വർക്കിങ് പ്രൊഫഷണലുകൾക്ക് കേരളത്തിൽ ബി.ടെക്. ലാറ്ററൽ എൻട്രി

ബി.ടെക്. പ്രോഗ്രാമിന്റെ മൂന്നാം സെമസ്റ്ററിലേക്ക്/രണ്ടാം വർഷത്തിലേക്കു സർക്കാർ/സ്വാശ്രയ കോളേജുകളിൽ പ്രവേശനം നേടി എൻജിനിയറിങ് ബിരുദമെടുക്കാൻ വർക്കിങ് പ്രൊഫഷണലുകൾക്ക് അവസരമൊരുക്കുന്ന കേരളത്തിലെ ലാറ്ററൽ എൻട്രി പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. എൽ.ബി.എസ്. സെൻറർ ഫോർ സയൻസ് ആൻഡ് ടെക്നോളജി ആണ് അപേക്ഷ വിളിച്ച് അലോട്മെന്റ് നടത്തുന്നത്.
പ്രവേശന അർഹത
ഭാരതീയരായിരിക്കണം. കേരളീയരായ അപേക്ഷകരെ മാത്രമേ സംവരണം, ഫീസ് ആനുകൂല്യം എന്നിവയ്ക്ക് പരിഗണിക്കൂ. മറ്റുള്ളവരെ സ്റ്റേറ്റ് മെറിറ്റ്, മാനേജ്മെൻറ് ക്വാട്ട സീറ്റുകളിലേക്കുമാത്രമേ പരിഗണിക്കൂ.
2024 ഡിസംബർ 31-ന് 18 വയസ്സ് പൂർത്തിയാക്കിയിരിക്കണം. ഉയർന്ന പ്രായപരിധിയില്ല. എൻജിനിയറിങ്/ടെക്നോളജിയിലെ ത്രിവത്സര ഡിപ്ലോമ/ദ്വിവത്സര ലാറ്ററൽ എൻട്രി ഡിപ്ലോമ, അല്ലെങ്കിൽ സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ ബോർഡ്/ ഭാരത സർക്കാരിന്റെ കീഴിലുള്ള സ്ഥാപനങ്ങൾ/എ.ഐ.സി.ടി.ഇ. അംഗീകൃത സ്ഥാപനങ്ങൾ എന്നിവയിലൊന്നിൽനിന്ന് നേടിയ മൂന്നു വർഷ ഡി.വൊക്. (വൊക്കേഷണൽ ഡിപ്ലോമ) അല്ലെങ്കിൽ പ്ലസ് ടു തലത്തിൽ മാത്തമാറ്റിക്സ് പഠിച്ച് അംഗീകൃത സർവകലാശാലയിൽനിന്നും നേടിയ ബി.എസ്‌സി. ബിരുദം ഉണ്ടായിരിക്കണം.
കോഴ്സ് പഠിക്കാൻ ഉദ്ദേശിക്കുന്ന സ്ഥാപനത്തിന്റെ 50 കിലോമീറ്റർ ചുറ്റളവിൽ പ്രവർത്തിക്കുന്ന രജിസ്ട്രേഡ് വ്യവസായ സ്ഥാപനങ്ങൾ, കേന്ദ്ര/സംസ്ഥാന സ്ഥാപനങ്ങൾ, പബ്ലിക് ലിമിറ്റഡ് കമ്പനി, സ്വകാര്യസ്ഥാപനങ്ങൾ, എം.എസ്.എം.ഇ. സ്ഥാപനങ്ങൾ എന്നിവയിലൊന്നിൽ ജോലി ചെയ്യുന്നവരാകണം. ചുരുങ്ങിയത് ഒരുവർഷത്തെ റഗുലർ ഫുൾ ടൈം പ്രവൃത്തിപരിചയം വേണം.
പ്രവേശനത്തിനായി നടത്തുന്ന ലാറ്ററൽ എൻട്രി ടെസ്റ്റിൽ യോഗ്യത നേടണം. യോഗ്യതാ കോഴ്സിന്റെ അന്തിമഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം.വ്യത്യസ്ത മേഖലകളിൽനിന്ന് യോഗ്യത നേടിയവർക്ക് സർവകലാശാലാ തലത്തിൽ നിർദേശിക്കുന്ന ഒരു ബ്രിഡ്ജ് കോഴ്സ് യോഗ്യത നേടേണ്ടി വരും.
അപേക്ഷ
www.lbscentre.in ലെ പ്രോഗ്രാം അഡ്മിഷൻ വിജ്ഞാപന ലിങ്ക് വഴി അപേക്ഷിക്കാം. അപേക്ഷാ ഫീസ് 1000 രൂപ (പട്ടിക വിഭാഗക്കാർക്ക് 500 രൂപ) ഓൺലൈനായോ, അപേക്ഷാ വേളയിൽ രൂപപ്പെടുത്താവുന്ന ചലാൻ ഉപയോഗിച്ച് കേരളത്തിലെ ഫെഡറൽ ബാങ്ക് ശാഖകളിൽ പണമായോ അടയ്ക്കാം. ജൂൺ 16 വരെ അതിന് സൗകര്യമുണ്ടാകും. ഓൺലൈൻ അപേക്ഷ 17-നകം പൂർത്തിയാക്കണം.
പ്രവേശനപരീക്ഷ
മൊത്തം 120 ഒബ്ജക്ടീവ് ടൈപ്പ് മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളുള്ള രണ്ടു മണിക്കൂർ ദൈർഘ്യമുള്ള പ്രവേശനപരീക്ഷ ജൂൺ 30-ന് നടത്തും. പരമാവധി മാർക്ക് 120. പ്രവേശന പരീക്ഷ പാസാകുന്നവർക്ക് ഏത് ബ്രാഞ്ചിലേക്കും പ്രവേശനം തേടാം.
ഡിപ്ലോമ, ഡി.വൊക്. യോഗ്യത ഉള്ളവരുടെ പ്രവേശനത്തിനു ശേഷം ഒഴിവുവരുന്ന സീറ്റുകളിലേക്കായിരിക്കും ബി.എസ്‌സി. ഡിഗ്രി അപേക്ഷകരെ പ്രവേശനത്തിനായി പരിഗണിക്കുന്നത്. റാങ്ക്പട്ടിക പ്രസിദ്ധപ്പെടുത്തിയശേഷം അതിൽ ഉൾപ്പെട്ടവരിൽ നിന്ന് ഓപ്ഷനുകൾ ക്ഷണിച്ച്, എൽ.ബി.എസ്. സെൻറർ, കേന്ദ്രീകൃത അലോട്ട്മെൻറ് വഴി സീറ്റ് അനുവദിക്കും.
Content Highlights: btech lateral entry for working professionals