അഭിരുചി അനുസരിച്ച് കോഴ്സുകൾ തിരഞ്ഞെടുക്കണം - ഡോ.എം രാധാകൃഷ്ണൻ | ASK EXPERT 2024

ഡോ.എം രാധാകൃഷ്ണൻ സംസാരിക്കുന്നു
ഡോ.എം രാധാകൃഷ്ണൻ സംസാരിക്കുന്നു

കൊച്ചി : പ്രൊഫഷണൽ കോഴ്സ് പ്രവേശനത്തിന് തയ്യാറെടുക്കുന്ന വിദ്യാർഥികൾക്ക് മാതൃഭൂമി ഡോട് കോം നടത്തുന്ന പ്രൊഫഷണൽ കോഴ്സ് ഗൈഡൻസ് സെമിനാർ ആസ്ക് എക്സപേർട്ട് 2024 കൊച്ചി എഡിഷൻ വെള്ളിയാഴ്ച്ച എറണാകുളം ടിഡിഎം ഹാളിൽ നടന്നു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി കോട്ടയം രജിസ്ട്രാർ ഡോ. എം. രാധാകൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു.

അഭിരുചി അനുസരിച്ച് വേണം പ്രൊഫഷണൽ കോഴ്സുകളും സ്ഥാപനങ്ങളും തിരഞ്ഞെടുക്കാനെന്നും പ്രവേശനപ്പരീക്ഷകളിൽ മികച്ച റാങ്ക് നേടി മികച്ച ഇൻസ്റ്റിറ്റ്യൂഷനുകളിൽ തന്നെ പ്രവേശനം നേടാൻ വിദ്യാർഥികൾ ശ്രമിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ പ്രമുഖ ഓൺലൈൻ ലേണിങ്ങ് ആപ്പായ എഡ്യുപോർട്ടുമായി സഹകരിച്ച്, എറണാകുളം കരയോഗവുമായി ചേർന്നാണ് സെമിനാർ നടന്നത്.

പ്രവേശന പരീക്ഷ മുൻ ജോയിന്റ് കമ്മിഷണർ ഡോ. എസ്. രാജൂകൃഷ്ണൻ, എഡ്യുപോർട്ട് സ്ഥാപകനും ചീഫ് എഡ്യൂകേറ്ററുമായ അജാസ് മുഹമ്മദ് ജെൻഷർ, കണ്ണൂർ ഗവ. എൻജിനിയറിങ് കോളേജിലെ ഇലക്ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ്ങ് ഡിപ്പാർട്ട്മെന്റ് മുൻ പ്രാഫസറും ഹെഡുമായിരുന്ന ഡോ. കെ.എ. നവാസ്, ബെംഗളുരു ട്രാൻസ്ഡിസിപ്ലിനറി യൂണിവേഴ്സിറ്റ് ഓഫ് ഹെൽത്ത് ആൻഡ് സയൻസിലെ പ്രൊഫസറായ ഡോ.ടി.പി സേതുമാധവൻ, എഡ്യുപോർട്ട് സി.ഇ.ഓ അക്ഷയ് തുടങ്ങിയവർ സംസാരിച്ചു.

സെഷനുകൾക്ക് ശേഷം വിദ്യാർഥികളും രക്ഷിതാക്കളും വിദ​​​ഗ്ധരോട് സംശയങ്ങൾ ചോദിച്ച് ദൂരീകരിക്കുയും ചെയ്തു. കേരളത്തിൽ വിവിധ ഇടങ്ങളിലായി നടത്തുന്ന പരിപാടിയുടെ നാലാം ഘട്ടമാണ് കൊച്ചിയിൽ നടന്നത്. ഫെബ്രുവരി 11-ന് തിരുവനന്തപുരത്താണ് അഞ്ചാമത്തെ സെഷൻ നടക്കുക. രജിസ്റ്റർ ചെയ്യുന്നവർക്ക് പ്രവേശനം സൗജന്യമാണ്.

Content Highlights: Ask Expert 2024, mathrubhumi, career guidance, educational guidance