ശാസ്ത്ര വിഷയങ്ങളില്‍ അതിനൂതന സാഹചര്യത്തില്‍ പഠിക്കാന്‍ താത്പര്യമുണ്ടോ? IISCല്‍ പഠിക്കാം

Indian Institute Of Science(Pic:Mathrubhumi archives,AFP,Freepik)
Indian Institute Of Science(Pic:Mathrubhumi archives,AFP,Freepik)

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ഫ്രെയിംവര്‍ക് റാങ്കിങ്ങില്‍ (എന്‍.ഐ.ആര്‍.എഫ്.) രാജ്യത്തെ മികച്ച സര്‍വകലാശാല കളുടെ വിഭാഗത്തില്‍ ഒന്നാം റാങ്കാണ്‌ ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് നേടിയത്‌. ശാസ്ത്രം, എന്‍ജിനീയറിങ്, മാനേജ്‌മെന്റ് മേഖലകളില്‍ പഠനം ആഗ്രഹിക്കുന്നവര്‍ക്ക് തിരഞ്ഞെടുക്കാവുന്ന ഇന്ത്യയിലെത്തന്നെ മികച്ച സ്ഥാപനങ്ങളിലൊന്നാണിത്. ജംഷഡ് ജി ടാറ്റയാണ് ഈ സ്ഥാപനത്തിന് പിറവിക്ക് പിന്നില്‍ പ്രവര്‍ത്തിച്ച പ്രധാന വ്യക്തി. എന്നാല്‍ അദ്ദേഹത്തിന്റെ മരണശേഷം 1909 മേയ് 27-നാണ് ഇത് സ്ഥാപിതമായത്. ഇംഗ്ലീഷ് രസതന്ത്രജ്ഞനായ മോറിസ് ട്രാവേഴ്‌സായിരുന്നു ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആദ്യ ഡയറക്ടര്‍. നോബല്‍ സമ്മാനജേതാവ് സി.വി. രാമനാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിന്റെ ഭാരതീയനായ ആദ്യ ഡയറക്ടര്‍.

ശാസ്ത്രവിഷയങ്ങളിലെ ഗവേഷണമായിരുന്നു ആദ്യകാലത്ത് സ്ഥാപനം നടത്തിപ്പോന്നത്. 2010 മുതല്‍ ശാസ്ത്രവിഷയങ്ങളില്‍ ബിരുദപഠനവും തുടങ്ങി. നിലവില്‍ സാങ്കേതിക വിഷയങ്ങളില്‍ ഗവേഷണവുമുണ്ട്. യു.ജി.സി. ഈ ഇന്‍സ്റ്റിറ്റ്യൂട്ടിന് കല്‍പ്പിത സര്‍വകലാശാലാ പദവി നല്‍കിയിട്ടുണ്ട്. ഐ.ഐ.എസ്‌സിയിലെ ആകെ വിദ്യാര്‍ഥികളുടെ 70 ശതമാനത്തിലധികം ഗവേഷണ വിദ്യാര്‍ഥികളാണ്. ശാസ്ത്ര വിഷയങ്ങളില്‍ ഗവേഷണ താല്‍പ്പര്യമുള്ളവര്‍ക്ക് ലഭിക്കാവുന്ന ഏറ്റവും മികച്ച സ്ഥാപനങ്ങളില്‍ ഒന്നാണ് ഐ.ഐ.എസ്‌സി. ലോകോത്തര നിലവാരത്തിലുള്ള ഗവേഷണാന്തരീക്ഷമമാണ് സ്ഥാപനത്തിന്റെ പ്രധാന സവിശേഷത. ധാരാളം ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ് എക്‌ചേഞ്ച് പ്രോഗ്രാമുകള്‍ വഴി വിദ്യാര്‍ഥികള്‍ക്ക് വിദേശസര്‍വകലാശാലകളിലെ ഗവേഷണങ്ങള്‍ നടത്താനും പങ്കെടുക്കാനും സര്‍വകലാശാല അവസരമൊരുക്കുന്നുണ്ട്. മികച്ച സഹകരണത്തോടെ പ്രവര്‍ത്തിക്കുന്ന ഒരു മലയാളി കൂട്ടായ്മയും കാമ്പസിലുണ്ട്. സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മലയാളി അസോസിയേഷന്‍ (SIMA) എന്നാണ് കൂട്ടായ്മയുടെ പേര്.

Content Highlights: About iisc institute and programme

Continue reading