‘സാറേ, ഫിസിക്‌സേ കിട്ടിയുള്ളൂ!’| ഗതികേടുകൊണ്ട് ശാസ്ത്രം പഠിക്കുന്ന ഒരു തലമുറ, വേദനാജനകം

കലാലയങ്ങളിലെ ലാബുകളിൽ പ്രാക്ടിക്കൽ പരീക്ഷകൾ നടക്കുമ്പോൾ അനുഭവപ്പെടുന്ന ഒരു പ്രത്യേക നിശ്ശബ്ദതയുണ്ട്. ഉപകരണങ്ങളുടെ നേർത്ത കിലുക്കങ്ങൾക്കിടയിൽ, ഉത്തരക്കടലാസിലൂടെ കണ്ണോടിക്കുന്ന പരീക്ഷകനും നെഞ്ചിടിപ്പോടെ മുന്നിലിരിക്കുന്ന വിദ്യാർഥിയും ചേരുന്ന ഒരന്തരീക്ഷം. ഇതിന്റെ ഭാഗമായുള്ള വാചാപരീക്ഷകൾ (വൈവ) പലപ്പോഴും വിദ്യാർഥികളുടെ അറിവില്ലായ്മ തെളിയിക്കാനുള്ള വിചാരണകളല്ല. മറിച്ച്, അവർ ആർജിച്ച അറിവിന്റെ ആഴവും ശാസ്ത്രീയ അന്വേഷണത്വരയും തൊട്ടറിയാനുള്ള സംഭാഷണങ്ങളാണ്. അധ്യാപനജീവിതത്തിന്റെ തുടക്കംമുതൽ കാത്തുസൂക്ഷിക്കുന്ന ഒരു സമീപനമുണ്ട്; വിദ്യാർഥി പഠിക്കുന്ന ക്ലാസിന്റെ അതേ നിലവാരത്തിൽനിന്ന് ചോദ്യങ്ങൾ തുടങ്ങുക, ക്രമേണ അവരുടെ ധാരണയ്ക്കനുസരിച്ച് ചോദ്യങ്ങളുടെ കാഠിന്യം ക്രമീകരിച്ച്, താൻ എന്തൊക്കെയോ ഉത്തരങ്ങൾ നൽകി എന്ന ആത്മവിശ്വാസത്തോടെ അവരെ യാത്രയാക്കുക. എം.എസ്‌സി. വിദ്യാർഥിയോട് ആ നിലവാരത്തിലും ബി.എസ്‌സി. വിദ്യാർഥിയോട് അതിനനുസരിച്ചും ചോദിക്കുക എന്നതാണ് പ്രമാണം. എന്നാൽ, കഴിഞ്ഞ ഏതാനും വർഷങ്ങളായി ഈ പതിവുരീതിതന്നെ മാറ്റിവെക്കാൻ എന്നെ നിർബദ്ധനാക്കിയ ചില അസ്വസ്ഥതാജനകമായ അനുഭവങ്ങൾ ക്ലാസ്‌മുറികളിൽനിന്നും പരീക്ഷാഹാളുകളിൽനിന്നും നിരന്തരം ഉണ്ടാകുന്നുണ്ട്.
അപകടത്തിന്റെ കാലൊച്ചകൾ
ഏതാനും വർഷംമുൻപ് ബിരുദതലത്തിലെ ഒരു വാചാപരീക്ഷയ്ക്കിടെയുണ്ടായ ഒരനുഭവം ഇന്നും വ്യക്തമായി മനസ്സിൽ നിൽക്കുന്നു. ഡിഗ്രിതലത്തിലെ ചോദ്യങ്ങൾക്ക് ഉത്തരംലഭിക്കാതെ വന്നപ്പോൾ, ഹയർ സെക്കൻഡറിതലത്തിലേക്കും തുടർന്ന് സ്കൂൾതലത്തിലേക്കും ഞാൻ ചോദ്യങ്ങളുടെ നിലവാരം സാവധാനം താഴ്ത്തിക്കൊണ്ടുവന്നു. ഒടുവിൽ, സൗരയൂഥത്തിൽ എത്ര ഗ്രഹങ്ങളുണ്ടെന്ന പ്രാഥമികമായ ചോദ്യത്തിനുപോലും കൃത്യമായ മറുപടിയില്ലാതെ ആ വിദ്യാർഥി പരുങ്ങിയപ്പോൾ, വിഷയം മാറ്റി അവനെ സമാധാനിപ്പിക്കാനായി ഞാൻ തികച്ചും സൗഹൃദപരമായി ചോദിച്ചു: ‘‘നിനക്ക് ഈ വിഷയത്തിൽ ഇത്രയേറെ പ്രയാസമുണ്ടായിരുന്നെങ്കിൽ എന്തിനാണ് ഡിഗ്രിക്ക് ഫിസിക്സ് തിരഞ്ഞെടുത്തത്?’’ അതിന് അവൻ നൽകിയ മറുപടി എന്നെ ഉലച്ചുകളഞ്ഞു: ‘‘സാറേ, ഫിസിക്സ്മാത്രമേ കിട്ടിയുള്ളൂ!’’
ഇതൊരു ഒറ്റപ്പെട്ട പ്രതികരണമല്ല. മറിച്ച്, ഉന്നതവിദ്യാഭ്യാസരംഗത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന വലിയൊരു ഘടനാപരമായ വ്യതിയാനത്തിന്റെ നേർസാക്ഷ്യമാണ്. പ്ലസ്ടുതലത്തിൽ മൂന്നുതവണ പരീക്ഷയെഴുതി കഷ്ടിച്ച് ജയിച്ചവർപോലും ഇന്ന് ബിരുദതലത്തിൽ ഫിസിക്സ് പഠിക്കാനെത്തുന്ന (അഥവാ എത്തേണ്ടിവരുന്ന) കാഴ്ചകൾ പതിവായിക്കഴിഞ്ഞു. മറ്റൊരു വിഷയത്തിലും പ്രവേശനം ലഭിക്കാത്തതുകൊണ്ട്, ഗതികേടുകൊണ്ടുമാത്രം അടിസ്ഥാനശാസ്ത്രവിഷയങ്ങളിലേക്ക് ചേക്കേറുന്ന ഒരു തലമുറ. ഞങ്ങളൊക്കെ വിദ്യാർഥികളായിരുന്ന കാലത്ത്, ഫിസിക്സിനും മാത്തമാറ്റിക്സിനും അഡ്മിഷൻ നേടാനായി വിദ്യാർഥികൾ നടത്തിയിരുന്ന കഠിനപരിശ്രമങ്ങളും ഫിസിക്സ് ലഭിക്കാതെ കെമിസ്ട്രിയോ മാത്‌സോ തിരഞ്ഞെടുക്കേണ്ടിവന്നപ്പോൾ ഉള്ളിലുണ്ടായ സങ്കടങ്ങളും ഇന്നും ഓർമ്മയിലുണ്ട്. ആ ഭൂതകാലത്തിന്റെ പശ്ചാത്തലത്തിൽനിന്നുകൊണ്ട്, ‘സാറേ, ഫിസിക്‌സേ കിട്ടിയുള്ളൂ’ എന്ന് കടുത്ത അമർഷത്തോടെയും നിരാശതയോടെയും ഒരു തലമുറ പറയുന്നത് കേൾക്കേണ്ടിവരുന്നത് അങ്ങേയറ്റം വേദനാജനകമാണ്. തുടർന്നുവരുന്ന മറുപടികളെ ഭയന്ന് വാചാപരീക്ഷകളിൽ അത്തരം വ്യക്തിപരമായ ചോദ്യങ്ങൾ ചോദിക്കുന്നതുതന്നെ എനിക്ക് അവസാനിപ്പിക്കേണ്ടിവന്നു.
വിളവെടുപ്പ് നിലയ്ക്കുന്ന കാലം
ഇവിടെ ശ്രദ്ധിക്കേണ്ട വലിയൊരു വൈരുധ്യമുണ്ട്. ഭൗതികശാസ്ത്രവും ഗണിതവും രസതന്ത്രവുമടങ്ങുന്ന അടിസ്ഥാനശാസ്ത്രശാഖകൾ (basic sciences) ഏതൊരു സമൂഹത്തിന്റെയും ബൗദ്ധികവും സാങ്കേതികവുമായ നിലനിൽപ്പിന്റെ അടിത്തറയാണ്. ഒരു വൻകെട്ടിടത്തിന്റെ അസ്തിവാരം ബലപ്പെടുത്താതെ, മുകൾനിലകളിലെ അലങ്കാരപ്പണികളിൽമാത്രം ശ്രദ്ധ കേന്ദ്രീകരിച്ചാൽ എന്തുസംഭവിക്കുമോ, അതുതന്നെയാണ് അടിസ്ഥാനശാസ്ത്രത്തെ അവഗണിച്ച് സാങ്കേതിക-തൊഴിലധിഷ്ഠിത കോഴ്സുകളിലേക്കുമാത്രമായി നാമൊന്നാകെ ഓടുമ്പോഴും സംഭവിക്കുന്നത്. ക്വാണ്ടം ഭൗതികവും വൈദ്യുതകാന്തികസിദ്ധാന്തങ്ങളും ഇല്ലാതെ ഇന്നത്തെ കംപ്യൂട്ടർ സാങ്കേതികവിദ്യയോ ആർട്ടിഫിഷ്യൽ ഇന്റലിജൻസോ സാധ്യമല്ല. വേരുകൾക്ക് ആവശ്യമായ പോഷണം നൽകാതെ ശിഖരങ്ങൾമാത്രം തഴച്ചുവളരില്ലല്ലോ. വിത്തുപാകി കൃത്യമായി പരിപാലിക്കാൻ ആളില്ലാതായാൽ വിളവെടുപ്പ് നിലച്ചുപോകുമെന്നത് ലളിതമായ പ്രകൃതിനിയമമാണ്. ഇന്നല്ലെങ്കിൽ നാളെ അതാണ് സംഭവിക്കാൻ പോകുന്നത്.
എന്തുകൊണ്ട് ഈ അപചയം
എന്തുകൊണ്ടാണ് അടിസ്ഥാനശാസ്ത്രവിഷയങ്ങൾ ഇന്ന് ഏറ്റവും ഡിമാൻഡ് കുറഞ്ഞ കോഴ്സുകളായി മാറിയത്? ഇതിന് ലളിതമായ ഒറ്റമൂലി ഉത്തരമില്ല. രാജ്യത്തിന്റെ പൊതുവായ സാമ്പത്തികഘടനയിലുണ്ടായ വ്യതിയാനങ്ങൾ, പഠനത്തെ കേവലം ഉടനടി ലഭിക്കുന്ന ശമ്പളപ്പാക്കേജുകളിലേക്ക് ചുരുക്കിക്കാണുന്ന പ്രവണത, കോവിഡ് മഹാമാരി സൃഷ്ടിച്ച പഠനവിടവുകൾ എന്നിവയെല്ലാം ചേർന്ന സങ്കീർണമായ ഒരു സാമൂഹിക പരിണാമമാണിത്. വിദ്യാഭ്യാസമേഖലയ്ക്ക് പുറത്തുള്ള പല സുഹൃത്തുക്കളോടും സംസാരിച്ചപ്പോൾ അവർക്ക് ഇതൊരു പുതിയ അറിവാണെന്നാണ് മനസ്സിലായത്. ഫിസിക്സും കെമിസ്ട്രിയും ഗണിതവുമെല്ലാം കലാലയങ്ങളിൽ ഇന്ന് ഏറ്റവും ഡിമാൻഡ് കുറഞ്ഞ വിഷയങ്ങളായി മാറിയിരിക്കുന്നു എന്നത് പൊതുസമൂഹത്തിന് ഇപ്പോഴും അവിശ്വസനീയമായ കാര്യമാണ്. അതുകൊണ്ടുതന്നെ, കേവലം അധ്യാപകരുടെയോ വിദ്യാർഥികളുടെയോ പരാതിയായി ചുരുക്കാതെ, ഇത് ഗൗരവകരമായ അക്കാദമിക പഠനങ്ങൾക്കും നയരൂപവത്‌കരണങ്ങൾക്കും വിധേയമാക്കേണ്ടതുണ്ട്.
അടിസ്ഥാനശാസ്ത്രപഠനം എന്നത് മറ്റുവഴികളില്ലാത്തവരുടെ ഒടുവിലത്തെ അഭയകേന്ദ്രമായി മാറുന്നത് ഒരു സമൂഹമെന്നനിലയിൽ നമ്മുടെ ചിന്താശേഷിയെയും ഗവേഷണമുന്നേറ്റങ്ങളെയും സാരമായി ബാധിക്കും. കുറച്ചുകാലം കഴിയുമ്പോൾ ഈ വിഷയങ്ങൾ പഠിപ്പിക്കാൻ ഔപചാരികയോഗ്യതയുള്ളത് ഇന്നത്തെ ഈ ‘അഭയാർഥികൾ’ക്കുമാത്രമായിരിക്കും എന്നതും ഓർക്കണം! പുതിയ തലമുറയിൽ ശാസ്ത്രീയാന്വേഷണത്വരയും അടിസ്ഥാനതത്ത്വങ്ങളോടുള്ള താത്പര്യവും പുനരുജ്ജീവിപ്പിക്കാൻ അക്കാദമികസമൂഹത്തിനും ഭരണകൂടത്തിനും ഒരുപോലെ ഉത്തരവാദിത്വമുണ്ട്. അല്ലാത്തപക്ഷം, ഭാവിയിൽ ശാസ്ത്രസാങ്കേതിക വിജ്ഞാനങ്ങൾ സ്വന്തമായി ഉത്പാദിപ്പിക്കുന്നതിനുപകരം, ലോകത്തിന്റെ മറ്റേതോ കോണിൽ വികസിക്കുന്ന കണ്ടുപിടിത്തങ്ങളുടെ കേവല ഉപഭോക്താക്കൾമാത്രമായി നമ്മുടെ സമൂഹം പരിമിതപ്പെട്ടുപോകും.
ലേഖകൻ തിരുവനന്തപുരം മഹാത്മാഗാന്ധി കോളേജിൽ ഫിസിക്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ്
Content Highlights: Dr Vaisakhan thampi addresses the concerning structural shift in higher education where core subjects like Physics, Chemistry, and Mathematics have transformed from prized academic pursuits into last-resort choices for students.