ചോദ്യക്കടലാസുതന്നെ ചോദ്യംചെയ്യപ്പെടുന്നത് വെറുമൊരു പരീക്ഷാപ്പിഴവല്ല, പരീക്ഷാസംവിധാനത്തിന്റെ പരാജയം

യു.ജി.സി.-നെറ്റ് ചോദ്യക്കടലാസുകളിലെ പിഴവുകളുമായി ബന്ധപ്പെട്ട് പുതിയ വിവാദം ഉയർന്നുവന്നിരിക്കയാണല്ലോ. മൂന്ന് ചോദ്യക്കടലാസുകളുടെ കാര്യത്തിലാണ് പ്ലേജിയറിസം, എ.ഐ. ഉപയോഗിച്ച് സൃഷ്ടിച്ച ചോദ്യങ്ങൾ, ഗുരുതരമായ വ്യാകരണപ്പിഴവുകൾ തുടങ്ങിയവ കണ്ടെത്തിയത്. അതിനെത്തുടർന്ന് നാഷണൽ ടെസ്റ്റിങ് എജൻസി ഈ മൂന്നുപരീക്ഷയും റദ്ദാക്കി പുനഃപരീക്ഷയ്ക്ക് ഉത്തരവിട്ടിരിക്കയാണ്. ഈ ഗുരുതരമായ പിഴവുകൾ മറ്റൊരു സാധാരണ മനുഷ്യപ്പിഴയായി തള്ളിക്കളയേണ്ടതല്ല. നാഷണൽ ടെസ്റ്റിങ് എജൻസിയുടെ പരീക്ഷാനടത്തിപ്പിലുള്ള ശേഷി ചോദ്യംചെയ്യപ്പെടുന്ന അവസ്ഥയാണ് നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
വീഴ്ചയ്ക്കെന്ത് ന്യായീകരണം
നീറ്റ് പരീക്ഷയിൽ ചോദ്യച്ചോർച്ചയായിരുന്നു പ്രധാന ആക്ഷേപമെങ്കിൽ ചോദ്യത്തിന്റെ ഗുണനിലവാരവും അത് തയ്യാറാക്കിയവരുടെ ശേഷിയും അക്കാദമിക നീതിബോധവുമൊക്കെയാണ് പുതിയ വിവാദത്തിന്റെ അടിസ്ഥാനം. അതോടൊപ്പംതന്നെ അക്കാദമികശേഷി അളക്കാൻ നാം ഉപയോഗിക്കുന്ന ചോദ്യങ്ങളുടെ ഗുണനിലവാരത്തിന് നാം എത്രത്തോളം പ്രാധാന്യം നൽകുന്നു എന്ന കൂടുതൽ അടിസ്ഥാനപരമായ ചോദ്യംകൂടി ഈ വിവാദം ഉയർത്തുന്നു.
യു.ജി.സി.-നെറ്റ് പരീക്ഷ നടത്തുക എന്നുപറയുന്നത് ആയാസമേറിയ ഒരു ജോലിയാണ്. വിവിധ വിഷയങ്ങളിലായി പരീക്ഷനടത്തുന്നതിന് നൂറുകണക്കിന് വിദഗ്ധർ, ചോദ്യക്കടലാസ് തയ്യാറാക്കുന്നവർ, മോഡറേറ്റർമാർ, കോഡിനേറ്റർമാർ, ഭരണനിർവഹണ ഉദ്യോഗസ്ഥർ എന്നിവർ ഉൾപ്പെടുന്ന വലിയൊരു സംവിധാനമാണ് ആവശ്യമായി വരുന്നത്. ഒരു വിദഗ്ധൻ തയ്യാറാക്കുന്ന ചോദ്യക്കടലാസ് മറ്റൊരു വിദഗ്ധൻ പരിശോധിക്കുകയും മോഡറേറ്റ് ചെയ്യുകയും വേണം. ഒരൊറ്റ വിഷയത്തിനുതന്നെ ഒന്നിലധികം ചോദ്യക്കടലാസ് തയ്യാറാക്കണം. രഹസ്യസ്വഭാവവും ഏകീകരണവും അക്കാദമിക ഗുണനിലവാരവും ഉറപ്പാക്കിക്കൊണ്ട് ഈ സങ്കീർണമായ ശൃംഖലയെ ഏകോപിപ്പിക്കുക എന്നതുതന്നെ വലിയൊരു പ്രൊഫഷണൽ ഉത്തരവാദിത്വമാണ്. സങ്കീർണമാണ് പ്രക്രിയ എന്നത് വീഴ്ചകൾക്കുള്ള ന്യായീകരണമല്ല.
പാളിച്ചകൾ എവിടെ
നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ.) സാധാരണയായി വിദഗ്ധരുടെ പാനൽ തയ്യാറാക്കുകയും പലപ്പോഴും വിരമിച്ച വൈസ് ചാൻസലർപോലുള്ള അക്കാദമികവും ഭരണപരവുമായ പരിചയസമ്പത്തുള്ള ഒരാളെ പരീക്ഷയുടെ കോ-ഓർഡിനേറ്ററായി നിയമിക്കുകയുംചെയ്യുന്നു. എന്നാൽ, അന്തിമ ചോദ്യക്കടലാസിന്റെ ഗുണനിലവാരം പരിചയ സമ്പത്തുള്ള അക്കാദമികവിദഗ്ധരെ കണ്ടെത്തുന്നതിനെ മാത്രം ആശ്രയിച്ചല്ല നിൽക്കുന്നത്. അവർക്ക് ആവശ്യമായ ലജിസ്റ്റിക്, അക്കാദമിക പിന്തുണകളും പ്രൊഫഷണൽ രീതിയും ഒരുക്കേണ്ടതുണ്ട്. ഇത് എൻ.ടി.എ.യുടെ ഉത്തരവാദിത്വമാണ്.
എന്നാൽ, ഇവിടെ ശ്രദ്ധിക്കേണ്ട പ്രധാന സ്ഥാപനപരമായ പ്രശ്നം നിലനിൽക്കുന്നു. എൻ.ടി.എ.യുടെ സ്ഥാപനപരമായ ഓർമ്മ (institutional memory) വളരെ ദുർബലമാണ് എന്നതാണത്. സ്ഥാപനത്തിലെ വലിയൊരുവിഭാഗം ജീവനക്കാരും ഡെപ്യൂട്ടേഷൻ അല്ലെങ്കിൽ കരാറടിസ്ഥാനത്തിൽ നിയമിക്കപ്പെടുന്നവരാണ്. എന്നാൽ, പരീക്ഷാനടത്തിപ്പും അതിന്റെ സംവിധാനങ്ങളും നിരന്തരമായി തുടരുന്നു. ഒരു വിഭാഗം ജീവനക്കാർ ചുമതല ഒഴിഞ്ഞുപോകുകയും പുതിയവർ ചുമതലയേൽക്കുകയും ചെയ്യുമ്പോൾ, മുൻ പരീക്ഷാനടത്തിപ്പുകളിലൂടെ നേടിയെടുത്ത പ്രായോഗികവും സൂക്ഷ്മവുമായ അറിവുകളും ചോദ്യക്കടലാസ് തയ്യാറാക്കുന്നവരെയും മോഡറേറ്റർമാരെയും ഏകോപിപ്പിക്കൽ, ആവർത്തിച്ച് ഉണ്ടാകാവുന്ന പ്രശ്നങ്ങൾ മുൻകൂട്ടി തിരിച്ചറിയൽ, രഹസ്യസ്വഭാവം ഉറപ്പാക്കൽ, പ്രത്യേകമായ ലജിസ്റ്റിക് പിന്തുണ നൽകൽ തുടങ്ങിയവ പൂർണമായി പുതുതായി ചുമതലയേൽക്കുന്ന െഡപ്യൂട്ടേഷൻ ഉദ്യോഗസ്ഥരിലേക്ക് കൈമാറ്റംചെയ്യപ്പെടുന്നില്ല. ഇത് ഒരുതരം സ്ഥാപനപരമായ വിസ്മൃതി (institutional amnesia) സൃഷ്ടിക്കുന്നു.
യു.ജി.സി.-നെറ്റ്പോലുള്ള സങ്കീർണമായ പരീക്ഷയ്ക്ക് എഴുതിവെച്ച മാർഗനിർദേശങ്ങൾ നടപടിക്രമങ്ങൾ എന്നിവയെമാത്രം ആശ്രയിച്ച് മുന്നോട്ടുപോകാനാവില്ല. കാലക്രമേണ രൂപപ്പെടുന്ന സ്ഥാപനപരമായ അനുഭവവും പ്രത്യേക വൈദഗ്ധ്യവും അതിന് അനിവാര്യമാണ്. അതിനാൽ, ജീവനക്കാരുടെ നിരന്തരമായ മാറ്റം ഇത്തരമൊരു സങ്കീർണവും ഉയർന്ന പ്രാധാന്യവുമുള്ള പരീക്ഷയ്ക്ക് ആവശ്യമായ സ്ഥാപനപരമായ ഓർമ്മയെയും സൂക്ഷ്മമായ പിന്തുണയെയും ദുർബലപ്പെടുത്താൻ ഇടയാക്കും.
സംവിധാനം മാറേണ്ടത് അനിവാര്യം
നെറ്റ് ചോദ്യക്കടലാസുകൾ ഉന്നത വിദ്യാഭ്യാസമേഖലയിലേക്കുള്ള ഭാവി അധ്യാപകരെ പ്രദാനംചെയ്യേണ്ടുന്ന പരീക്ഷയാണ്. അതുകൊണ്ടുതന്നെ ഒരു നല്ല ചോദ്യക്കടലാസ് ഓർമ്മശക്തിമാത്രം പരിശോധിക്കുന്നതാകരുത്. പ്രയോഗം, വ്യാഖ്യാനം, വിശകലനം, വിമർശനാത്മക ചിന്ത തുടങ്ങിയ ഉയർന്നതലത്തിലുള്ള കഴിവുകളാണ് പ്രധാനമായി പരിശോധിക്കപ്പെടേണ്ടത്. എന്നാൽ, സർവകലാശാലാ അധ്യാപകരിൽ ഭൂരിഭാഗത്തിനും വിദ്യാഭ്യാസമൂല്യനിർണയത്തിൽ ഔപചാരികപരിശീലനം ലഭിച്ചിട്ടില്ല. ബി.എഡ്., എം.എഡ്. പോലുള്ള പ്രൊഫഷണൽ യോഗ്യതകളുള്ള, ചോദ്യനിർമാണത്തെക്കുറിച്ച് വ്യവസ്ഥാപിതമായ ധാരണ നേടിയിട്ടുള്ള അധ്യാപകരുടെ എണ്ണം ഉന്നതവിദ്യാഭ്യാസമേഖലയിൽ വളരെ കുറവാണ്. അതുകൊണ്ടുതന്നെ, വളരെ പരിചയസമ്പന്നരായ അധ്യാപകർപോലും പലപ്പോഴും സ്വന്തം അനുഭവത്തെയും ധാരണയെയും ആശ്രയിച്ചാണ് ചോദ്യക്കടലാസ് തയ്യാറാക്കുന്നത്.
ഇവിടെയാണ് സംവിധാനം മാറേണ്ടത്. പിഴവുകളില്ലാത്ത ഒരു പരീക്ഷയെന്നത് ഒരു മിഥ്യയാണ്. എന്നാൽ, സാധ്യമായ പരമാവധി ഗുണനിലവാരം ഉറപ്പാക്കുക എന്നത് മിഥ്യയല്ല. ദശലക്ഷക്കണക്കിന് പരീക്ഷാർഥികൾ പിഴവുകൾ നേരിടുന്നതിനുമുൻപുതന്നെ അവ കണ്ടെത്താനും തിരുത്താനും കഴിയുന്ന തരത്തിലുള്ള ഒരു സ്ഥാപനസംവിധാനമാണ് നമുക്ക് വേണ്ടത്.
ഒന്നാമതായി, ചോദ്യക്കടലാസ് തയ്യാറാക്കുന്നവരുടെ തിരഞ്ഞെടുപ്പ് അതികർശനമായിരിക്കണം. ഒരു വിദഗ്ധന്റെ പേര് ശുപാർശചെയ്യുന്ന വ്യക്തിയും താൻ ശുപാർശചെയ്യുന്ന വിദഗ്ധന്റെ പ്രൊഫഷണൽ വിശ്വാസ്യതയുടെ ഉത്തരവാദിത്വം പങ്കിടണം. ഇത് വളരെ ഉത്തരവാദിത്വമുള്ള പരീക്ഷകരുടെ പാനൽ തയ്യാറാക്കുന്നതിന് അനിവാര്യമാണ്.
ഗുണനിലവാര സംവിധാനം വേണ്ടേ
രണ്ടാമതായി, ചോദ്യക്കടലാസ് തയ്യാറാക്കാൻ തിരഞ്ഞെടുക്കപ്പെടുന്ന ഓരോ വ്യക്തിക്കും ചോദ്യനിർമാണം, ചോദ്യങ്ങളുടെ സങ്കീർണതയുടെ വിവിധതലങ്ങൾ (Difficulty level), ഉയർന്നതലത്തിലുള്ള ചിന്താശേഷിയുടെ മൂല്യനിർണയം, തുടങ്ങിയ വിഷയങ്ങളിൽ കൃത്യമായ പരിശീലനം നൽകണം.
മൂന്നാമതായി, ചോദ്യക്കടലാസ് തയ്യാറാക്കുന്നവർക്ക് ഉയർന്ന നിലവാരമുള്ള അക്കാദമികവിഭവങ്ങൾ ലഭ്യമാക്കണം. എൻ.ടി.എ.യിൽ നിലനിൽക്കുന്ന ലൈബ്രറി വളരെ വിപുലവും ഉന്നതനിലവാരമുള്ള ചോദ്യങ്ങൾ തയ്യാറാക്കാൻ പര്യാപ്തവുമാവണം. എത്ര വൈദഗ്ധ്യവും അനുഭവസമ്പത്തുമുള്ള അധ്യാപകരാണെങ്കിൽപ്പോലും ശൂന്യതയിൽനിന്ന് ചോദ്യങ്ങളുണ്ടാക്കാൻ സാധിക്കില്ല. വസ്തുതകളും ആശയങ്ങളും സ്രോതസ്സുകളും പരിശോധിച്ച് ഉറപ്പുവരുത്താൻ ആവശ്യമായ പുസ്തകങ്ങൾ, േഡറ്റാബേസുകൾ, മറ്റ് ഗവേഷണവിഭവങ്ങൾ എന്നിവ അവർക്ക് ലഭ്യമായിരിക്കണം. അവയുടെ സ്വകാര്യതയും ഉറപ്പാക്കണം.
ഏറ്റവും പ്രധാനമായി, മോഡറേഷൻ ഒരു പേരിനുവേണ്ടിയുള്ള നടപടിയാകരുത്. അത് യഥാർഥ ഗുണനിലവാരപരിശോധനയായിരിക്കണം. മോഡറേഷൻ കൃത്യമായി നടത്തിയിരുന്നെങ്കിൽ ഇപ്പോഴത്തെ വിവാദം ഉണ്ടാകുമായിരുന്നില്ല. ചോദ്യക്കടലാസ് തയ്യാറാക്കുന്നയാൾ, പിഴവുണ്ടെങ്കിൽ മോഡറേറ്റർ കണ്ടെത്തിക്കൊള്ളുമെന്ന് കരുതുകയും തയ്യാറാക്കുന്നയാൾ എല്ലാം കൃത്യമായി ചെയ്തിട്ടുണ്ടാകുമെന്ന് മോഡറേറ്റർ കരുതുകയും ചെയ്യുന്ന അപകടകരമായ ഒരു സംസ്കാരം നിലനിൽക്കുന്നുണ്ട്.
എൻ.ടി.എ. പരീക്ഷകൾനടത്തുക മാത്രമല്ല ചെയ്യുന്നത്. ഭാവി പ്രൊഫസർമാരെയും ഗവേഷകരെയും അതുവഴി രാജ്യത്തിന്റെ ഭാവിയെത്തന്നെ നിർണയിക്കുന്ന മൂല്യനിർണയ ഉപകരണങ്ങളാണ് യു.ജി.സി. നെറ്റ് പരീക്ഷകൾ. ചോദ്യക്കടലാസുതന്നെ ചോദ്യംചെയ്യപ്പെടുന്ന അവസ്ഥയുണ്ടാകുമ്പോൾ അത് വെറുമൊരു പരീക്ഷാപ്പിഴവല്ല, പരീക്ഷാസംവിധാനത്തിന്റെതന്നെ പരാജയമാണ്. അതിനാൽ പിഴവ് വരുത്തിയ വ്യക്തിയെമാത്രം കണ്ടെത്തുകയല്ല പരിഹാരം. ആ പിഴവ് പരീക്ഷാഹാളിൽ എത്താൻ അനുവദിച്ച ഗുണനിലവാരസംവിധാനംതന്നെ പുനർരൂപകല്പനചെയ്യുകയാണ് വേണ്ടത്.
(കേരള കേന്ദ്ര സർവകലാശാല പ്രൊഫസറാണ് ലേഖകൻ)
Content Highlights: Plagiarism and AI-generated questions led to the cancellation of three UGC NET exam papers by the NTA., Institutional amnesia due to contractual and deputation staffing weakens NTA's operational memory., Lack of formal training in educational evaluation among university teachers affects question quality