ആയുർവേദ, സിദ്ധ സീറ്റ് കാലി; വിദ്യാർഥികളെത്തേടി മറ്റ് സംസ്ഥാനങ്ങളിലേക്ക്

തിരുവനന്തപുരം: ആറ് അലോട്‌മെന്റ് കഴിഞ്ഞിട്ടും സംസ്ഥാനത്തെ ആയുർവേദ, സിദ്ധ, യുനാനി ബിരുദ കോഴ്‌സുകളിൽ 20 ശതമാനം സീറ്റുകളിൽ ആളില്ല. ചില ആയുർവേദ, സിദ്ധ മെഡിക്കൽ കോളേജുകളിൽ പകുതിയോളം സീറ്റുകൾ ഒഴിഞ്ഞനിലയിലാണ്.
ഇതോടെ സ്വാശ്രയ കോളേജ് മാനേജ്‌മെന്റ് സീറ്റുകളിൽ മറ്റ് സംസ്ഥാനങ്ങളിൽനിന്നുള്ള വിദ്യാർഥികൾക്ക് പ്രവേശനം നൽകാൻ നാഷണൽ കമ്മിഷൻ ഫോർ ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ അനുമതി നൽകി. മറ്റിടങ്ങളിൽനിന്ന് കുട്ടികളെ എത്തിക്കാനുള്ള കഠിനശ്രമത്തിലാണ് സ്വാശ്രയ മാനേജ്‌മെന്റുകൾ.
സംസ്ഥാന വ്യത്യാസമില്ലാതെ കുട്ടികളെ പ്രവേശിപ്പിക്കണമെന്ന് മാനേജ്‌മെന്റുകളുടെ സംഘടന കേരള സ്റ്റേറ്റ് ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ സെൽഫ് ഫിനാൻസിങ് കോളേജ് മാനേജ്‌മെന്റ് അസോസിയേഷൻ (കിസ്മ) ആവശ്യപ്പെട്ടിരുന്നെങ്കിലും സംസ്ഥാന സർക്കാർ വഴങ്ങിയിരുന്നില്ല.
പ്രവേശനനടപടി 20-ന് അവസാനിക്കാനിരിക്കേ വീണ്ടും സ്‌ട്രേ വേക്കൻസി അലോട്‌മെന്റിനായി പുതിയ അപേക്ഷ സ്വീകരിക്കാൻ പ്രവേശനപരീക്ഷാ കമ്മിഷണർ നടപടി തുടങ്ങി.
നേരത്തേ നിശ്ചിത അലോട്‌മെന്റുകൾക്കുശേഷം ഒഴിവുള്ള സീറ്റുകൾ മാനേജ്‌മെന്റുകൾക്ക് വിട്ടുനൽകിയിരുന്നു. എന്നാൽ, ഇപ്പോൾ കൗൺസലിങ് അതോറിറ്റിവഴി മാത്രമേ ഒഴിവ് നികത്താനാവൂ.
നീറ്റ് പരീക്ഷയുടെ കട്ട് ഓഫ് പെർസെന്റയിൽ കേന്ദ്രം കുറച്ചതിനെത്തുടർന്ന് രണ്ടാമതും അപേക്ഷ സ്വീകരിച്ചെങ്കിലും ഓൾ ഇന്ത്യ, സ്റ്റേറ്റ്, മാനേജ്‌മെന്റ് ക്വാട്ടകളിലേക്ക് വിദ്യാർഥികളെ കാറ്റഗറി തിരിച്ചതിലുണ്ടായ പോരായ്മ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.
പുറത്ത് ആവശ്യക്കാരേറെ
ആയുർവേദം അടക്കമുള്ള കോഴ്‌സുകൾക്ക് മറ്റ് സംസ്ഥാനങ്ങളിൽ ആവശ്യക്കാരേറെയാണെന്നും കേരളത്തിൽ മാത്രമാണ് സീറ്റൊഴിവ് പ്രതിസന്ധിയെന്നും കിസ്മ പ്രസിഡന്റ് ഡോ. കെ. തുളസീധരൻ നായർ പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിൽ ആയുർവേദത്തിനൊപ്പം മോഡേൺ മെഡിസിൻ പ്രാക്ടീസ് ചെയ്യുന്നതിന് തടസ്സമില്ല. ഇവിടെ സർക്കാരും ഐ.എം. എ.യും അതിന് എതിരാണ്.
Content Highlights: ayurvedha seat vaccant after allotment