പഠനം ബോസ്റ്റൺ യൂണിവേഴ്‌സിറ്റി സ്കോളർഷിപ്പിൽ; വിവാദങ്ങളിൽ വ്യക്തത വരുത്തി അഭിജിത് ദീപ്‌കെ

#Education desk
അഭിജിത് ദീപ്കെ | ഫോട്ടോ: PTI
അഭിജിത് ദീപ്കെ | ഫോട്ടോ: PTI

അമേരിക്കയിലെ ഉപരിപഠനത്തിനായുള്ള പണം കണ്ടെത്തിയത് സ്കോളർഷിപ്പിലൂടെയും വിദ്യാഭ്യാസ വായ്പയിലൂടെയുമാണെന്ന് കോക്രോച്ച് ജനതാ പാർട്ടി  സ്ഥാപകൻ അഭിജിത് ദീപ്‌കെ. വിദ്യാഭ്യാസ ചെലവുകളെക്കുറിച്ച് ആർടിഐ പ്രവർത്തകൻ അമിത് തിവാരി ഉന്നയിച്ച ആരോപണങ്ങൾക്ക് മാധ്യമപ്രവർത്തക ബർഖാ ദത്തുമായുള്ള അഭിമുഖത്തിൽ മറുപടി നൽകുകയായിരുന്നു അദ്ദേഹം.

അഭിജിത്തിന്റെ അച്ഛനും മഹാരാഷ്ട്ര ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപ്പറേഷനിലെ ജൂനിയർ എഞ്ചിനീയറുമായ ഭഗവാൻറാവു ദീപ്‌കെയുടെ സാമ്പത്തിക സ്രോതസ്സുകളെ അമിത് തിവാരി ചോദ്യം ചെയ്തതോടെയാണ് വിവാദം ആരംഭിച്ചത്. പ്രതിമാസം 60,000-65,000 രൂപ മാത്രം ശമ്പളമുള്ള ഒരു ജൂനിയർ എഞ്ചിനീയർക്ക് എങ്ങനെയാണ് തന്റെ മകനെ അമേരിക്കയിൽ അയച്ച് പഠിപ്പിക്കാൻ സാധിച്ചതെന്നാണ് തിവാരിയുടെ ചോദ്യം. ഇതുമായി ബന്ധപ്പെട്ട് അനധികൃത സ്വത്ത് സമ്പാദനത്തിന് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം മഹാരാഷ്ട്ര സർക്കാരിന് പരാതി നൽകിയിയിരുന്നു.

വിദ്യാഭ്യാസ ചെലവിനു പുറമെ സിജെപിയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും പരാതികൾ ഉയർന്നിരുന്നു. രാജ്യസഭാ എംപി കപിൽ സിബൽ സംഘടനയ്ക്ക് വാഗ്ദാനം ചെയ്ത ഒരു കോടി രൂപയുടെ ഫണ്ടിന് 18% ജിഎസ്ടി ചുമത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു അമിത് തിവാരി സിബിഐസിക്ക് പരാതി നൽകിയത്. കൂടാതെ പാർട്ടിയുടെ നിയമസാധുത പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനെയും സമീപിച്ചു.

എന്നാൽ പാർട്ടി പ്രവർത്തനങ്ങൾക്കായി ക്രൗഡ് ഫണ്ടിങ് വഴി മാത്രമേ പണം കണ്ടെത്തുകയുള്ളൂവെന്നും സാമ്പത്തിക കാര്യങ്ങളിൽ പൂർണ്ണമായ സുതാര്യത ഉറപ്പുവരുത്തുമെന്നും അഭിജിത് ദീപ്‌കെ പ്രതികരിച്ചു. ബോസ്റ്റൺ യൂണിവേഴ്സിറ്റിയിൽ നിന്നുള്ള സ്കോളർഷിപ്പും ബാങ്ക് വായ്പയുമാണ് തന്റെ പഠനത്തിന് സഹായിച്ചതെന്ന നിലപാടിൽ അദ്ദേഹം ഉറച്ചുനിൽക്കുകയാണ്.