സംസ്ഥാനത്തെ സര്‍ക്കാര്‍ ലോ കോളേജുകളില്‍ അധിക ബാച്ച് അനുവദിച്ചു; 300 സീറ്റ് കൂടും

തിരുവനന്തപുരം: സംസ്ഥാനത്തെ നാല് സര്‍ക്കാര്‍ ലോ കോളേജുകളില്‍ അധികബാച്ചിന് അനുമതി. ത്രിവത്സര, പഞ്ചവത്സര എല്‍എല്‍.ബി. കോഴ്സുകള്‍ക്കാണ് അധിക ബാച്ചുകള്‍. നേരത്തേയുള്ള ബാച്ചുകളിലെ എണ്ണം ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ വെട്ടിക്കുറച്ചതിനുപിന്നാലെ അധിക ബാച്ചുകള്‍ക്ക് അനുമതി നല്‍കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു.

ത്രിവത്സരകോഴ്സിന് മൂന്നും പഞ്ചവത്സരകോഴ്സിന് രണ്ടും അധിക ബാച്ചുകളാണ് ബാര്‍കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരത്തിനുവിധേയമായി അനുവദിച്ചത്.

തിരുവനന്തപുരം ലോ കോളേജില്‍ പഞ്ചവത്സര ബി.എ. എല്‍എല്‍.ബി. (ഇംഗ്ലീഷ് ലിറ്ററേച്ചര്‍), എറണാകുളം, തൃശ്ശൂര്‍ ഗവ. ലോ കോളേജുകളില്‍ ത്രിവത്സരകോഴ്സ്, കോഴിക്കോട് ഗവ. ലോ കോളേജില്‍ ത്രിവത്സര എല്‍എല്‍.ബി., പഞ്ചവത്സര എല്‍.എല്‍.ബി. (ബി.ബി.എ.) എന്നിവയ്ക്കാണ് ഓരോ ബാച്ചുവീതം അധികമായി അനുവദിച്ചത്.

അഞ്ച് ബാച്ചിലും 60 വീതം സീറ്റുണ്ടായിരിക്കും. ഇതോടെ, ത്രിവത്സര കോഴ്സില്‍ 180 സീറ്റും പഞ്ചവത്സര കോഴ്സില്‍ 120 സീറ്റും വര്‍ധിക്കും. നേരത്തേ ത്രിവത്സര കോഴ്സിന് നാല് കോളേജുകളിലും 100 വീതം സീറ്റുള്ളതും പഞ്ചവത്സര കോഴ്സിന് 80 വീതം സീറ്റുള്ളതുമാണ് 60 ആക്കി വെട്ടിക്കുറച്ചത്.

ഇരുകോഴ്സുകള്‍ക്കുമുള്ള പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തില്‍ ആദ്യ അലോട്ട്മെന്റ് നടപടികള്‍ ബുധനാഴ്ച അവസാനിച്ചിരുന്നു. അധിക ബാച്ച് അനുവദിച്ചുകൊണ്ടുള്ള ഉത്തരവിറങ്ങിയതിനാല്‍ തുടര്‍ അലോട്ട്മെന്റില്‍ ആ സീറ്റുകള്‍ ഉള്‍പ്പെടുത്തും.

ത്രിവത്സര എല്‍എല്‍.ബി.: രണ്ടാം അലോട്ട്മെന്റ്

നാല് സര്‍ക്കാര്‍ ലോ കോളേജുകളിലെയും സ്വകാര്യ സ്വാശ്രയ ലോ കോളേജുകളിലെയും ത്രിവത്സര എല്‍എല്‍.ബി. കോഴ്സിലേക്കുള്ള രണ്ടാംഘട്ട അലോട്ട്മെന്റ് ആരംഭിച്ചു. സര്‍ക്കാര്‍ ലോ കോളേജുകളില്‍ അധികമായി അനുവദിച്ച സീറ്റുകളിലേക്കും ഈ ഘട്ടത്തില്‍ അലോട്ട്മെന്റ് നടത്തും. ഒന്നാം ഘട്ടത്തില്‍ അലോട്ട്മെന്റ് ലഭിച്ച് വെര്‍ച്വല്‍ അഡ്മിഷന്‍ നേടിയവര്‍ അവരുടെ നിലവിലെ ഹയര്‍ ഓപ്ഷനുകള്‍ രണ്ടാംഘട്ട അലോട്ട്മെന്റില്‍ പരിഗണിക്കാനും ഒന്നാംഘട്ട അലോട്ട്മെന്റ് ലഭിക്കാത്തവര്‍ രണ്ടാംഘട്ടത്തില്‍ അവസരം ലഭിക്കാനും www.cee.kerala.gov.in വഴി ഓപ്ഷന്‍ കണ്‍ഫര്‍മേഷന്‍ നടത്തണം. നിലവിലെ ഹയര്‍ ഓപ്ഷനുകള്‍ പുനഃക്രമീകരിക്കാനും ആവശ്യമില്ലാത്ത ഓപ്ഷനുകള്‍ റദ്ദ് ചെയ്യാനും സെപ്റ്റംബര്‍ ആറിന് വൈകീട്ട് അഞ്ചുവരെ സൗകര്യം ലഭിക്കും. എട്ടിന് ആലോട്ട്മെന്റ് പ്രസിദ്ധീകരിക്കും.

Content Highlights: Additional batch allowed in govt law colleges

Content Highlights: