എൻ.സി.ഇ.ടി. 2024: നാലുവർഷ ഇൻറഗ്രേറ്റഡ് ടീച്ചർ എജുക്കേഷൻ പ്രോഗ്രാമുകള്‍ക്ക് അപേക്ഷിക്കാന്‍ അവസരം

കേന്ദ്ര-സംസ്ഥാന സർവകലാശാലകൾ, സ്ഥാപനങ്ങൾ എന്നിവയിൽ ചിലതിലെ നാലുവർഷ ഇൻറഗ്രേറ്റഡ് ടീച്ചർ എജുക്കേഷൻ പ്രോഗ്രാമുകളിലെ (ഐ.ടി.ഇ.പി.) 2024-25 സെഷനിലെ പ്രവേശനത്തിനായി നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ.) നടത്തുന്ന നാഷണൽ കോമൺ എൻട്രൻസ് ടെസ്റ്റി (എൻ.സി.ഇ.ടി.)ന് അപേക്ഷ ക്ഷണിച്ചു.വിവിധ സംസ്ഥാനങ്ങിലായി 64 സ്ഥാപനങ്ങളിലെ പ്രോഗ്രാമുകൾ (ബി.എ./ബി.എസ്‌സി./ബി.കോം.-ബി.എഡ്.) പരീക്ഷയുടെ പരിധിയിൽ വരുന്നു.
പട്ടികയിലെ ചില സ്ഥാപനങ്ങൾ
• ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (ഇഗ്‌നോ) • ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി.) ഖരഗ്പുർ, ഭുവനേശ്വർ, റോപർ, ജോധ്‌പുർ • നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻ.ഐ.ടി.)-ഹൈദരാബാദ്, പുതുച്ചേരി, ജലന്ധർ, തിരുച്ചിറപ്പള്ളി, അഗർത്തല, കോഴിക്കോട് • അലിഗഢ് മുസ്‌ലിം, ഡൽഹി, പോണ്ടിച്ചേരി സർവകലാശാലകൾ • മഹാത്മാഗാന്ധി അന്തർ രാഷ്ട്രീയ ഹിന്ദി വിശ്വവിദ്യാലയ (വാർധ) • ഡോ. ഹരി സിങ് ഗൗർ വിശ്വവിദ്യാലയ (സാഗർ) • മൗലാന ആസാദ് നാഷണൽ ഉറുദു യൂണിവേഴ്സിറ്റി (ഹൈദരാബാദ്) • നാഷണൽ സാൻസ്ക്രിറ്റ് യൂണിവേഴ്‌സിറ്റി (ആന്ധ്രപ്രദേശ്) • സെൻട്രൽ സാൻസ്ക്രിറ്റ് യൂണിവേഴ്സിറ്റി (ഭോപാൽ, ജയ്‌പുർ, ഗുരുവായൂർ) • കേരള, രാജസ്ഥാൻ, തമിഴ്നാട്, ഹരിയാണ, പഞ്ചാബ്, കശ്മീർ കേന്ദ്ര സർവകലാശാലകൾ • ഗുരുനാനാക് ദേവ് യൂണിവേഴ്സിറ്റി (അമൃത്‌സർ) • ഡോ. ബി.ആർ. അംബേദ്കർ യൂണിവേഴ്സിറ്റി (ഡൽഹി) • കുരുക്ഷേത്ര യൂണിവേഴ്സിറ്റി • ഗുരു ഗോബിന്ദ് സിങ് ഇന്ദ്രപ്രസ്ഥ യൂണിവേഴ്സിറ്റി (ഡൽഹി) • ശിവാജി യൂണിവേഴ്‌സിറ്റി • സാവിത്രിഭായ് ഫൂലെ പുണെ യൂണിവേഴ്സിറ്റി • റീജണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജുക്കേഷൻ (ഭോപാൽ, അജ്‌മേർ) • ഗവൺമെൻറ് കോളേജ് ഓഫ് എജ്യുക്കേഷൻ (ജമ്മു) • മാതാ സുന്ദരി കോളേജ് ഫോർ വിമൺ (ന്യൂഡൽഹി) • ശ്യാമപ്രസാദ് മുഖർജി കോളേജ് ഫോർ വിമൺ (ന്യൂഡൽഹി).
മൊത്തം സീറ്റുകൾ 6100
പരീക്ഷയുടെ പരിധിയിൽവരുന്ന സ്ഥാപനങ്ങൾ, അവയിലെ കോഴ്സുകൾ എന്നിവയുടെ പൂർണ പട്ടിക ncet.samarth.ac.in ലെ ഇൻഫർമേഷൻ ബുള്ളറ്റിനിൽ ലഭിക്കും. മൊത്തം സീറ്റുകൾ 6100.പരിഗണിക്കപ്പെടേണ്ട സ്ഥാപനങ്ങൾ, പ്രോഗ്രാമുകൾ എന്നിവ അപേക്ഷ നൽകുമ്പോൾ തിരഞ്ഞെടുക്കേണ്ടിവരും. ഇപ്രകാരം തിരഞ്ഞെടുപ്പു നടത്താത്തവരെയും സ്ഥാപനങ്ങൾ പ്രവേശനത്തിന് പരിഗണിച്ചേക്കാം എന്ന് ഇൻഫർമേഷൻ ബുള്ളറ്റിനിൽ 40-ാം പേജിൽ സൂചിപ്പിച്ചിട്ടുണ്ട്.എൻ.സി.ഇ.ടി. അപേക്ഷ നൽകുന്നതിനൊപ്പം പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന സ്ഥാപനങ്ങളുടെ വെബ് സൈറ്റ് സന്ദർശിച്ച് സ്ഥാപനത്തിന്റെ പ്രവേശനപ്രക്രിയ മനസ്സിലാക്കണം.
പരീക്ഷ
ഒബ്ജക്ടീവ് ടൈപ്പ്, മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളുള്ള മൂന്നു മണിക്കൂർ ദൈർഘ്യമുള്ള കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയായിരിക്കും. ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഉൾപ്പെടെ മൊത്തം 13 ഭാഷകളിൽ ചോദ്യപ്പേപ്പർ ലഭ്യമാക്കും. അപേക്ഷ നൽകുമ്പോൾ ഏതുഭാഷയിലെ ചോദ്യപ്പേപ്പർ വേണമെന്ന് രേഖപ്പെടുത്തും. പിന്നീട് അത് മാറ്റാൻ കഴിയില്ല. ഇംഗ്ലീഷ് ടെസ്റ്റ് ബുക്‌െലറ്റ് എല്ലാപരീക്ഷാ കേന്ദ്രങ്ങളിലും ലഭിക്കും. കേരളത്തിലെയും ലക്ഷദ്വീപിലെയും പരീക്ഷാകേന്ദ്രങ്ങളിൽ ഇംഗ്ലീഷ്, മലയാളം ചോദ്യപ്പേപ്പറുകൾ ലഭിക്കും.പരീക്ഷ ജൂൺ 12-ന് നടത്തും. അപേക്ഷകരുടെ എണ്ണം, സബ്ജക്ട് താത്‌പര്യങ്ങൾ എന്നിവ കണക്കിലെടുക്കുമ്പോൾ പരീക്ഷ, ആവശ്യമെങ്കിൽ പല ദിവസങ്ങളിൽ ദിവസേന രണ്ടുഷിഫ്റ്റിലായും നടത്തിയേക്കാം.
പരീക്ഷാഘടന, സിലബസ്
പരീക്ഷയ്ക്ക് നാലു സെഷനുണ്ടാകും. ഓരോ സെഷനിൽനിന്നും നിശ്ചിത എണ്ണം വിഷയങ്ങൾ തിരഞ്ഞെടുത്ത് അഭിമുഖീകരിക്കണം. അഭിമുഖീകരിക്കുന്ന വിഷയങ്ങൾ, അപേക്ഷ നൽകുമ്പോൾ തിരഞ്ഞെടുക്കണം.
• സെഷൻ 1: 38 ഭാഷകളിൽനിന്ന് രണ്ടെണ്ണം തിരഞ്ഞെടുക്കണം. ഓരോന്നിൽനിന്നും 23 വീതം ചോദ്യങ്ങളുണ്ടാകും. 20 വീതം ചോദ്യങ്ങൾക്ക് ഉത്തരം നൽകണം. റീഡിങ് കോംപ്രിഹൻഷൻ, ലിറ്റററി ആപ്റ്റിറ്റ്യൂഡ്, വൊക്കാബുലറി എന്നിവ വിലയിരുത്തുന്ന ചോദ്യങ്ങൾ പ്രതീക്ഷിക്കാം.
• സെഷൻ 2: 26 ഡൊമൈൻ സ്പെസിഫിക് വിഷയങ്ങളിൽനിന്ന് ചേരാനുദ്ദേശിക്കുന്ന സ്ഥാപനത്തിനനുസരിച്ച് മൂന്നെണ്ണം തിരഞ്ഞെടുക്കണം. ഓരോന്നിൽനിന്നും 28 വീതം ചോദ്യങ്ങൾ. 25 വീതം ചോദ്യങ്ങൾക്ക് ഉത്തരം നൽകണം. പന്ത്രണ്ടാം ക്ലാസ് സിലബസ് പ്രകാരമുള്ളതായിരിക്കും ചോദ്യങ്ങൾ. സിലബസ് വെബ്സൈറ്റിൽ.
• സെഷൻ 3: മൊത്തം 28 ചോദ്യങ്ങളുള്ള ജനറൽ ഭാഗം ആയിരിക്കും. അതിൽ 25 ചോദ്യങ്ങൾക്ക് ഉത്തരം നൽകണം
ഈ സെഷൻ നിർബന്ധമാണ്. ജനറൽ നോളജ്, കറൻറ് അഫയേഴ്സ്, ജനറൽ മെൻറൽ എബിലിറ്റി, ന്യൂമറിക്കൽ എബിലിറ്റി, ക്വാണ്ടിറ്റേറ്റീവ് റീസണിങ്, ലോജിക്കൽ ആൻഡ് അനലിറ്റിക്കൽ റീസണിങ് എന്നിവയിൽനിന്നുമാകും ചോദ്യങ്ങൾ.
• സെഷൻ 4: ടീച്ചിങ് അഭിരുചി അളക്കുന്ന 23 ചോദ്യങ്ങളുണ്ടാകും. അതിൽ 20 ചോദ്യങ്ങൾക്ക് ഉത്തരം നൽകണം. ഈ സെഷനും നിർബന്ധമാണ്. സയൻസ്, ആർട്സ്, മാത്തമാറ്റിക്സ്, ഫെർഫോമിങ് ആർട്സ്, ഭാഷകൾ എന്നിവയുടെ ടീച്ചിങ്ങുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ.
നാലുസെഷനുകളിലായി മൊത്തമുള്ള 181 ചോദ്യങ്ങളിൽനിന്ന് മുകളിൽ സൂചിപ്പിച്ചിട്ടുള്ള രീതിയിൽ 160 ചോദ്യങ്ങൾക്ക് ഉത്തരം നൽകണം. ശരിയുത്തരത്തിന് നാലുമാർക്ക്. ഉത്തരം തെറ്റിയാൽ ഒരു മാർക്കുവീതം നഷ്ടപ്പെടും.
പരീക്ഷാവിഷയങ്ങൾ
ഓരോ സെഷനിലുമുള്ള വിഷയങ്ങൾ: സെഷൻ 1: ഭാഷാവിഷയങ്ങൾ -38 ഭാഷകൾ: ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, ഹിന്ദി ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, അസാമീസ്, ബംഗാളി, ഗുജറാത്തി, കന്നട, മലയാളം, മറാത്തി, ഒഡിയ, പഞ്ചാബി, തമിഴ്, തെലുഗു, ഉറുദു, ഇംഗ്ലീഷ് ഫോർ കമ്യൂണിക്കേഷൻ, ഹിന്ദി ഫോർ കമ്യൂണിക്കേഷൻ, അറബിക്, ബോഡോ, ചൈനീസ്, ഡോഗ്രി, ഫ്രഞ്ച്, ജർമൻ, ഇറ്റാലിയൻ, ജാപ്പനീസ്, കശ്‌മീരി, കൊങ്കണി, മൈഥിലി, മണിപ്പുരി, നേപ്പാളി, പേർഷ്യൻ, റഷ്യൻ, സന്താലി, സിന്ധി, സ്പാനിഷ്, ടിബറ്റൻ, സാൻസ്ക്രിറ്റ്, ഗാറോ, ഖാസി, പാലി.
സെഷൻ 2: മൊത്തം 26 ഡൊമൈൻ സ്പെസിഫിക് വിഷയങ്ങൾ -അക്കൗണ്ടൻസി/ബുക്ക് കീപ്പിങ്, അഗ്രിക്കൾച്ചർ, ആന്ത്രോപ്പോളജി, ബയോളജി/ബയോളജിക്കൽ സ്റ്റഡീസ്/ബയോടെക്നോളജി/ബയോകെമിസ്ട്രി, ബിസിനസ് സ്റ്റഡീസ്, കെമിസ്ട്രി, എൻവയൺമെൻറൽ സ്റ്റഡീസ്, കംപ്യൂട്ടർ സയൻസ്/ഇൻഫർമാറ്റിക്സ് പ്രാക്ടീസസ്, ഇക്കണോമിക്സ്/ബിസിനസ് ഇക്കണോമിക്സ്, എൻജിനിയറിങ് ഗ്രാഫിക്സ്, ഓൺട്രപ്രനേർഷിപ്പ്, ഫൈൻ ആർട്സ്/ വിഷ്വൽ ആർട്സ് (സ്കൾപ്ചർ/പെയിൻറിങ്)/കൊമേർഷ്യൽ ആർട്, ജ്യോഗ്രഫി/ജിയോളജി, ഹിസ്റ്ററി, ഹോം സയൻസ്, നോളജ് ട്രഡീഷൻ - പ്രാക്ടീസസ് ഇന്ത്യ, ലീഗൽ സ്റ്റഡീസ്, മാസ് മീഡിയ/മാസ് കമ്യൂണിക്കേഷൻ, മാത്തമാറ്റിക്സ്/അപ്ലൈഡ് മാത്തമാറ്റിക്സ്, പെർഫോമിങ് ആർട്സ്, ഫിസിക്കൽ എജുക്കേഷൻ/നാഷണൽ കേഡറ്റ് കോർപ്സ് (എൻ.സി.സി.)/യോഗ, ഫിസിക്സ്, പൊളിറ്റിക്കൽ സയൻസ്, സൈക്കോളജി, സാൻസ്ക്രിറ്റ്, സോഷ്യോളജി.
സെഷൻ 3: ടീച്ചിങ് ആപ്റ്റിറ്റ്യൂഡ്.
സെഷൻ 4: ജനറൽ ടെസ്റ്റ്
വിഷയങ്ങളുടെ പൂർണ പട്ടിക ഇൻഫർമേഷൻ ബുള്ളറ്റിൻ അനുബന്ധം I-ൽ ലഭിക്കും. പരീക്ഷയുടെ സിലബസും ബുള്ളറ്റിനിലുണ്ട്.
പരീക്ഷാകേന്ദ്രങ്ങളിൽ എറണാകുളം, ഇടുക്കി, കണ്ണൂർ, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശ്ശൂർ എന്നിവയും ഉൾപ്പെടുന്നു. അപേക്ഷ നൽകുമ്പോൾ മുൻഗണന നിശ്ചയിച്ച് രണ്ട് പരീക്ഷാകേന്ദ്രങ്ങൾ തിരഞ്ഞെടുത്ത് രേഖപ്പെടുത്തണം. സ്ഥിരം മേൽവിലാസവുമായി/നിലവിലെ മേൽവിലാസവുമായി ബന്ധപ്പെട്ട സംസ്ഥാനത്തെ പരീക്ഷാകേന്ദ്രങ്ങളേ തിരഞ്ഞെടുക്കാൻ കഴിയൂ.
അപേക്ഷ
ncet.samarth.ac.in/ വഴി ഏപ്രിൽ 30-ന് രാത്രി 11.30 വരെ നൽകാം. അപേക്ഷാഫീസ് ഇതേ ദിവസം രാത്രി 11.50 വരെ അടയ്ക്കാം. അപേക്ഷയിലെ പിശകുകൾ തിരുത്താൻ മേയ് രണ്ടുമുതൽ നാലുവരെ അവസരം ലഭിക്കും.പരീക്ഷയിലെ റെക്കോഡസ് റെസ്പോൺസസ്, ഉത്തര സൂചിക എന്നിവ പരീക്ഷ കഴിഞ്ഞ് വെബ്സൈറ്റിൽ ലഭ്യമാക്കും.
സ്കോർ
പരീക്ഷകഴിഞ്ഞ് എൻ.ടി.എ. പരീക്ഷാർഥികൾക്കുലഭിച്ച സ്കോർ/ മൾട്ടിപ്പിൾ സെഷനുകളിൽ പരീക്ഷ നടത്തിയെങ്കിൽ എൻ.ടി.എ. സ്കോർ പ്രസിദ്ധപ്പെടുത്തും. എൻ.ടി.എ. സ്കോർ കണക്കാക്കുന്ന രീതി ഇൻഫർമേഷൻ ബുള്ളറ്റിനിലുണ്ട്.
റാങ്ക് പട്ടിക, പ്രവേശനം സ്ഥാപനതലത്തിൽ
അപേക്ഷ ക്ഷണിച്ച്, പരീക്ഷ നടത്തി, സ്കോർ കാർഡ് നൽകുക/സ്ഥാപനങ്ങൾക്ക് സ്കോർ വിവരങ്ങൾ നൽകുക എന്നിവവരെയുള്ള ഘട്ടങ്ങളാണ് നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ പരിധിയിൽ വരുന്നത്.
ഫലപ്രഖ്യാപനത്തിനുശേഷം, ഓരോ സ്ഥാപനത്തിലെയും പ്രവേശനത്തിനുള്ള മെറിറ്റ് പട്ടിക തയ്യാറാക്കി അവരുടേതായ സംവരണതത്ത്വങ്ങൾ, മറ്റുവ്യവസ്ഥകൾ എന്നിവ പാലിച്ച് കൗൺസലിങ് നടത്തി പ്രവേശനം നൽകുന്നത് ബന്ധപ്പെട്ട സ്ഥാപനമായിരിക്കും. അതിനാൽ പ്രവേശനകാര്യങ്ങൾക്ക് സ്ഥാപനങ്ങളുമായി ബന്ധപ്പെടണം. എൻ.ടി.എ.യ്ക്ക് പ്രവേശനപ്രക്രിയയിൽ പങ്കില്ല.
Content Highlights: NTA invites applications for NCET 2024