കോഴ്സ് കഴിഞ്ഞ് മാസങ്ങളായി; ബി.എസ്.സി. നഴ്സിങ് വിദ്യാർഥികൾക്ക് രജിസ്ട്രേഷൻ വൈകുന്നു

#വി.യു. മാത്യുക്കുട്ടി
പ്രതീകാത്മക ചിത്രം| ഫോട്ടോ:canva.com
പ്രതീകാത്മക ചിത്രം| ഫോട്ടോ:canva.com

കാസർകോട്: കോഴ്സ് പൂർത്തിയാക്കി രണ്ടുമാസത്തിലധികമായിട്ടും സംസ്ഥാനത്തെ ഭൂരിഭാഗം ബി.എസ്‌.സി. നഴ്സിങ് വിദ്യാർഥികൾക്കും കേരള നഴ്സിങ് ആൻഡ് മിഡ്‌വൈവ്സ് കൗൺസിലിന്റെ (കെ.എൻ.എം.സി.) രജിസ്ട്രേഷൻ ലഭിച്ചില്ല. 2021 ബാച്ച് വിദ്യാർഥികൾക്കാണ് രജിസ്ട്രേഷൻ ലഭിക്കാത്തത്.

ഇത് ഇവരുടെ തൊഴിൽ, ഉപരിപഠന, വിദേശജോലി സാധ്യതകളെ ബാധിക്കുന്ന സ്ഥിതിയാണ്. ബി.എസ്‌സി. നഴ്സിങ് പരീക്ഷാഫലം വൈകിയതിനു പിന്നാലെയാണിപ്പോൾ രജിസ്ട്രേഷനും വൈകുന്നത്. മറ്റ് സംസ്ഥാനങ്ങളിൽനിന്ന് ഈ ബാച്ചിൽ കോഴ്സ് പൂർത്തിയാക്കിയവർ രജിസ്ട്രേഷൻ ലഭിച്ച് ജോലിക്ക് ചേർന്നുകഴിഞ്ഞു.

2021 ബാച്ചിന്റെ കോഴ്സ് 2025 നവംബറിൽ പൂർത്തിയാകേണ്ടതായിരുന്നു. കോവിഡ് മഹാമാരി കാരണം കോഴ്സ് തുടങ്ങുന്നത് വൈകുകയും പഠനകാലം നീളുകയും ചെയ്തു. അതിനാൽ വിദ്യാർഥികൾ കോഴ്സിന് അനുവദിച്ചിട്ടുള്ള അക്കാദമിക് സമയപരിധിയെക്കാൾ കൂടുതൽ കാലം പഠനത്തിനായി ചെലവഴിക്കേണ്ടിവന്നു. എട്ടാം സെമസ്റ്റർ പരീക്ഷാഫലം മേയ് എട്ടിനാണ് പ്രസിദ്ധീകരിച്ചത്. ഫലം വന്നയുടനെ വിദ്യാർഥികൾ കെ.എൻ.എം.സി. രജിസ്ട്രേഷന് ഒാൺലൈനായി അപേക്ഷിക്കുകയും കോളേജുകൾ ഇതിന്റെ പ്രിന്റൗട്ടും പ്രൊവിഷണൽ സർട്ടിഫിക്കറ്റ്, കോഴ്സ് കംപ്ലീഷൻ സർട്ടിഫിക്കറ്റ് തുടങ്ങിയവയുടെ ഹാർഡ് കോപ്പി അയക്കുകയും ചെയ്തു. എന്നാൽ ഭൂരിഭാഗംപേർക്കും ഇതുവരെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് കിട്ടിയിട്ടില്ല.

രജിസ്ട്രേഷന് ഒാൺലൈനായി അപേക്ഷിക്കാമെങ്കിലും പ്രൊവിഷണൽ സർട്ടിഫിക്കറ്റുൾപ്പെടെയുള്ള രേഖകൾ അപ്‌ലോഡ് ചെയ്യാൻ കെ.എൻ.എം.സി. വെബ്സൈറ്റിൽ സംവിധാനമില്ല. വെബ്സൈറ്റിൽ ഇതിനനുസരിച്ച് മാറ്റംവരുത്തിയാൽ അപേക്ഷയോടൊപ്പം അനുബന്ധ രേഖകളും അപ്‌ലോ‍ഡ് ചെയ്യാനാകും. ഇത് കോളേജുകളിൽനിന്ന് ഹാർഡ് കോപ്പി എത്തുന്നതുവരെ കാത്തിരിക്കാതെ നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ സഹായിക്കും. ഇങ്ങനെയായാൽ ഭാവിയിൽ ഹാർഡ് കോപ്പി അയക്കുന്നത് ഒഴിവാക്കാം. ഇനി ആവശ്യമുണ്ടെങ്കിൽ ഇത് കൗൺസിലിലെത്തുമ്പോൾ ഫയൽ ചെയ്ത് സൂക്ഷിക്കുകയുമാകാം.

മുൻപ്‌ അപേക്ഷയുടെ ഹാർഡ് കോപ്പി കൗൺസിലിൽ ലഭിക്കുന്ന തീയതിതന്നെയാണ് രജിസ്ട്രേഷൻ തിയതിയായി രേഖപ്പെടുത്തിയിരുന്നത്. ഇപ്പോൾ സർട്ടിഫിക്കറ്റ് തയ്യാറാക്കുന്ന തീയതിയാണ് രജിസ്ട്രേഷൻ തീയതിയായി രേഖപ്പെടുത്തുന്നത്. ഇക്കാരണത്താൽ വിദ്യാർഥികൾക്ക് ചിലപ്പോൾ ആഴ്ചകളും മാസങ്ങളുമാണ് ഇങ്ങനെ നഷ്ടപ്പെടുന്നത്. അതുപോലെ കൗൺസിലിൽ ലഭിക്കുന്ന രജിസ്ട്രേഷൻ അപേക്ഷകളിൽ അതത് ദിവസംതന്നെ തീർപ്പുകല്പിച്ച് തൊട്ടടുത്ത ദിവസം സർട്ടിഫിക്കറ്റ് അയക്കുന്ന രീതിയായിരുന്നു മുൻപ്. ഒരുവർഷമായി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് വൈകുന്നതായും പരാതിയുണ്ട്.

Content Highlights: Despite completing their course over two months ago, a majority of 2021 batch B.Sc Nursing students in Kerala are facing severe career and higher education delays due to non-issuance of registration certificates by the Kerala Nursing and Midwives Council (KNMC).