കാലുകൊണ്ടെഴുതിയെടുത്ത് ഒന്നാം റാങ്ക്: പാട്ടിലും പഠനത്തിലും കൺമണി ക്ലാസ്സാണ്‌

കൺമണി
കൺമണി

2018 കേരള സ്‌കൂൾ കലോത്സവം..., കൺമണിയെ ഞാനാദ്യമായി കാണുന്നത് അവിടെ വെച്ചാണ്. വാർത്താചിട്ടവട്ടങ്ങളൊക്കെ പഠിച്ചുവരുന്ന കാലം. എവിടെയാണ് എങ്ങനെയാണ് വാർത്ത വന്നുവീഴുന്നതെന്ന് അറിയാതിരുന്ന സമയം. ആ പരക്കം പാച്ചിലുകൾക്കിടെയാണ് കഥകളി സംഗീതം നടക്കുന്ന ജോസഫ് മുണ്ടശേരി ഹാളിലെ വേദിയിലെത്തുന്നത്. മനോഹരമായൊരു ശബ്ദം ആ വേദിയിലേക്കുള്ള കോണിപ്പടി കയറ്റിയെന്ന് വേണം പറയാൻ. കലോത്സവത്തിന്റെ 'കളർഫുൾ ഇവന്റ്സ്' എന്ന ലിസ്റ്റിലൊന്നും പെടാത്ത ഒരു മത്സരം വീക്ഷിക്കാൻ എന്താണിത്ര ആൾക്കൂട്ടമെന്ന സന്ദേഹത്തോടെയാണ് വേദിയിലെത്തിയത്.

ജന്മനാ കൈകളില്ലാത്ത ഒരു പെൺകുട്ടി തന്റെ ജന്മസിദ്ധമായ പ്രതിഭകൊണ്ട് സദസ്സിനെയാകെ കൈയിലെടുക്കുന്ന അതിമനോഹരമായ കാഴ്ച...ജീവിതത്തിൽ നേരിട്ട പ്രതിസന്ധികളത്രയും ആ കൊച്ചുപെൺകുട്ടി തന്റെ ശ്രുതിശുദ്ധമായ ആലാപനത്തിലൂടെ തിരികെപ്പിടിക്കുമ്പോലെ... നളചരിതം നാലാം ദിവസം പാടിത്തീർന്നതും വേദിയിൽ നിർത്താതെ കരഘോഷംമുഴങ്ങി. അത് നിറ കണ്ണുകളോടെ നോക്കി നിൽക്കുന്ന അമ്മ രേഖയുടെ മുഖം ഇന്നും ഓർമ്മയിലുണ്ട്. അഞ്ച് വർഷം കഴിഞ്ഞ് ബിരുദപരീക്ഷയിൽ ഒന്നാം റാങ്ക് നേടി കണ്മണി വീണ്ടും വാർത്തകളിലിടം പിടിച്ചിരിക്കുന്നു. കേരള സർവകലാശാല ബിപിഎ (വോക്കൽ) പരീക്ഷയിലാണ് മാവേലിക്കര അറുന്നൂറ്റിമംഗലം അഷ്ടപദിയിൽ കൺമണി ഒന്നാം റാങ്ക് നേടിയത്.  

കാലുകൊണ്ടെഴുതി നേടിയ റാങ്ക്

'പരീക്ഷ നന്നായി എഴുതിയിരുന്നെങ്കിലും റാങ്കൊന്നും പ്രതീക്ഷിച്ചിരുന്നില്ല. അധ്യാപകരും കൂട്ടുകാരുമൊക്കെ വിളിച്ചു. എല്ലാവർക്കും സന്തോഷം. അച്ഛൻ ഗൾഫിലാണ്. റിസൽട്ട് അറിഞ്ഞപ്പോൾ വിളിച്ചിരുന്നു. അച്ഛനും ഏറെ സന്തോഷമായി' - കണ്മണി പറയുന്നു.

പത്താം ക്ലാസ് മുതൽ കണ്മണി പരീക്ഷയ്ക്ക് സഹായിയെ വെയ്ക്കാറില്ല. സ്വന്തം കാലുകൾ തന്നെയാണ് കണ്മണിക്ക് കൈകൾ. എഴുത്തും ചിത്രരചനയുമെല്ലാം കാലുകൾകൊണ്ട് തന്നെ. ഡിഗ്രി പരീക്ഷയും കണ്മണി കാലുകൾ കൊണ്ടാണ് എഴുതിയത്. ഉടുപ്പ് ഇടുന്നതും മുടി കെട്ടുന്നതുമൊഴിച്ച് ബാക്കി എല്ലാ കാര്യങ്ങളും കണ്മണി പരസഹായമില്ലാതെ ചെയ്യും. സംഗീതപാഠങ്ങളും ചിത്രരചനയുമെല്ലാം പഠിപ്പിക്കുന്നുമുണ്ട് കണ്മണി.

മകളെക്കുറിച്ചോർത്ത് അഭിമാനപൂർവം 

ജന്മനാ വൈകല്യം ബാധിച്ച ഒരു കുഞ്ഞിനെയോർത്ത് കണ്ണീർപൊഴിക്കാതെ അവളുടെ സ്വപ്നങ്ങളെ നട്ടുനനച്ച മാതാപിതാക്കളാണ് കണ്മണിയുടേത്. ശാരീരിക പരിമിതികൾ തോൽക്കുന്ന മകളിലെ പ്രതിഭയെ അവർ ആവോളം പ്രോത്സാഹിപ്പിച്ചു. തനിക്കാകാവുന്നിടത്തെല്ലാം ആ അമ്മ മകളെ കൊണ്ടുപോയി. എത്തപ്പെട്ട വേദികളെല്ലാം കണ്മണിയെ ഹാർദമായി വരവേറ്റു. എത്രയോ വർഷക്കാലം സംസ്ഥാനസ്‌കൂൾ കലോത്സവത്തിന്റെ സംഗീതമുഖമായി കണ്മണി.കഥകളി സംഗീതം, അഷ്ടപദി, ശാസ്ത്രീയ സംഗീതം...പങ്കെടുത്ത ഇനങ്ങളിലെല്ലാം എ ഗ്രേഡ് വാങ്ങിയാണ് കണ്മണി കലോത്സവങ്ങളിലെ താരമായത്. ഇന്ന് സ്വന്തം മകളെക്കുറിച്ച് അഭിമാനം മാത്രമേയുള്ളൂ എന്ന് രേഖ പറയുന്നു 

കണ്മണിയും കുടുംബവും

'അവൾക്ക് വേണ്ടിയാണ് ഞാൻ ഡ്രൈവിങ് പഠിച്ചത്' 

മകളുടെ ഭാവി സുരക്ഷിതമാക്കാൻ, ആരെയും ആശ്രയിക്കാതെ ജീവിക്കാൻ എന്തൊക്കെ ചെയ്യാമോ അതെല്ലാം രേഖയും ശശികുമാറും ചെയ്തു. കലോത്സവ വേദികളിലും സംഗീത കച്ചേരികളിലും നിറസാന്നിധ്യമായതോടെ മറ്റൊരാളെ ആശ്രയിക്കാതെ മകളേയും കൊണ്ട് പോകുന്നതിനായി, കണ്മണിയുടെ അവസരങ്ങൾ നഷ്ടപ്പെടാതിരിക്കാൻ രേഖ ഡ്രൈവിങ് പഠിച്ചു. പ്രവാസിയായതിനാൽ മകളുടെ ആവശ്യങ്ങൾക്ക് എപ്പോഴും അടുത്തുണ്ടാവുക അച്ഛന് അസാധ്യമാണ്. ആ വിടവ് രേഖ നികത്തി. കണ്മണിയുടെ പഠനത്തിലോ പരിശീലനത്തിലോ ഒരു വിട്ടുവീഴ്ചയ്ക്കും ആ അമ്മ തയ്യാറായില്ല. ഇപ്പോൾ ഡോ.ശ്രീദേവ് രാജഗോപാലിന്റെയും വീണാ ചന്ദ്രന്റെയും ശിക്ഷണത്തിൽ കർണാടക സംഗീതവും കണ്മണി അഭ്യസിക്കുന്നുണ്ട്.  മക്കൾക്ക് പരിമിതികൾ കൽപിക്കാതെ അവരെ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാക്കുകയും ആവശ്യമായ വിദ്യാഭ്യാസം നൽകുകയുമാണ് അച്ഛനമ്മമാർ ചെയ്യേണ്ടതെന്ന് രേഖ പറയുന്നു

ഓൺലൈൻ ക്ലാസിലും മികവോടെ 

കോവിഡ് കാലത്തെ ഓൺലൈൻ ക്ലാസുകളും ഇടയ്ക്കുണ്ടായിരുന്ന ഓഫ് ലൈൻ ക്ലാസുകളും ചേർന്നാണ് ഇത്തവണത്തെ ബിരുദക്കാർ പരീക്ഷയ്ക്കെത്തിയിരുന്നത്. പാഠ്യവിഷയം സംഗീതമായിരുന്നതിനാൽ ഓൺലൈൻ ക്ലാസിനേക്കാൾ ഓഫ്ലൈൻ ക്ലാസുകളായിരുന്നു എല്ലാവർക്കുമിഷ്ടമെന്ന് കണ്മണി പറയുന്നു. ക്ലാസുകൾ കൂടുതൽ വിരസമാകാതിരിക്കാൻ പ്രാക്ടിക്കൽ ക്ലാസുകൾ ഓൺലൈനിലും തിയറിക്ലാസുകൾ ഓഫ് ലൈനായും പഠിപ്പിച്ചാണ് അധ്യാപകർ മാനേജ് ചെയ്തത്. അത് കൂറേക്കൂടി സഹായകമായെന്നും കണ്മണി പറയുന്നു. സംഗീതത്തിൽ ബിരുദാനന്തര ബിരുദമെടുക്കാനുള്ള പുറപ്പാടിലാണ് കണ്മണി.

പാട്ടും പഠനവും മാത്രമല്ല, ചിത്രരചനയും വഴങ്ങും 

രാജ്യത്തിനകത്തും പുറത്തുമായി നിരവധി വേദികളിൽ ഇതിനോടകം ശബ്ദസാന്നിധ്യമറിയിച്ച കൺമണി ചിത്രകലയിലും തന്റേതായ ഇടം കണ്ടെത്തിയ അതുല്യകലാകാരിയാണ്. കരകൗശല വസ്തുക്കൾ ഉണ്ടാക്കുന്നതിലും കണ്മണി മിടുക്കിയാണ്. ചിത്രരചനയിൽ തന്നെ മ്യൂറൽ ആർട്ടിലാണ് കണ്മണിക്ക് കൂടുതൽ കമ്പം. തന്റെ ജീവിതവും കലയും ജനങ്ങളിലെത്തിക്കാൻ സ്വന്തമായി യൂട്യൂബ് ചാനലും കണ്മണിക്കുണ്ട്. 

അംഗീകാരങ്ങൾ 

ചിത്രരചനയിലും സംഗീതത്തിലും പഠനത്തിലുമായി നിരവധി അംഗീകാരങ്ങളും കണ്മണിയെത്തേടിയെത്തിയിട്ടുണ്ട്. സർഗാത്മക മികവിനുള്ള 2019-ലെ കേന്ദ്ര സാമൂഹിക നീതി മന്ത്രാലയത്തിന്റെ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. ധാരാളം സ്റ്റേജ് പ്രോഗ്രാമുകളും സംഗീതക്കച്ചേരികളും ഇതിനോടകം ചെയ്ത കണ്മണിക്ക് സംഗീതംതന്നെയാണ് ജീവിതലക്ഷ്യവും. 

Content Highlights: Kanmani bags first rank in BPA vocal degree examination