രണ്ടാം ലോകമഹായുദ്ധത്തില്‍ പോരാടിയ സൈനികന് 98-ാം വയസില്‍ ഹൈസ്‌കൂള്‍ ഡിപ്ലോമ | വീഡിയോ

ചലച്ചിത്രതാരം ഇന്ദ്രന്‍സ് സാക്ഷരതാ മിഷന്റെ ഏഴാംതരം തുല്യതാ പരീക്ഷ പാസായ വാര്‍ത്ത കഴിഞ്ഞദിവസമാണ് നമ്മള്‍ വായിച്ചത്. ഇവിടെ കൊച്ചുകേരളത്തില്‍ മാത്രമല്ല, അങ്ങ് അമേരിക്കയിലും സമാനമായ സംഭവമുണ്ടായിരിക്കുകയാണ്. എന്നാല്‍ സിനിമാ നടനല്ല, മറിച്ച് സൈനികനായിരുന്ന 98-കാരനാണ് ഹൈസ്‌കൂള്‍ ഡിപ്ലോമ സ്വന്തമാക്കിയിരിക്കുന്നത്.
രണ്ടാം ലോക മഹായുദ്ധത്തില്‍ അമേരിക്കയ്ക്കായി പോരാടിയ റോഡ് ഐലന്‍ഡ് സ്വദേശിയായ ആന്തണി സൈമണ്‍ എന്ന 98-കാരനാണ് ഹൈസ്‌കൂള്‍ ഡിപ്ലോമ നേടിയത്. റോഡ് ഐലന്‍ഡിലെ ഹൈസ്‌കൂളില്‍ നടന്ന പ്രത്യേക ചടങ്ങില്‍വെച്ച് അദ്ദേഹത്തിന് ഡിപ്ലോമ സമ്മാനിച്ചു.
16-ാം വയസില്‍ സ്‌കൂളില്‍ നിന്ന് ഡ്രോപ്പ് ഔട്ടായ വ്യക്തിയാണ് ആന്തണി. കുടുംബത്തിന് വേണ്ടി ജോലി ചെയ്യാനാണ് ആന്തണി സ്‌കൂള്‍ പഠനം അവസാനിപ്പിച്ചത്. തുടര്‍ന്ന് അദ്ദേഹം യു.എസ്. പട്ടാളത്തില്‍ ചേര്‍ന്നു. തൊട്ടടുത്ത വര്‍ഷം രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കെടുക്കാനായി വിമാനം കയറുമ്പോള്‍ അദ്ദേഹത്തിന് 17 വയസ് മാത്രമായിരുന്നു പ്രായം.
ക്രാന്‍സ്റ്റണ്‍ ഹൈസ്‌കൂളില്‍ നിന്നാണ് അദ്ദേഹം ഡിപ്ലോമ സ്വന്തമാക്കിയത്. ഈ നേട്ടം കൈവരിക്കാന്‍ സാധിക്കുമെന്ന് താന്‍ പ്രതീക്ഷിച്ചിരുന്നില്ല എന്ന് ആന്തണി സൈമണ്‍ പറഞ്ഞു.
Content Highlights: 98-year-old Rhode Island man gets his high school diploma