വേടന്റെ പാട്ട് പാഠ്യവിഷയത്തിലുള്‍പ്പെടുത്തി കാലിക്കറ്റ് സര്‍വകലാശാല, ഒപ്പം മൈക്കിള്‍ ജാക്‌സനും

കോഴിക്കോട്: വേടന്റെ പാട്ട് പാഠ്യവിഷയത്തിലുള്‍പ്പെടുത്തി കാലിക്കറ്റ് സര്‍വകലാശാല. ബിഎ മലയാളം നാലാം സെമസ്റ്റര്‍ പാഠപുസ്തകത്തിലാണ് 'ഭൂമി ഞാന്‍ വാഴുന്നിടം' എന്ന പാട്ട് ഉള്‍പ്പെടുത്തിയത്.
മൈക്കിള്‍ ജാക്‌സന്റെ 'ദേ ഡോണ്ട് കെയര്‍ എബൗട്ട് അസ്'(They Dont Care About Us) എന്ന പാട്ടും വേടന്റെ ഭൂമി ഞാന്‍ വാഴുന്നിടം എന്ന പാട്ടും തമ്മിലുള്ള താരതമ്യ പഠനമാണ് ഈ പാഠത്തിലുള്ളത്. അമേരിക്കന്‍ റാപ്പ് സംഗീതവും മലയാള റാപ്പ് സംഗീതവും തമ്മിലുള്ള പഠനമാണ് പാഠത്തിന്റെ അടിസ്ഥാന ലക്ഷ്യം.
തൊണ്ണൂറുകളില്‍ ഇറങ്ങിയ ഹിറ്റ് പാട്ടാണ് മൈക്കിള്‍ ജാക്‌സന്റെ 'ദേ ഡോണ്ട് കെയര്‍ എബൗട്ട് അസ്'.
യുദ്ധം കൊണ്ടുണ്ടാവുന്ന പ്രശ്‌നവും പലായനവുമാണ് വേടന്റെ പാട്ടിന്റെ വിഷയം. രണ്ട് വീഡിയോ ലിങ്കുകളായിട്ടാണ് ഇവ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ക്ലാസിക്കൽ കലാരൂപങ്ങളുടെ പുനരാവിഷ്കാരവുമായി ബന്ധപ്പെട്ട താരതമ്യപഠനത്തിൽ ഗൗരി ലക്ഷ്മി പാടി ഹിറ്റായ ‘അജിതാ ഹരേ...’ എന്ന കഥകളിപ്പദത്തിന്റെ വീഡിയോ ലിങ്കും നൽകിയിട്ടുണ്ട്. ഈ പാട്ടിനെ കോട്ടയ്ക്കൽ പിഎസ്‌വി നാട്യസംഘത്തിന്റെയും മുരിങ്ങൂർ ശങ്കരൻ പോറ്റിയുടെയും ക്ലാസിക്കൽ ശൈലിയിലുള്ള ആലാപനവുമായാണ് താരതമ്യംചെയ്യുന്നത്.കണ്ണൂർ സർവകലാശാല ഇംഗ്ലീഷ് നാലാം സെമസ്റ്ററിൽ ജനപ്രിയസംസ്കാരം എന്ന പാഠഭാഗത്തും വേടന്റെ പാട്ടുണ്ട്.
Content Highlights: Calicut University Includes `Vedan song` in Syllabus