സ്‌കൂള്‍ ദിവസങ്ങളിൽ 7മണിക്കൂറും അവധിദിവസങ്ങളിൽ 13 മണിക്കൂറും പഠനം, കീമിൽ മൂന്നാം റാങ്ക് നേടി അക്ഷയ്

#രാജി പുതുകുടി
1. കുടുംബത്തോടൊപ്പം അക്ഷയ് ബിജു, 2. അക്ഷയ് ബിജു
1. കുടുംബത്തോടൊപ്പം അക്ഷയ് ബിജു, 2. അക്ഷയ് ബിജു

കോഴിക്കോട്: കീം പരീക്ഷയിൽ എഞ്ചിനീയറിങ് വിഭാ​ഗത്തിൽ മൂന്നാം റാങ്ക് കരസ്ഥമാക്കിയതിന്റെ സന്തോഷത്തിലാണ് കോഴിക്കോട് കാക്കൂർ സ്വദേശി അക്ഷയ് ബിജു. ജെഇഇ മെയിൻ പരീക്ഷയിൽ കേരളത്തിൽ ഒന്നാമനായ അക്ഷയ് ബിജുവിന്റെ (98 റാങ്ക് )കഠിനാധ്വാനത്തിന് ഇരട്ടി മധുരം നൽകുന്നതാണ് ഈ നേട്ടം. കാൺപൂർ ഐഐടിയിൽ കമ്പ്യൂട്ടർ സയൻസിന് ചേരണമെന്നാണ് അക്ഷയുടെ ആ​ഗ്രഹം.

ആറാം ക്ലാസ് മുതൽ ഐഐടി പ്രവേശനം ലക്ഷ്യമിട്ടു പരിശീലനത്തിനു പോയിരുന്നു.  സ്കൂളുള്ള ദിവസങ്ങളിൽ 7 മണിക്കൂറോളം വീട്ടിൽ ഇരുന്ന് പഠിക്കാൻ അക്ഷയ് സമയം കണ്ടെത്തിയിരുന്നു. പുലർച്ചെ 4.30 മുതൽ സ്കൂളിലേക്ക് പോകും വരെയായിരുന്നു പഠനം. സ്കൂൾ വിട്ടുവന്ന ശേഷം വൈകിട്ട് 6.30 മുതൽ രാത്രി 10 മണി വരെ പഠിക്കും. സ്കൂൾ ഇല്ലാത്ത ദിവസങ്ങളിൽ 13 മണിക്കൂറായിരുന്നു പഠനം. 

 കോഴിക്കോട് മാനാഞ്ചിറ അഡീഷണൽ സബ് ട്രഷറി ജൂനിയർ സൂപ്രണ്ടായ എൻ.ബിജുവിന്റെയും  ഡോക്ടറായ സി.കെ.നിഷയുടെയും മകനായ അക്ഷയ്‌ കോഴിക്കോട് മലാപ്പറമ്പ് വേദവ്യാസ വിദ്യാലയത്തിലാണ് പത്താം ക്ലാസ് പൂർത്തിയാക്കിയത്. തുടർന്ന് കോട്ടയം മാന്നാനം കുര്യാക്കോസ് ഏലിയാസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നിന്നും പ്ലസ് ടു പൂർത്തിയാക്കി.
 
ചെറുപ്പം മുതലേ  കൃത്യമായ ലക്ഷ്യമിട്ടായിരുന്നു മകന്റെ പഠനമെന്നാണ് രക്ഷിതാക്കൾ പറയുന്നത്. അതിന്റെ വിജയമാണ് മകൻ നേടിയതെന്നും ബിജുവും നിഷയും പറയുന്നു. പഠനത്തിനു പുറമെ ചിത്രരചനയും ചെസ്സുമാണ് അക്ഷയ്ക്ക് ഇഷ്ടം.

Content Highlights: Akshay Biju Ranks 3rd in JEE Engineering