ഐഐഎം അഹമ്മദാബാദിൽ പഠിക്കാൻ സർക്കാർ ജോലി ഉപേക്ഷിച്ചു; ചിലവ് 74 ലക്ഷം രൂപയെന്ന് യുവാവ്!

ജോലിയിൽ കയറിയതിനുശേഷം പഠനം തിരഞ്ഞെടുക്കുന്നവരുടെ കഥകൾ അനവധിയാണ്. എന്നാൽ സ്ഥിരതയുള്ള ജോലി ഉപേക്ഷിക്കേണ്ടിവരുന്നതിനു പിന്നാമ്പുറ കഥകൾ പലരും അറിയാറില്ല. ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ബിസിനസ്സ് സ്കൂളുകളിൽ ഒന്നായ ഐഐഎം അഹമ്മദാബാദിൽ എംബിഎ പഠനത്തിനായി സ്ഥിരതയുള്ള സർക്കാർ ജോലി ഉപേക്ഷിച്ച അമിത് സോണി എന്ന യുവാവിന്റെ ഇൻസ്റ്റാഗ്രാം വീഡിയോ ഇക്കാര്യം വ്യക്തമാക്കുന്നതാണ്.
ജോലി രാജിവെച്ച് വീണ്ടും പഠിക്കാൻ ഇറങ്ങിയപ്പോൾ തനിക്ക് നേരിടേണ്ടി വന്ന ഭീമമായ സാമ്പത്തിക ചിലവുകളെക്കുറിച്ച് അമിത് വീഡിയോയിൽ തുറന്നുപറയുന്നുണ്ട്. ഇന്തോ-നേപ്പാൾ അതിർത്തിയിലെ എസ്എസ്ബി അസിസ്റ്റന്റ് കമാൻഡന്റ് പദവിയിലായിരുന്ന അമിത് സോണി പറയുന്നത്, ഐഐഎം അഹമ്മദാബാദിൽ പ്രവേശനം ലഭിച്ച അതേ ദിവസം തന്നെ സർക്കാർ ജോലി രാജിവെക്കേണ്ടി വന്നപ്പോൾ തനിക്ക് ആകെ ഉണ്ടായ ചിലവ് 74 ലക്ഷം രൂപയാണ് എന്നാണ്.
ചിലവുകളുടെ കണക്ക് ഇങ്ങനെ:
പഠനച്ചിലവ്, രാജിവെക്കാനായി നൽകേണ്ടി വന്ന ബോണ്ട് തുക, കൂടാതെ ഒരു വർഷത്തെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നഷ്ടപ്പെട്ടതിലൂടെയുള്ള 'അവസര നഷ്ടം' (ഓപ്പർച്യൂനിറ്റി കോസ്റ്റ്) എന്നിവ ചേർത്താണ് അദ്ദേഹം 74 ലക്ഷം രൂപ കണക്കാക്കുന്നത്.
- ഐഐഎം ഫീസ് (PGPX കോഴ്സ്): 37.10 ലക്ഷം രൂപ
- ഇന്റർനാഷണൽ ഇമ്മേഴ്‌ഷൻ (വിദേശ പഠന യാത്ര): 4.5 ലക്ഷം രൂപ
- ഒരു വർഷത്തെ താമസച്ചിലവ്: 2.5 ലക്ഷം രൂപ
- സർക്കാർ ജോലി രാജിവെക്കാനുള്ള ബോണ്ട് തുക: 9.80 ലക്ഷം രൂപ
- നഷ്ടമായ ഒരു വർഷത്തെ ശമ്പളവും ആനുകൂല്യങ്ങളും: 20 ലക്ഷം രൂപ
സുരക്ഷിതത്വത്തേക്കാൾ വളർച്ചയ്ക്ക് പ്രാധാന്യം
ഇന്ത്യയിൽ ഒരു സർക്കാർ ജോലി എന്നത് സാമ്പത്തിക ഭദ്രതയുടെയും സുരക്ഷിതത്വത്തിന്റെയും പ്രതീകമാണ്. എന്നിട്ടും സുഖപ്രദമായ ജീവിതം ഉപേക്ഷിച്ച് കോർപ്പറേറ്റ് മേഖലയിലേക്ക് കടക്കാൻ അമിത് തീരുമാനിക്കുകയായിരുന്നു.
വലിയ സാമ്പത്തിക നഷ്ടം ഉണ്ടായെങ്കിലും തന്റെ തീരുമാനത്തിൽ യാതൊരു ഖേദവുമില്ലെന്നാണ് അമിത്തിന്റെ പക്ഷം. "ചില നിക്ഷേപങ്ങൾ ലക്ഷങ്ങൾ വെച്ചല്ല അളക്കേണ്ടത്, മറിച്ച് ഈ യാത്രയുടെ ഒടുവിൽ നമ്മൾ എന്തായിത്തീരുന്നു എന്നതിനെ ആശ്രയിച്ചാണ്. യൂണിഫോമിൽ നിന്ന് ബോർഡ്രൂമിലേക്ക്, രാജ്യസേവനത്തിൽ നിന്ന് സ്ട്രാറ്റജിയിലേക്ക്... ഇത് എന്റെ ജീവിതത്തിന്റെ രണ്ടാം അധ്യായം മാത്രമാണ്," അമിത് കുറിച്ചു. സുരക്ഷിതമായി ഒതുങ്ങിക്കൂടുന്നതിനേക്കാൾ ജീവിതത്തിലെ വളർച്ചയ്ക്കാണ് താൻ മുൻഗണന നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: Former SSB Assistant Commandant Amit Soni shared a viral breakdown of how transitioning from a stable government job to an MBA at IIM Ahmedabad cost him ₹74 lakhs, factoring in fees, resignation bonds, and opportunity costs.