ജനറ്റിക് കൗൺസലിങ്ങിൽ പിജി ഡിപ്ലോമ; 10 സീറ്റുകൾ, പ്രവേശനത്തിനായി അപേക്ഷിക്കാം

ജോധ്പുർ, ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) ജനുവരിയിൽ ആരംഭിക്കുന്ന ജനറ്റിക് കൗൺസിലിങ്ങിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്സിലേക്കുള്ള പ്രവേശനത്തിനായി അപേക്ഷിക്കാം.
ആരോഗ്യ പ്രൊഫഷണലുകൾ
മെഡിക്കൽ ജനിതകശാസ്ത്രത്തിലും കൗൺസലിങ് മേഖലകളിലും പ്രത്യേക യോഗ്യതയും പരിശീലനവും പരിചയവുമുള്ള ആരോഗ്യ പ്രൊഫഷണലുകളാണ് ജനിതക കൗൺസലർമാർ.
ജനനവൈകല്യങ്ങളോ ജനിതക വൈകല്യങ്ങളോ ഉള്ള അംഗങ്ങളുള്ള കുടുംബങ്ങൾക്കും പാരമ്പര്യമായി ലഭിക്കുന്ന വിവിധ അവസ്ഥകൾക്ക് ഇരയാകാനിടയുള്ള കുടുംബങ്ങൾക്കും വിവരങ്ങളും പിന്തുണയും നൽകിക്കൊണ്ട് ആരോഗ്യ പരിപാലന സംഘത്തിലെ അംഗങ്ങളായി പ്രവർത്തിക്കുകയാണ് ഇവർ ചെയ്യുന്നത്.
രോഗികൾ, ക്ലിനിക്കുകൾ, മോളിക്യുലർ, ഹ്യൂമൻ ജനിതകശാസ്ത്രജ്ഞർ എന്നിവർ തമ്മിലുള്ള ഒരു ഇന്റർഫേസ് ആകാൻ കഴിയുന്നവരായി വിദ്യാർഥികളെ പ്രാപ്തരാക്കുന്നു.
മുതിർന്നവരുടെയും കുട്ടികളുടെയും ജനിതക ക്ലിനിക്കുകൾ, കാൻസർ ജനിതകശാസ്ത്രം, മെറ്റബോളിക് ക്ലിനിക്കുകൾ തുടങ്ങിയ സ്‌പെഷ്യാലിറ്റി ക്ലിനിക്കുകൾ, പ്രസവപൂർവ രോഗനിർണയ ക്ലിനിക്കുകൾ, ജനിതക കൗൺസലിങ്ങിനും മനുഷ്യ ജനിതകശാസ്ത്രത്തിനും പ്രസക്തമായ ഗവേഷണം അല്ലെങ്കിൽ തന്മാത്രാ ജനിതക ലബോറട്ടറികൾ എന്നിവയുൾപ്പെടെ വിവിധ ക്രമീകരണങ്ങളിൽ പ്രവർത്തിക്കാൻ ഇവർക്ക് അവസരങ്ങൾ ലഭിക്കാം. ഒരു വർഷമാണ് കോഴ്സ് ദൈർഘ്യം.
പാഠ്യപദ്ധതി
പാഠ്യപദ്ധതിയിൽ ജനിതക കൗൺസലിങ്ങിന്റെ തത്ത്വങ്ങളും പ്രയോഗങ്ങളും. അഡ്വാൻസ്ഡ് മെഡിക്കൽ ജനറ്റിക്‌സ്: മോളിക്യുലർ, മെറ്റബോളിക് ആൻഡ് സൈറ്റോജെനറ്റിക്‌സ്, പ്രൊഫഷണൽ കൗൺസിലിങ് കഴിവുകൾ, ഡയറക്ട് പ്രാക്ടീസ് ഫൗണ്ടേഷൻ: രീതികളും കഴിവുകളും, ഹ്യൂമൻ ജനിറ്റിക്‌സ്; ക്ലിനിക്കൽ ജനിറ്റിക്‌സ്, ജനിതക കൗൺസലിങ്ങിലെ ധാർമികവും തൊഴിൽപരവുമായ പ്രശ്‌നങ്ങൾ, പ്രാക്ടിക്കൽ, പ്രോജക്ട് തുടങ്ങിയവ ഉൾപ്പെടുന്നു.
പ്രോഗ്രാമിന് 10 സീറ്റുണ്ട് (യുആർ -4, ഒബിസി -3, എസ്സി -1, എസ്ടി -1, ഇഡബ്ല്യുഎസ് -1)
യോഗ്യത
അംഗീകൃത മെഡിക്കൽ സ്ഥാപനത്തിൽനിന്ന് മെഡിസിനിൽ ബിരുദം അല്ലെങ്കിൽ ബയോടെക്നോളജി/ബയോ ഇൻഫർമാറ്റിക്‌സ്/ബയോ എൻജിനിയറിങ്ങിൽ ബിടെക് അല്ലെങ്കിൽ ലൈഫ് സയൻസിൽ എംഎസ്സി ഉള്ളവർക്ക് അപേക്ഷിക്കാം.
അപേക്ഷകർ 2025 ഡിസംബർ 31-നകം യോഗ്യതാ പരീക്ഷ പൂർത്തിയാക്കിയിരിക്കണം. ഈ തീയതിക്കുള്ളിൽ ഫലം പ്രഖ്യാപിച്ചിരിക്കണം. ഉയർന്ന പ്രായപരിധിയില്ല.
അപേക്ഷ
വിജ്ഞാപനം, പ്രോസ്പെക്ടസ് എന്നിവ www.aiimsjodhpur.edu.in ൽ ലഭ്യമാണ് (അക്കാദമിക്സ് > പിജി കോഴ്‌സസ് ലിങ്കുകൾ). ഈ ലിങ്ക് വഴി ജനുവരി 22-ന് വൈകീട്ട് അഞ്ചിനുമുൻപ് ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷയുടെ ഹാർഡ് കോപ്പിയോ ഏതെങ്കിലും രേഖയോ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയക്കേണ്ടതില്ല.
യോഗ്യരായ ഉദ്യോഗാർഥികളെ എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയ്ക്ക് വിളിക്കും. എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും തീയതി വെബ്സൈറ്റ് വഴി അറിയിക്കും. കോഴ്സ് ഫീ 70,000 രൂപ.
Content Highlights: AIIMS Jodhpur offers a 1-year PG Diploma in Genetic Counseling with 10 seats. Applications open for health professionals. Learn more & apply online before Jan 22.