ഗവർണർ-സർക്കാർ തർക്കം,വിദ്യാർഥി കുടിയേറ്റം: കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ രംഗത്തെ പ്രതിസന്ധികൾ

രണ്ടു തലത്തിലുള്ള പ്രശ്നങ്ങളെ അഭിമുഖീകരിക്കുകയാണ് കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗം. ഒന്ന്-അക്കാദമികം. രണ്ടാമത്തേത് രാഷ്ട്രീയം. അതതു കാലങ്ങളിലെ സർക്കാർ നടപടികൾ കാലത്തിനൊത്തുള്ള പരിഷ്കാരങ്ങളിലേക്ക് ഉന്നത വിദ്യാഭ്യാസത്തെ മാറ്റിയിട്ടുണ്ടെന്നത് മറച്ചുവെക്കാവുന്നതല്ല. പക്ഷേ, മലയാളി ഒരു ആഗോളസമൂഹമായി മാറിക്കഴിഞ്ഞതിനാൽ, ഇനിയുമുണ്ട് സ്വപ്നങ്ങളുടെ സഞ്ചാരദൂരം. വിദ്യാഭ്യാസം ഭരണഘടനാപരമായി കേന്ദ്ര-സംസ്ഥാന പൊതുപട്ടികയിലുള്ള വിഷയമാണെങ്കിലും സംസ്ഥാന താത്പര്യങ്ങൾക്കു വിരുദ്ധമായി കേന്ദ്രസർക്കാർ നടപടികൾ വരുന്നതാണ് മറ്റൊരു പ്രതിസന്ധി. ഗവർണറാണ് സംസ്ഥാനത്തെ സർവകലാശാലകളുടെ ചാൻസലർ. ഗവർണറെ നിയമിക്കുന്നതും നിയന്ത്രിക്കുന്നതുമൊക്കെ കേന്ദ്രസർക്കാരാണ്. ഗവർണറിലൂടെ അധികാരമുറപ്പിക്കാൻ കേന്ദ്രവും ചെറുക്കാൻ സംസ്ഥാനവും മുഖാമുഖം നിന്നതോടെ, ഏറെക്കാലമായി സംഘർഷഭൂമിയാണ് സർവകലാശാലകൾ.
ഉന്നതവിദ്യാഭ്യാസം മികവുറ്റതാക്കാൻ മുൻസർക്കാർ സ്വീകരിച്ച നടപടികൾ മികവളക്കാനുള്ള വിവിധ സർവേകളിൽ പ്രതിഫലിച്ചു. നാക് ഡബിൾ എ പ്ലസിന്റെ തിളക്കത്തിലാണ് കേരള, എം.ജി. സർവകലാശാലകൾ. കേന്ദ്രത്തിന്റെ എൻ.ഐ.ആർ.എഫ്. റാങ്കിങ്ങിൽ രാജ്യത്തെ മികച്ച 300 കോളേജുകളിൽ കേരളത്തിലെ 74 എണ്ണമുണ്ട്. ഏഷ്യൻ റാങ്കിങ്ങിൽ കേരളയും ടൈംസ് ലോകറാങ്കിങ്ങിൽ എം.ജി.യും ഇടം പിടിച്ചു. മറ്റെല്ലാ സർവകലാശാലകളും നാക്കിന്റെ എ, എ പ്ലസ് ഗ്രേഡുകൾ നേടിക്കഴിഞ്ഞു. 2017-’18-ലെ 29.8 ശതമാനത്തിൽനിന്ന് 2021-’22-ൽ 34.1 ശതമാനം എന്ന നിലയിലേക്ക് മൊത്തം വിദ്യാർഥിപ്രവേശനം മാറിയതും മികവിന്റെ അളവുകോലായി.
കോളേജ് വിദ്യാഭ്യാസം നാലുവർഷബിരുദത്തിലേക്ക് മാറി. പരീക്ഷകളും ഫലപ്രഖ്യാപനവും ഏറക്കുറെ സമയബന്ധിതമായി നടക്കുന്നു. ഇതിനായി ഏകീകൃത അക്കാദമിക കലണ്ടറും വന്നു. ഇതൊക്കെയായിട്ടും സർവകലാശാലകൾ പൂർണമായി ഏകീകൃത മികവ് കൈവരിച്ചിട്ടില്ല. തൊഴിലധിഷ്ഠിതവും കോഴ്സുകൾ ഇഷ്ടമനുസരിച്ച് മാറാൻ വഴക്കമുള്ളതുമാക്കി കോളേജ് വിദ്യാഭ്യാസം പരിഷ്കരിച്ചെങ്കിലും സ്വദേശത്തേക്കും വിദേശത്തേക്കുമുള്ള വിദ്യാർഥികുടിയേറ്റം നിയന്ത്രിക്കാൻ സാധിച്ചിട്ടില്ലെന്നതാണ് പരിമിതി. ഒരു ദശാബ്ദത്തിനുള്ളിൽ വിദേശത്തേക്കുള്ള വിദ്യാർഥി കുടിയേറ്റം ഇരട്ടിയായെന്നാണ് കണക്കുകൾ. 2016-ൽ 6.3 ലക്ഷമായിരുന്നത് ഇപ്പോൾ 13.35 ലക്ഷമായി. 2023-ലെ കണക്കനുസരിച്ച് കർണാടകയും തമിഴ്നാടും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലേക്ക് 1.32 ലക്ഷം വിദ്യാർഥികൾ പഠിക്കാൻ പോയി.
കീഴ്വഴക്കങ്ങൾക്കു വിരുദ്ധമായി ചാൻസലറായ ഗവർണർ സർവകലാശാലകളിൽ നേരിട്ടിടപെടാൻ തുടങ്ങിയതോടെ, ഏറെക്കാലമായി രാഷ്ട്രീയ ഏറ്റുമുട്ടലിന്റെ വേദിയാണ് ഉന്നത വിദ്യാഭ്യാസരംഗം. വി.സി. നിയമനംമുതൽ ഭാരതാംബവരെയുള്ള പ്രശ്നങ്ങളിൽ കഴിഞ്ഞ നാലുവർഷം വിവാദം കത്തിപ്പടർന്നു. ചാൻസലർ നിയമിച്ച വി.സി.മാർ ഒരിടത്തും ഇടതുഭരണമുള്ള സിൻഡിക്കേറ്റുകൾ മറുഭാഗത്തുമായാണ് തമ്മിലടി. തർക്കത്തിൽ സുപ്രീംകോടതി ഇടപെട്ടതിനാൽ കെ.ടി.യു., ഡിജിറ്റൽ സർവകലാശാലകളിൽ വി.സി.മാർ വന്നു. മറ്റൊരിടത്തും വി.സി.മാരായിട്ടില്ല. എം.ജി. സർവകലാശാലയിൽ താത്കാലിക വി.സി. നിയമനമാണ് ഒടുവിലത്തെ വിവാദം. വി.സി. നിയമനത്തിൽ ഇനിയുള്ള ഏതു നീക്കവും രാഷ്ട്രീയമായി വിചാരണ ചെയ്യപ്പെടും. ഇതുവരെ ചാൻസലർ ഒരു ഭാഗത്തും ഇടതുസർക്കാരും സി.പി.എം. ഭൂരിപക്ഷമുള്ള സിൻഡിക്കേറ്റും മറു ഭാഗത്തും എന്ന നിലയിലായിരുന്നു പോർവിളി. ചാൻസലർ ഒരിടത്തും യു.ഡി.എഫ്. സർക്കാർ മറുഭാഗത്തും സർവകലാശാലകളിൽ നിർണായകശക്തിയായ ഇടതുപക്ഷം മറ്റൊരു ഭാഗത്തുമായി ത്രികോണയുദ്ധമായിരിക്കും ഇനി.
ലോകത്തിനൊത്ത് മുഖംമാറ്റും
(റോജി. എം. ജോൺ, ഉന്നത വിദ്യാഭ്യാസ മന്ത്രി)
ഉന്നത വിദ്യാഭ്യാസരംഗം പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. മറ്റു സംസ്ഥാനങ്ങളിലേക്കും വിദേശത്തേക്കുമുള്ള വിദ്യാർഥികളുടെ ഒഴുക്കുതുടരുന്നു. പുറത്തേക്ക് പോകരുതെന്നുപറയാൻ നമുക്ക് അവകാശമില്ല. എങ്കിലും വിദ്യാർഥികൾ ആഗ്രഹിക്കുന്ന പാഠ്യപദ്ധതിയും തൊഴിലധിഷ്ഠിത കോഴ്സുകളും കോളേജ്-സർവകലാശാലാ സംവിധാനവുമൊക്കെ ഉണ്ടാക്കാൻ സർക്കാർ പരിശ്രമിക്കും.
കേരളത്തെ ഉന്നത വിദ്യാഭ്യാസ ഹബ്ബാക്കാനുള്ള സാധ്യത നാം പ്രയോജനപ്പെടുത്തിയിട്ടില്ല. അപൂർവം ചിലയിടങ്ങളിലുണ്ടെങ്കിലും വിദ്യാർഥികളെ ഇവിടേക്ക് ആകർഷിക്കാനായിട്ടില്ല. ഒരു ദീർഘകാല പ്രക്രിയയാണ് ഉന്നത വിദ്യാഭ്യാസത്തിലെ മാറ്റം. സ്വകാര്യമേഖലയെ സഹകരിപ്പിക്കാനും സേവനം പ്രയോജനപ്പെടുത്താനും കഴിയുമെന്നു പരിശോധിക്കും.
മുൻസർക്കാർ കൃത്യമായ തയ്യാറെടുപ്പില്ലാതെയാണ് നാലുവർഷബിരുദം നടപ്പാക്കിയത്. അതിന്റെ പ്രയാസങ്ങൾ എല്ലാതലത്തിലും നേരിടുന്നുണ്ട്. നാലുവർഷ ബിരുദത്തിന്റെ പരിഷ്കാരം അടിയന്തരമായി ഏറ്റെടുക്കും. പ്രശ്നങ്ങൾ പഠിക്കാനും മാറ്റങ്ങൾ നിർദേശിക്കാനും സമിതിയെ നിയോഗിക്കും.
പരീക്ഷാനടത്തിപ്പ് കൃത്യമായ കലണ്ടറിന്റെ അടിസ്ഥാനത്തിൽ മുന്നോട്ടു കൊണ്ടുപോകാനാകണം. വിദ്യാഭ്യാസം കൂടുതൽ തൊഴിലധിഷ്ഠിതമാകണം.
സർവകലാശാലകളുടെ ദൈനംദിന പ്രവർത്തനങ്ങൾ സുഗമമാക്കാൻ അക്കാദമിക് സിൻഡിക്കേറ്റ് രൂപവത്കരിക്കും. നയപരമായ കാര്യങ്ങളിൽ മാർഗനിർദേശം നൽകാൻ ഉന്നത വിദ്യാഭ്യാസ കൗൺസിലുണ്ട്. അക്കാദമിക് സിൻഡിക്കേറ്റ് ഈ കൗൺസിലിനു ബദലല്ല. രണ്ടും പരസ്പര പൂരകങ്ങളായി പ്രവർത്തിക്കും. ഇതൊക്കെയാണ് സർക്കാരിന്റെ മുന്നിലുള്ള അജൻഡ.
വേണം നമുക്ക് വിദേശ സർവകലാശാല
സ്വകാര്യ സർവകലാശാലയ്ക്ക് അനുകൂലമായ നിലപാടാണുള്ളത്. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ഇതിനുള്ള ശ്രമങ്ങൾ ആരംഭിച്ചതാണ്. അന്ന് ഇടതുപക്ഷമാണ് എതിർത്തതും സമരങ്ങൾ നടത്തിയതും.
ഇതിനകം പത്തുവർഷം നമുക്ക് നഷ്ടപ്പെട്ടു. ആഗോളസമൂഹമാണ് മലയാളികളെന്നതിനാൽ, ലോകത്തെ മാറ്റങ്ങളുമായി സംയോജിപ്പിച്ചുള്ള സംവിധാനത്തിലേ നമുക്കു മുന്നോട്ടു പോകാനാവൂ. എൽ.ഡി.എഫ്. സർക്കാർ സ്വകാര്യ സർവകലാശാലാ ബിൽ പാസാക്കിയെങ്കിലും ഗവർണർ അംഗീകരിച്ചില്ല. ഇപ്പോഴതു രാഷ്ട്രപതിയുടെ പരിഗണനയിലായതിനാൽ, എന്തു ചെയ്യാനാവുമെന്ന് നിയമപരമായി പരിശോധിക്കും.
വിദേശ സർവകലാശാലയിൽ നയപരമായ തീരുമാനമെടുത്തിട്ടില്ല. പക്ഷേ, പൊതുവിൽ തുറന്ന മനസ്സാണുള്ളത്.
ഉന്നതസർവകലാശാലാ വിഷയങ്ങളിൽ ചാൻസലറായ ഗവർണറുമായി തർക്കം പ്രശ്നമാണ്. അതു ബാധിക്കുന്നത് ഉന്നത വിദ്യാഭ്യാസത്തെയാണ്. പ്രത്യേക നിയമങ്ങളും ചട്ടങ്ങളും അടിസ്ഥാനമാക്കിയാണ് സർവകലാശാലകളുടെ പ്രവർത്തനം. അതിൽ പ്രൊ ചാൻസലർക്കോ വൈസ് ചാൻസലർക്കോ ഇല്ലാത്ത പല അധികാരങ്ങളും ചാൻസലർക്കുണ്ട്.
സർവകലാശാലകളുടെ ദൈനംദിന പ്രവർത്തനങ്ങളിൽ കേന്ദ്രം ഇടപെടുന്നു. എന്നാൽ, ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരാണ് സംസ്ഥാനത്തെ വിദ്യാഭ്യാസ-നയപരമായ കാര്യങ്ങൾ തീരുമാനിക്കേണ്ടത്. സർവകലാശാലയുടെ പ്രവർത്തനങ്ങൾ സുഗമമായി മുന്നോട്ടുപോകാൻ ആരുമായി സഹകരിക്കാനും ബുദ്ധിമുട്ടില്ല. ചാൻസലറായി ഗവർണർ നിൽക്കുമ്പോൾ സഹകരിച്ചു ചെയ്യേണ്ട കാര്യങ്ങളുണ്ടാകും.
രാജ്യത്ത് ഫെഡറൽ സംവിധാനമായതിനാൽ, കേന്ദ്രവുമായി ഒരുമിച്ചു ചെയ്യേണ്ട കാര്യങ്ങളുമുണ്ടാവും. പക്ഷേ, സർക്കാരിന് നിലപാടിൽ വിട്ടുവീഴ്ച ചെയ്യാനാവില്ല. കാവിവത്കരണം ആരു ശ്രമിച്ചാലും അനുവദിക്കില്ല.
ഉന്നത വിദ്യാഭ്യാസം റീബൂട്ട് ചെയ്യണം
(ഡോ. അച്യുത് ശങ്കർ, വിദ്യാഭ്യാസ വിചക്ഷണൻ, മുൻ പ്രൊഫസർ, കേരള സർവകലാശാല)
വിദ്യാഭ്യാസരംഗത്തെ പഴങ്കഥകളൊക്കെ ഉപേക്ഷിക്കുകയും ‘പൊളിറ്റിക്കൽ ക്രെഡിറ്റ് ടേക്കിങ്’ എന്ന സമീപനം മാറ്റി വരും തലമുറയ്ക്കായി ഉന്നതവിദ്യാഭ്യാസരംഗത്തെ റീബൂട്ട് ചെയ്യുക എന്നതാവണം പുതിയ സർക്കാരിന്റെ സമീപനം. ഗുണനിലവാരത്തെക്കുറിച്ചുള്ള വീക്ഷണം അക്രെഡിറ്റേഷനും ഗ്രേഡിങ്ങിനും അപ്പുറം പോകണം. വിദ്യാർഥിക്ക് ഡിഗ്രി പഠനം മുഴുവൻ ഒരു കലാലയത്തിലാവാതെ, വിദേശത്ത് ഉൾപ്പെടെ ഏതു കാമ്പസിലേക്കും അനായാസം മാറാനുള്ള സ്റ്റുഡന്റ് മൊബിലിറ്റി ലഭ്യമാക്കണം.
കാമ്പസുകളിൽ വിദ്യാർഥി വൈവിധ്യം ഉറപ്പാക്കണം. ഇതിനായി വിദേശ വിദ്യാർഥികളെ നമ്മുടെ കാമ്പസുകളിൽ എത്തിക്കാനാവണം. വിദ്യാഭ്യാസരംഗത്ത് ഡേറ്റ സൂക്ഷ്മമായി ശേഖരിക്കുകയും ഡേറ്റ ഡ്രിവൺ ഗവേണൻസ് നടപ്പാക്കുകയും വേണം. അതേസമയം, വിദ്യാർഥികളുടെ വിവരസ്വകാര്യത സംരക്ഷിക്കപ്പെടണം. അധ്യാപകർക്ക് നിരന്തരം ഡേറ്റയും റിപ്പോർട്ടും തയ്യാറാക്കി, അവസ്ഥ മെച്ചപ്പെടുത്താൻ ഓരോ പഠനവകുപ്പിലും അവരെ സഹായിക്കാൻ സ്റ്റുഡന്റ് ഇന്റേൺസിനെ ലഭ്യമാക്കണം.
സർവകലാശാലകളുടെ സ്വയംഭരണം മാനിക്കണം. കാമ്പസുകളിൽ വിദ്യാർഥികളുടെ മാനസികാരോഗ്യം ഒരു ഗൗരവ വിഷയമായി പരിഗണിക്കണം. യു.ഡി.എഫ്. പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്ത ‘സിദ്ധാർഥൻ സ്റ്റുഡന്റ് ഡിസ്ട്രസ് ആപ്പ്’ ഉടൻ ആരംഭിക്കണം.
ചോദ്യപ്പേപ്പർ തയ്യാറാക്കുന്നതിലും മൂല്യനിർണയത്തിലും നിർമിതബുദ്ധിയുടെ ഉപയോഗം പരിശോധിക്കണം. ഉമ്മൻചാണ്ടി സർക്കാർ കൊണ്ടുവന്ന സേവനാവകാശ നിയമം വിസ്മൃതമാണിപ്പോൾ. വിവരാവകാശ നിയമത്തിനു സമാനമായി സർവകലാശാലകളിലും കലാലയങ്ങളിലും ഈ നിയമത്തെക്കുറിച്ച് അവബോധവും പ്രചാരണവും ഉണ്ടാവണം.
വിദ്യാർഥിസേവനങ്ങൾ നൽകുന്ന ഇടങ്ങൾ ജെൻസീക്ക് ഇഷ്ടമുള്ള ഇടങ്ങളായി പുനർരൂപകല്പന ചെയ്യണം.
ഒട്ടേറെ പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്ന വിദ്യാഭ്യാസരംഗത്തും ഒരു ധവളപത്രം പരിഗണിക്കാവുന്നതാണ്.
Content Highlights: Despite achieving top NAAC grades and introducing flexible four-year degree programs, Kerala's higher education sector remains trapped in a fierce political tug-of-war between the Governor and the state government, failing to curb massive student migration abroad.