CA ഇന്റർമീഡിയറ്റ് പരീക്ഷ മാറ്റിവെച്ചു; പുതിയ തീയതി പിന്നീട് അറിയിക്കും

#Education desk
പ്രതീകാത്മക ചിത്രം.|Photo: Gemini AI
പ്രതീകാത്മക ചിത്രം.|Photo: Gemini AI

ന്യൂഡൽഹി: 2026 ജനുവരിയിൽ നടത്താനിരുന്ന ചാർട്ടേഡ് അക്കൗണ്ടന്റ്‌സ് ഇന്റർമീഡിയറ്റ് പരീക്ഷയുടെ ഒരു പേപ്പർ മാറ്റിവെച്ചതായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ (ഐസിഎഐ) അറിയിച്ചു. ജനുവരി 19-ന് (തിങ്കളാഴ്ച) നടക്കേണ്ടിയിരുന്ന ഗ്രൂപ്പ് II-ലെ അഞ്ചാം പേപ്പർ ആയ 'ഓഡിറ്റിങ് ആൻഡ് എത്തിക്സ്' പരീക്ഷയാണ് മാറ്റിയത്,.

ഒഴിവാക്കാനാവാത്ത ചില സാഹചര്യങ്ങൾ കാരണമാണ് പരീക്ഷ മാറ്റിവെക്കേണ്ടി വന്നതെന്ന് ഐസിഎഐ ഔദ്യോഗിക കുറിപ്പിൽ വ്യക്തമാക്കി. ഇന്ത്യയിലെയും വിദേശത്തെയും എല്ലാ പരീക്ഷാ കേന്ദ്രങ്ങൾക്കും മാറ്റം ബാധകമാണ്.

രണ്ടാം തവണയും മാറ്റം

ഈ പരീക്ഷയുടെ തീയതി രണ്ടാം തവണയാണ് മാറ്റുന്നത് എന്നത് ശ്രദ്ധേയമാണ്. ആദ്യം ജനുവരി 15-ന് നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷ പിന്നീട് ജനുവരി 19-ലേക്ക് മാറ്റിയിരുന്നു.

മറ്റ് പരീക്ഷകളിൽ മാറ്റമില്ല

ജനുവരി 19-ലെ പരീക്ഷ ഒഴികെ, 2026 ജനുവരി സൈക്കിളിലെ മറ്റ് സിഎ ഇന്റർമീഡിയറ്റ് പരീക്ഷകളുടെ ഷെഡ്യൂളിൽ യാതൊരു മാറ്റവുമില്ല. മറ്റ് പരീക്ഷകളെല്ലാം നേരത്തെ നിശ്ചയിച്ച പ്രകാരം തന്നെ നടക്കുമെന്ന് ഐസിഎഐ സ്ഥിരീകരിച്ചിട്ടുണ്ട്.

പുതിയ തീയതി

മാറ്റിവെച്ച പരീക്ഷയുടെ പുതുക്കിയ തീയതി പിന്നീട് പ്രത്യേകമായി പ്രഖ്യാപിക്കും. ഉദ്യോഗാർത്ഥികൾ കൃത്യമായ വിവരങ്ങൾക്കായി ഐസിഎഐയുടെ ഔദ്യോഗിക വെബ്സൈറ്റ് icai.org നിരന്തരം പരിശോധിക്കണമെന്ന് നിർദ്ദേശമുണ്ട്. 

Content Highlights: ICAI postpones CA Intermediate exam`s Auditing & Ethics paper for Jan 2026. New date to be announced. Check icai.org for updates.