കീം 2025 എൻഞ്ചിനിയറിങ് പ്രവേശനം; അറിയേണ്ടതെല്ലാം

#ഡോ. എസ്. രാജൂകൃഷ്ണൻ
പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com
പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com

കേരളത്തിൽ 2025-ലെ െപ്രാഫഷണൽ കോഴ്സ് പ്രവേശനത്തിന്റെ ഭാഗമായുള്ള എൻജിനിയറിങ് (ബിടെക്) പ്രവേശനത്തിനുള്ള ഓപ്‌ഷൻ രജിസ്ട്രേഷൻ നടപടികൾ www.cee.kerala.gov.in ൽ ആരംഭിച്ചു. എൻജിനിയറിങ് റാങ്ക് പട്ടികയിലുള്ളവർക്കാണ് ഓപ്ഷൻ രജിസ്റ്റർചെയ്യാൻ അവസരം.

ഓപ്ഷൻ രജിസ്ട്രേഷൻ ഫീസ്

പ്രക്രിയയിൽ പങ്കെടുക്കാൻ രജിസ്ട്രേഷൻ ഫീസായി 2000 രൂപ അടയ്ക്കണം. അലോട്മെൻറ് കിട്ടി പ്രവേശനം നേടുന്നവരുടെ കാര്യത്തിൽ ഈ തുക അവരുടെ ട്യൂഷൻ ഫീസിൽ വരവുവെക്കും. പട്ടിക, ഒഇസി, വിജ്ഞാപനത്തിൽ സൂചിപ്പിച്ചിട്ടുള്ള മറ്റുചില വിഭാഗക്കാർ എന്നിവർ 500 രൂപ അടയ്ക്കേണ്ടതാണ്. ഇവരുടെ കാര്യത്തിൽ, പ്രവേശനംനേടുന്ന പക്ഷം ഈ തുക അവരുടെ കോഷൻ ഡിപ്പോസിറ്റൽ വകകൊള്ളിക്കും. തുക ഓൺലൈനായി അടയ്ക്കാം. കേരളത്തിലെ ഹെഡ് പോസ്റ്റ് ഓഫീസുകളിലും (പട്ടിക, വെബ്സൈറ്റിലുണ്ട്) രജിസ്ട്രേഷൻ ഫീസ് അടയ്ക്കാം.

പ്രക്രിയ പൂർത്തിയാകുമ്പോഴും അലോട്മെന്റ് ഒന്നും ലഭിക്കാത്തവർക്ക് രജിസ്ടേഷൻ ഫീ തിരികെ ലഭിക്കും. അലോട്മെൻറ് ലഭിച്ചശേഷം പ്രവേശനം നേടാത്തവരുടെ രജിസ്ട്രേഷൻ ഫീസ് പിഴയായി പരിഗണിച്ച് തിരികെ നൽകുന്നതല്ല. ഫീ അടച്ച ശേഷമേ ഓപ്ഷൻ രജിസ്ട്രേഷൻ പേജിലേക്ക് കടക്കാൻ കഴിയൂ.

മൂന്നുവിഭാഗം കോളേജുകൾ

മൂന്നുതരം കോളേജുകളാണ് അലോട്മെന്റിൽ ഉള്ളത്. സർക്കാർ (ഒൻപത് എണ്ണം)/എയ്ഡഡ് (രണ്ട്)/ഓട്ടോണമസ് എയ്ഡഡ് (ഒന്ന്) കോളേജുകൾ, കാർഷിക (ഒന്ന്)/വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് (നാല്)/ഫിഷറീസ് ആൻഡ് ഓഷ്യൻ സയൻസസ് (ഒന്ന്) സർവകലാശാലകളുടെ കോളേജുകൾ എന്നിവ ഗവൺമെൻറ് (ജി) വിഭാഗത്തിൽ പെടും.

സർക്കാർ കോസ്റ്റ് ഷെയറിങ് എൻജിനിയറിങ് കോളേജുകൾ (പഴയ സർക്കാർ നിയന്ത്രിത സ്വാശ്രയ സ്ഥാപനങ്ങൾ): ഐഎച്ച്ആർഡി-ഒൻപത്, കേപ് -ഒൻപത്, എൽബിഎസ്-രണ്ട്, കെഎസ്ആർടിസി, സിപിഎഎസ്, സിസിഇ - ഒന്നുവീതം, ഡിഎംസി കോ-ഓപ്പറേറ്റീവ് സൊസൈറ്റി (സ്വാശ്രയം), സർവകലാശാലാ നിയന്ത്രിത (കേരള, കോഴിക്കോട്) സ്വാശ്രയ എൻജിനിയറിങ് കോളേജുകൾ എന്നിവ ‘എൻ’ വിഭാഗത്തിലും (മൊത്തം 26 എണ്ണം), സ്വകാര്യ സ്വാശ്രയ എൻജിനിയറിങ് കോളേജുകൾ (96 എണ്ണം): [കെസിഇസിഎംഎ - എട്ട്, കെസിഇസിഎംഎ ഓട്ടോണമസ് - ആറ്, കെഎസ്എഫ്ഇസിഎംഎ. - 78, സ്വയംഭരണ സ്വാശ്രയം - നാല്], ‘എസ്’ വിഭാഗത്തിലും ആയിരിക്കും.

കോളേജുകളുടെ പൂർണ പട്ടിക വിജ്ഞാപനത്തിലുണ്ട്.

ഓപ്ഷൻ എന്നാൽ എന്ത്

കോളേജ് ടൈപ്പ് (ജി/എൻ/എസ്), ഒരു നിശ്ചിത കോളേജ്, അതിലെ ഒരു ബ്രാഞ്ച് എന്നിവ ചേരുന്നതാണ് പൊതുവേ ഒരു ഓപ്ഷൻ. എന്നാൽ, ചിലപ്പോൾ ഫീസും ഓപ്ഷനിൽ ഒരു ഘടകമാകാം. സർക്കാർ കോസ്റ്റ് ഷെയറിങ്/യൂണിവേഴ്സിറ്റി നിയന്ത്രിത കോളേജ് വിഭാഗത്തിൽ (എൻ) ഒരു സ്ഥാപനത്തിൽത്തന്നെ, കുറഞ്ഞ ഫീസുള്ള സീറ്റും (മെറിറ്റ് ലോവർ ഫീ സീറ്റ്), ഉയർന്ന ഫീസുള്ള സീറ്റും (മെറിറ്റ് ഫുൾ ഫീ സീറ്റ്) ഉണ്ടാകും. ഇവ ഓരോന്നും ഓരോ ഓപ്ഷൻ ആണ്.

കോളേജിനനുസരിച്ചും കോഴ്സിനനുസരിച്ചും ഫീസിൽ വ്യത്യാസമുണ്ടാകാം. ഓരോ ഓപ്ഷനുമായും ബന്ധപ്പെട്ട ഫീസ് വിവരം, സീറ്റ് ടൈപ്പ് എന്നിവ, ഓപ്ഷൻ പേജിൽ കണ്ട് മനസ്സിലാക്കി ഓപ്ഷൻ രജിസ്റ്റർചെയ്യാൻ അവസരമുണ്ട്. എൻജിനിയറിങ്ങിലെ ബ്രാഞ്ച്, കോളേജ്, സീറ്റ് തരം/ഫീസ് ഘടന തുടങ്ങിയവ പരിഗണിച്ചാണ് അപേക്ഷകർ ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യേണ്ടത്.

ഓപ്ഷൻ രജിസ്ട്രേഷൻ

ലഭ്യമായ എല്ലാ ഓപ്ഷനുകളും മൊത്തത്തിൽ പരിഗണിച്ച്, അവയ്ക്ക് ആപേക്ഷിക മുൻഗണന നിശ്ചയിച്ച്, ആ താത്‌പര്യങ്ങൾ ഓൺലൈനായി പ്രവേശനപരീക്ഷാ കമ്മീഷണറെ അറിയിക്കുന്ന പ്രക്രിയയാണ് ഓപ്ഷൻ രജിസ്ട്രേഷൻ.

• ഹോം പേജിൽ ഇടതുഭാഗത്ത് ലഭ്യമായ ഓപ്ഷനുകൾ അർഹതയയ്ക്കുവിധേയമായി ഒന്നിനുതാഴെ മറ്റൊന്നായി കാണാൻ കഴിയും. ആദ്യം, ജി വിഭാഗം തുടർന്ന്, എൻ വിഭാഗം, അവസാനമായി എസ് വിഭാഗം (ബാധകമായത്) എന്ന ക്രമത്തിൽ ഓപ്ഷനുകൾ കാണാം.

അതിലെ വിവരങ്ങൾ പരിശോധിച്ച്, അവയിൽനിന്ന്‌ മുൻഗണനാക്രമത്തിൽ സെലക്ട് ബട്ടൺ ക്ലിക്കുചെയ്ത് ഒന്നിനുപുറകെ മറ്റൊന്നായി ഓപ്ഷനുകൾ തിരഞ്ഞെടുക്കണം.

• ആദ്യപരിഗണന വേണ്ടത് ആദ്യം സെലക്ട് ചെയ്യണം. തിരഞ്ഞെടുക്കപ്പെടുന്നവ, തിരഞ്ഞെടുക്കപ്പെട്ട ക്രമത്തിൽ 1, 2, 3... എന്ന ക്രമനമ്പർ കാണിച്ച്, ഒന്നിനുതാഴെ മറ്റൊന്നായി സ്ക്രീനിന്റെ വലതുഭാഗത്ത് വരും. ഇതാണ് ഓപ്ഷൻ പട്ടിക

• തന്നെ ഏറ്റവും ആദ്യം പരിഗണിക്കപ്പെടേണ്ട ഓപ്ഷനാണ് ഒന്നാം ഓപ്ഷനായി തിരഞ്ഞെടുക്കേണ്ടത്. എന്നാൽ, അതു ലഭിക്കാതെപോയാൽ, പരിഗണിക്കേണ്ടത് ഏത് ഓപ്ഷനാണോ അതായിരിക്കണം രണ്ടാം ഓപ്ഷൻ. ഈ തത്ത്വംെവച്ച് താത്‌പര്യമുള്ളത്രയും ഓപ്ഷനുകൾ ഒരു വിദ്യാർഥിക്ക് രജിസ്റ്റർചെയ്യാം. നൽകുന്ന ഓപ്ഷനുകൾ ഇടയ്ക്കിടെ സേവ് ചെയ്യണം. അതിനുള്ള സൗകര്യം ഓപ്ഷൻ പേജിൽ ഉണ്ടാകും.

• ഓപ്ഷനുകളെ ബ്രാഞ്ച്, കോളേജ് ടൈപ്പ്, ക്വാട്ട അനുസരിച്ച് സോർട്ട് ചെയ്ത് ഓപ്ഷൻ രജിസ്റ്റർചെയ്യാനും ഹോം പേജിൽ സൗകര്യമുണ്ടാകും.

• ‘എൻ’ വിഭാഗത്തിൽ ഒരു ബ്രാഞ്ചിൽ, ഒരു കോളേജിൽ, കുറഞ്ഞ ഫീസുള്ള മെറിറ്റ് ലോവർ ഫീ സീറ്റും ഉയർന്ന ഫീസുള്ള മെറിറ്റ് ഫുൾ ഫീ സീറ്റും ഉണ്ടെങ്കിൽ ഇവയിൽ രണ്ടിലേക്കും പരിഗണിക്കപ്പെടാൻ രണ്ട് ഓപ്ഷനുകളും നൽകണം. മെരിറ്റ് ലോവർ ഫീ സീറ്റിലേക്കുമാത്രം പരിഗണിച്ചാൽ മതിയെങ്കിൽ ആ ഓപ്ഷൻമാത്രം നൽകുക. രണ്ടിലും താത്‌പര്യമുണ്ടെങ്കിൽ, കുറഞ്ഞ ഫീസുള്ള മെറിറ്റ് ലോവർ ഫീ സീറ്റ് ഓപ്ഷൻ തിരഞ്ഞെടുത്തശേഷംമാത്രമേ കൂടിയ ഫീസുള്ള മെറിറ്റ് ഫുൾ ഫീ സീറ്റ് ഓപ്ഷൻ പട്ടികയിൽ ഉൾപ്പെടുത്താൻ കഴിയൂ. കൂടിയ ഫീസുള്ള മെറിറ്റ് ഫുൾ ഫീ സീറ്റിന് അബദ്ധത്തിൽ ഉയർന്ന മുൻഗണന നൽകുന്നത് ഒഴിവാക്കാനാണിത്.

• സ്വകാര്യ സ്വാശ്രയ എൻജിനിയറിങ് കോളേജുകളിൽ (എസ്) കോളേജിനനുസരിച്ച് ഫീസ് ഘടനയിൽ മാറ്റമുണ്ടാകും എന്ന വസ്തുതകൂടി മനസ്സിലാക്കി താത്‌പര്യം പരിഗണിച്ച് ഓപ്ഷൻ നൽകുക. ഓരോ കോളേജിനും/ബ്രാഞ്ചിനും ബാധകമായ ഫീസ് ഓപ്ഷൻ പേജിൽ ഓപ്ഷനുനേരേ കാണാൻ കഴിയും. ഫീസ് സംബന്ധിച്ച വിവരങ്ങളെല്ലാം ഓപ്ഷൻ രജിസ്ട്രേഷൻ പേജിൽ കാണാം.

താത്‌പര്യം ബ്രാഞ്ചിനോടോ കോളേജിനോടോ

കോളേജിനോടാണോ താത്‌പര്യം ബ്രാഞ്ചിനോടാണോ താത്‌പര്യം എന്നതും ഓപ്ഷൻ ക്രമം നിശ്ചയിക്കുന്നതിൽ പരിഗണിക്കേണ്ടതുണ്ട്. ഉദാ: ഒരു വിദ്യാർഥിയുടെ ആഗ്രഹം തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിങ്ങിൽ ഏതെങ്കിലും ഒരു ബ്രാഞ്ച് കിട്ടണം എന്നാണെന്നുകരുതുക. അവിടെ ഒരു ബ്രാഞ്ചും കിട്ടാതെവന്നാൽമാത്രം മറ്റൊരു ഗവ./എയ്ഡഡ്/എയ്ഡഡ് ഓട്ടോണമസ് കോളേജിലേക്ക് പരിഗണിച്ചാൽ മതി എന്നാണെങ്കിൽ, ആ വിദ്യാർഥി തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിങ്ങിലെ എല്ലാ ബ്രാഞ്ചുകളും പരിഗണിച്ച്, മുൻഗണന നിശ്ചയിച്ച് അവ ആദ്യം രജിസ്റ്റർചെയ്യണം. തുടർന്ന് മറ്റുകോളേജുകളിലെ ഓപ്ഷനുകൾ നൽകണം.

മറിച്ച് കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ് ബ്രാഞ്ച് ഏതെങ്കിലും ഒരു ഗവ./എയ്ഡഡ്/എയ്ഡഡ് ഓട്ടോണമസ് കോളേജിൽ ലഭിച്ചില്ലെങ്കിൽമാത്രം മറ്റൊരു ബ്രാഞ്ച് മതി എന്നാണ് വിദ്യാർഥിയുടെ താത്‌പര്യം എങ്കിൽ, വിവിധ ഗവ./എയ്ഡഡ്/എയ്ഡഡ് ഓട്ടോണമസ് കോളേജുകളിലെ കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ് ബ്രാഞ്ച്, മുൻഗണന നിശ്ചയിച്ച് ഓപ്ഷൻ പട്ടികയിൽ ഉൾപ്പെടുത്തിയശേഷം മറ്റു ബ്രാഞ്ചുകളുടെ ഓപ്ഷൻ നൽകാൻ ശ്രദ്ധിക്കണം.

നൽകിയ ഓപ്ഷൻ മാറ്റാം

ഒരിക്കൽ തിരഞ്ഞെടുത്ത ഓപ്ഷനുകൾ സമയപരിധിക്കകം എത്രതവണ വേണമെങ്കിലും പുനഃക്രമീകരിക്കാം. ഉൾപ്പെടുത്തിയ ഓപ്ഷനുകൾ ഒഴിവാക്കാം. ഉൾപ്പെടുത്താത്തവ ഉൾപ്പെടുത്താം. ഓപ്ഷനുകളുടെ മുൻഗണനാക്രമം/സ്ഥാനം മാറ്റാനും സൗകര്യമുണ്ട്. അതിനുള്ള ക്രമീകരണങ്ങൾ ഹോം പേജിലുണ്ട്. ഓപ്ഷൻ രജിസ്ട്രേഷൻ സമയപരിധി തീരുമ്പോൾ അപേക്ഷാർഥിയുടെ പേജിൽ അവസാനമായി സേവ് ചെയ്തിരിക്കുന്ന ഓപ്ഷൻ ക്രമമാകും അലോട്മെൻറിനായി പരിഗണിക്കുക.

എത്ര ഓപ്ഷൻ നൽകാം

ലഭ്യമായ ഓപ്ഷനുകളിൽ, എല്ലാത്തിലേക്കും പരിഗണിക്കപ്പെടണമെങ്കിൽമാത്രം എല്ലാ ഓപ്ഷനുകളും നൽകാം. എന്നാൽ, ഉള്ളവയിൽ ചിലതിലേക്കുമാത്രം പരിഗണിച്ചാൽ മതിയെങ്കിൽ അവമാത്രം നൽകുക. തങ്ങളുടെ റാങ്കിനനുസരിച്ച് ഓപ്ഷനുകളെ എണ്ണത്തിൽ പരീക്ഷാർഥി ഒരു ധാരണ രൂപപ്പെടുത്തണം.

രജിസ്റ്റർചെയ്ത ഓപ്ഷനുകൾ മാത്രമേ അലോട്മെൻറിന് പരിഗണിക്കൂ. എത്ര ഓപ്ഷനുകൾ നൽകണമെന്ന് അപേക്ഷാർഥിതന്നെ തീരുമാനിക്കണം. നൽകുന്നത് എത്ര ഓപ്ഷനുകളായാലും അനുവദിച്ചാൽ സ്വീകരിക്കുമെന്ന് ഉറപ്പുള്ളവമാത്രം നൽകുക. കാരണം, അനുവദിക്കുന്ന ഓപ്ഷൻ സ്വീകരിക്കാത്ത പക്ഷം, അലോട്മെന്റ് നഷ്ടപ്പെടുന്നതിനൊപ്പം അലോട്മെൻറിൽനിന്ന്‌ പുറത്താകുകയും ചെയ്യും. പ്രവേശനസാധ്യതകൾ വിലയിരുത്താൻ മുൻ വർഷങ്ങളിലെ ലാസ്റ്റ് റാങ്ക്പട്ടിക പരിശോധിക്കാം. 2024-ലെ വിവരങ്ങൾ, www.cee.kerala.gov.in ലെ ‘കീം 2024 കാൻഡിഡേറ്റ് പോർട്ടൽ’ ലിങ്കിൽ ലഭിക്കും. ചില വർഷങ്ങളിലേത് www.cee-kerala.org ൽ ലഭിക്കും.

പ്രിന്റ്ഔട്ട് എടുത്തുവെക്കുക

ഓപ്ഷൻ നൽകിക്കഴിഞ്ഞ്, ‘പ്രിൻറ് ഓപ്ഷൻ ലിസ്റ്റ്’ ലിങ്കിൽക്കൂടി, ഓപ്ഷൻ പട്ടികയുടെ പ്രിൻറ്ഔട്ട് എടുത്തുവെക്കണം. അതിൽ കോളേജ് ടൈപ്പ്, കോഴ്‌സ്/ബ്രാഞ്ച്, കോളേജിന്റെ പേര് മുതലായവ ഓപ്ഷന്റെ മുൻഗണനയനുസരിച്ച് കാണാൻ കഴിയും.

ലോഗ് ഔട്ട് ചെയ്യണം

ഓരോ തവണയും ഹോം പേജിൽ കയറിയശേഷം പേജിൽനിന്ന്‌ പുറത്തുവരാൻ ‘ലോഗ് ഔട്ട്’ ക്ലിക്ക് ചെയ്യണം. ഇത് ചെയ്യാൻ മറന്നുപോകരുത്.

ടോക്കൺ ഫീസ്

അലോട്മെൻറ് ലഭിക്കുന്നവർ അലോട്മെൻറ് ലഭിച്ച കോളേജ് വിഭാഗം അനുസരിച്ച് പ്രവേശന പരീക്ഷാ കമ്മിഷണർക്ക് അടയ്ക്കേണ്ട ടോക്കൺ ഫീ ഇങ്ങനെയാണ്:

• ഗവൺമെൻറ്/എയ്ഡഡ്/ഓട്ടോണമസ് എയ്ഡഡ് എൻജിനിയറിങ് കോളേജുകൾ-ബാധകമായ മുഴുവൻ ഫീസ്

• ഗവ. കോസ്റ്റ് ഷെയറിങ്/ഓട്ടോണമസ്/സെൽഫ് ഫൈനാൻസിങ് - 8000 രൂപ

• എസ്‌സി/എസ്‌ടി/ഒഇസി/വിജ്ഞാപനത്തിൽ സൂചിപ്പിച്ചിട്ടുള്ള മറ്റുവിഭാഗക്കാർക്ക് ഗവൺമെൻറ് സീറ്റിൽ പ്രവേശനം ലഭിച്ചാൽ-500 രൂപ. പക്ഷേ, ഇവർക്ക് ഗവ. കോസ്റ്റ് ഷെയറിങ് കോളേജുകളിലെ മെറിറ്റ് ഫുൾഫീ സീറ്റിലോ കമ്യൂണിറ്റി/രജിസ്ട്രേഡ് സൊസൈറ്റി/രജിസ്ട്രേഡ് ട്രസ്റ്റ് ക്വാട്ട സീറ്റിലോ പ്രവേശനം ലഭിച്ചാൽ 8000 രൂപ ടോക്കൺ ഫീ ആയി അടയ്ക്കണം (ഈ സീറ്റിൽ ഈ വിഭാഗക്കാർക്ക് ഫീസ് ഇളവ് ലഭിക്കില്ല).

• അടയ്ക്കേണ്ട തുക എത്രയെന്ന് അലോട്മെൻറ് മെമ്മോയിൽ രേഖപ്പെടുത്തിയിരിക്കും.

• ഫീസ് ഘടന സർക്കാർ ഉത്തരവുകൾ/ഫീ റെഗുലേറ്ററി കമ്മിറ്റി തീരുമാനങ്ങൾ എന്നിവയ്ക്കുവിധേയമാണ്.

സീറ്റുകൾ

മാൻഡേറ്ററി റിസർവേഷൻ: ഗവൺമെൻറ് വിഭാഗത്തിൽ ഓരോ കോഴ്സിലെയും ഓൾ ഇന്ത്യ ക്വാട്ട, കേന്ദ്രസർക്കാർ നോമിനേഷൻ, സ്പെഷ്യൽ റിസർവേഷൻ, ഭിന്നശേഷി വിഭാഗം, സൂപ്പർ ന്യൂമററി, മാനേജ്മെൻറ് ക്വാട്ട സീറ്റുകൾ (എയ്ഡഡ് കോളേജ്) തുടങ്ങിയവ ഒഴികെയുള്ള സീറ്റുകൾ മാൻഡേറ്ററി റിസർവേഷൻ സീറ്റുകളായിരിക്കും.

വിഭജനം (ശതമാനത്തിൽ) ഇപ്രകാരമാണ്: എസ്എം -50, ഇഡബ്ല്യു -10, ഇ ഇസഡ് -9, എംയു - 8, ബിഎച്ച്, എൽഎ -3 വീതം, ഡിവി, വികെ -2 വീതം, കെഎൻ, ബിഎക്സ്, കെയു -1 വീതം, എസ്‌സി -8, എസ്ടി - 2 (കോഡുകൾ വിജ്ഞാപനത്തിൽ വിശദീകരിച്ചിട്ടുണ്ട്)

സർക്കാർ കോസ്റ്റ് ഷെയറിങ്/സർവകലാശാലാ നിയന്ത്രിത എൻജിനിയറിങ് കോളേജുകളിൽ ഈ പ്രക്രിയ വഴി സിഇഇ അലോട്മെൻറിനുള്ള സീറ്റുകളുടെ വിശദാംശങ്ങൾ വിജ്ഞാപനത്തിലുണ്ട്. ചിലതിൽ ഗവൺമെൻറ് സീറ്റുകൾ മാത്രവും മറ്റുചിലതിൽ ഗവൺമെൻറ് (ലോ ഫീ)/മാനേജ്മെൻറ് (ഫുൾ ഫീ) സീറ്റുകളും അലോട്മെൻറിൽ ഉൾപ്പെടുന്നു.

• കേപ്: 95 ശതമാനം ഗവൺമെൻറ് മെറിറ്റ് സീറ്റ് (50 ശതമാനം ലോ ഫീ, 45 ശതമാനം ഫുൾ ഫീ). ഇവിടെ അഞ്ചുശതമാനം മാനേജ്മെൻറ് സീറ്റ് (സഹകരണമേഖലയിലെ ജീവനക്കാരുടെ മക്കൾക്ക്) ഉണ്ട്. അതിനുള്ള ഓപ്‌ഷൻ മാനേജ്മെൻറ് ക്വാട്ടയിൽ നൽകണം.

• സിപിഎഎസ്, കാലിക്കറ്റ് സർവകലാശാലാ കോളേജ്, -95 ശതമാനം ഗവ. സീറ്റ്

• കെഎസ്ആർടിസി -50 ശതമാനം ഗവൺമെൻറ് (ലോ ഫീ), 35 ശതമാനം ഫുൾ ഫീ

• മറ്റ് കോസ്റ്റ് ഷെയറിങ് കോളേജുകൾ: 50 ശതമാനം ഗവൺമെൻറ് സീറ്റ് (ലോ ഫീ), 45 ശതമാനം മെറിറ്റ് ഫുൾ ഫീ.

• എയ്ഡഡ് ഓട്ടോണമസ് എൻജിനിയറിങ് കോളേജുകളിലെ മാനേജ്മെൻറ് സീറ്റ് ഒഴികെയുള്ളവയിലെ അലോട്മെൻറ് ഗവ. കോളേജുകളിലെ അലോട്മെൻറിന്റെ രീതിയിൽത്തന്നെയായിരിക്കും.

സമയക്രമം

• ഓപ്ഷൻ രജിസ്ട്രേഷൻ ജൂലായ് 16-ന് രാവിലെ 11 വരെ

• പ്രൊവിഷണൽ അലോട്മെൻറ് 17-ന്

• ആദ്യഘട്ട അലോട്മെൻറ് ഫലം 18-ന്

• അലോട്മെൻറ് ലഭിക്കുന്നവർ 18-നും 21-ന് വൈകീട്ട് നാലിനും ഇടയ്ക്ക് ഓൺലൈനായോ ഹെഡ് പോസ്റ്റ് ഓഫീസ് വഴിയോ ഹോം പേജിലെ അലോട്മെൻറ് മെമ്മോയിൽ രേഖപ്പെടുത്തിയ ഫീസ് പ്രവേശനപരീക്ഷാ കമ്മിഷണറുടെ പേരിൽ അടയ്ക്കണം. ഈ ഘട്ടത്തിൽ കോളേജിൽ പ്രവേശനം നേടേണ്ടതില്ല. ഫീസടച്ചില്ലെങ്കിൽ അലോട്മെൻറ് നഷ്ടപ്പെടും. ബന്ധപ്പെട്ട സ്ട്രീമിലെ അവശേഷിക്കുന്ന ഓപ്ഷനുകൾ നഷ്ടപ്പെടും. നഷ്ടപ്പെട്ട ഓപ്ഷനുകൾ തുടർ റൗണ്ടുകളിൽ ലഭ്യമാവുകയുമില്ല. തുടർ റൗണ്ടുകളുടെ സമയക്രമം പിന്നീട് അറിയിക്കും.

എൻജിനിയറിങ് പ്രതിവർഷ ഫീസ്

ഗവൺമെൻറ് വിഭാഗം കോളേജുകൾ:
(i) ഗവ/എയ്‌ഡഡ്/ഓട്ടോണമസ് എയ്‌ഡഡ് എൻജിനിയറിങ് കോളേജുകൾ -8650 രൂപ
(ii) കേരള കാർഷിക സർവകലാശാല - അഗ്രിക്കൾച്ചറൽ എൻജിനിയറിങ് -15000, ഫുഡ് ടെക്നോളജി -53000
(ii) വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് - ഡെയറി ടെക്നോളജി, ഫുഡ് ടെക്നോളജി 8400
(iv) ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് - ഫുഡ് ടെക്നോളജി -66000

മറ്റ് വിഭാഗങ്ങളിലെ കോളേജുകളിലെ ഫീസ് വിജ്ഞാപ നത്തിൽ ലഭ്യമാണ്. ഓപ്ഷൻ പേജിൽ ഓരോ ഓപ്ഷനുനേ രേയും ഇത് കാണാൻ കഴിയും.എഐസിടിഇ ട്യൂഷൻ ഫീ വേവർ സ്റ്റിം, ഓപ്ഷൻ രജിസ്ട്രേഷന് സൗജന്യ സേവനം നൽകുന്ന ഫെസിലിറ്റേഷൻ സെൻററുകൾ എന്നിവ സംബന്ധിച്ചുള്ള വിവരങ്ങൾ വിജ്ഞാപനത്തിൽ/വെബ്സൈറ്റിൽ ഉണ്ട്. വിവിധ കാരണങ്ങളാൽ ഫലം അപേക്ഷ തടഞ്ഞുവെക്കപ്പെട്ടവർക്കും ഓപ്ഷൻ രജിസ്റ്റർ ചെയ്യാം. 16-ന് രാവിലെ 11-കം അവർ അപേക്ഷയിലെ അപാകതകൾ പരിഹരിച്ചാൽ മാത്രമേ അവരെ അലോട്ട്മെൻ്റിനായി പരിഗണിക്കൂ. 

Content Highlights: Understanding Kerala's 2025 Engineering Admissions: Option Registration, Fees, and College Category