എൽ.എൽ.ബി പ്രവേശനത്തിനുള്ള പ്രായപരിധി ബാർ കൗൺസിൽ പിൻവലിച്ചു

ന്യൂഡൽഹി: മൂന്ന് വർഷ, അഞ്ച് വർഷ എൽ.എൽ.ബി കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനുള്ള ഉയർന്ന പ്രായപരിധി പിൻവലിച്ചതായി ബാർ കൗൺസിൽ ഓഫ് ഇന്ത്യ(ബി.സി.ഐ.) സുപ്രീം കോടതിയെ അറിയിച്ചു.
ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ് മല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ചിന് മുൻപാകെയാണ് ബാർ കൗൺസിൽ ഓഫ് ഇന്ത്യയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷക രാധിക ഗൗതം തീരുമാനം വ്യക്തമാക്കിയത്. ബി.സി.ഐയുടെ തീരുമാനത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജി സുപ്രീം കോടതി തീർപ്പാക്കി.
ഇന്റഗ്രേറ്റഡ് എൽ.എൽ.ബി പ്രവേശനത്തിന് പരമാവധി 20 വയസ്സ് പ്രായപരിധി നിശ്ചയിച്ചുകൊണ്ട് 2016-ൽ ബി.സി.ഐ പുറപ്പെടുവിച്ച സർക്കുലറിനെതിരെ ഋഷഭ് ദുഗ്ഗൽ സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിച്ചിരുന്നത്. നിബന്ധന ഭരണഘടന ഉറപ്പുനൽകുന്ന സമത്വത്തിനും (ആർട്ടിക്കിൾ 14), തൊഴിൽ സ്വാതന്ത്ര്യത്തിനും (ആർട്ടിക്കിൾ 19(1)(g)) വിരുദ്ധമാണെന്നായിരുന്നു ഹർജിക്കാരന്റെ വാദം.
കേവലം പ്രായത്തിന്റെ പേരിൽ യോഗ്യരായ വിദ്യാർഥികളെ ഒഴിവാക്കുന്നതിൽ അക്കാദമിക് ന്യായമില്ലെന്ന് ബി.സി.ഐ ജനറൽ കൗൺസിൽ നിരീക്ഷിച്ചു. നിയമ വിദ്യാഭ്യാസ നിലവാരം ഉറപ്പാക്കാൻ നിലവിലുള്ള വിദ്യാഭ്യാസ യോഗ്യതകൾ, ഹാജർ നില, പരീക്ഷകൾ, പ്രൊഫഷണൽ പരിശീലനം എന്നിവ തന്നെ ധാരാളമാണെന്നും കൗൺസിൽ വിലയിരുത്തി.
അവസാന ഉത്തരവിൽ ബി.സി.ഐയുടെ തീരുമാനം 'അന്തിമവും വ്യക്തവുമാണെന്ന്' രേഖപ്പെടുത്തണമെന്ന് ഹർജിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകൻ സോഹെബ് ഹുസൈൻ ആവശ്യപ്പെട്ടു. നേരത്തെയും വ്യവസ്ഥകൾ പിൻവലിച്ച ശേഷം ബി.സി.ഐ തിരികെ കൊണ്ടുവന്ന സാഹചര്യം ചൂണ്ടിക്കാട്ടിയായിരുന്നു ഈ ആവശ്യം.
Content Highlights: Bar Council of India removes upper age limit for 3-year and 5-year LLB courses