പാഷന്‍ പിന്തുടരാം,പാചകം കൊണ്ട് കരിയര്‍ നേടാം,ഹോട്ടൽ മാനേജ്‌മെന്റ് & കാറ്ററിങ് ടെക്‌നോളജി പ്രവേശനം

കേരളത്തിലെ സ്വകാര്യ സ്വാശ്രയ കോളേജുകളിൽ നടത്തുന്ന നാലു വർഷത്തെ ബാച്ച്‌ലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിങ് ടെക്‌നോളജി (ബിഎച്ച്എംസിടി) പ്രോഗ്രാം പ്രവേശനത്തിന് കേരള ടെക്‌നിക്കൽ എജുക്കേഷൻ ഡയറക്ടറേറ്റിനുവേണ്ടി എൽബിഎസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജി അപേക്ഷ ക്ഷണിച്ചു.
പാഠ്യപദ്ധതി
ഹോട്ടൽ മേഖലയിൽ തൊഴിൽ നേടാനും ആ മേഖലയിൽ സ്വയം സംരംഭകനാകാനും വേണ്ട നൈപുണികളും വിജ്ഞാനവും നൽകി വിദ്യാർഥികളെ സജ്ജമാക്കുന്ന പ്രോഗ്രാമാണിത്. പ്രായോഗിക പരിശീലനവും കോഴ്‌സിന്റെ ഭാഗമായി ലഭിക്കും. ഹോട്ടൽ മാനേജ്‌മെന്റ്, ട്രാവൽ, ടൂറിസം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കാൻ താത്‌പര്യമുള്ളവർക്കും പ്രോഗ്രാം അനുയോജ്യമാണ്.
പ്രോഗ്രാം പാഠ്യപദ്ധതിയിൽ ഫുഡ് പ്രൊഡക്‌ഷൻ, ഫുഡ് ആൻഡ് ബെവറജ് സർവീസസ്, ബിസിനസ് കമ്യൂണിക്കേഷൻ, മാനേജ്‌മെന്റ്, ഫ്രണ്ട് ഓഫീസ് ഓപ്പറേഷൻസ് മുതലായ മേഖലകൾ ഉൾപ്പെടുന്നു.
കോളേജുകൾ
2024-’25 അലോട്‌മെന്റിൽ ഉൾപ്പെട്ടിരുന്ന കോളേജുകൾ: സൗത്ത് പാർക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് (നെടുമങ്ങാട്), രാജ്ധാനി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിങ് ടെക്‌നോളജി (ആറ്റിങ്ങൽ), കെഎംസിടി കോളേജ് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിങ് ടെക്‌നോളജി (കുറ്റിപ്പുറം), വിശ്വജ്യോതി കോളേജ് ഓഫ് എൻജിനിയറിങ് ആൻഡ് ടെക്‌നോളജി (വാഴക്കുളം) (നാലിനും എപിജെ അബ്ദുൽ കലാം ടെക്‌നോളജിക്കൽ സർവകലാശാലാ അഫിലിയേഷൻ), ലൂർദ്‌സ് മാതാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിങ് ടെക്‌നോളജി (കാട്ടാക്കട), ശ്രീനാരായണ ഗുരു മെമ്മോറിയൽ കാറ്ററിങ് കോളേജ് (ചേർത്തല), സ്നേഹാചാര്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആൻഡ് ടെക്‌നോളജി (കരുവാറ്റ) (മൂന്നിനും കേരള സർവകലാശാല അഫിലിയേഷൻ). കഴിഞ്ഞവർഷം ലഭ്യമായിരുന്ന മൊത്തം സീറ്റുകൾ 780. മെറിറ്റ് സീറ്റുകൾ-420.
അലോട്‌മെന്റ് നടപടികൾ തുടങ്ങും മുൻപ് ഈ വർഷത്തെ പ്രവേശനത്തിന് ബന്ധപ്പെട്ട സമിതികളുടെ അംഗീകാരം ലഭിക്കുന്ന സ്ഥാപനങ്ങളിലേക്കും പ്രവേശനം നടത്തും.
ട്യൂഷൻ ഫീസ്, സീറ്റുകൾ
പ്രതിവർഷ അക്കാദമിക് ട്യൂഷൻ ഫീസ് കോളേജിനനുസരിച്ച് 60,000 രൂപമുതൽ 75,000 രൂപവരെയായിരുന്നു. എൽബിഎസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജി പ്രവേശനപ്പരീക്ഷ നടത്തി അവർ തയ്യാറാക്കുന്ന റാങ്ക്പട്ടികയുടെ അടിസ്ഥാനത്തിൽ അലോട്ടുചെയ്യുന്ന സീറ്റുകളാണ് സർക്കാർ സീറ്റുകൾ. ഇതിലേക്കുള്ള പ്രവേശനം എൽബിഎസ് സെന്റർ നടത്തുന്ന കേരള ഹോട്ടൽ മാനേജ്മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (കെഎച്ച്എംഎടി) റാങ്ക് പരിഗണിച്ചായിരിക്കും.
സെൽഫ് ഫിനാൻസിങ് കോളേജുകളിൽ ബന്ധപ്പെട്ട മാനേജ്‌മെന്റ് നേരിട്ട് നികത്തുന്ന സീറ്റുകളാണ് മാനേജ്‌മെന്റ് സീറ്റുകൾ. കെഎച്ച്എംഎടി സ്കോറോ ബിഎച്ച്എംസിടി പ്രവേശനത്തിനായി ദേശീയതലത്തിൽ നടത്തുന്ന മറ്റേതെങ്കിലും പരീക്ഷയിലെ റാങ്കോ പരിഗണിച്ച് അതത് കോളേജുകൾ നടത്തും.
പ്രവേശനയോഗ്യത
ഹയർ സെക്കൻഡറി/ തത്തുല്യ പരീക്ഷ അല്ലെങ്കിൽ അതേ/സമാനമായ മേഖലയിൽ ഡിപ്ലോമ ഇൻ വൊക്കേഷൻ (ഡി-വൊക്) ജയിച്ചിരിക്കണം.
പ്രവേശനസമയത്ത് യോഗ്യത നേടിയിരിക്കണം. കോളേജ് അഫിലിയേറ്റു ചെയ്യപ്പെട്ടിട്ടുള്ള ബന്ധപ്പെട്ട സർവകലാശാല, യോഗ്യതാപരീക്ഷയ്ക്ക് നിഷ്കർഷിച്ചിട്ടുള്ള മിനിമം മാർക്ക് വ്യവസ്ഥ തൃപ്തിപ്പെടുത്തണം. മാർക്ക് അടുത്ത പൂർണസംഖ്യയിലേക്ക് ക്രമപ്പെടുത്താൻ അനുവാദമില്ല.
കെഎച്ച്എംഎടി ഘടന
ഒഎംആർ ഷീറ്റ് അധിഷ്ഠിതമായി നടത്തുന്നത് കേരള ഹോട്ടൽ മാനേജ്മെന്റ് ആപ്റ്റിറ്റിറ്റ്യൂഡ് ടെസ്റ്റ് (കെഎച്ച്എംഎടി) ഒന്നര മണിക്കൂർ ദൈർഘ്യമുള്ളതായിരിക്കും. ബേസിക് മാത്തമാറ്റിക്സ്, കമ്യൂണിക്കേഷൻ സ്കിൽ, ജനറൽ നോളജ് ആൻഡ് കറന്റ് അഫയേഴ്‌സ്, ഹോസ്പിറ്റാലിറ്റി ആൻഡ് കാറ്ററിങ് ടെക്‌നോളജി അവയർനസ് എന്നിവയിൽനിന്ന് യഥാക്രമം 20, 20, 20, 30 വീതം ഒബ്ജക്ടീവ് ടൈപ്പ് മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങൾ ഉണ്ടാകും. ശരിയുത്തരത്തിന് ഒരു മാർക്ക്. നെഗറ്റീവ് മാർക്കിങ് ഇല്ല. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നടത്തുന്ന പരീക്ഷയുടെ തീയതി പിന്നീട് പ്രഖ്യാപിക്കും.
റാങ്ക് പട്ടിക
പരീക്ഷയിൽ പൂജ്യം മാർക്കിൽ കൂടുതൽ ലഭിക്കുന്നവരുടെ സ്കോർ പരിഗണിച്ചാണ് പ്രവേശന റാങ്ക്പട്ടിക തയ്യാറാക്കുന്നത്. ഒന്നിൽക്കൂടുതൽ പേർക്ക് തുല്യമാർക്ക് വന്നാൽ ഹോസ്പിറ്റാലിറ്റി ആൻഡ് കാറ്ററിങ് ടെക്‌നോളജി അവയർനസ്, ജനറൽ നോളജ് ആൻഡ് കറന്റ് അഫയേഴ്‌സ്, കമ്യൂണിക്കേഷൻ സ്കിൽ എന്നീ വിഭാഗങ്ങൾ ആ ക്രമത്തിൽ പരിഗണിച്ച് കൂടുതൽ മാർക്ക് നേടുന്നവർക്ക് ഉയർന്ന റാങ്ക് നൽകി തുല്യത ഒഴിവാക്കും.
പിന്നെയും തുല്യത തുടർന്നാൽ പ്രായം കൂടിയ പരീക്ഷാർഥിക്ക് ഉയർന്ന റാങ്ക് നൽകും. ടൈ തുടർന്നാൽ എൽബിഎസ് ഡയറക്ടർ യുക്തമായ ടൈബ്രേക്കിങ് മാനദണ്ഡം നിശ്ചയിച്ച് ടൈ ഒഴിവാക്കും.
അപേക്ഷ
www.lbscentre.in, lbscentre.kerala.gov.in ഇവയിൽ ഏതെങ്കിലും ഒന്നുവഴി നൽകാം. അപേക്ഷാ ഫീസ് 1300 രൂപ. പട്ടികവിഭാഗക്കാർക്ക് 650 രൂപ. ഓൺലൈൻ ആയോ അപേക്ഷാ സമർപ്പണവേളയിൽ ഡൗൺലോഡു ചെയ്തെടുക്കാവുന്ന ചലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ കേരളത്തിലെ ഏതെങ്കിലും ശാഖയിൽ പണമായോ മേയ് 20 വരെ അടയ്ക്കാം. ഫീസ് അടച്ചശേഷം അപേക്ഷാ സമർപ്പണം 22-നകം പൂർത്തിയാക്കണം.
Content Highlights: BHMCT Admission in Kerala: Apply Now!