കാംപസ് വ്യവസായപാർക്ക്: തുടങ്ങാൻ സന്നദ്ധത അറിയിച്ചത് 80 സ്ഥാപനങ്ങൾ

തിരുവനന്തപുരം: വിദ്യാഭ്യാസസ്ഥാപനങ്ങളുടെ അധീനതയിലുള്ള ഭൂമിയിൽ കാംപസ് വ്യവസായപാർക്ക് തുടങ്ങാനുള്ള സർക്കാർപദ്ധതിയിൽ താത്പര്യമറിയിച്ച് 80 കലാലയങ്ങൾ. ഇവിടങ്ങളിൽ നടക്കുന്ന ഗവേഷണപ്രവർത്തനങ്ങളെ ഉപയോഗപ്പെടുത്തി ഉത്പാദന യൂണിറ്റുകളുണ്ടാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
അഞ്ചേക്കർ ഭൂമിയാണ് സ്ഥാപനം ഇതിനായി മാറ്റിവെക്കേണ്ടത്. വ്യവസായപാർക്ക് തുടങ്ങുന്നതിന് ഉന്നതവിദ്യാഭ്യാസവകുപ്പിന്റെ നിരാക്ഷേപ പത്രം വാങ്ങേണ്ടതുണ്ട്. അതിനായി തയ്യാറാക്കിയിട്ടുള്ള മാനദണ്ഡങ്ങൾ പാലിച്ച് നിരാക്ഷേപ പത്രത്തിനൊപ്പം ഓൺലൈൻ അപേക്ഷ നൽകാനാണ് വ്യവസായവകുപ്പിന്റെ നിർദേശം.
അപേക്ഷകർക്ക് മറ്റ് സൗകര്യങ്ങളും സഹായവും ഒരുക്കാൻ ജില്ലാ വ്യവസായകേന്ദ്രങ്ങൾക്കു നിർദേശം നൽകിയിട്ടുണ്ട്. ആർട്‌സ് ആൻഡ് സയൻസ് കോളേജുകൾ, പോളിടെക്‌നിക്കുകൾ, പ്രൊഫഷണൽ കോളേജുകൾ, ഐ.ടി.ഐ.കൾ എന്നിവയ്ക്കാണ് ആദ്യഘട്ടത്തിൽ മുൻഗണന നൽകുന്നത്.
അഞ്ചേക്കർ ഭൂമിയിൽ രണ്ടേക്കർ സ്റ്റാൻഡേഡ് ഡിസൈൻ ഫാക്ടറി സ്ഥാപിക്കാൻ മാറ്റിവെക്കാനാകണം. 30 വർഷത്തേക്കാണ് ഡിവലപ്പർ പെർമിറ്റ് ലഭിക്കുക. സ്വകാര്യ വ്യവസായപാർക്കുകൾക്കുള്ള മാനദണ്ഡങ്ങളും സാമ്പത്തികസഹായവുമാണ് കാംപസ് വ്യവസായപാർക്കുകൾക്കും നിശ്ചയിച്ചിട്ടുള്ളത്.ജില്ലാതല സ്ഥലനിർണയസമിതിയാണ് അപേക്ഷ പരിഗണിക്കുക. പദ്ധതി മാർഗരേഖയിൽ പറയുന്ന മാനദണ്ഡങ്ങൾ പാലിക്കുന്നതാണോയെന്നും സ്ഥലം വ്യവസായപാർക്കിന് അനുയോജ്യമാണോ എന്നതുമാണ് സമിതി പരിശോധിക്കുക.
അർഹമായ അപേക്ഷകൾ സെക്രട്ടറിതലത്തിലുള്ള സംസ്ഥാനസമിതിക്ക് വിടും. ഈ സമിതി ശുപാർശചെയ്താൽ പാർക്കിന് അനുമതിനൽകും. വ്യവസായപാർക്കിന് അനുമതിലഭിക്കുന്ന ഭൂമിക്ക് പ്രത്യേക ഇളവുകളും സർക്കാർ നൽകുന്നുണ്ട്. സിംഗിൾ വിൻഡോ ക്ലിയറൻസ് ബോർഡ് ഇതിന് പ്രത്യേകമായി ഉണ്ടാകും.ഇൻഡസ്ട്രിയൽ ടൗൺഷിപ്പ് ഏരിയ ഡിവലപ്‌മെന്റ് ആക്ടിന്റെ പരിധിയിൽവരുന്ന മുഴുവൻ ആനുകൂല്യങ്ങളും കാംപസ് വ്യവസായപാർക്കിന് ലഭിക്കും.
Content Highlights: Campus industrial in kerala