വീട് സ്‌കൂളാക്കി ആദിത്യന്‍ കാത്തിരിക്കുന്നു, ഉഷ ടീച്ചര്‍ക്കായി

ബുധനാഴ്ചയായാല്‍ അമ്പലപ്പാറ കണ്ണമംഗലം നെല്ലിക്കുന്നത്ത് വീടിന്റെ പൂമുഖത്ത് ചക്രക്കസേരയില്‍ ആദിത്യന്‍ ഇരിക്കുന്നുണ്ടാകും. തനിക്കായി വീട്ടില്‍ സ്‌കൂളൊരുക്കുന്ന പ്രിയപ്പെട്ട അധ്യാപിക ഇ. ഉഷയെ കാത്താണ് ആ 14-കാരന്റെ ഇരിപ്പ്. മസ്‌കുലാര്‍ ഡിസ്ട്രോഫി എന്ന അസുഖം ബാധിച്ച് ജീവിതം ചക്രക്കസേരയിലായ ആദിത്യന് മൂന്നുവര്‍ഷമായി വീടുതന്നെയാണ് സ്‌കൂള്‍. പത്താംതരം വിദ്യാര്‍ഥിയായ ആദിത്യനെ സര്‍വശിക്ഷാ കേരളയുടെ ഗൃഹാധിഷ്ഠിത പഠനം പദ്ധതിപ്രകാരമാണ് ഉഷ വീട്ടിലെത്തി പഠിപ്പിക്കുന്നത്. ഉഷ ടീച്ചറും അമ്മ നിഷയും സഹോദരന്‍ അനന്തുവുമാണ് ഇപ്പോള്‍ ആദിത്യന്റെ ലോകം.
ആദിത്യന്‍ അഞ്ചാംക്ലാസുവരെ മേലൂരിലെ എ.എല്‍.പി. സ്‌കൂളില്‍പ്പോയി പഠിച്ചിരുന്നു. പിന്നീടാണ് പേശികള്‍ ശോഷിക്കുന്ന മസ്‌കുലാര്‍ ഡിസ്ട്രോഫി എന്ന അസുഖം പിടിപെട്ടത്. ഏഴുവര്‍ഷംമുമ്പ് അച്ഛന്‍ ഉണ്ണിക്കൃഷന്‍ പെട്ടെന്ന് മരിക്കുകയും ചെയ്തതോടെ ഈ കുടുംബം തകര്‍ന്നുപോയി. ഇപ്പോള്‍ അമ്മ തയ്യല്‍ജോലി ചെയ്താണ് ജീവിതം മുന്നോട്ടുനീക്കുന്നത്. അധ്യാപക സംഘടനയായ കെ.എസ്.ടി.എ.യുടെ നേതൃത്വത്തിലാണ് ഇവര്‍ക്ക് താമസിക്കാന്‍ ഈവര്‍ഷം കണ്ണമംഗലത്ത് വീട് നിര്‍മിച്ചു നല്‍കിയത്.
കഴിഞ്ഞ ഓണത്തിന് ഒറ്റപ്പാലം ബി.ആര്‍.സി.യിലെ അധ്യാപകരും വിദ്യാര്‍ഥികളും ഓണപ്പുടവയുള്‍പ്പെടെ സമ്മാനങ്ങളുമായി ആദിത്യനെ തേടിയെത്തിയിരുന്നു. പൂക്കളമൊരുക്കലും പാട്ടും പായസവിതരണവുമൊക്കെയായി അവര്‍ ആദിത്യനൊപ്പമാണ് ഓണം ആഘോഷിച്ചത്. ആദിത്യന് സ്‌കൂളിലെത്തി പഠനം തുടരണമെങ്കില്‍ ഒരു വൈദ്യുത ചക്രക്കസേര വേണം. അതിനായി സര്‍വശിക്ഷാ കേരളമുഖാന്തരം അപേക്ഷ നല്‍കിയിട്ടുണ്ടെന്ന് ഉഷ പറഞ്ഞു. സുമനസ്സുകള്‍ സഹായിച്ചാല്‍ ഇക്കാര്യം വേഗം നടക്കുമെന്ന പ്രതീക്ഷയും ഈ കുടുംബത്തിനുണ്ട്. ഫിസോയോതെറാപ്പി ചെയ്യാനുള്ള സൗകര്യവും ആവശ്യമാണ്.
വീട്ടിലിരുന്ന് പഠിക്കുന്നത് 5,772 പേര്‍
സര്‍വശിക്ഷാ കേരള പദ്ധതിയില്‍ ഭിന്നശേഷിയുള്ള 5,772 വിദ്യാര്‍ഥികളാണ് വീട്ടിലിരുന്ന് പഠിക്കുന്നത്. കഴിഞ്ഞവര്‍ഷത്തേക്കാള്‍ 220 വിദ്യാര്‍ഥികള്‍ കൂടുതലാണ്. 110 അധ്യാപകരെ കൂടുതലായി നിയമിച്ചാണ് ഇത്തവണ പഠനം കൂടുതല്‍ കുട്ടികളിലേക്കെത്തിച്ചത്. 2,886 പ്രത്യേക അധ്യാപകരാണ് ബി.ആര്‍.സി.ക്ക് കീഴില്‍ ഇപ്പോഴുള്ളത്.
Content Highlights: muscular dystrophy child special education story