ബാർക്കിൽ എം.എസ്‌സി. പ്രോഗ്രാമുകൾ; പ്രതിമാസം 18,500 രൂപ സ്റ്റൈപ്പൻഡ്

ബാബ ആറ്റമിക് റിസർച്ച് സെന്ററി (ബാർക്ക്)ന്റെ കീഴിലെ റേഡിയേഷൻ മെഡിക്കൽ സെന്റർ നടത്തുന്ന രണ്ട് ഫുൾ ടൈം രണ്ടു വർഷ എം.എസ്‌സി. പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം. കല്പിത സർവകലാശാലയായ മുംബൈ ഹോമി ഭാഭ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സഹകരണത്തോടെയാണ് കോഴ്‌സ് നടത്തുന്നത്.
എം.എസ്‌സി. ന്യൂക്ലിയാർ മെഡിസിൻ ടെക്‌നോളജി ആൻഡ് ഹോസ്പിറ്റൽ റേഡിയോ ഫാർമസി പ്രോഗ്രാമിലേക്ക് ബി.ഫാം. ബിരുദധാരികൾ, ഹയർ സെക്കൻഡറി തലത്തിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്/ബയോളജി പഠിച്ചശേഷം, കെമിസ്ട്രി ഒരു വിഷയമായിപ്പഠിച്ച് ബി.എസ്‌സി. ബിരുദമെടുത്തവർ എന്നിവർക്ക് അപേക്ഷിക്കാം.
എം.എസ്‌സി. ന്യൂക്ലിയർ മെഡിസിൻ ആൻഡ് മോളിക്യുളാർ ഇമേജിങ് ടെക്‌നോളജി പ്രോഗ്രാം പ്രവേശനത്തിന് ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, സുവോളജി, ബോട്ടണി, മൈക്രോബയോളജി, ബയോകെമിസ്ട്രി, ബയോഇൻഫർമാറ്റിക്സ്, ബയോടെക്‌നോളജി (ബി.എസ്‌സി. തലത്തിൽ ഫിസിക്സ്/കെമിസ്ട്രി ഒരു വിഷയമായി പഠിച്ച്) എന്നിവയിലൊന്നിൽ ബി.എസ്‌സി. ബിരുദമുള്ളവർ, ആറ്റമിക് എനർജി റഗുലേറ്ററി ബോർഡ് (എ.ഇ.ആർ.ബി.) അംഗീകൃത സ്ഥാപനത്തിൽ നിന്ന് ബി.എസ്‌സി. ന്യൂക്ലിയർ മെഡിസിൻ ബിരുദമുള്ളവർ എന്നിവർക്ക് അപേക്ഷിക്കാം.
രണ്ടു പ്രോഗ്രാമുകൾക്കും അപേക്ഷകർക്ക്, യോഗ്യതാ പ്രോഗ്രാമിൽ സയൻസ് വിഷയങ്ങൾക്ക് 60 ശതമാനം മാർക്ക് മൊത്തത്തിൽ വേണം. വിദൂര പഠനത്തിലൂടെ ലഭിച്ച ബിരുദം പരിഗണിക്കുന്നതല്ല.
നോൺ സ്പോൺസേഡ് വിഭാഗക്കാർക്ക് പ്രതിമാസം 18,500 രൂപ സ്റ്റൈപ്പൻഡ് ലഭിക്കും. കോഴ്‌സ് ഫീസ് ഇല്ല. എന്റോൾമെന്റ് ഫീസ് 11,000 രൂപയും കോഷൻ ഡിപ്പോസിറ്റ് 2000 രൂപയും അടയ്ക്കണം. സ്പോൺസർഷിപ്പ് വ്യവസ്ഥകൾ വിജ്ഞാപനത്തിൽ ലഭ്യമാണ്.
പ്രവേശനത്തിന് രണ്ടു പ്രോഗ്രാമുകൾക്കുമായുള്ള കോമൺ അഡ്മിഷൻ ടെസ്റ്റ് (കാറ്റ്) ഉണ്ടാകും. 2024 ഡിസംബർ 15-ന് മുംബൈയിൽ വെച്ചാണ് കാറ്റ്. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്/ബയോളജി എന്നിവയിൽ നിന്ന് പ്ലസ്‌ടു നിലവാരമുള്ള 150 മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങൾ പരീക്ഷയ്ക്കുണ്ടാകും. യോഗ്യത നേടാൻ 50 ശതമാനം മാർക്ക് നേടണം. യോഗ്യത നേടുന്നവർക്ക് തുടർന്ന് കൗൺസലിങ് സെഷൻ ഉണ്ടായിരിക്കും.
അപേക്ഷ നവംബർ 25 രാത്രി 11.59 വരെ recruit.barc.gov.in വഴി നൽകാം. തിരഞ്ഞെടുക്കപ്പെടുന്നവർ കോഴ്‌സ് പൂർത്തിയാക്കുന്നതു സംബന്ധിച്ച ബോണ്ട് പ്രവേശന സമയത്ത് നൽകണം. പൂർത്തിയാക്കാത്ത പക്ഷം ലഭിച്ച സ്റ്റൈപ്പൻഡ് തുക പലിശ സഹിതം തിരിച്ചടയ്ക്കേണ്ടി വരും.
Content Highlights: BARC MSc Nuclear Medicine Programs