നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ ഗവേഷണം; അപേക്ഷ ക്ഷണിച്ചു, യോഗ്യതയും അപേക്ഷിക്കേണ്ട വിധവുമറിയാം

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ (എൻ.ഐ.ഡി.-അഹമ്മദാബാദ്) പിഎച്ച്.ഡി. ഇൻ ഡിസൈൻ പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. അഹമ്മദാബാദ്, ഗാന്ധിനഗർ, ബെംഗളൂരു കാമ്പസുകളിലെ അത്യാധുനിക ഗവേഷണ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി ഡിസൈൻ രംഗത്ത് നൂതന അറിവുകളും രീതിശാസ്ത്രങ്ങളും വികസിപ്പിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കും അധ്യാപകർക്കും പ്രൊഫഷണലുകൾക്കും അപേക്ഷിക്കാം.
ഫുൾടൈം, പാർട്ട്‌ടൈം രീതിയിൽ ഗവേഷണം നടത്താം. ഫുൾടൈം പഠനകാലയളവ് മൂന്നുമുതൽ അഞ്ചുവർഷം വരെ. പാർട്ട്‌ടൈം അഞ്ചുമുതൽ ഏഴുവർഷംവരെ. മറ്റ് സ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന പ്രൊഫഷണലുകൾക്ക് തൊഴിലുടമ നൽകുന്ന നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റോടെ പാർട്ട്‌ടൈം പ്രോഗ്രാമിൽ ചേരാം.
യോഗ്യത
പ്രവേശനത്തിനായി താഴെ പറയുന്ന അക്കാദമിക് യോഗ്യതകളിൽ ഏതെങ്കിലും ഒന്ന് നേടിയിരിക്കണം.
- അംഗീകൃത സർവകലാശാലയിൽനിന്നുള്ള ഡിസൈൻ മാസ്റ്റേഴ്സ് ബിരുദമോ എൻ.ഐ.ഡി. നൽകുന്ന പി.ജി. ഡിപ്ലോമയോ (അഡ്വാൻസ്ഡ് എൻട്രി/5.5 വർഷ/അഞ്ചുവർഷ സ്കൂൾ ലീവേഴ്സ് പ്രൊഫഷണൽ ഡിപ്ലോമ) ആർക്കിടെക്ചർ, ഫൈൻ ആർട്സ്, അപ്ലൈഡ് ആർട്സ് എന്നിവയിലൊന്നിൽ 55 ശതമാനം മാർക്കോടെയുള്ള ബിരുദാനന്തര ബിരുദവും (യു.ജി.സി. 7 പോയിന്റ് സ്‌കെയിലിൽ ’B’ ഗ്രേഡ്) അതിനൊപ്പം ഡിസൈനിൽ ബിരുദമോ ബിരുദാനന്തര ബിരുദമോ വേണം
- എൻ.ഐ.ഡി.യിൽ നിന്നുള്ള ബി.ഡിസ്. ബിരുദമോ നാലരവർഷത്തെ ഡിപ്ലോമയോ ഉള്ളവർക്ക് മൂന്നുവർഷത്തെ പ്രവൃത്തിപരിചയമോ അധ്യാപന പരിചയമോ വേണം * 55 ശതമാനം മാർക്കോടെ ഡിസൈനിൽ ലഭിച്ച എം.ഫിൽ ബിരുദം
- എൻ.ഐ.ഡി.യിലോ അംഗീകൃത സർവകലാശാലകളിലോ രണ്ടുവർഷത്തിൽ കുറയാത്ത ഫാക്കൽറ്റി ഡിവലപ്‌മെന്റ് പ്രോഗ്രാം വിജയകരമായി പൂർത്തിയാക്കിയ സർട്ടിഫിക്കറ്റ്.
തിരഞ്ഞെടുപ്പ്
ആദ്യഘട്ടത്തിൽ സമർപ്പിച്ച അപേക്ഷകളുടെ വിവരങ്ങളും സർട്ടിഫിക്കറ്റുകളും സ്ക്രീനിങ്ങിന് വിധേയമാക്കും. രണ്ടാംഘട്ടത്തിൽ, ഉദ്യോഗാർഥികൾ തയ്യാറാക്കിയ ഗവേഷണ പ്രൊപ്പോസൽ വിദഗ്‌ധസമിതി പരിശോധിച്ച് യോഗ്യരായവരെ നിശ്ചയിക്കും. അടുത്തതായി യോഗ്യത നേടിയവർക്കായി ഡിസൈൻ റിസർച്ച് ടെസ്റ്റ് നടത്തും. ഗവേഷണ അഭിരുചി, ഗണിതശാസ്ത്ര വിശകലന ശേഷി, ജനറൽ അവയർനസ് എന്നിവയാണ് പരീക്ഷയിൽ വിലയിരുത്തുന്നത്. 15 വർഷത്തിൽക്കൂടുതൽ തൊഴിൽ പരിചയമുള്ള പ്രൊഫഷണലുകൾക്ക് ടെസ്റ്റിൽനിന്ന് ഇളവ് നൽകിയിട്ടുണ്ട്. അവസാന ഘട്ടത്തിൽ നടക്കുന്ന ഓൺലൈൻ വ്യക്തിഗത അഭിമുഖത്തിലെ പ്രകടനവും പ്രൊപ്പോസലിന്റെ മൂല്യവും കണക്കിലെടുത്താണ് പ്രവേശനം.
അപേക്ഷ
www.admissions.nid.edu വഴി ഒക്ടോബർ ഒന്നിന് രാത്രി 11.59 വരെ അപേക്ഷിക്കാം. അപേക്ഷാ ഫീസായി ജനറൽ, ഇ.ഡബ്ല്യു.എസ്., ഒ.ബി.സി.-എൻ.സി.എൽ. വിഭാഗത്തിൽപ്പെട്ടവർ 5000 രൂപയും പട്ടികജാതി, പട്ടികവർഗം വിഭാഗക്കാർ 2500 രൂപയും അടയ്ക്കണം.
Content Highlights: Learn about the application process for the NID Ahmedabad PhD in design program, including deadlines, fees, and submission guidelines for prospective candida