ഈ നാലുവര്‍ഷബിരുദം വിദ്യാര്‍ഥികളെ പുതുക്കിപ്പണിയുമോ?

#രാജന്‍ ഗുരുക്കള്‍ / എ. എം. ഷിനാസ്
രാജന്‍ ഗുരുക്കള്‍ | ഫോട്ടോ: മാതൃഭൂമി
രാജന്‍ ഗുരുക്കള്‍ | ഫോട്ടോ: മാതൃഭൂമി

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല നേരിടുന്ന പുതിയ പ്രതിസന്ധികള്‍ എന്തെല്ലാമാണ് ? ഈ മേഖലയെ അഴിച്ചുപണിയാനും നവീകരിക്കാനുമുള്ള ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ ശ്രമങ്ങള്‍ ഫലപ്രദമാണോ? എന്തൊക്കെ മാറ്റങ്ങളാണ് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ജാഗ്രതയോടെ നടപ്പിലാക്കേണ്ടത്? വിദ്യാഭ്യാസ രീതിയുടെ അശാസ്ത്രീയത എങ്ങനെ പരിഹരിക്കാം? യഥാര്‍ഥത്തില്‍ എന്താണ് നാലു വര്‍ഷ ബിരുദ പദ്ധതി ?അത് കേരളീയ വിദ്യാഭ്യാസത്തെ എങ്ങനെയൊക്കെയാണ് മാറ്റിമറിക്കുക? അത്തരത്തിലുള്ള മാറ്റങ്ങള്‍ക്കുള്ള പ്രാപ്തി ഈ വിദ്യാഭ്യാസ രീതിയ്ക്കുണ്ടോ? തുടങ്ങി നിരവധി വിഷയങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുകയാണ് ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ ഉപാധ്യക്ഷനും പ്രമുഖ ചരിത്രകാരനുമായ രാജന്‍ ഗുരുക്കള്‍.


ഉന്നത വിദ്യാഭ്യാസം ഉടച്ചുവാര്‍ക്കുകയാണെന്ന് കേട്ടുതുടങ്ങിയിട്ട്  നാളുകളായി. പക്ഷേ, എന്തെങ്കിലും ഉടയുന്നതായോ വാര്‍ന്നുവീഴുന്നതായോ കാണാനില്ല. എങ്ങനെ ഉടയ്ക്കണം എന്ത് വാര്‍ക്കണം എന്നറിയാതെ കാലം കടന്നുപോവുകയാണ്. പഠിക്കാത്ത വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്ന് അരനൂറ്റാണ്ടുകൊണ്ട് പാറപോലെ ഉറപ്പിച്ച ഒരുടയാച്ചരക്കാണ് ഉടയ്ക്കാനുള്ളത്. പഠനം അപ്രസക്തമാക്കിയ സ്ഥാപനങ്ങള്‍, വായനശീലമില്ലാത്ത അനേകം അധ്യാപകരും അവരെ അനുകരിക്കുന്ന വിദ്യാര്‍ഥികളും. നന്നായി പഠിക്കുന്നവരെയും പഠിപ്പിക്കുന്നവരെയും അരികിലാക്കിയവര്‍ ഭരിക്കുന്ന കാമ്പസുകള്‍. അവരെ സംരക്ഷിക്കുന്ന നിയമങ്ങളും ചട്ടങ്ങളും ഉദ്യോഗസ്ഥരും. ഇതിന്റെയെല്ലാം പിന്‍ബലമുള്ള അനങ്ങാപ്പാറയാണ് ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ ഉടയ്ക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഉടയുമോ എന്ന് കണ്ടറിയണം. പഴയത് പൊളിച്ചുപണിയുന്നതിനെക്കാള്‍ എപ്പോഴും എളുപ്പം പുതിയത് പണിയുന്നതായിരിക്കും. ഇപ്പോള്‍ നാലുവര്‍ഷ ബിരുദപദ്ധതിയിലൂടെ എല്ലാം പുതുക്കിപ്പണിയും എന്നാണ് പറയുന്നത്. അതെങ്ങനെയാണെന്നും എന്താണെന്നും കൗണ്‍സിലിന്റെ ഉപാധ്യക്ഷനായ രാജന്‍ഗുരുക്കളോട് തന്നെ ചോദിച്ച് മനസ്സിലാക്കാം.

എ.എം. ഷിനാസ്: മറ്റ് പല മേഖലകളിലുമെന്നപോലെ ഉയര്‍ന്ന സാക്ഷരതയിലും കേരളം വികസിത രാജ്യങ്ങള്‍ക്കൊപ്പമാണ്. ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളുടെ എണ്ണത്തിലും പഠനവിഷയങ്ങളുടെ വൈവിധ്യത്തിലും പഠനശേഷിയുള്ളവരുടെ എണ്ണത്തിലും നാം പിറകിലല്ല. രാജ്യത്തിനകത്തും പുറത്തുമുള്ള എല്ലാ പ്രമുഖ സര്‍വകലാശാലകളിലും ഗവേഷണകേന്ദ്രങ്ങളിലും നമ്മുടെ കുട്ടികളുണ്ട്. ഏത് നൊബേല്‍ സമ്മാനജേതാക്കളുടെ ടീമിലും നമ്മുടെ ഒരു സഹായി ഉണ്ടായിരിക്കും. പക്ഷേ, നമുക്ക് ഈ മികവ് ഇവിടെ സാധ്യമാവാത്തതെന്തുകൊണ്ടാണ്? വിദ്യാഭ്യാസ പരിഷ്‌കാരങ്ങള്‍ നാം ഒരുപാട് കൊണ്ടുവന്നു. പക്ഷേ, പ്രശ്‌നങ്ങള്‍ ഒഴിയുന്നില്ല. എന്താണ് നമ്മുടെ യഥാര്‍ഥ പ്രശ്‌നം? അതറിയാതെയുള്ള പരിഷ്‌കാരങ്ങളാണോ ശാശ്വതപരിഹാരം അകലെയാണെന്ന നിരാശയിലേക്ക് നമ്മെ കൊണ്ടെത്തിക്കുന്നത്? ഇപ്പോഴത്തെ പരിഷ്‌കാരങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന അക്കാദമിക്കെന്ന നിലയില്‍ എന്താണ് പറയാനുള്ളത്?

രാജന്‍ ഗുരുക്കള്‍: ചോദിക്കാന്‍ വൈകിപ്പോയ ചോദ്യങ്ങളാണെല്ലാം. മര്‍മപ്രധാനങ്ങളായ ചോദ്യങ്ങള്‍. ഒടുവിലത്തെ ചോദ്യമുണ്ടല്ലോ. യഥാര്‍ഥ പ്രശ്‌നമറിയാതെയുള്ള പരിഷ്‌കാരങ്ങളാണോ എന്ന ചോദ്യം. വാസ്തവത്തില്‍ അതൊരു ചോദ്യമല്ല; ശങ്കയുടെ രൂപത്തിലുള്ള മറുപടിയാണ്. അതിനോട് പൂര്‍ണമായി യോജിച്ചുകൊണ്ടേ എനിക്ക് മറ്റ് ചോദ്യങ്ങള്‍ക്കുള്ള മറുപടി പറയാന്‍ കഴിയൂ. മികവിന്റെ കേന്ദ്രങ്ങളുടെ ഉപദേശകസമിതിയിലും ഒന്നുരണ്ട് ദേശീയ അന്തര്‍ദേശീയ സെമിനാറുകളുടെ ഉദ്ഘാടനവേളയിലും ഈയിടെ മുഖ്യമന്ത്രി ആവര്‍ത്തിച്ചുന്നയിച്ച ചോദ്യം നമുക്കെന്തുകൊണ്ട് 'ഇന്‍ ഹൗസ് എക്‌സലന്‍സ്' സാധിക്കുന്നില്ല എന്നാണ്. നമ്മുടെ പ്രതിഭകള്‍ ഇവിടം വിടുമ്പോഴേ ലോകനിലവാരത്തിലെത്തുന്നുള്ളൂ. അതുകൊണ്ടുതന്നെ എപ്പോഴും അവര്‍ ഒരടി പിന്നിലാണ്. നൊബേല്‍ കരസ്ഥമാക്കുന്ന ഒരുടീമിന്റെയും നേതൃസ്ഥാനത്ത് അവരില്ല. ഇവിടെത്തന്നെ അവര്‍ക്ക് ലോകോത്തര പ്രതിഭകളായി വളരാന്‍ കഴിയണം. അവരുടെ ടീമുകള്‍ ഇവിടെ രൂപപ്പെടണം. 

എ.എം. ഷിനാസ്: അതെന്തുകൊണ്ട് കഴിയുന്നില്ല എന്നതാണ് ചോദ്യം. 

രാജന്‍ ഗുരുക്കള്‍: കുറ്റം വിദ്യാഭ്യാസരീതിയുടെ അശാസ്ത്രീയത തന്നെ. അധ്യയന അധ്യാപനരീതികളുടെ അശാസ്ത്രീയത. അത് മാറ്റണം എന്ന ഉത്തമ ബോധ്യത്തോടെയാണ് സര്‍ക്കാര്‍ കമ്മിഷനുകളെ നിശ്ചയിച്ചത്. ആവശ്യമായ പരിഷ്‌കാരങ്ങള്‍ പ്രൊഫ. ശ്യാം ബി. മേനോന്റെ നേതൃത്വത്തില്‍ തയ്യാറാക്കി നിര്‍ദേശിച്ചിട്ടുണ്ട്. നടപ്പാക്കിയിരിക്കേണ്ട പ്രാഥമിക പരിഷ്‌കാരങ്ങളെ മേനോന്‍ കമ്മിഷന്‍ നിര്‍ദേശിച്ചിട്ടുള്ളൂ. അവ നടപ്പിലാവുന്നതോടെ പ്രശ്‌നംതീരുമോ എന്ന് ചോദിക്കുന്നതിനുപകരം അവയെങ്കിലും നടപ്പാക്കാനാവുമോ എന്നാണ് ചോദിക്കേണ്ടത്. അതാണ് നമ്മുടെ അവസ്ഥ. അവയെങ്കിലും നടപ്പാവണം എന്ന ലക്ഷ്യത്തോടെ സര്‍വകലാശാലകളുടെ സംസ്ഥാനതല ഏകോപനവുമായി ബന്ധപ്പെട്ട നടപടികളും പരിശീലനമുള്‍പ്പെടെയുള്ള മുന്നൊരുക്കങ്ങളുമാണ് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ.ആര്‍. ബിന്ദുവിന്റെ നേതൃത്വത്തില്‍ കൗണ്‍സില്‍ നടത്തിവരുന്നത്. അവയ്ക്കപ്പുറം പോകാനുള്ള പദ്ധതികളും നടപ്പാക്കാനുള്ള ഇച്ഛാശക്തിയും പല വൈസ്ചാന്‍സലര്‍മാര്‍ക്കുമുണ്ട്. പക്ഷേ, നമുക്കെന്നല്ല, രാജ്യത്തുതന്നെ ലക്ഷണമൊത്ത സര്‍വകലാശാലയില്ല. ചുരുങ്ങിയത് ഇരുപത്തയ്യായിരം വിദ്യാര്‍ഥികളും ജിജ്ഞാസുക്കളായ പതിനയ്യായിരത്തോളം ഗവേഷകരും പല ഗ്രേഡിലുള്ള അയ്യായിരത്തോളം പ്രൊഫസര്‍മാരും നാനാ വിജ്ഞാനമേഖലകളില്‍ ഉപരിപഠന സൗകര്യങ്ങളുള്ള വകുപ്പുകളും അതിവിസ്തൃതമായ കാമ്പസും പ്രഗല്ഭരായ അക്കാദമിക പണ്ഡിതര്‍ നയിക്കുന്ന സ്വതന്ത്രഭരണാധികാരവുമുള്ള സ്ഥാപനത്തെയാണ് ലോകം സര്‍വകലാശാലയെന്ന് വിളിക്കുന്നത്. നമ്മുടെ ചില സര്‍വകലാശാലകളും അവയുടെ കോളേജുകളും ഒന്നായാല്‍ എണ്ണം തികയ്ക്കാം. പക്ഷേ, എണ്ണം പറഞ്ഞവര്‍ കുറയും. സര്‍വകലാശാലയാവാന്‍ യഥാര്‍ഥ വിദ്യാര്‍ഥികളും ജിജ്ഞാസുക്കളായ ഗവേഷകരും പല ഗ്രേഡുകളിലുള്ള പണ്ഡിതരായ പ്രൊഫസര്‍മാരും വേണം. അവ തികയ്ക്കാനുള്ള പരിഷ്‌കാരമാണ് ഇപ്പോള്‍ നാം തുടങ്ങിവയ്ക്കുന്നത്. 

എ.എം. ഷിനാസ്: മൂന്നുവര്‍ഷ ബിരുദം നാലുവര്‍ഷമാക്കല്‍ അതിന്റെ ആദ്യ ചുവടുവെപ്പാണെന്ന് പറയാമോ? ഇപ്പറയുന്ന വലിയ ലക്ഷ്യം കൈവരിക്കാന്‍ അതിന് കഴിയുമോ? 

രാജന്‍ ഗുരുക്കള്‍: നാലുവര്‍ഷമാക്കല്‍ നിലവിലുള്ളതിനെ അതുപോലെ ഒരുവര്‍ഷം നീട്ടലല്ല. ആകെ മാറ്റലാണ്. ഇതുവരെ പഠിപ്പിക്കലായിരുന്നല്ലോ പ്രധാനം. ഇനിമുതല്‍ പ്രധാനം പഠിക്കലാണ്. പരീക്ഷയ്ക്കുവേണ്ടിയുള്ള പഠിപ്പിക്കലോ പരീക്ഷ മാത്രം മുന്‍പില്‍ക്കണ്ടുള്ള പഠിക്കലോ ഇനിയുണ്ടാവരുത്. പരീക്ഷയെത്താറാവുമ്പോള്‍മാത്രം കുറേ വായിച്ചുകൂട്ടുകയും കുറച്ചെന്തൊക്കെയോ ഓര്‍ത്തുവയ്ക്കുകയും അതുകഴിഞ്ഞാല്‍ മറക്കുകയും ചെയ്യുന്നവര്‍ വിദ്യാര്‍ഥികളല്ല. അറിവ് ചിന്താപ്രക്രിയയായി തിരിച്ചറിയുകയും സിദ്ധാന്തരൂപത്തില്‍ മനസ്സിലാക്കുകയും പ്രയോഗിക്കാന്‍ പ്രാപ്തി നേടുകയും ചെയ്യുന്നവരാണ് വിദ്യാര്‍ഥികള്‍. അവരെ പ്രസ്തുത പ്രക്രിയയില്‍ സഹായിക്കാന്‍ അധ്യാപകര്‍ പോരാ. പണ്ഡിതര്‍ വേണം. സര്‍വകലാശാലകളില്‍ അടിസ്ഥാനപാഠങ്ങള്‍ പഠിപ്പിക്കുന്ന അധ്യാപകരല്ല സങ്കീര്‍ണപാഠങ്ങളില്‍ അവഗാഹം നേടാന്‍ സഹായിക്കുന്ന പണ്ഡിതരാണാവശ്യം. വിദ്യാര്‍ഥികളുടെയും പണ്ഡിതരുടെയും എണ്ണം ഗണനീയമായ തോതില്‍ വര്‍ധിച്ചാലേ സര്‍വകലാശാലയാവൂ. അതുപോലെ വിദ്യാര്‍ഥികളുടെ പഠനപുരോഗതി നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യുന്നതരം പരീക്ഷ വേണം. അതിന് പറ്റിയ ചോദ്യങ്ങള്‍ തയ്യാറാക്കണം. പരീക്ഷതന്നെ ഇപ്പോഴത്തെ രീതിയിലല്ല വേണ്ടത്. സര്‍വകലാശാല വഴി കേന്ദ്രീകൃത സ്വഭാവത്തില്‍ നടത്തുന്ന പരീക്ഷയെക്കാള്‍ പ്രൊഫസര്‍മാര്‍ നിരന്തരം നടത്തുന്ന നിരീക്ഷണവും തുടര്‍ച്ചയായ വിലയിരുത്തലും ആയിരിക്കണം പ്രധാനം. അതിനാദ്യം വേണ്ടത് പ്രൊഫസര്‍മാരില്‍ വിശ്വാസമാണ്. അവരെ വിശ്വസിച്ചും പൂര്‍ണ ഉത്തരവാദിത്വമേല്‍പ്പിച്ചുമാണ് പഠനവും മൂല്യനിര്‍ണയവും നടക്കേണ്ടത്.

എ.എം. ഷിനാസ്: ഇവിടെ ഇന്റേണല്‍ മാര്‍ക്ക് നല്‍കുന്നതെങ്ങനെയാണെന്ന് മാഷ് മനസ്സിലാക്കിയിട്ടുള്ളതല്ലേ? ഇഷ്ടമുള്ളവര്‍ക്ക് മാര്‍ക്ക് വാരിക്കോരിനല്‍കും. അര്‍ഹിക്കുന്ന മാര്‍ക്കുപോലും നല്‍കാതെ വിരോധമുള്ളവരോട് പകവീട്ടും. ഈ സാഹചര്യത്തില്‍ എങ്ങനെ അധ്യാപകരെ വിശ്വസിക്കും? മറ്റൊരു കാര്യം, വായിച്ചുപഠിച്ച് അസൈന്‍മെന്റ് ചെയ്യുന്ന വിദ്യാര്‍ഥികള്‍ എത്രപേരുണ്ട്? നന്നായി പഠിച്ച് തയ്യാറാക്കിയാല്‍ത്തന്നെ, അത് വായിച്ചുനോക്കാന്‍ ക്ഷമയുള്ള അധ്യാപകര്‍ എത്രപേര്‍ കാണും?

രാജന്‍ ഗുരുക്കള്‍: പണ്ഡിതരായ പ്രൊഫസര്‍മാര്‍ വര്‍ധിക്കുന്ന മുറയ്ക്ക് ഇക്കാര്യത്തിലെല്ലാം മാറ്റംവരും. ഉത്തരവാദിത്വം വര്‍ധിക്കുന്ന സാഹചര്യമുണ്ടാവുകയും ചെയ്യും. അതോടെ, വിശ്വാസ്യത ഉറപ്പുവരുത്തുന്നതില്‍ പ്രൊഫസര്‍മാര്‍ പ്രതിജ്ഞാബദ്ധരാവും. അവരായിരിക്കണം കോഴ്‌സുകള്‍ ഡിസൈന്‍ ചെയ്യേണ്ടത്. ബോര്‍ഡ് ഓഫ് സ്റ്റഡീസിലും അക്കാദമിക് കൗണ്‍സിലിലും അവരുണ്ടാവും. ലോകത്തെല്ലായിടത്തും പണ്ഡിതരാണ് സര്‍വകലാശാലകള്‍ നയിക്കുന്നത്. സെനറ്റിലും സിന്‍ഡിക്കേറ്റിലും അവര്‍ക്കായിരിക്കണം മേല്‍ക്കൈ. ഒപ്പം ജനപ്രതിനിധികള്‍ വേണം. അവിടെ പദവികളൊന്നും കേവലം ഇരിപ്പിടങ്ങളല്ല. കര്‍മനിരതരായ വിദഗ്ധ അക്കാദമിക്കുകളുടെ ഉത്തരവാദപ്പെട്ട സ്ഥാനങ്ങളാണ്. ഓരോ വിഷയത്തിലും അപ്റ്റുഡേറ്റായവരെയും പ്രഗല്ഭസ്ഥാപനങ്ങളുമായി സമ്പര്‍ക്കമുള്ളവരെയും ഈ സ്ഥാനങ്ങളില്‍ കൊണ്ടുവന്നിരുത്തണം. സര്‍വകലാശാലകളുടെ അഭ്യുന്നതിക്കും അക്കാദമികമികവിനും അതത്യാവശ്യമാണ്. തങ്ങള്‍ പണ്ഡിതരാണെന്ന് സ്വയംപ്രഖ്യാപിച്ച് സംഘടനാനേതാക്കള്‍ എല്ലായിടത്തും ചെന്നിരുന്നാല്‍ സര്‍വകലാശാല വികസിക്കില്ല. ഇതെല്ലാം തിരിച്ചറിഞ്ഞുള്ള സമഗ്രപരിഷ്‌കരണമാണ് സര്‍ക്കാര്‍ ലക്ഷ്യമാക്കുന്നത്.

എ.എം. ഷിനാസ്: പറയാനെളുപ്പമാണെങ്കിലും നമ്മുടെ പൊതുവേയുള്ള പിന്നാക്കാവസ്ഥയില്‍ ഒടുവില്‍ പറഞ്ഞ അധികാരവുമായി ബന്ധപ്പെട്ട കാര്യങ്ങളൊക്കെ നടക്കുമോ എന്ന കാര്യത്തില്‍ എനിക്ക് വിശ്വാസമില്ല. തുടക്കം വിഭാവനംചെയ്യുന്നത് എങ്ങനെയാണ്?

രാജന്‍ ഗുരുക്കള്‍: ആദ്യപടിയായി വിഭാവനംചെയ്യുന്നത് ലോകത്തെ മികച്ച സര്‍വകലാശാലകളില്‍ നടക്കുന്ന രീതിയില്‍ നമ്മുടെ ഉന്നതവിദ്യാഭ്യാസം മാറ്റുകയാണ്. അവിടെയെല്ലാം നാലുവര്‍ഷമാണ് ബിരുദപഠനം. നാനാവിഷയങ്ങള്‍തമ്മിലുള്ള ബന്ധം മനസ്സിലാക്കുകയും ഇഷ്ടമുള്ള ഒരു മേഖലയില്‍ കൂടുതല്‍ അറിവ് നേടുകയും ചെയ്യണം. തമ്മില്‍ ബന്ധമില്ലാത്ത കോഴ്‌സുകള്‍ തിരഞ്ഞെടുത്തും പഠിക്കാം. ആദ്യവര്‍ഷം അടിസ്ഥാന കോഴ്‌സുകള്‍ വഴി വിഷയാതീതവും ഇന്ന് അറിഞ്ഞിരിക്കേണ്ടതുമായ വിഷയങ്ങള്‍ പഠിക്കുകയും പ്രയോഗവിരുത് സമ്പാദിക്കുകയും ചെയ്യലാണ്. അവിടെ വിദ്യാര്‍ഥികള്‍ ക്ലാസ്മുറിയിലും ലൈബ്രറിയിലും ഇന്റര്‍നെറ്റ് വഴിയും തുടര്‍ച്ചയായ പഠനത്തിലേര്‍പ്പെടുന്നു. കോഴ്‌സുകളുടെ ഉദ്ദിഷ്ടപഠനഫലം മുന്‍കൂട്ടി വിദ്യാര്‍ഥികള്‍ മനസ്സിലാക്കിയിരിക്കും. ഓരോ കോഴ്‌സിന്റെയും പഠനലക്ഷ്യം കൈവരിക്കാന്‍ കഴിയുന്നുണ്ടോ എന്ന ആത്മപരിശോധന വിദ്യാര്‍ഥികളും ക്ലാസ്മുറിയിലെ പങ്കാളിത്തത്തിലൂടെയും ചര്‍ച്ചയിലൂടെയും അസൈന്‍മെന്റുകളിലൂടെയും അവരുടെ പഠനപുരോഗതി എത്രമാത്രമുണ്ടെന്ന വിലയിരുത്തല്‍ പ്രൊഫസര്‍മാരും നടത്തിക്കൊണ്ടിരിക്കും. ഒടുവില്‍, പരീക്ഷയിലൂടെയുള്ള മൂല്യനിര്‍ണയംവഴി സര്‍വകലാശാലയും വിദ്യര്‍ഥികളെ വിലയിരുത്തും. അങ്ങനെ പഠിച്ചാണ് അവിടെ വിദ്യാര്‍ഥികള്‍ കഴിവുള്ള ബിരുദധാരികളായി മാറുന്നത്. ഗുണനിലവാരം മെച്ചപ്പെടുത്താന്‍ അതേ വഴിയുള്ളൂ. അതിലേക്കുള്ള ചുവടുവയ്പാണ് നാലുവര്‍ഷ ബിരുദപഠനം. ഇപ്പറഞ്ഞതൊന്നും നമുക്കിനിയും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ല.

എ.എം. ഷിനാസ്: മികവിലേക്കുള്ള വഴിയില്‍ മുഖ്യപങ്ക് വഹിക്കുന്നത് വിദ്യാര്‍ഥികളാണെന്നാണ് മാഷ് പറഞ്ഞതില്‍നിന്ന് വ്യക്തമാവുന്നത്. ഇപ്പോഴത്തെ അവസ്ഥയില്‍ നമ്മുടെ വിദ്യാര്‍ഥികള്‍ക്ക് പെട്ടെന്ന് അങ്ങനെ മാറാനാവുമോ? ആ നിലവാരത്തിലേക്ക് ഉയരാനാവുമോ? ബിരുദപഠനത്തിനെത്തുന്ന വിദ്യാര്‍ഥികളില്‍ മാതൃഭാഷയില്‍പ്പോലും എഴുതാനറിയാത്തവരുണ്ട്. ഒരു വിഷയത്തില്‍ ബിരുദമെടുക്കാനെത്തുന്നവരില്‍ ആ വിഷയത്തില്‍ സെക്കന്‍ഡറി സ്‌കൂള്‍തലത്തില്‍ മനസ്സിലാക്കിയിരിക്കേണ്ട അടിസ്ഥാന സംഗതികള്‍പോലും വശമില്ലാത്തവരാണ് ഭൂരിഭാഗവും. ഈ പ്രതിസന്ധി എങ്ങനെ മറികടക്കും?

രാജന്‍ ഗുരുക്കള്‍: ഈ പരിതാപകരമായ അവസ്ഥയ്ക്ക് ഒരുപാട് കാരണങ്ങളുണ്ട്. വിദ്യാഭ്യാസരീതിയുടെ ഉത്തരവാദിത്വം ഏതായാലും ചെറുതല്ല. കുട്ടികള്‍ എഴുതാനും വായിക്കാനും കണക്കുകൂട്ടാനും പഠിക്കുന്ന രീതി തെറ്റായതുകൊണ്ട്, ജന്മനാ കുട്ടികള്‍ക്കുള്ള ജിജ്ഞാസയില്ലാതാവുകയും ചിന്തിക്കാനും ചോദ്യംചെയ്യാനുമുള്ള ജന്മവാസന നഷ്ടപ്പെടുകയും ചെയ്യുന്നു. അവ നിലനിര്‍ത്തിക്കൊണ്ടും നൈസര്‍ഗികവാസനകള്‍ പോഷിപ്പിച്ചുകൊണ്ടും പഠിക്കാന്‍ സഹായിക്കണം. കുട്ടിക്കാലത്തെ ഈ ജന്മവാസനകള്‍ നിലനിര്‍ത്താന്‍ കഴിഞ്ഞവരാണ് മൗലികപഠനങ്ങള്‍ക്ക് പ്രാപ്തി കൈവരിച്ചവര്‍. അതിരിക്കട്ടെ, നമുക്ക് പ്രശ്‌നത്തിലേക്ക് വരാം. ഇതൊക്കെയാണെങ്കിലും വിദ്യാര്‍ഥികള്‍ ഒരേ നിലവാരമുള്ളവരല്ലെന്ന സത്യം നാം മറന്നുകൂടാ. തോല്‍ക്കുന്നവരും ജയിക്കുന്നവരും ഉയര്‍ന്ന ഗ്രേഡ് നേടുന്നവരും ഒന്നാംറാങ്ക് കരസ്ഥമാക്കുന്നവരുമൊക്കെയുണ്ട്. ഓരോ വിദ്യാര്‍ഥിക്കും തന്റെ കഴിവ് പരമാവധി വികസിപ്പിക്കാന്‍ അവസരവും പ്രചോദനവും പ്രേരണയും വേണ്ടുവോളം ലഭിക്കുന്ന ഒന്നായിരിക്കണം ഉന്നതവിദ്യാഭ്യാസം. അതില്‍ ശരാശരിക്കാരുടെ എണ്ണം കുറയും. സ്വാഭാവികമായും ഉയര്‍ന്ന ഗ്രേഡുകാര്‍ വളരെ കൂടും. അപ്പോഴും ഒന്നാംറാങ്ക് നേടുന്നവരുണ്ടാവും. ഇപ്പോഴത്തെ രീതി ഇതിന് കടകവിരുദ്ധമാണ്. അത് എല്ലാവരെയും ശരാശരിക്കാരാക്കുന്നുവെന്നതാണ് പ്രശ്‌നം.

എ.എം. ഷിനാസ്: അതത് ക്ലാസുകളില്‍ പഠിച്ചിരിക്കേണ്ടത് പഠിച്ചുവന്ന കുട്ടികളെ അത് മരവിപ്പിക്കുന്നു. ഓരോ കോഴ്‌സും അവരെ മുന്‍നിര്‍ത്തി അവര്‍ മനസ്സിലാക്കിയിട്ടില്ലാത്ത അറിവ് പകരുന്നവയും അവര്‍ താത്പര്യപൂര്‍വം മനസ്സിരുത്തി പഠിച്ചാല്‍മാത്രം ഗ്രഹിക്കാനാവുന്നവയുമാവണം എന്നാണോ? 

രാജന്‍ ഗുരുക്കള്‍: അതെ. ഇന്നത്തെ കോഴ്‌സുകള്‍ ശരാശരിക്കാരെ മുന്നില്‍ക്കണ്ടുള്ളവയാണ്. ഒരുവിഷയത്തിന്റെയും ഗഹനതയറിയാന്‍ അവ പ്രേരിപ്പിക്കുന്നില്ല. ഓരോ വിഷയവും അറിവിന്റെ മഹാപ്രവാഹമാണ്. അറിയല്‍ ആ പ്രവാഹത്തോടൊപ്പം ഒഴുകലല്ല. ഒഴുക്കിനെതിരേ പിടിച്ചുനില്‍ക്കലാണ്. മുങ്ങിയും പൊങ്ങിയും മുഖാമുഖം ഒഴുക്കിനെ നേരിട്ടുകൊണ്ടുള്ള പിടിച്ചുനില്‍പ്പ്. വെറുതേ ഒഴുകിപ്പോയാല്‍ ഒഴുക്കിന്റെ ഊക്കറിയാനാവില്ല. അതിനെ നേരിടണം. അവര്‍ക്കേ അവരുടെ വഴിക്ക് നീന്തിക്കയറാനാവൂ. വിഷയത്തിന്റെ സ്ഥിതിയും ഗതിയും മനസ്സിലാവണമെങ്കില്‍ അങ്ങനെ സ്വയം നീന്തിക്കയറണം. ശ്വാസംമുട്ടിയും വെള്ളംകുടിച്ചും ഒഴുക്കില്‍ പിടിച്ചുനില്‍ക്കാന്‍ പലര്‍ക്കും പാടുപെടേണ്ടിവരും. ആ കഷ്ടപ്പാടില്‍ അവര്‍ക്ക് വേണ്ടതൊരു കൈത്താങ്ങാണ്. അതില്‍ കൂടുതലൊന്നും പ്രൊഫസര്‍മാര്‍ നല്‍കേണ്ടതില്ല. ഇപ്പോള്‍ കാണുന്നത് ഒഴുക്കിനോടൊപ്പം കരയിലൂടെ വര്‍ക്ക്ലോഡിന്റെ കുരവയിട്ടോടുന്ന അധ്യാപകരെയും പിന്നാലെ ഓടുന്ന വിദ്യാര്‍ഥികളെയുമാണ്. പ്രൊഫസര്‍ ഓരോ വിഷയത്തിന്റെയും ഒഴുക്കില്‍ നീന്തി തഴക്കം വന്നവരായിരിക്കും. അവര്‍ വലിയ ഒഴുക്കില്‍ നീന്തിക്കാണിക്കണം. അവരുടെ ക്ലാസുകള്‍ പണ്ഡിതോചിതമായിരിക്കണം എന്നര്‍ഥം. അധ്യാപകര്‍ സ്പൂണില്‍ കോരിക്കുടിപ്പിക്കുന്നവരാണ്. വികസിതലോകം കിന്റര്‍ ഗാര്‍ട്ടനില്‍പ്പോലും കോരിക്കുടുപ്പിക്കല്‍ ഉപേക്ഷിച്ചിട്ട് ഒരുനൂറ്റാണ്ടാവുന്നു. നാം ഇപ്പോഴും കോരിക്കുടിപ്പിക്കുന്നതിന്റെ വര്‍ക്ക്ലോഡും കണക്കുകൂട്ടിയിരിപ്പാണ്. അതവസാനിപ്പിക്കാനാണ് ശ്രമം. ഷിനാസ് സൂചിപ്പിച്ച നിസ്സഹായരായ കുട്ടികളുണ്ടല്ലോ. സ്പൂണ്‍ ഫീഡിങ് അവര്‍ക്കും സഹായകമല്ല. സ്വയം പഠിക്കാനുള്ള സഹായം തന്നെയാണവര്‍ക്കും നല്‍കേണ്ടത്. അത് കൂടുതല്‍ വേണമെന്ന് മാത്രം. അവര്‍ക്കൊപ്പം പഠിക്കുന്നപോലെ ഭാവിച്ചാണ് പ്രൊഫസര്‍മാര്‍ വിദ്യാര്‍ഥികളെ സ്വയം പഠിക്കാന്‍ പ്രാപ്തരാക്കുന്നത്. ആരെയും പഠിപ്പിക്കാനാവില്ല. പഠിക്കാന്‍ സഹായിക്കാനേ കഴിയൂ. അതിനുവേണ്ടത് അധ്യാപകരല്ല. ആജീവനാന്തപഠനത്തില്‍ മുഴുകുന്ന പണ്ഡിതരാണ്. വിദ്യാര്‍ഥികള്‍ അവരെക്കണ്ട് സ്വയം പഠിക്കണം. 

എ.എം. ഷിനാസ്: നമ്മുടെ യൂണിവേഴ്‌സിറ്റികളില്‍പോലും അത്തരം അധ്യാപകരാണേറെയും. പലര്‍ക്കും പഠിച്ചതൊക്കെ മതി എന്ന നിലപാടാണ്. കോളേജില്‍പ്പിന്നെ പറയാനുമില്ല. ചെറുപ്പക്കാരുടെ മട്ടുംമാതിരിയും ഒന്നുവേറെയാണ്. അവര്‍ പഠിക്കേണ്ട കാലത്ത് പഠിച്ചു. പിന്നെ ജോലിക്കുവേണ്ടി പഠിച്ചു. ജോലി സമ്പാദിച്ചു. എല്ലാം കഴിച്ചു. കഴിക്കാന്‍ ബാക്കി കല്യാണമായിരുന്നു. അതും കഴിച്ചു. ഇനിയെങ്കിലും സ്വസ്ഥമായി ജീവിക്കണ്ടേ സാറേ? 

രാജന്‍ ഗുരുക്കള്‍: ബെസ്റ്റ്. പക്ഷേ, ആ ചോദ്യം ചോദിക്കാത്ത അധ്യാപകരുമുണ്ട്. അവര്‍ പുതിയ പുസ്തകങ്ങള്‍ വായിക്കുകയും ജേണലുകളില്‍ വരുന്ന പഠനങ്ങള്‍ മനസ്സിലാക്കുകയും പ്രതികരിക്കുകയും എഴുതുകയും അതൊക്കെ വിദ്യാര്‍ഥികളുമായി പങ്കുവയ്ക്കുകയും ചെയ്യുന്ന തിരക്കിലാണ്. സഹപ്രവര്‍ത്തകര്‍ മാത്രമല്ല ഉദ്യോഗസ്ഥരും വിദ്യാഭ്യാസവ്യവസ്ഥതന്നെയും അവരെ 'വട്ട് കേസ്' എന്ന് വിധിച്ചു പുറംതള്ളുന്നു. നമുക്ക് പണ്ഡിതരും യഥാര്‍ഥ വിദ്യാര്‍ഥികളും എണ്ണത്തില്‍ നന്നെ കുറവാണെന്നതാണ് ഈ അവസ്ഥയ്ക്ക് കാരണം. പിന്നെ സര്‍വകലാശാലയായാലും ഡയറക്ടറേറ്റായാലും ഭരണം ക്ലാര്‍ക്കുമാരുടെ കൈയിലാണ്. അത് ബ്യൂറോക്രസിയല്ല. വേറെന്തോ ക്രസിയാണ്. അതില്‍ ഫയലെഴുത്തിന്റെ യാന്ത്രികതയല്ല, ഫയലില്‍ നുണക്കഥ ചമയ്ക്കുന്നതിന്റെ അപകടമാണ് പ്രശ്‌നം. അതിന് കാരണങ്ങള്‍ പലതുണ്ട്. ഒന്നുറപ്പിച്ചു പറയാം. അധ്യാപകര്‍ മാറാതിരിക്കുന്നത് അവര്‍ക്ക് വേണ്ടാഞ്ഞിട്ടും വയ്യാഞ്ഞിട്ടുമാണ്. എല്ലാം ഒരുക്കി പരവതാനി വിരിച്ച് മാറ്റത്തിലേക്ക് കൈപിടിച്ച് കൊണ്ടുപോകുമെന്ന് ആരും കരുതണ്ട. തടസ്സങ്ങള്‍ എണ്ണിപ്പെറുക്കല്‍ മതിയാക്കി ഓരോരുത്തര്‍ക്കും മാറിത്തുടങ്ങാം. ആ സന്നദ്ധതയ്‌ക്കേ ഇന്നത്തെ മുരടിച്ച സംവിധാനത്തെ മാറ്റാനാവൂ.

എ.എം. ഷിനാസ്: നമ്മുടെ സ്ഥാപനങ്ങളില്‍നിന്ന് പ്ലസ്ടു പാസാവുന്ന വിദ്യാര്‍ഥികളില്‍ നല്ല നിലവാരമുള്ള വിദ്യാര്‍ഥികളെല്ലാം കോച്ചിങ് സ്ഥാപനങ്ങളില്‍ ചേരുകയാണ്. കോളേജുകളില്‍ ആരും ചേരുന്നില്ല. അതാണ് ദയനീയാവസ്ഥ സൃഷ്ടിക്കുന്നത്. ഇപ്പോള്‍ മത്സരപരീക്ഷയിലൂടെ ദേശീയ സ്ഥാപനങ്ങളില്‍ പ്രവേശനം നേടുന്നവരില്‍ ഡല്‍ഹിയില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ കഴിഞ്ഞാല്‍ കേരളത്തില്‍നിന്നുള്ളവരാണ് മുന്‍പില്‍. അതിനുകാരണം ഇവിടത്തെ കോച്ചിങ് സ്ഥാപനങ്ങളാണെന്ന ധാരണയുണ്ട്. 

രാജന്‍ ഗുരുക്കള്‍: തെറ്റാണ്. കോച്ചിങ്ങിന് ചേര്‍ന്ന് പഠിച്ച് റാങ്കുനേടുന്നതും പ്ലസ്ടു തലത്തില്‍ ഉയര്‍ന്ന ഗ്രേഡുള്ളവര്‍ തന്നെയാണ്. അവിടെയും സ്പൂണ്‍ ഫീഡിങ് തന്നെ. പഠിക്കാനുള്ള നിര്‍ബന്ധ സാഹചര്യം. യാന്ത്രികവും ഇരിക്കപ്പൊറുതി കൊടുക്കാത്തതുമായ അടിച്ചേല്‍പ്പിക്കല്‍. ഒരുവിധം മിടുക്കുള്ള കുട്ടികളില്‍ സര്‍ഗാത്മകതയുടെ എന്തെങ്കിലും അംശം അവശേഷിച്ചിട്ടുണ്ടെങ്കില്‍ അത് പൂര്‍ണമായി ഇല്ലാതാവും. നാട്ടില്‍ നന്നായി പഠിക്കുന്നവരുടെ എണ്ണംകൂടുകയാണെന്ന് സൂചിപ്പിക്കാനാണ് ഇത്രയും പറഞ്ഞത്. നല്ലകുട്ടികളെ ആകര്‍ഷിക്കാന്‍ സര്‍വകലാശാലകള്‍ മികവുറ്റ കോഴ്‌സുകളും തുടര്‍ച്ചയായ പഠനത്തിനുള്ള ഏര്‍പ്പാടുകളുമുള്ള സ്ഥാപനങ്ങളായിരിക്കണം. താത്പര്യപൂര്‍വം സ്വയം മനസ്സിരുത്തി തുടര്‍ച്ചയായി പഠിക്കാന്‍ സമ്മര്‍ദം ചെലുത്തുന്ന ഒന്നല്ല ഇന്നത്തെ ഉന്നതവിദ്യാഭ്യാസ രീതി. നമ്മുടെ സര്‍വകലാശാലകള്‍ക്കൊന്നിനും പഠനം ഉറപ്പുവരുത്തുന്ന ചിട്ടകളും കീഴ്വഴക്കങ്ങളും നിര്‍ബന്ധങ്ങളും ഇല്ല. അതുകൊണ്ട് കോളേജുകളും ഇക്കാര്യത്തില്‍ കുത്തഴിഞ്ഞ സ്ഥിതിയാണ്. ഈ വിടവിലാണ് കോച്ചിങ് സ്ഥാപനങ്ങള്‍ മിടുക്കുള്ള കുട്ടികളെ വശീകരിച്ച് ലാഭം കൊയ്യുന്നത്. അക്കാര്യം മനസ്സില്‍വെച്ചുകൊണ്ടുള്ള അടിസ്ഥാനപരമായ പരിഷ്‌കരണമാണ് പുതിയ ബിരുദപദ്ധതി പ്രതിനിധാനം ചെയ്യുന്നത്.

എ.എം. ഷിനാസ്: യഥാര്‍ഥത്തില്‍ എന്താണ് ഈ പുതിയ ബിരുദപദ്ധതി? മാറ്റം അടിസ്ഥാനപരമാണെന്ന് മനസ്സിലായി. ആത്യന്തികമായി വിദ്യാര്‍ഥികള്‍ താത്പര്യപൂര്‍വം പഠിക്കുകയെന്നതാണ് പുതിയരീതിയുടെ മര്‍മപ്രധാനഘടകമെന്നും ബോധ്യപ്പെട്ടു. ഒരു വിദേശ സര്‍വകലാശാലയില്‍ അത്തരം സംവിധാനത്തിലൂടെ പഠിച്ചിരുന്ന വ്യക്തിയെന്നനിലയ്ക്ക് കുറെ കാര്യങ്ങള്‍ എനിക്ക് ഊഹിക്കാന്‍ കഴിയും. നമ്മുടെ സ്ഥാപനങ്ങളിലെ സ്ഥിതിഗതികളില്‍ അനുഭവപരിചയമുള്ളതുകൊണ്ട് എങ്ങനെയാണ് അതിന്റെ പ്രവര്‍ത്തനരീതി വിഭാവനംചെയ്തിരിക്കുന്നത് എന്നറിയാന്‍ ആഗ്രഹമുണ്ട്. NEP 2020 വിഭാവനംചെയ്യുന്നത് എന്തൊക്കെയാണെന്നറിയാം. അതിന്റെ ചുവടുപിടിച്ച് ദേശീയതലത്തില്‍ യു.ജി.സി.യുടെ നിര്‍ദേശങ്ങളെപ്പറ്റിയും മനസ്സിലാക്കിയിട്ടുണ്ട്. നമ്മുടെ പരിഷ്‌കാരങ്ങള്‍ അവയില്‍നിന്ന് വേറിട്ടുനില്‍ക്കുന്നതെങ്ങനെയാണ്?

രാജന്‍ ഗുരുക്കള്‍: നമ്മള്‍ നടപ്പാക്കുന്നത് NEP  2020 അല്ല. NEP 2020ന്റെ കരടുരേഖ വന്നപ്പോള്‍ത്തന്നെ കൗണ്‍സില്‍ പ്രഭാത് പട്നായികിന്റെ അധ്യക്ഷതയില്‍ ഒരു വിദഗ്ധസമിതിയെ നിയമിക്കുകയും കേരളത്തിനനുയോജ്യമായ സമീപനരേഖ തയ്യാറാക്കുകയും അത് കേന്ദ്ര വിദ്യാഭ്യാസവകുപ്പിന് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ശ്യാം ബി. മേനോന്‍ കമ്മിഷന്‍ നിര്‍ദേശപ്രകാരമുള്ള പരിഷ്‌കാരങ്ങളാണ് നാമിപ്പോള്‍ നടപ്പിലാക്കുന്നത്. അവ ദേശീയതലത്തില്‍ സര്‍വകലാശാലകള്‍ മാതൃകയായി സ്വീകരിക്കാന്‍ ബാധ്യതപ്പെട്ട യു.ജി.സി. നിര്‍ദേശങ്ങളില്‍, കേരളത്തിന് സ്വീകാര്യമായവയും ലോകമെങ്ങും പ്രമുഖ സര്‍വകലാശാലകള്‍ സ്വീകരിച്ചുപോരുന്നവയുമാണ്. NEP 2020 വിഭാവനംചെയ്യുന്ന പരിഷ്‌കാരങ്ങളില്‍നിന്ന് അവ വേറിട്ടുനില്‍ക്കുന്നത് എങ്ങനെയെന്ന് പറയാം. NEP 2020 നിര്‍ദേശിക്കുന്ന മള്‍ട്ടിപ്പിള്‍ എന്‍ട്രി എക്‌സിറ്റ് നമ്മള്‍ സ്വീകരിക്കുന്നില്ല. ആദ്യവര്‍ഷം സര്‍ട്ടിഫിക്കറ്റ്, രണ്ടാംവര്‍ഷം ഡിപ്ലോമ എന്നിവയോടെ ബിരുദവിദ്യാര്‍ഥികള്‍ക്ക് പിരിഞ്ഞുപോകാന്‍ അവസരം സല്‍കണമെന്ന ശുപാര്‍ശ സ്വീകരിക്കേണ്ടെന്നാണ് കേരളത്തിന്റെ തീരുമാനം. പകരം മൂന്നാംവര്‍ഷം ഡിഗ്രി കരസ്ഥമാക്കി പിരിഞ്ഞുപോകാനുള്ള അവസരം നല്‍കുന്ന രീതിയാണ് സ്വീകരിച്ചിരിക്കുന്നത്. അതുപോലെ, കേരളത്തിന്റെ സാമൂഹികനീതിയുമായി പൊരുത്തപ്പെടാത്തതും മതനിരപേക്ഷതപോലുള്ള രാഷ്ട്രീയനയവുമായി ഒത്തുപോവാത്തതുമായ നിഷ്‌കര്‍ഷകള്‍ ഉപേക്ഷിച്ചിരിക്കുന്നു. മറ്റ് പല അക്കാദമികേതര നിര്‍ദേശങ്ങളും ഒഴിവാക്കിയിട്ടുണ്ട്. പ്രാദേശികപ്രാധാന്യമുള്ള ഘടകങ്ങള്‍ കൂട്ടിച്ചേര്‍ത്തിട്ടുമുണ്ട്.

എ.എം. ഷിനാസ്: ആഗോളസമാനതകളില്‍ നാം ഊന്നല്‍ നല്‍കുന്ന കാര്യങ്ങളെന്തൊക്കെയാണ്?

രാജന്‍ ഗുരുക്കള്‍: നേരത്തേ വ്യക്തമാക്കിയപോലെ, വിദ്യാര്‍ഥികളുടെ പഠനം കേന്ദ്രസ്ഥാനത്ത് നിര്‍ത്തുകയെന്ന നിര്‍ദേശം സുപ്രധാനലക്ഷ്യമായി നാം സ്വീകരിച്ചിരിക്കുകയാണ്. പ്രതിദിനം ക്ലാസ്‌റൂം സമയത്തിന്റെ അന്‍പത് ശതമാനമെങ്കിലും വിദ്യാര്‍ഥികള്‍ പഠിക്കാനുപയോഗിക്കണമെന്നാണ് യു.ജി.സി. നിര്‍ദേശിക്കുന്നത്. അതുപോലെ, ക്ലാസുകളില്‍ സിലബസിലെ ഓരോ കാര്യത്തിലും ലഘുപ്രഭാഷണങ്ങള്‍ നടത്തുന്ന പതിവ് പാടില്ല. പകരം ഗഹനമായ കാര്യങ്ങളില്‍ പണ്ഡിതോചിതപ്രഭാഷണങ്ങളുണ്ടായിരിക്കണം. കഴിവതും മുന്‍കൂട്ടി റെക്കോഡ് ചെയ്ത വീഡിയോകളായി വിദ്യാര്‍ഥികള്‍ക്ക് നല്‍കുകയാണ് അഭികാമ്യം. എളുപ്പമാഗ്രഹിക്കാവുന്ന കാര്യങ്ങളില്‍ മാര്‍ഗനിര്‍ദേശവും സംശയങ്ങള്‍ തീര്‍ക്കലും വിദ്യാര്‍ഥികളുടെ പ്രബന്ധാവതരണങ്ങളും അവര്‍ക്ക് പങ്കാളിത്തമുള്ള കൂട്ടായ കൃത്യങ്ങളുമാണ് നടക്കേണ്ടത്. ശരിയായ ആസൂത്രണത്തോടെ വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ സമയം ചെലവഴിക്കണം. ഇപ്പോള്‍ ക്ലാസ്‌റൂം പഠനം എന്ന ഒന്നില്ല. സയന്‍സോ മാത്തമാറ്റിക്‌സോപോലും ക്ലാസില്‍വെച്ച് മനസ്സിലാക്കുന്നവര്‍ വളരെ കുറവാണ്. ക്ലാസ്‌റൂമില്‍ നന്നായി പഠിപ്പിക്കുന്നവര്‍ പ്രൈവറ്റ് ട്യൂഷനെടുക്കുമ്പോള്‍, അതില്‍ച്ചേര്‍ന്നാണ് കഴിവുള്ള വിദ്യാര്‍ഥികള്‍തന്നെ എന്തെങ്കിലും മനസ്സിലാക്കുന്നത്.  മറ്റ് വിഷയങ്ങളുടെ കാര്യം പറയാതിരിക്കുന്നതാണ് ഭേദം. പല വിഷയങ്ങളും പരീക്ഷയടുക്കുമ്പോള്‍ വിദ്യാര്‍ഥികള്‍ സ്വയം പഠിച്ചെന്ന് വരുത്തുകയാണ്. പരീക്ഷയില്‍ നല്ല മാര്‍ക്ക് വാങ്ങാന്‍ അതുമതി. ഒരു വിഷയത്തിലും പഠനം നടക്കുന്നില്ലെന്ന് ചുരുക്കം. ഇതവസാനിപ്പിക്കണം. ക്ലാസ്‌റൂമില്‍ വിദ്യാര്‍ഥികളുടെ പങ്കാളിത്തം വേണം.

എ.എം. ഷിനാസ്: അവര്‍ വായിച്ചും എഴുതിയും പഠിക്കണം. അധ്യാപകര്‍ പറഞ്ഞുകൊടുക്കുന്ന നോട്ടിന്റെ കേട്ടെഴുത്ത് പോരാ. ലൈബ്രറിയില്‍ ചെന്നിരുന്ന് പുസ്തകങ്ങള്‍ തിരഞ്ഞെടുത്ത് വായിക്കണം. വായിച്ചത് ചുരുക്കിയെഴുതുമ്പോഴാണ് കുറച്ചെങ്കിലും മനസ്സിലാവുക. അത് പഠിച്ച് പ്രബന്ധമാക്കി ക്ലാസ്‌റൂമിലവതരിപ്പിച്ച് ചര്‍ച്ചചെയ്യണം. അങ്ങനെയാണ് പഠനം നടക്കേണ്ടത്. ഓരോ കോഴ്സിനും കുറഞ്ഞത് മൂന്നുതവണയെങ്കിലും അതുപോലുള്ള ജോലികള്‍ ചെയ്യേണ്ടതുണ്ട്. ചെറിയചെറിയ പ്രോജക്ടുകള്‍ ചെയ്യുകയാണ് മറ്റൊരു പഠനമാര്‍ഗം. പ്രോജക്ടുകളൊക്കെ ഇപ്പോള്‍ത്തന്നെയുണ്ട്. അതിന്റെ രീതിയെപ്പറ്റി പറയാതിരിക്കുന്നതാണ് നല്ലത്. ഇതൊക്കെ വേണ്ടരീതിയില്‍ ഇവിടെ എന്നെങ്കിലും സാധ്യമാകുമെന്ന് മാഷ് പ്രതീക്ഷിക്കുന്നുണ്ടോ?

രാജന്‍ ഗുരുക്കള്‍: സാധ്യമാവണം. അല്ലാത്തപക്ഷം നമ്മുടെ പിന്നാക്കാവസ്ഥ കൂടുതല്‍ വഷളായ രീതിയില്‍ തുടരും. പ്രോജക്ടുകള്‍ വിദ്യാര്‍ഥികള്‍ സ്വയം ചെയ്യണം. വിദ്യാര്‍ഥികളുടെ അവതരണവും ചര്‍ച്ചയും അതില്‍ പ്രധാനമാണ്. ഫലപ്രദമായ പഠനത്തിന് സഹപാഠികളുടെയും അധ്യാപകരുടെയും തുടര്‍ച്ചയായ പ്രതികരണവും പിന്തുണയും അത്യാവശ്യമാണ്. അത് വിലയിരുത്തലായിരിക്കും യഥാര്‍ഥ മൂല്യനിര്‍ണയം. അത് കുറ്റമറ്റ രീതിയിലും സുതാര്യമായും ചെയ്യുന്നതിന് ഡിജിറ്റല്‍ സാങ്കേതികവിദ്യകള്‍ ഇന്നുണ്ട്. ഈ രീതിയിലുള്ള പഠനവും വിലയിരുത്തലും സുഗമമാക്കാന്‍ ഇന്ന് ഇന്റര്‍നെറ്റ് അധിഷ്ഠിത ഇലക്ട്രോണിക് ഉപാധികള്‍ സുലഭമാണ്. ആപ്പുകള്‍, കണ്‍സെപ്റ്റ് മാപ്പുകള്‍, മൈന്‍ഡ് മാപ്പുകള്‍, ഇന്‍ഫോഗ്രാഫുകള്‍, ഇന്‍പുട്ട് ടെക്സ്റ്റുകള്‍, ഇലക്ട്രോണിക് ഫയലുകള്‍, ഇമേജുകള്‍, മള്‍ട്ടിമീഡിയ ബ്ലോഗ് എന്‍ട്രികള്‍, ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍, ഹൈപ്പര്‍ലിങ്കുകള്‍ അങ്ങനെ പലതും. 'നാഷണല്‍ മിഷന്‍ ഓണ്‍ എജുക്കേഷന്‍ ത്രൂ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍ ടെക്‌നോളജി' (NMEICT), 'നാഷണല്‍ പ്രോഗ്രാം ഓണ്‍ ടെക്‌നോളജി എന്‍ഹാന്‍സ്ഡ് ലേണിങ്' (NPTEL) തുടങ്ങിയവ ഈ മേഖലയെ ദേശീയതലത്തില്‍ പുഷ്ടിപ്പെടുത്തുന്നു. ഡിജിറ്റല്‍ ലൈബ്രറിപോലുള്ള 'ഓപ്പണ്‍ എജുക്കേഷണല്‍ റിസോഴ്‌സുകള്‍', ഇഷ്ടമുള്ളത് സ്വതന്ത്രമായി പഠിക്കാന്‍ 'മാസീവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്സുകള്‍' (MOOC) എന്നിവയും മറ്റും ലഭ്യമാണ്. പാഡ്ലെറ്റ്, മിറോ, വിംസിക്കല്‍ മുതലായ 'പ്രവര്‍ത്തന പ്ലാറ്റ്‌ഫോമുകള്‍' ഫലപ്രദമായ 'വെര്‍ച്വല്‍ വര്‍ക്ക്‌സ്പെയ്‌സുകള്‍' എന്നിവ വേറെയും. ഇരുപത്തൊന്നാംനൂറ്റാണ്ടിലെ വിദ്യാര്‍ഥികള്‍ക്ക് വേണ്ട കഴിവുകള്‍ വികസിപ്പിക്കാന്‍ പോന്നവയാണ് ഇവയെല്ലാം.

എ.എം. ഷിനാസ്: ഉന്നതവിദ്യാഭ്യാസ കൗണ്‍സിലും ഡിജിറ്റല്‍ സര്‍വകലാശാലയും സഹകരിച്ചുകൊണ്ട് രണ്ടുവര്‍ഷമായി ഡിജിറ്റല്‍ സാങ്കേതികവിദ്യകളില്‍ അധ്യാപകര്‍ക്കും കോളേജുകള്‍ക്കും പരിശീലനം നല്‍കിവരുന്നുണ്ടെന്നറിയാം. ഡിജിറ്റല്‍ എനേബിള്‍മെന്റ് എന്നപേരില്‍ ആരംഭിച്ച പ്രസ്തുത സംരംഭം എല്ലാ കോളേജുകളെയും ഇതിന് പ്രാപ്തമാക്കുന്ന 'ഡിജികോള്‍' എന്ന പദ്ധതി ഒന്നരവര്‍ഷം മുന്‍പാണ് ഉന്നതവിദ്യാഭ്യാസമന്ത്രി ഉദ്ഘാടനം ചെയ്തത്. ഡിജിറ്റല്‍ സാങ്കേതികവിദ്യകളുടെ വികാസം സര്‍വകലാശാലകളെയും കോളേജുകളെയും ഇ.ആര്‍.പി. (എന്റര്‍പ്രൈസ് റിസോഴ്സ് പ്ലാനിങ്) ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സംരംഭകസ്ഥാപനങ്ങളാക്കി വരുകയാണ്. സ്ഥാപനങ്ങളുടെ സേവനശേഷി മെച്ചപ്പെടുത്തുന്നതിനും കൃത്യനിഷ്ഠവും സമയബന്ധിതവും ഫലപ്രദവുമാക്കുന്നതിനും അധ്യയന അധ്യാപന പ്രക്രിയകളില്‍ സുതാര്യതയും കാര്യക്ഷമതയും വര്‍ധിപ്പിക്കുന്നതിനും ഇത് സഹായിക്കും. എങ്കിലും ഇതൊരു വ്യാവസായിക രീതിയല്ല?  

രാജന്‍ ഗുരുക്കള്‍: സൂചിപ്പിക്കുന്ന വിമര്‍ശചിന്ത ഞാന്‍ മനസ്സിലാക്കുന്നു. പക്ഷേ, കാലഘട്ടം വേറെയാണ്. മേല്പറഞ്ഞ സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്നതില്‍ വിദ്യാര്‍ഥികളെ പ്രാപ്തരാക്കലാണ് ഇനി അധ്യാപകരുടെ ഒരു പ്രധാന ഉത്തരവാദിത്വം. അതായത് ഡിജിറ്റല്‍ ഉപാധികള്‍ ഉപയോഗിക്കാന്‍ ആദ്യം അധ്യാപകര്‍ പ്രാപ്തരായിരിക്കണം എന്നര്‍ഥം. രണ്ടുവര്‍ഷമായി കൗണ്‍സില്‍ അതിനുള്ള പരിശീലനം നല്‍കിവരുകയാണ്. വിദ്യാര്‍ഥികള്‍ക്ക് സ്വയം പഠിക്കാവുന്ന ടോപ്പിക്കുകളില്‍ പ്രസംഗം നടത്തി സമയം പാഴാക്കുന്നതിന് പകരം അധ്യാപകര്‍ ഇത്തരം കാര്യങ്ങളില്‍ സഹായിക്കുകയാണ് വേണ്ടത്. വിദ്യാര്‍ഥികളുടെ പഠനപ്രക്രിയയില്‍ ഫീഡ്ബാക്ക് നല്‍കുന്നതിന് അധ്യാപകര്‍ ഇനി പരമാവധിസമയം ചെലവഴിക്കേണ്ടതുണ്ട്. സങ്കീര്‍ണ വിഷയങ്ങളില്‍ പണ്ഡിതോചിത പ്രഭാഷണം തയ്യാറാക്കുന്നതിനും സമയത്തിന്റെ നല്ലൊരുഭാഗം ഇനി അധ്യാപകര്‍ ഉപയോഗിക്കേണ്ടിവരും. വിദ്യാര്‍ഥികള്‍ക്കിഷ്ടമുള്ള വിഷയങ്ങള്‍ പഠിക്കുന്നതിലും കഴിവുകള്‍ വികസിപ്പിക്കുന്നതിലും സങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്നതിലും സഹായിക്കുകയും സ്വാധീനം ചെലുത്തുകയും ചെയ്യുന്ന ഉപദേശകരും പണ്ഡിതരുമായിരിക്കും ഇനിയവര്‍. സര്‍വകലാശാലകളും കോളേജുകളും ഓപ്പണ്‍സോഴ്സ് ലേണിങ് മാനേജ്മെന്റ് സിസ്റ്റം (LMS) വഴി വിദ്യാര്‍ഥികളുടെ പഠനപദ്ധതിയും അധ്യാപകരുടെ കൃത്യനിര്‍വഹണവും ചിട്ടപ്പെടുത്തണം. ഓരോ സ്ഥാപനവും ഘങടന്റെ ഭാഗമായി ലേണിങ് പ്ലാന്‍ വികസിപ്പിക്കേണ്ടതുണ്ട്. അത് സ്ഥാപനങ്ങള്‍, താത്പര്യമുള്ള കമ്യൂണിറ്റികള്‍, ടീമുകള്‍, വ്യക്തികള്‍ എന്നിവര്‍ പഠനസഹായികളായി കണ്ണിചേര്‍ക്കുന്നതിനുതകണം. വിഷയങ്ങള്‍ക്കുള്ള ഉറവിടങ്ങള്‍ ഓണ്‍ലൈനിലും കാമ്പസ് മോഡുകളിലും കൈകാര്യം ചെയ്യേണ്ടത് ഘങട വഴിയാണ്. ഓണ്‍ലൈന്‍ പഠനങ്ങള്‍ക്കുള്ള നിര്‍ദേശങ്ങള്‍ ഘങടല്‍ പോസ്റ്റ് ചെയ്യുകയും ഓണ്‍ലൈനിലും മുഖാമുഖപഠനത്തിലും പ്രതിഫലിക്കുകയും വേണം. LMS ഇനി അധ്യാപന-അധ്യയന പ്രവര്‍ത്തനങ്ങളുടെ ഫെസിലിറ്റേറ്റര്‍ മാത്രമല്ല, മൂല്യനിര്‍ണയം, സുതാര്യമാക്കുന്ന രേഖകൂടിയാണ്. ഇത്തരം എല്ലാ പ്രവര്‍ത്തനങ്ങളെയും അധ്യാപന പഠനസമയമായി കണക്കാക്കണമെന്നാണ് നിര്‍ദേശം.

എ.എം. ഷിനാസ്: പഠനം വെറും സാങ്കേതികവിദ്യകളുടെ പ്രയോഗമാണോ? ചാറ്റ്-ജി.പി.ടി. ഉപയോഗിക്കുന്നതില്‍ ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ പരിശീലനം നല്‍കുന്നുണ്ടെന്നും കേരളത്തിനകത്തും പുറത്തും ഉള്ള പതിനായിരത്തില്‍പ്പരം അധ്യാപകര്‍ ഇതിനകം പരിശീലനം നേടിയെന്നും കേട്ടു. നിര്‍മിതബുദ്ധികൊണ്ടുള്ള ഇത്തരം കസര്‍ത്ത് മതിയെങ്കില്‍ പിന്നെ മാഷ് നേരത്തേ പറഞ്ഞ പണ്ഡിതരെന്തിനാണ്? ആഴത്തിലുള്ള പഠനവും വിമര്‍ശോന്മുഖ ചിന്തയും വളര്‍ത്തുകയല്ലേ പ്രധാനം? അമിത സാങ്കേതികവിദ്യാവത്കരണം പല പ്രശ്‌നങ്ങള്‍ ഉണ്ടാക്കില്ലേ? എനിക്കിത് യോജിപ്പുള്ള കാര്യമല്ലെന്ന് തുറന്നുപറയട്ടെ. ഡിജിറ്റല്‍ ഡിവൈഡ് ഉയര്‍ത്തുന്ന സാമൂഹികനീതിയുടെ പ്രശ്‌നമുണ്ട്.

രാജന്‍ ഗുരുക്കള്‍: ഇത് ഞാനും പുരികംചുളിക്കുന്ന വിഷയമാണ്. വിമര്‍ശോന്മുഖ ചിന്ത വളര്‍ത്താനല്ലാതെ എല്ലാവരെയും റാഡിക്കലൈസ് ചെയ്യാന്‍ വിദ്യാഭ്യാസനയത്തിന് കഴിയില്ല. അതിനധികാരവുമില്ല. ഡിജിറ്റല്‍ സങ്കേതവും ഉപാധികളും കുട്ടികളുടെ ആഴത്തിലുള്ള പഠനം എളുപ്പമാക്കുകയാണെന്ന കാര്യത്തില്‍ സംശയമില്ല. ത്രിമാന എ.ആര്‍., വി.ആര്‍. ഹെഡ്‌സെറ്റുകളും സോഫ്റ്റ്‌വെയര്‍ സൊല്യൂഷനുമുള്ള സിംലാബും വെര്‍ച്വല്‍ ലാബും സ്വതന്ത്ര ഓപ്പണ്‍ സോഴ്‌സ് സോഫ്റ്റ്‌വെയര്‍ വിദ്യാഭ്യാസവുമെല്ലാം പഠനം അനായാസമാക്കുക മാത്രമല്ല പുതിയ ജോലിസാധ്യതകള്‍ തുറക്കുകയും കൂടിയാണ്. ഡിജിറ്റല്‍മേഖലയില്‍ വലിയ അസമത്വമുണ്ട്. പക്ഷേ, ആ മേഖലയില്‍ മാത്രമായി അസമത്വം ഇല്ലാതാവില്ല. ഡിജിറ്റല്‍ സാങ്കേതികവത്കരണത്തോടൊപ്പം സാമൂഹികനീതിയും അവസരസമത്വവും കൈവിടാതെ നോക്കാം. സാങ്കേതികവിദ്യകളുടെ ജനായത്തവത്കരണത്തിന് വേഗം കൂട്ടാം. സര്‍ക്കാര്‍ ചെയ്യുന്നത് അതാണ്. ഇന്റര്‍നെറ്റ് പൗരാവകാശമാക്കി. കെ-ഫോണ്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നു. കെ-റീപ്പ് പദ്ധതി പ്രാരംഭഘട്ടത്തിലാണ്. ചാറ്റ്-ജി.പി.ടി. ഡേറ്റ അപ്പ്-ടു-ഡേറ്റ് ആക്കുന്നതനുസരിച്ച് അധ്യാപകര്‍ക്കെന്നല്ല സര്‍വകലാശാലയ്ക്കുതന്നെ താങ്ങാവുന്നതിലേറെ ചെലവുള്ളതായിരിക്കും. അതുപയോഗിക്കാന്‍ ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ അധ്യാപകര്‍ക്ക് പരിശീലനം നല്‍കുന്നതെന്തിനാണെന്ന് ചോദിച്ചാല്‍ അത്തരം സംവിധാനങ്ങള്‍ പരിചയപ്പെടാനും വിദ്യാര്‍ഥികള്‍ കുറുക്കുവഴികള്‍ തേടുന്നുണ്ടെങ്കില്‍ കണ്ടുപിടിക്കാനുമൊക്കെയാണ്. എല്ലാ ആപ്പുകളും ചെലവേറിയ കോപ്പുകളിലേക്കുള്ള കെണിയാണെങ്കിലും ചെലവില്ലാതെ ഉപയോഗിക്കാവുന്നവ ധാരാളമുണ്ട്. ഡിജിറ്റല്‍ വിപ്ലവത്തെ നമുക്ക് ചെറുക്കാനാവില്ല. എലിസബത്ത് കൂബ്ലര്‍ മാറ്റത്തോടുള്ള മനോഭാവത്തെ ഉഅആഉഅ എന്ന് വിശേഷിപ്പിച്ചത് ഇവിടെ പ്രസക്തമാണ്. ആദ്യം നിഷേധിക്കും (Deny). പിന്നെ ദേഷ്യമാണ് (Anger). അതുകഴിഞ്ഞാല്‍ വിലപേശും (Bargain). ഒടുവില്‍ വിഷാദ (Depression) പൂര്‍വം വഴങ്ങലും (Acceptance).

എ.എം. ഷിനാസ്: ഡിജിറ്റല്‍ സാങ്കേതികവിദ്യ വ്യാപകമാവുന്നതോടെ അധ്യാപകരുടെ ജോലിപോകുമെന്ന ഭയമുണ്ട്. അതേസമയം ജോലിഭാരം കൂടുമെന്ന തിരിച്ചറിവും ചിലര്‍ക്കുണ്ട്. മാഷ് പറയുന്നതനുസരിച്ചാണെങ്കില്‍ വര്‍ക്ക് ലോഡ് കണക്കാക്കുന്ന രീതി തീര്‍ത്തും പുതിയതായിരിക്കണ്ടേ?

രാജന്‍ ഗുരുക്കള്‍: ശരിയാണ്, അധ്വാനഭാരം വര്‍ധിക്കും. പക്ഷേ, അധ്യാപകരുടെ ജോലിപോകുമെന്നത് കാര്യമറിയാതെയും കടമകളറിയാതെയുമുള്ള ഭയമാണ്. പുതിയ രീതി ഫലപ്രദമാവണമെങ്കില്‍ പണ്ഡിതരായ അധ്യാപകര്‍ ധാരാളം വേണം. അതു സര്‍ക്കാരിനറിയാം. സെമസ്റ്റര്‍ രീതി കൊണ്ടുവന്നപ്പോള്‍ സര്‍ക്കാര്‍ 1400 പുതിയ അധ്യാപകതസ്തിക സൃഷ്ടിച്ചല്ലോ. ഇപ്പോഴും അതു വേണ്ടിവരും. പക്ഷേ, പുതിയ രീതി ആദ്യം നാം നടപ്പാക്കിത്തുടങ്ങണം. സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള അധ്യാപനവും പണ്ഡിതോചിത ക്ലാസുകള്‍ തയ്യാറാക്കലും ഘങടന് ആവശ്യമായ മറ്റു വസ്തുതകള്‍ ശേഖരിക്കലും അപ്ലോഡ് ചെയ്യലുമൊക്കെ പുതിയ അധ്വാനമായി അനുഭവപ്പെടും. അതൊക്കെ കണക്കിലെടുത്ത് പുതിയ വര്‍ക്ക് ലോഡ് നിയമം ഉണ്ടാക്കേണ്ടത് അടിയന്തരാവശ്യമാണ്. അധ്യാപകര്‍ക്ക് പ്രസംഗരൂപത്തിലുള്ള വൃഥാവ്യായാമം നിര്‍ത്തി അധ്വാനഭാരം കുറയ്ക്കാം. അധ്യാപകരുടെ ജോലിഭാരം കുറയ്ക്കുന്ന മൂല്യനിര്‍ണയം വരും. കേന്ദ്രീകൃത മൂല്യനിര്‍ണയത്തിനായി പ്രോക്റ്റേര്‍ഡ് എക്‌സാമിനേഷന്‍ സൊല്യൂഷനുകളാണ് നിര്‍ദേശിച്ചിട്ടുള്ളത്. അല്ലാത്തപക്ഷം എല്ലാവിഷയങ്ങള്‍ക്കും ഓണ്‍ലൈന്‍ മൂല്യനിര്‍ണയരീതി ഉപയോഗിക്കണമെന്നുണ്ട്. ഒരു തുടര്‍ച്ചയായ പ്രക്രിയ എന്നനിലയിലുള്ള മൂല്യനിര്‍ണയത്തിനാണ് ഊന്നല്‍ നല്‍കുന്നത്. വിദ്യാര്‍ഥികേന്ദ്രീകൃതവും കഴിവിനെ അടിസ്ഥാനമാക്കിയുള്ളതുമായ സമഗ്ര മൂല്യനിര്‍ണയസംവിധാനം വരും. വര്‍ക്ക് ലോഡ് എന്ന സങ്കല്പംതന്നെ മാറും. അധ്യാപകര്‍ വിദ്യാര്‍ഥികള്‍ക്കാവശ്യമുള്ള വിഷയങ്ങള്‍ക്ക് പഠനസഹായം നല്‍കാന്‍ ബാധ്യസ്ഥരായിരിക്കും.

എ.എം. ഷിനാസ്: സാങ്കേതികവിദ്യാവിപ്ലവം വിദ്യാര്‍ഥികളുടെ സ്വാതന്ത്ര്യം നിസ്സീമമാക്കുന്ന ഒന്നാണെന്ന് വ്യക്തമാണ്. ഇത് വിദ്യാര്‍ഥികളെ ഉദാസീനരും കുറുക്കുവഴി അന്വേഷിക്കുന്നവരുമാക്കുമോ എന്ന ഭയം എനിക്കുണ്ട്. ഫോട്ടോസ്റ്റാറ്റ് വന്നതോടെ സ്വയം വായിച്ച് നോട്ടെഴുതിയെടുക്കുന്ന രീതി കുട്ടികള്‍ നിര്‍ത്തി. എന്തുകണ്ടാലും ഫോട്ടോസ്റ്റാറ്റെടുത്തുവെയ്ക്കും. ഒരിക്കല്‍പ്പോലും അവ വായിച്ചുനോക്കില്ല. ഗവേഷണവിദ്യാര്‍ഥികളുടെപോലും സ്വഭാവം അതായിരുന്നു കുറച്ചുകാലം. ഇപ്പോള്‍ എല്ലാം മൊബൈലില്‍ പകര്‍ത്തിവെയ്ക്കാം. സാങ്കേതികവിപ്ലവം ഈരീതിയില്‍ സംഗതി എളുപ്പമാക്കുകയാണ്. വായന നീട്ടിവെയ്ക്കുന്നതിനാണ് ഇതൊക്കെ സഹായിക്കുന്നത്. ഈ സ്വാതന്ത്ര്യം പഠിക്കുന്നതിനാണോ പഠനത്തില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കുന്നതിനാണോ ഉപകരിക്കുക എന്ന ചോദ്യമാണ് എന്റെ മനസ്സില്‍ തോന്നുന്നത്.  

രാജന്‍ ഗുരുക്കള്‍: ഷിനാസ് ആശങ്കപ്പെടുന്നപോലെ വിദ്യാര്‍ഥികള്‍ സാങ്കേതികവിദ്യ കുറുക്കുവഴിയാക്കിയാല്‍ അവരെ കാത്തിരിക്കുന്നത് അടിമത്തമാണ്. വിദ്യാഭ്യാസപരിഷ്‌കാരങ്ങളുടെ കാതലായ വശം വിദ്യാര്‍ഥികളുടെ സ്വാതന്ത്ര്യമാണ്. ഇഷ്ടമുള്ള വിഷയം തിരഞ്ഞെടുക്കാനും അത് എവിടെ, എപ്പോള്‍, ഏതൊക്കെ കോഴ്‌സുകളെടുത്ത്, ഏതുരീതിയില്‍ പഠിക്കണം എന്നു തീരുമാനിക്കാനും വിദ്യാര്‍ഥികള്‍ക്ക് സ്വാതന്ത്ര്യം നല്‍കണമെന്നാണ് യു.ജി.സി. നിര്‍ദേശിക്കുന്നത്. ഈ സ്വാതന്ത്ര്യം സംരക്ഷിച്ചുവേണം സര്‍വകലാശാലകള്‍ നാലുവര്‍ഷ ബിരുദപദ്ധതി നടപ്പിലാക്കാന്‍. അതിനുള്ള നടപടിക്രമമാണ് ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ ശുപാര്‍ശചെയ്തിരിക്കുന്നത്. അധ്വാനിച്ചു ശീലമില്ലാത്ത വിദ്യാര്‍ഥികള്‍ ഇതോടെ പഠനം കഠിനാധ്വാനമാണെന്നു തിരിച്ചറിയും. ഇനി ഗ്രെയ്‌സ് മാര്‍ക്കും മോഡറേഷനും വെറുതേ മാര്‍ക്കിടലും നടക്കില്ല. പഠിച്ച് സ്വന്തം കഴിവിന് മാറ്റുകൂട്ടുകയേ വഴിയുള്ളൂ. പക്ഷേ, ഡിജിറ്റല്‍ സാങ്കേതികവിദ്യകള്‍ അവര്‍ക്കു സഹായമായുണ്ട്. ഡിജിറ്റല്‍ സാങ്കേതികവിദ്യകളുടെ സഹായത്തോടെ നെറ്റ്‌വര്‍ക്കിലൂടെ ഓരോ വിഷയത്തിലെയും ആഗോളവിദ്യാര്‍ഥിസമൂഹത്തിന്റെ ഭാഗമാവാനും അവരുമായുള്ള സംവാദംവഴി അറിവുനേടാനും കഴിവുകള്‍ വികസിപ്പിക്കാനും കഴിയും. അതിനു മെനക്കെടാനാവാത്ത വിദ്യാര്‍ഥികള്‍ ഏറെദൂരത്തേക്കാണ് പിന്തള്ളപ്പെടുക. ഓണ്‍ലൈനില്‍ പ്രശസ്തപണ്ഡിതരുടെ ക്ലാസുകള്‍ ലഭ്യമാണ്. സ്വയം മനസ്സിരുത്തി പഠിക്കാന്‍ ഇന്ന് ധാരാളം അറിവിന്റെ റിപ്പോസിറ്ററികളുണ്ട്. ചാറ്റ്ജിപിടി പോലുള്ള കുറുക്കുവഴികളുമുണ്ട്. പക്ഷേ, അതിനും സഹായകം സാങ്കേതികവിദ്യയാണ്. കോപ്പിയടി തിരിച്ചറിയാന്‍ ഇപ്പോള്‍ത്തന്നെ പല സോഫ്റ്റ്‌വെയറുകളുണ്ടല്ലോ. പഠനപുരോഗതി നിരീക്ഷിക്കാനും തിരിച്ചറിയാനും വിലയിരുത്താനും കഴിവുള്ള പണ്ഡിതരുള്ള ഒരു വ്യവസ്ഥയായിരിക്കും ഇനിയുണ്ടാവുക. 

എ.എം. ഷിനാസ്: ഒരുകാര്യംകൂടി. നിര്‍മിതബുദ്ധി അടിസ്ഥാനമാക്കിയുള്ള അധ്യാപന-അധ്യയന ഉപാധികള്‍ക്ക് പരിമിതിയുണ്ട്. നിര്‍മിതബുദ്ധിക്ക് വിമര്‍ശോന്മുഖവും സര്‍ഗാത്മകവും ആവാന്‍ കഴിയില്ല. യഥാര്‍ഥ മനുഷ്യബുദ്ധിക്കല്ലേ വിമര്‍ശചിന്തയും സര്‍ഗശേഷിയുമുണ്ടാവൂ? 

രാജന്‍ ഗുരുക്കള്‍: സഹൃദയരെ കോരിത്തരിപ്പിക്കുന്ന കവിതയോ കഥയോ സര്‍ഗാത്മകസൃഷ്ടികളോ രചിക്കാനും നിലവിലുള്ളതിനെ വിമര്‍ശിക്കാനും തള്ളാനും പുതിയതു സൃഷ്ടിക്കാനും നിര്‍മിതബുദ്ധിക്കു കഴിയും. അനേകം ബുദ്ധിയുടെ ഒന്നിക്കലാണ് നിര്‍മിതബുദ്ധി. അതിനോടു മത്സരിക്കാന്‍ ഒരു വ്യക്തിയുടെ ബുദ്ധിക്കാവില്ല. ഉദാഹരണത്തിന് ഝഞ ഇീറല തിരിച്ചറിയുന്ന വേഗത്തോട് നമുക്കാര്‍ക്കെങ്കിലും മത്സരിക്കാനാവുമോ? സങ്കീര്‍ണഗണിതത്തില്‍ കംപ്യൂട്ടറിനോടു മത്സരിക്കാന്‍ നമ്മുടെ എത്ര ഗണിതജ്ഞര്‍ക്കു കഴിയും? കൃത്രിമബുദ്ധി പ്രവൃത്തിക്കുന്നത് മനുഷ്യര്‍ മുന്‍കൂട്ടി തയ്യാറാക്കിയ ഡേറ്റയനുസരിച്ചാണെങ്കിലും അത്രവേഗത്തില്‍ ഡേറ്റ പ്രോസസ് ചെയ്യാന്‍ ഒരുവ്യക്തിയുടെ ബുദ്ധിക്ക് സാധ്യമല്ല. എന്നാല്‍, മനുഷ്യബുദ്ധിയില്‍നിന്നു സ്വതന്ത്രമായ നിര്‍മിതബുദ്ധി ഇതുവരെ ഉണ്ടായിട്ടില്ല. ഇനിയും ഏറെക്കാലം മനുഷ്യബുദ്ധിതന്നെ മുന്നിട്ടുനില്‍ക്കും. ഏതായാലും അനേകം നിര്‍മിതബുദ്ധിയുടെ സൂക്ഷ്‌മോപകരണങ്ങള്‍ ഓരോ വ്യക്തിയിലും സന്നിവേശിപ്പിച്ചേ മനുഷ്യബുദ്ധിക്ക് ഇനി സങ്കീര്‍ണവിഷയങ്ങള്‍ കൈകാര്യംചെയ്യാനാവൂ.  

എ.എം. ഷിനാസ്: ആദ്യമൊക്കെ ഫ്രീയായിരിക്കുമെങ്കിലും എല്ലാ ആപ്പുകളും കോപ്പുകളും വലിയ പണച്ചെലവുള്ളതായി മാറുന്നതാണല്ലോ നാം കാണുന്നത്? ഈ സൗകര്യങ്ങളൊക്കെ ആര്‍ക്ക് സജ്ജമാക്കാന്‍ കഴിയും? ഭൂരിഭാഗം കോളേജുകള്‍ക്കും കഴിയില്ല. സര്‍വകലാശാലകള്‍ക്കുപോലും അത് താങ്ങാനാവില്ല.

രാജന്‍ ഗുരുക്കള്‍: ഇതിനൊക്കെ ആവശ്യമായ സജ്ജീകരണങ്ങള്‍ സര്‍വകലാശാലകള്‍ ലഭ്യമാക്കണം. എല്ലാം വിദ്യാര്‍ഥികളുടെയും സ്വാതന്ത്ര്യത്തിന്റെ ഭാഗമാണത്. ഇഷ്ടമുള്ള വിഷയം, ഇഷ്ടമുള്ളപ്പോള്‍, ഇഷ്ടമുള്ള രീതിയില്‍ പഠിക്കാനും മികവുനേടാനുമുള്ള സ്വാതന്ത്ര്യം. ഒരിടത്തില്ലെങ്കില്‍ ഉള്ളിടത്തേക്ക് നീങ്ങാനും ഓണ്‍ലൈനായി കോഴ്‌സുകള്‍ ചെയ്യാനും തൊഴില്‍ ചെയ്തുപഠിക്കാനും താത്പര്യമെങ്കില്‍ ഗവേഷണമേഖലയില്‍ പരിശീലനം നേടാനും വിദ്യാര്‍ഥികള്‍ക്ക് അവകാശമുണ്ട്. ഒരു സര്‍വകലാശാലയില്‍നിന്ന് കരസ്ഥമാക്കിയ ക്രെഡിറ്റുമായി രാജ്യത്തെവിടെയുള്ള സര്‍വകലാശാലകളിലേക്കും മാറാനും നേടിയ ക്രെഡിറ്റുകള്‍ ദേശീയ അക്കാദമിക് ക്രെഡിറ്റ് ബാങ്കില്‍ നിക്ഷേപിച്ച് ഇഷ്ടമുള്ള സര്‍വകലാശാലയ്ക്ക് കൈമാറി അവിടത്തെ ഡിഗ്രി കരസ്ഥമാക്കാനും അവര്‍ക്ക് സ്വാതന്ത്ര്യമുണ്ട്. ഓപ്പണ്‍ സോഴ്സ് സോഫ്റ്റ്‌വെയര്‍ വഴി സ്വന്തം താത്പര്യവും ജിജ്ഞാസയും ലക്ഷ്യവുമനുസരിച്ച് പഠനം തുടരാനും അനുഭവത്തിലൂടെ പ്രവര്‍ത്തനശേഷി ആര്‍ജിക്കാനും കഴിയണം. ഇതിനെല്ലാം സര്‍വകലാശാലകള്‍ അന്തരീക്ഷമൊരുക്കണമെന്നാണ് നിര്‍ദേശം. ഇങ്ങനെയുള്ള സ്വാതന്ത്ര്യവും അവകാശവും വിദ്യാര്‍ഥികള്‍ അടിസ്ഥാനസൗകര്യമായി ആവശ്യപ്പെടണം. ചുരുക്കത്തില്‍ ഉന്നതവിദ്യാഭ്യാസം വിദ്യാര്‍ഥികള്‍ക്ക് സ്വതന്ത്രമായി മുന്നേറാവുന്ന രംഗമായിമാറുകയാണ്. ഇരുപത്തൊന്നാംനൂറ്റാണ്ടിനാവശ്യമായ കഴിവുകള്‍ നേടാന്‍ വഴിയൊരുക്കുകയെന്നത് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കടമയാണ്.

എ.എം. ഷിനാസ്: ഇതിനൊക്കെ ഇന്നത്തെ നിയമങ്ങളും ചട്ടങ്ങളും മതിയോ?

രാജന്‍ ഗുരുക്കള്‍: അതെ, സര്‍വകലാശാലകളുടെ പഴയ രീതിയും ചട്ടങ്ങളും പോരാ. അവയിലൂടെ വിദ്യാര്‍ഥികളുടെ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടില്ല. പുതിയ നിയമങ്ങളും ചട്ടങ്ങളും ആവശ്യമാണ്. ഷിനാസ് ആശങ്കപ്പെടുന്നപോലെ, നമ്മുടെ സര്‍വകലാശാലാ നിയമങ്ങളും ചട്ടങ്ങളും അറുപഴഞ്ചനാണ്. അവ മാറ്റുക എളുപ്പമല്ല. പക്ഷേ, അധികകാലം ഇതുപോലെ തുടരാനാവില്ല. ആവശ്യമായ പല ചട്ടങ്ങളും ദേശീയാടിസ്ഥാനത്തില്‍ യു.ജി.സി. നിര്‍ദേശങ്ങളായി വന്നുകഴിഞ്ഞിട്ടുണ്ട്. പിന്നെ, ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ നാലുവര്‍ഷ ബിരുദപഠനത്തിനുവേണ്ടി തയ്യാറാക്കിയിട്ടുള്ള റെഗുലേഷനുകള്‍ മിക്കവാറും പുതിയ ചട്ടങ്ങളാണ്. അവമാത്രം പോരാ. ഇനിയുള്ളതൊക്കെ വിദ്യാര്‍ഥികള്‍ അവരുടെ സ്വാതന്ത്ര്യത്തിന്റെ ഭാഗമായി അവകാശപ്പെടേണ്ടവയാണ്. അതുണ്ടാവും. നാലുവര്‍ഷബിരുദം ഇതിനെല്ലാം തുടക്കംകുറിക്കണമെന്നാണ് കണ്ടിട്ടുള്ളത്.

എ.എം. ഷിനാസ്: ഒരു പ്രശ്‌നംകൂടി പരാമര്‍ശിച്ച് നമുക്ക് ചര്‍ച്ചയവസാനിപ്പിക്കാം. കുട്ടികളും രക്ഷിതാക്കളും ഒരുപോലെ ആശങ്കപ്പെടുന്ന ഒന്നാണ് കോളേജുകളിലെ നാലുവര്‍ഷബിരുദം. മത്സരപ്പരീക്ഷയിലൂടെ പ്രവേശനം നേടുന്ന ദേശീയസ്ഥാപനങ്ങളായ ഐ.ഐ.ടി., ഐ.ഐ.എസ്സി., ഐ.ഐ.എം., ഐ.ഐ.എസ്.ഇ.ആര്‍., ഐ.ഐ.എച്ച്.എം. തുടങ്ങിയവയെപ്പറ്റി പലര്‍ക്കുമറിയാം. എന്ത് പഠിക്കണം, എന്താവണം എന്നത് കുട്ടികളെക്കാള്‍ ഇന്ന് രക്ഷിതാക്കളുടെ ആകാംക്ഷയാണ്. കൊച്ചി എഫ്.എമ്മില്‍ കുട്ടികളല്ല, രക്ഷിതാക്കളാണ് പി.ആര്‍. വെങ്കിട്ടരാമനോട് ഉപദേശം ചോദിക്കുന്നത്. മേല്‍പ്പറഞ്ഞ ദേശീയസ്ഥാപനങ്ങളിലേക്കുള്ള മത്സരപ്പരീക്ഷകള്‍ വിജയിക്കാത്തവരും അതിനൊന്നും പോവാത്തവരുമായ കുട്ടികള്‍ ഇനി പഠിക്കാന്‍ പോവുന്ന ഈ നാലുവര്‍ഷബിരുദം എന്താണ്?

രാജന്‍ ഗുരുക്കള്‍: ഒറ്റവാക്കില്‍ പറഞ്ഞാല്‍ 'എന്തും പഠിക്കാം, എന്തും ആവാം' എന്നതാണ് ഈ നാലുവര്‍ഷബിരുദത്തിന്റെ ഗുണം. മാത്തമാറ്റിക്സോ സയന്‍സോ സോഷ്യല്‍ സയന്‍സോ സുകുമാരകലകളോ ഏത് വിഷയവും പഠിക്കാം. നിര്‍ബന്ധമായും നേടിയിരിക്കേണ്ട മിനിമം ക്രെഡിറ്റില്‍ കുറയാത്തവിധം കുട്ടികള്‍ക്കിഷ്ടമുള്ള വിഷയമോ വിഷയങ്ങളോ പ്രധാനമായും ഐച്ഛികങ്ങളായും തിരഞ്ഞെടുത്തും പഠനം പൂര്‍ത്തിയാക്കി ഡിഗ്രി കരസ്ഥമാക്കാം. സയന്‍സ് പഠിക്കുന്നവര്‍ സാമൂഹിക-സാംസ്‌കാരിക-മാനവിക വിഷയങ്ങള്‍ പഠിച്ചുകൂടെന്നോ മറിച്ചോ വിലക്കുകള്‍ ഇനിയുണ്ടാവില്ല. ഉദാഹരണത്തിന് ഫിസിക്സിനോടൊപ്പം ചരിത്രമോ സാമ്പത്തികശാസ്ത്രമോ സംഗീതമോ നൃത്തമോ മറ്റ് കലകളോ പഠിക്കാം. ഫിസിക്സ് പഠിക്കുന്നവര്‍ നിര്‍ബന്ധമായും മാത്തമാറ്റിക്സ് ഐച്ഛികവിഷയമായി പഠിച്ചേ മതിയാവൂ എന്ന നിബന്ധന മാറും. കോംപ്ലിമെന്ററി, ഐച്ഛികം എന്ന രീതി ഇനിയില്ല. എല്ലാം കുട്ടികളുടെ ഇഷ്ടത്തിന് വിടുകയെന്നതാണ് പുതിയ നയം. ഏത് വിഷയവും അതിന്റെ പ്രായോഗികതയിലൂന്നിയാവും പഠിക്കുക. തൊഴില്‍നൈപുണ്യം ലഭിക്കാനുള്ള പ്രത്യേക പരിശീലനം അവയുടെ ഭാഗമായിരിക്കും. തൊഴിലില്‍ ഊന്നല്‍ നല്‍കിയോ ഗവേഷണത്തില്‍ ഊന്നല്‍ നല്‍കിയോ പഠിക്കാം. ഇതില്‍ ഏത് രീതിയിലും പഠനപരിശീലനങ്ങളോടെ മൂന്നുവര്‍ഷ-സാധാരണ ഡിഗ്രിയോ നാലുവര്‍ഷ-ഓണേഴ്‌സ് ഡിഗ്രിയോ കരസ്ഥമാക്കാന്‍ കഴിയും. ആദ്യവര്‍ഷം നിര്‍ബന്ധ ഫൗണ്ടേഷന്‍ കോഴ്‌സുകളാണ്.

എ.എം. ഷിനാസ്: വിദേശ സര്‍വകലാശാലകളില്‍ പൊതുവേ ഈ രീതിയാണ്. അവിടങ്ങളില്‍ ഫൗണ്ടേഷന്‍ കോഴ്‌സുകള്‍ വിഷയാന്തര-വിഷയാതീത വിജ്ഞാനമേഖലകളെ പരിചയപ്പെടുത്തുന്നവയാണ്. വിഷയങ്ങളുടെ അതിരുകള്‍ക്കുള്ളില്‍ നില്‍ക്കാത്ത കോഴ്‌സുകളാണവ. ബഹുവിഷയസമീപനമാണെങ്കിലും ഒരേസമയം വിഷയങ്ങളുടെ പരസ്പരബന്ധം വ്യക്തമാവുന്നതിന് സഹായിക്കുകയും വിഷയങ്ങള്‍ക്കിടയില്‍ നില്‍ക്കുന്ന പരിസരയാഥാര്‍ഥ്യങ്ങളിലേക്ക് ഉള്‍ക്കാഴ്ച ലഭിക്കുന്നവിധത്തില്‍ ഡിസൈന്‍ ചെയ്യുകയും ചെയ്ത കോഴ്‌സുകള്‍. ആ വിധത്തിലാണോ നാം ഉദ്ദേശിക്കുന്നത്?

രാജന്‍ ഗുരുക്കള്‍: അതെ, നാലുവര്‍ഷ ബിരുദപദ്ധതി തത്ത്വത്തിലങ്ങനെയാണ്. ഫൗണ്ടേഷന്‍ കോഴ്‌സുകള്‍ വിഷയാതീതസമീപനം പുലര്‍ത്തും. അവ വിഷയങ്ങളുടെ പരസ്പരബന്ധം ബോധ്യപ്പെടുത്തുന്നവയും വിഷയങ്ങള്‍ക്കിടയിലെ വിജ്ഞാനം നല്‍കുന്ന ഉള്‍ക്കാഴ്ചയിലൂടെ ആനുകാലിക ജീവിതപരിസരം വിശകലനം ചെയ്യുന്നവയുമായിരിക്കും. സയന്‍സിന്റെ ചരിത്രവും ദര്‍ശനവും, പാരിസ്ഥിതിക പഠനങ്ങള്‍, ഇന്ത്യന്‍ ഭരണഘടന, ഭാരതീയ വൈജ്ഞാനികരൂപങ്ങള്‍, അറിവെഴുത്തുപരിശീലനം, കംപ്യൂട്ടേഷണല്‍ സയന്‍സ്, സാമൂഹിക-മാനവിക വിഷയങ്ങള്‍, ഡേറ്റാ അനലിറ്റിക്സ് തുടങ്ങി പല വിഷയങ്ങള്‍ ഫൗണ്ടേഷന്‍ കോഴ്‌സുകളായി പഠിക്കാം. എല്ലാം ഹയര്‍ ഓര്‍ഡര്‍ കോഗ്‌നിഷന്‍ പ്രതീക്ഷിക്കുന്ന കോഴ്‌സുകളായിരിക്കും. ഫൗണ്ടേഷന്‍ കോഴ്‌സുകളുടെ പ്രധാനലക്ഷ്യം ആനുകാലിക-വൈജ്ഞാനിക മേഖലകളും വിവിധ സാങ്കേതിക കരവിരുതും പകരുകയാണ്. യുക്തിയും വിമര്‍ശോന്മുഖചിന്തയും സര്‍ഗാത്മകതയും പോഷിപ്പിക്കാനും അവ സഹായകമാവും. ധാരാളം കോഴ്‌സുകളുടെ ഒരു ബാസ്‌കറ്റാണുണ്ടായിരിക്കുക. ബിരുദത്തിന് തിരഞ്ഞെടുക്കുന്ന വിഷയത്തിന്റെ അടിസ്ഥാനമോ പോഷകമോ അല്ല ഫൗണ്ടേഷന്‍ കോഴ്‌സുകള്‍. ബിരുദത്തിന് തിരഞ്ഞെടുക്കുന്ന വിഷയങ്ങളിലോരോന്നിനും നിശ്ചിത കോര്‍ കോഴ്‌സുകളുണ്ടായിരിക്കും. അവയ്ക്ക് പുറമേ, വിദ്യാര്‍ഥി തന്റെ അഭിരുചിയനുസരിച്ച് തിരഞ്ഞെടുക്കുന്ന കോഴ്‌സുകളുടെ ഒരു വലിയ ബാസ്‌കറ്റുണ്ടായിരിക്കും. ബാസ്‌കറ്റിന് പുറത്തുള്ള കോഴ്‌സ് തിരഞ്ഞെടുക്കാനും വിദ്യാര്‍ഥികള്‍ക്ക് സ്വാതന്ത്ര്യമുണ്ടായിരിക്കും. കോര്‍ വിഷയങ്ങളുടെ പോഷകങ്ങളായിരിക്കണം ഇവയെന്ന നമ്മുടെ പഴയ ധാരണയുണ്ടാവരുത്. ഇക്കാര്യത്തില്‍ സര്‍വകലാശാലകളുടെ പരിമിതികളോ പ്രൊഫസര്‍മാരുടെ താത്പര്യങ്ങളോ അല്ല, വിദ്യാര്‍ഥികളുടെ അഭിരുചിയാണ് പ്രധാനം. വിദ്യാര്‍ഥികള്‍ക്ക് മറ്റ് സര്‍വകലാശാലകളില്‍നിന്നോ കോളേജുകളില്‍നിന്നോ ഐച്ഛിക കോഴ്‌സുകള്‍ നേരിട്ടോ ഓണ്‍ലൈനായോ പഠിക്കാം. സര്‍വകലാശാലകള്‍തമ്മിലും സര്‍വകലാശാലകളും കോളേജുകളും തമ്മിലും കോളേജുകള്‍തമ്മിലും ഐച്ഛിക കോഴ്‌സുകളുടെ കാര്യത്തില്‍ ധാരണകളുണ്ടാവണം. ഇങ്ങനെ കോഴ്‌സുകള്‍ ചെയ്യാനും ക്രെഡിറ്റുകള്‍ നേടാനും ആവശ്യമായ റെഗുലേഷനുകള്‍ കൗണ്‍സില്‍ ഉണ്ടാക്കിനല്‍കിയിട്ടുണ്ട്. അവ സംസ്ഥാനതല ഏകോപനം ലക്ഷ്യമാക്കിയുള്ളതാണ്. രാജ്യവ്യാപകമായ സ്റ്റുഡന്റ് മൈഗ്രേഷനും ക്രെഡിറ്റ് ട്രാന്‍സ്ഫറും അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ് സൗകര്യവും മറ്റും ഉറപ്പുവരുത്താനാണിത്.

(മാതൃഭൂമി ആഴ്ചപ്പതിപ്പ് ഏപ്രിൽ 14 ലക്കത്തിൽ പ്രസിദ്ധീകരിച്ച അഭിമുഖം)

Content Highlights: rajan gurukkal interview about four year degree