളിലെ പ്രവേശനപരീക്ഷയാണ് കാറ്റ്. ഓരോ ഐഐഎമ്മും കാറ്റ് പെര്‍സെന്റ്റൈല്‍ അടിസ്ഥാനമാക്കി ഷോര്‍ട്ട്ലിസ്റ്റ് പുറത്തിറക്കും. തുടര്‍ന്ന് നടക്കുന്ന ഗ്രൂപ്പ് ഡിസ്‌കഷന്‍, പേഴ്‌സണല്‍ ഇന്റര്‍വ്യുവിന് ശേഷമായിരിക്കും അന്തിമപ്രവേശനപട്ടിക പ്രസിദ്ധീകരിക്കുക.
Content Highlights: CAT 2023 Result announced 14 scores 100 percentile including Renjith Thomas Joshua